റോഡിലൂടെ പോകുമ്പോൾ എല്ലാവരും ഈ വീട്ടിലേക്ക് ഒന്ന് എത്തിനോക്കും. സമയമുണ്ടെങ്കിൽ കുറച്ച് നേരം ഈ വീടിന്റെ വരാന്തയിലൊന്നു കയറിയിരിക്കും. വഴിയരികിൽ നട്ടുപിടിപ്പിച്ചിരുന്ന പച്ചക്കറിയും ചെടികളുമൊക്കെ തൊട്ടും തലോടിയും കുറച്ചു സമയം ചിലവഴിക്കും. ആവശ്യമെങ്കിൽ കുറച്ച് മുളകൊക്കെ പറിച്ചെടുക്കും. ആർക്കും യഥേഷ്ടം വിളവെടുക്കാനും വിശ്രമിക്കാനുമൊക്കെയുള്ള അനുവാദം വീട്ടുടമസ്ഥനായ ജോഷി നൽകിയിട്ടുണ്ട്. ഇലച്ചെടികളും ഹാങ്ങിംഗ് പ്ലാന്റുകളുമൊക്കെ നിറയെ വളർത്തിയിരിക്കുന്ന വീടിന്റെ വരാന്തയിൽ എസിയെക്കാൾ തണുപ്പാണ്.
വീടിന്റെ പ്രവേശന കവാടത്തിൽ തന്നെ നിരവധി പൂക്കൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. മതിലിൽ മനോഹരമായൊരു വെർട്ടിക്കൽ ഗാർഡനും സെറ്റ് ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് ജോഷി പൂവത്തിൻകടവിലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. റോഡിന് ഇരുവശത്തുമായി ഗ്രോബാഗിൽ മഞ്ഞൾ, ഇഞ്ചി, കാച്ചിൽ എന്നിവയൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. റോഡിൽ നട്ടുപിടിപ്പിച്ചിരുന്ന പച്ചമുകള് ചെടിയിൽ നിന്ന് ആർക്കു വേണമെങ്കിലും മുളക് പറിച്ചെടുക്കാം. വീട്ടാവശ്യത്തിന് മാത്രമുള്ള പഴങ്ങളും പച്ചക്കറികളും മാത്രം എടുത്ത ശേഷം ബാക്കി അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകുന്നു.
മതിലിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിരിക്കുന്ന പൂമ്പാറ്റകൾ പാറിപ്പറക്കുന്ന കൊങ്ങിണി പൂക്കളും മുറ്റം മുഴുവൻ പടർന്നു പന്തലിച്ച് നിൽക്കുന്ന കോവലും പാവലും പടവലമുമൊക്കെ കാണാൻനല്ല ചന്തമാണ്. പരിചരണം അധികം ആവശ്യമില്ലാതെ വെള്ളത്തിൽ വളരുന്ന എയർപ്ലാന്റുകൾവീടിന്റെ വരാന്തയിലും മുറ്റത്തുമെല്ലാം നിറയെ നട്ടുവളർത്തിയിട്ടുണ്ട്. ഇവയൊക്കെ നല്ല കരുത്തിൽ വളരാനായി ജോഷിയുടെ പ്രത്യേക വളക്കൂട്ടും ഉണ്ട്. ഒരുലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ പാൽ ഒഴിച്ച് നന്നായി യോജിപ്പിച്ച് ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്യും. ഉപയോഗശേഷം കളയുന്ന ജ്യൂസ് ബോട്ടിലുകളാണ് വാട്ടൽ പ്ലാന്റുകൾ വളർത്താനായി ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ഇലച്ചെടികളും വെള്ളത്തിൽ നട്ടുവളർത്തുണ്ട്. ബോട്ടിലിന് ഭംഗികൂട്ടാൻ പലവിധ നിറങ്ങളിലുള്ള ഉരുളൻകല്ലുകളും നിറച്ചിരിക്കുന്നു.
മുറ്റത്ത് ഒരു വലിയ മരത്തിന് ചുവട്ടിൽ കുക്കുംബർ പടർന്നു കയറി കായ്ചു കിടക്കുന്നു. സിമന്റ് ചാക്കിലാണ് ഇവ കൃഷി ചെയ്തിരിക്കുന്നത്. ചതുരപ്പയറും ഇതുപോലെ കൃഷി ചെയ്തിരിക്കുന്നു. ഇവ കൂടാതെ ഹൈബ്രിഡ് കാന്താരി, ചീരച്ചേമ്പ്, കാച്ചിൽ, കസ്തൂരി മഞ്ഞൾ, പിടികിഴങ്ങ്, ഇഞ്ചി, ചേമ്പ്, മഞ്ഞൾ, പച്ചമുളക്, കോളിഫ്ലവർ, കാബേജ് എന്നിവയുമുണ്ട്. ഇവയുടെ എല്ലാം വളർച്ചയ്ക്ക് സൂര്യപ്രകാശം വളരെയധികം അത്യാവശ്യമാണെന്ന് ജോഷി പറയുന്നു.
മുറ്റത്തിന് ഒരു വശത്തായി വാഴകൾ ഇടതൂർന്ന് നിൽക്കുന്ന തോട്ടമുണ്ട്. വാഴകൾക്ക് യാതൊരു വിധ വളപ്രയോഗവും ചെയ്യുന്നില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു പാളയംകോടൻ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ശല്യമുണ്ട്. കൂടാതെ പോഷകഗുണം ഏറെയുള്ള തളിർവെറ്റിലയും മതിലിൽ നട്ടുവളർത്തുന്നു. ഇവയെക്കെല്ലാം വളമായി ചാണകവും എല്ലുപൊടിയും വളമായി ഉപയോഗിക്കുന്നു. പുതിനയും ഹാങ്ങിംഗായി നട്ടുപിടിപ്പിച്ചിട്ടുണ്ട്.
സ്വന്തമായിതന്നെയാണ് പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്നത്. മിശ്രിതത്തിൽ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, മരത്തിന്റെ ചിന്തേരുപൊടി, ചകിരിപ്പൊടി എന്നിവയും ചേർക്കുന്നു. കുമ്മായപ്പൊടിയും മൊട്ടത്തോടുമൊക്കെ ചേർക്കുന്നതിനാൽ ചെടികൾ പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ചായമട്ട്, ഉള്ളിത്തൊലി എന്നിവയും ചേർക്കുന്നു.
പ്രകൃതി സ്നേഹിയായ ജോഷി 71-ാം വയസ്സിലും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് കൃഷി ആരംഭിക്കുന്നു. എല്ലാവരും പ്രകൃതിയെ നശിപ്പിക്കാതെ കൃഷി ചെയ്ത് അതിൽ നിന്നും കണ്ടെത്തണമെന്നാണ് ജോഷിയുടെ അഭിപ്രായം. വീടും പരിസരവുമൊക്കെ കൃഷി ചെയ്തും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും മനോഹരമാക്കിയാൽ ടൂറിസ്റ്റുകളെയൊക്കെ ആകർഷിക്കുമെന്നും അതിൽ നിന്ന് നല്ലൊരു വരുമാനം നേടാനാകുമെന്നുമൊക്കെ ജോഷി പറയുന്നു.