അറിയാം നക്ഷത്രമുല്ലയെ

ഹൃദ്യമായ മണം മാത്രമല്ല മുല്ല പൂക്കൾ നമുക്ക് സമ്മാനിക്കുക, മുല്ലയിലൂടെ നമുക്ക് വരുമാനവും നേടാം.പൂത്തുലഞ്ഞ മുല്ല പൂക്കൾ കണ്ണിനു കുളിർമയും മനസ്സിന് നവോന്മേഷവും പ്രദാനം ചെയ്യുന്നു. മലയാളിയുടെ വിവാഹസങ്കല്പങ്ങളിൽ മുല്ലയെക്കാൾ പ്രാധാന്യം മറ്റൊരു പുഷ്പത്തിനും ഇല്ല. കേരളത്തിലുടനീളം ഇന്ന് മുല്ലക്കൃഷി പ്രചാരത്തിലുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് കുറ്റിമുല്ല. ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യാസിൻ എന്ന പേർഷ്യൻ വക്കിൽ നിന്നാണ് ജാസ്മിൻ എന്ന പദത്തിന്റെ ഉത്ഭവം. “ഒലിയേസ” എന്ന ഇനത്തിൽ പെട്ട കുറ്റിച്ചെടിയാണ് മുല്ല. ശങ്കരന്കോവില്, മധുര, തുടങ്ങിയ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പൂക്കൾ എത്തുന്നത്. മുല്ല പല തരത്തിലുണ്ട്. നാടൻ മുല്ല, കാട്ടുമുല്ല, മഞ്ഞമുല്ല, സൂചിമുല്ല, അറേബ്യൻ മുല്ല, കുരുകുത്തി മുല്ല അങ്ങനെ അനേകം മുല്ല ഇനങ്ങൾ. മുല്ല ഇനങ്ങളിൽ ഏറെ പ്രശസ്തമാണ് നക്ഷത്ര മുല്ല. തമിഴ്നാട്ടിൽ പ്രത്യേകിച്ചു കോയമ്പത്തൂരിൽ പ്രചാരത്തിലുള്ള കൃഷിരീതിയാണ് നക്ഷത്ര മുല്ലയുടേത്. കേരളത്തിലെ മണ്ണും കാലാവസ്ഥയും നക്ഷത്ര മുല്ലയ്ക്ക് അനുയോജ്യമാണ്. നാടൻ മുല്ല ഇനങ്ങളെക്കാൾ ഗന്ധം കുറവാണെങ്കിലും എല്ലാ കാലത്തും പൂക്കൾ ഉണ്ടാവുന്നു എന്നത് ഈ കൃഷിയെ പ്രിയമുള്ളതാക്കുന്നു. മറ്റു മുല്ല ഇനങ്ങളെക്കാൾ വെള്ളത്തിന്റെ അളവ് കുറവ് മതി നക്ഷത്രമുല്ലക്ക്. ജലലഭ്യതക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങൾ നക്ഷത്രമുല്ല കൃഷിക്ക് അനുയോജ്യം. നക്ഷത്രമുല്ലയുടെ കൃഷിരീതി മറ്റു മുല്ലക്കൃഷിക്ക് സമാനമാണ്. നക്ഷത്ര മുല്ല ഒഴിച്ച് മറ്റു മുല്ല ഇനങ്ങൾക്കെല്ലാം ധാരാളം ജലം ലഭ്യമായാലെ ധാരാളം പൂക്കൾ ഉണ്ടാവുകയുള്ളു. നീർവാർച്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശവും ഉള്ള സ്ഥലവുമാണ് മുല്ല കൃഷിക്ക് അടിസ്ഥാനഘടകങ്ങൾ. ജൂൺ തൊട്ടു സെപ്റ്റംബർ പകുതി വരെ മുല്ലയുടെ നടീലിനു അനുയോജ്യമാണ്. എല്ലാ കാലത്തും ചെയ്യാവുന്ന കൃഷിരീതിയാണ് മുല്ലയുടേത്. കമ്പു മുറിച്ചു നട്ടാണ് സാധാരണ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേഗത്തിൽ വേര് പിടിക്കാൻ സെറാഡിക്സ് പോലുള്ള ഹോർമോണുകൾ ഉപയോഗിക്കുന്നവരുണ്ട്. ഒരു സെൻറ്‌ സ്ഥലത്തു മുപ്പതോളം മുല്ല തൈകൾ നട്ടു പരിപാലിക്കാം. ചാലുകൾ എടുത്തു മതിയായ ഉയരത്തിൽ വാരം കോരിവേണം മുല്ല തൈകൾ നടുവാൻ. തണലുള്ള സ്ഥലം മുല്ലക്കൃഷിക്ക് ഗുണകരമല്ല. മണൽ പ്രദേശങ്ങൾ മുല്ലക്കൃഷിക്ക് ഏറെ അനുയോജ്യമായി കണ്ടു വരുന്നു.

