വിത്ത് സൗജന്യമായി നൽകാൻ കൃഷി ചെയ്യുന്ന കൃഷ്ണനാശാരി

വയസ്സ് എഴുപത്തി ഒൻപത് കഴിഞ്ഞെങ്കിലും തന്റെ കൃഷിയിടം കണ്ടാൽ കൃഷ്ണനാശാരിക്ക് പത്തൊൻപതിന്റെ ചുറുചുറുക്കാണ്. കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്യുന്നതിന്റെ കാരണമറിഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെട്ടു പോകും. ആശാരി പണി ചെയ്തിരുന്ന ഇദ്ദേഹത്തിന് തന്റെ കൃഷിയിടത്തിലെ ഓരോ കൃഷിക്കും കൃത്യമായ അളവും ചിട്ടയുമൊക്കെയുണ്ട്.

വർഷങ്ങൾക്കു മുമ്പ് തന്റെ ഭാര്യക്ക് വന്ന തൈറോയിഡ് പ്രശ്നങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ചത് വിഷമില്ലാത്ത പചക്കറികൾ കഴിക്കണം എന്നായിരുന്നു. വിഷമില്ലാത്ത പച്ചക്കറി കിട്ടാനില്ലെന്ന സത്യാവസ്ഥ മനസിലാക്കിയ കൃഷ്ണനാശാരി തന്റെ ഉളിയും കൊട്ടുവടിയും മാറ്റി വെച്ച് കൈക്കോട്ടും എടുത്ത് പുരയിടത്തിലേക്ക് ഇറങ്ങി. ഇന്ന് പലതരം കൃഷികൾ കൊണ്ട് കൃഷ്ണനാശാരിയുടെ മട്ടുപ്പാവും മുറ്റവും നിറഞ്ഞിരിക്കുകയാണ്.

തുടക്കത്തിൽ വിത്ത് അന്വേഷിച്ച് നടന്ന് കൃഷ്ണനാശാരിയെ പലരും നിരാശപ്പെടുത്തി. ഇതിനുള്ള മധുരപ്രതികാരമെന്നോണം കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും സൗജന്യമായി വിത്ത് അയച്ചു നൽകുന്നു. ചുരുക്കി പറഞ്ഞാൽ ഇന്ന് ഇദ്ദേഹം കൃഷി ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം നല്ലയിനം വിത്തുകൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ്. വയസു കാലത്ത് താൻ ചെയ്യുന്ന മഹത്തായ ഒരു കർമം ആയിട്ടാണ് ഇതിനെ കാണുന്നത്. കൂടെ പുതുതലമുറയ്ക്ക് കൃഷി പകർന്നു കൊടുക്കാൻ കഴിയുന്ന ഒരു സന്ദർഭവും പാഴാക്കാറില്ല.

കൃഷ്ണനാശാരിയുടെ കൃഷിയും കൃഷി രീതികളും തികച്ചും വ്യത്യസ്തവും കണ്ണിന് ആനന്ദം നൽകുന്നതുമാണ്. കൃഷിക്ക് ആവശ്യമായ ചെടിച്ചട്ടികൾ മുഴുവൻ കൃഷ്ണനാശാരി സ്വയം നിർമ്മിച്ചെടുത്തവയാണ്. പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടിച്ചട്ടിയാണ് തോട്ടത്തിലെ പ്രധാന ആകർഷണം. മുറ്റത്തും മട്ടുപ്പാലിവും നിരനിരയായി നിരത്തി വെച്ചിരിക്കുന്ന ഈ കളർഫുൾ ചട്ടികൾ കണ്ട് കൗതുകത്തോടെ ആളുകൾ നോക്കി നിൽക്കാറുണ്ട്.അതിരാവിലെ തോട്ടത്തിലേക്ക് ഇറങ്ങുമ്പോൾ പലവിധ വർണങ്ങളിൽ അലങ്കരിച്ച ചെടിച്ചട്ടികൾ കാണുന്നത് കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കാറുണ്ടെന്നാണ് കൃഷ്ണനാശാരി പറയുന്നത്.

തികച്ചും ജൈവരീതിയിലാണ് കൃഷ്ണനാശാരിയുടെ കൃഷി രീതികൾ. ധാരാളം പച്ചക്കറികൾ മുറ്റത്തും മട്ടുപ്പാവിലും വിളഞ്ഞു നിൽക്കുന്നത് നോക്കി കൃഷ്ണനാശാരി പറയുന്നതിങ്ങനെയാണ്. മക്കളെപ്പോലെ തൊട്ടു തലോടിയുമാണ് ഞാൻ ഇവരെ നോക്കുന്നത്. എല്ലാവർക്കും വിത്ത് അയച്ച് കൊടുക്കാൻ വേണ്ടിയാണ് ഇവര് പിന്നേം പിന്നേം പൂക്കുന്നതും കായ്ക്കുന്നതും. തോട്ടത്തിലേക്കിറങ്ങിയാൽ പിന്നെ കൃഷ്ണനാശാരിക്ക് പ്രത്യേക ഒരു ഊർജ്ജമാണ്.

വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും കൃഷ്ണനാശാരിയെ വിളിക്കാം 85474 58676

Share Now

Leave a Reply

Your email address will not be published. Required fields are marked *