കുമളി: വര്‍ഷത്തില്‍ മൂന്നുതവണ കര്‍ഷകര്‍ വിളവെടുപ്പ് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഇത് കൃഷിചെയ്യുന്നത്. കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള ഇതിന് ഭൗമസൂചിക പദവി നല്‍കണമെന്ന് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ആത്തുര്‍ വെറ്റില, മാര്‍ത്താണ്ഡത്തെ തേന്‍, മണപ്പാറയിലെ മുറുക്ക് എന്നിവയ്‌ക്കൊപ്പമാണ് കമ്പത്തെ മുന്തിരിയും പട്ടികയില്‍ ഇടംപിടിച്ചത്..
മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉത്പന്നങ്ങള്‍ക്കാണ് ഭൗമസൂചിക പദവി നല്‍കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍മുതല്‍ ഏപ്രില്‍വരെ മാത്രമേ മുന്തിരി ലഭിക്കൂ. അവിടെ വര്‍ഷത്തില്‍ ഒരു തവണമാത്രമാണ് വിളവെടുക്കാനാവുന്നത്. എന്നാല്‍, കമ്പം മേഖലയില്‍ വര്‍ഷത്തില്‍ മൂന്നുതവണ വിളവെടുക്കുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ പ്രദേശത്തെ താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂലഘടകങ്ങളാണ്. തേനി ജില്ലയിലെ ലോവര്‍ക്യാമ്പുമുതല്‍ ചിന്നമന്നൂര്‍വരെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് മുന്തിരി കൃഷിചെയ്തിതിരിക്കുന്നത്. ചിന്നമന്നൂര്‍ ആനമലയന്‍പട്ടി പ്രദേശങ്ങളില്‍ രണ്ടായിരത്തോളം ഹെക്ടറില്‍ കറുത്ത മുന്തിരിക്കൃഷിയുണ്ട്.
കമ്പത്തെ കറുത്ത മുന്തിരിയ്ക്ക് ഭൗമസൂചികാപദവി.