പകൽ സമയങ്ങളിലെ ചൂടും പുലർകാലങ്ങളിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയും മുല്ലയുടെ ആദ്യഘട്ട വളർച്ചക്ക് ഗുണകരമാണ്. മണ്ണിൽ കൃഷി ചെയ്യുന്നവർ എല്ലുപൊടി, ചാണകപൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ അടിവളമായി നൽകി ഒരു കുഴിയിൽ രണ്ടു തൈകൾ വരെ നട്ടു പരുപാലിക്കുന്നു. ഒരു മീറ്റർ അകലത്തിലുള്ള നടീൽ ആണ് ഉത്തമം. വേര് പിടിച്ചു പുതിയ ഇലകൾ വന്നാൽ വളപ്രയോഗം ചെയ്യാം. ഒരു ചെടിക്കു ഒരു വർഷം ഇരുനൂറ്റിഅൻപതു ഗ്രാം യൂറിയ, ഒരു കിലോ റോക്‌ഫോസ്‌ഫേറ്റ്, തൊള്ളായിരം ഗ്രാം പൊട്ടാഷ് എന്നീ രാസവളങ്ങൾ നൽകാവുന്നതാണ്. സ്ഥലപരിമിതി ഉള്ളവർക്ക് ഗ്രോബാഗിലും ചെടിച്ചട്ടികളിലും തൈകൾ നടാം. മുല്ല തൈകൾ ചാക്കിലും ചട്ടിയിലും വച്ച് പിടിപ്പിച്ചും മുല്ലക്കൃഷിയിൽ വിജയഗാഥ രചിച്ച ഒട്ടേറെ കർഷകകൂട്ടായ്മകൾ നമ്മുടെ നാട്ടിലുണ്ട്. വീട്ടിൽ തന്നെ നല്ല പോലെ വെയിൽ ലഭ്യമാക്കുന്ന ടെറസ് ഇതിനു അനുയോജ്യമാണ്. മണ്ണ്, മണൽ, ചാണകപ്പൊടി, തുല്യഅളവിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കാം. അമ്പതു ഗ്രാം വേപ്പിൻ പിണ്ണാക്ക് നൂറു ഗ്രാം കുമ്മായം ചേർത്ത് പോട്ടിങ് മിശ്രിതം നാലോ അഞ്ചോ ദിവസം നനച്ചു കൊടുത്തതിനു ശേഷം വേര് പിടിച്ച തൈകൾ ഇതിൽ നട്ടു പരുപാലിച്ചാൽ പൂക്കളുടെ ലഭ്യത കൂടും. ഇടവിട്ടുള്ള നനയാണ് കൃഷിയിൽ പ്രധാനം. മുട്ടത്തോടും, ചായകൊന്തും, ഉള്ളിത്തൊലിയും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. പൊട്ടാസ്യം അടങ്ങിയ നേന്ത്രപ്പഴത്തൊലിയും, കാൽസ്യം അടങ്ങിയ മുട്ടത്തോടും ചെടിക്കു ഏറെ ഗുണകരമാണ്. മുട്ടത്തോട് ഉണക്കിപൊടിച്ചെടുത്തും അല്ലെങ്കിൽ  അരിച്ചെടുത്തു വെള്ളം ചേർത്ത് ലായനിയാക്കിയും ഉപയോഗിക്കാം. മുട്ടത്തോടിന്റെ ഉപയോഗം ആഴ്ചക്കുള്ളിൽ ഫലം ലഭ്യമാക്കുന്നു. ഇടയ്ക്കു കളകൾ പറിച്ചു മാറ്റുന്നതും ചെടിക്കു ചുറ്റുമുള്ള മണ്ണ് ഇളക്കി കൊടുക്കുന്നതും വളരെ നല്ലതാണ്. നിറയെ പൂക്കൾ ഉണ്ടാവാൻ നവംബർ ഡിസംബർ മാസങ്ങളിൽ കൊമ്പുകോതൽ അഥവാ പ്രൂണിങ് നടത്താവുന്നതാണ്. വളർച്ച ഇല്ലാത്തതും രോഗം ബാധിച്ചതുമായ കമ്പുകൾ വെട്ടിമാറ്റുന്നതും ചെടിക്കു ഗുണകരമാണ്. ചുവട്ടിൽ നിന്ന് അര മീറ്റർ ഉയരത്തിൽ ഉള്ള കമ്പുകൾ ചെരിച്ചു മുറിക്കുകയാണ് ആദ്യം വേണ്ടത്. മുറിപ്പാടുകളിൽ ബോർഡോ മിശ്രിതം പുരട്ടുന്നത് ഉത്തമമാണ്.

ഫെബ്രുവരി തൊട്ട് മെയ് മാസം വരെ പൂക്കൾ ധാരാളമായി ഉണ്ടാവുന്നു. നട്ടു ആറു മാസം ആവുമ്പോഴേക്കും വിളവെടുപ്പ് നടത്താമെന്നത് കൃഷിയെ ജനപ്രിയമാക്കുന്നു. തൈ നട്ടു ആദ്യം ഉണ്ടാവുന്ന മൊട്ടുകൾ നുള്ളി കളഞ്ഞാൽ പുതിയ കരുത്തുറ്റ മൊട്ടുകൾ ഉണ്ടാവുന്നു. ഈ രീതി കൃഷി ആദായകരമാക്കാൻ സഹായിക്കുന്നു. “ജീവാമൃതം” എന്ന ജൈവ വളക്കൂട്ട് മുല്ലയുടെ വളർച്ചക്ക് അത്യുത്തമമാണ്. സ്യൂഡോമോണോസ് ഉപയോഗിക്കുന്നത് ചെടിക്കു രോഗപ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്. വേര് തൊടാതെ തന്നെ വേണം ഓരോ വളപ്രയോഗവും. മുല്ലപ്പൂവിൽ കണ്ടുവരുന്ന പ്രാണിശല്യം തടയാൻ കാന്താരിമുളക് അരച്ച് ഒരാഴ്ച വെള്ളത്തിൽ ഇട്ടു വച്ചതിനു ശേഷം തളിച്ച് കൊടുക്കുന്നത് വളരെ അധികം പ്രയോഗ്യകരമായ രീതിയാണ്. സീസൺ അനുസരിച് മുല്ല പൂവിന്റെ വിലയിൽ മാറ്റം വരാം. ഒരു കിലോ പൂവിനു അമ്പതു മുതൽ ഇരുനൂറു രൂപ വരെ വില കിട്ടുന്ന സമയവുമുണ്ട്. ചില സമയങ്ങളിൽ കിലോക്ക് ആയിരം രൂപ വരെ എത്താറുണ്ട്. ചെറിയൊരു അധ്വാനത്തിലൂടെ ആർക്കു വേണമെങ്കിലും മുല്ലയിലൂടെ നല്ലൊരു വരുമാനം സമ്പാദിക്കാം. കുറച്ചു ശ്രദ്ധയോടെ പരിപാലിച്ചാൽ എല്ലാ കാലത്തും മുല്ല കൃഷിയിലൂടെ ആദായം ലഭ്യമാക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *