കുടംപുളി കൃഷി രീതികളും ഔഷധ പ്രയോഗങ്ങളും

കറികൾക്ക് പുളി രസം നൽകാൻ പ്രധാന ചേരുവയായി ചേർക്കുന്ന ഒന്നാണ് കുടംപുളി. ഇന്ത്യയിൽ പ്രധാനമായും കേരളത്തിലും കർണാടകയിലും ആണ് ഇത് ധാരാളമായി കൃഷി ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ ഇതിൻറെ ഉപയോഗം വളരെ കൂടുതലാണ്. കൊടംപുളി,മരപ്പുളി,പിണം പുളി, വടക്കൻ പുളി എന്നിങ്ങനെ വിവിധ പ്രാദേശിക നാമങ്ങളിൽ  കേരളത്തിലങ്ങോളമിങ്ങോളം ഇതറിയപ്പെടുന്നു.

ഇതിൻറെ വിത്ത്, തൊലി, തളിരില എന്നിവ എല്ലാം ഔഷധയോഗ്യമാണ്. ആയുർവേദ ചികിത്സ സമ്പ്രദായത്തിലും, അലോപ്പതി മരുന്ന് നിർമാണത്തിലും കുടംപുളി ഉപയോഗിക്കാറുണ്ട്. ഇതിൻറെ തോടിൽ അന്നജം, കൊഴുപ്പ്, മാംസ്യം, ധാതുലവണങ്ങൾ, അമ്ളങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാനും കുടംപുളി കഴിയുമെന്നതിനാൽ തന്നെ ഇതിൻറെ സ്വീകാര്യത വർധിച്ചുവരികയാണ് നമ്മുടെ നാട്ടിൽ. 

ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോക്സിട്രിക് ആസിഡ് എന്ന ഫയ്റ്റോകെമിക്കൽ ഘടകമാണ് നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നത്. ഇതിൻറെ മറ്റു ആരോഗ്യവശങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

കുടംപുളിയുടെ ആരോഗ്യഗുണങ്ങൾ (Health Benefits of Brindle Berry) 

  1. കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് വഴി മോണകൾക്ക് ബലം ലഭിക്കുന്നു.
  2. അമിതവണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കുടംപുളി കഷായം വെച്ച് അല്പം കുരുമുളകുപൊടി ചേർത്ത് ദിവസവും സേവിച്ചാൽ നല്ല ഫലം ലഭിക്കും.
  3. കുടംപുളിയുടെ വേരിലെ തൊലി അരച്ച് പുരട്ടുന്നത് ത്വക്ക് രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ്.
  4. ശരീര വീക്കം അനുഭവപ്പെടുന്നവർക്ക് കുടംപുളി ഇല അരച്ച് ലേപനമായി പുരട്ടുന്നത് ഗുണകരമാണ്
  5. കുടംപുളി ഭക്ഷണത്തിൽ ചേർക്കുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
  6. ആയുർവേദത്തിൽ കുടംപുളിയുടെ വിത്തിൽ നിന്നെടുക്കുന്ന തൈലം വ്രണങ്ങൾ പെട്ടെന്ന് ഭേദമാക്കുവാൻ ഉപയോഗപ്പെടുത്തുന്നു.
  7. കുടംപുളിയുടെ ഉപയോഗം രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഇതിൻറെ ദിവസേനയുള്ള ഉപയോഗം നല്ലതാണ്.
  8.  രക്തവാർച്ചക്കും പൊള്ളലിനും കുടംപുളി മികച്ച മരുന്നാണ്.
  9. കുടംപുളിയിട്ട കറി കഴിക്കുന്നത് വായു കോപത്തിന് പരിഹാരമാണെന്ന് അഷ്ടാംഗഹൃദയത്തിൽ പരാമർശിക്കുന്നു.
  10. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും ഏറ്റവും മികച്ചതാണ് കുടംപുളി ഉപയോഗം.
  11. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.
  12. പൊട്ടാസ്യം ധാരാളമടങ്ങിയ കുടംപുളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കുടംപുളി കൃഷിരീതി (Brindle Berry cultivation method) 

സാധാരണയായി ജൂൺ- ജൂലൈ മാസങ്ങളിലാണ് ഇത് നടേണ്ടത്. നന്നായി മൂത്ത വിളഞ്ഞ കായ്കളിൽ നിന്ന് വിത്തുകൾ ശേഖരിച്ചോ, ബഡ്ഡിംഗ് നടത്തിയോ തൈകളുടെ പുനരുൽപാദനം സാധ്യമാക്കാം. കുടംപുളി തൈ നടുവാൻ ആയി 20 സെൻറീമീറ്റർ നീളവും വീതിയുമുള്ള കുഴികൾ തയ്യാറാക്കാം. അതിനുശേഷം കുഴികളിൽ കാലിവളമോ കമ്പോസ്റ്റോ നിറച്ച് തൈകൾ നടാം. വിത്ത് മുളപ്പിച്ചാണ് തൈകൾ ഉണ്ടാകുന്നതെങ്കിൽ ഏകദേശം മൂന്നു മാസം പ്രായമാകുമ്പോൾ പറിച്ചുനടാം. വിത്തുകൾ നടുമ്പോൾ ഏകദേശം ഏഴ് മീറ്റർ അകലം പാലിക്കണം. താരതമ്യേന രോഗപ്രതിരോധശേഷി കൂടിയ സസ്യമാണ് കുടംപുളി. ചെടിയുടെ ആദ്യഘട്ടത്തിൽ കാണപ്പെടാൻ സാധ്യതയുള്ള ഫംഗസ് രോഗത്തെ പ്രതിരോധിക്കാൻ വേപ്പ് അധിഷ്ഠിത കീടനാശിനികളാണ് ഉത്തമം. ഏകദേശം 20 മീറ്റർ വരെ ഇത് പൊക്കം വയ്ക്കുന്നു. 60 വർഷം വരെയാണ് ഇതിൻറെ ആയുസ്സ് കണക്കാക്കുന്നത്. കുടംപുളി യിൽ കാണുന്ന പെൺപൂക്കൾ മൂന്നോ നാലോ അടങ്ങിയ കുലകളായി ഉണ്ടാകുന്നു. കാലവർഷത്തിനു മുമ്പ് തന്നെ ഇത് പുഷ്പിച്ച് കായ്ക്കുന്നു. തുടക്ക സമയം കായ്കൾ പച്ചനിറത്തിൽ ആണെങ്കിലും മൂപ്പ് എത്തുമ്പോൾ മഞ്ഞനിറത്തിൽ ഇവ രൂപാന്തരം പ്രാപിക്കുന്നു.

ഒരു കായ്ക്കുള്ളിൽ ഏകദേശം ആറു വിത്തുകൾ ഉണ്ടാകും. ഈ വിത്തുകൾ നീക്കം ചെയ്ത് കായ ഉണക്കിയാൽ കറുത്തനിറം ആകുന്നു. ഈ ഉണങ്ങിയ കുടംപുളിക്ക് മാർക്കറ്റിൽ വൻ ഡിമാൻഡാണ് ഉള്ളത്. അതുകൊണ്ടുതന്നെ വ്യവസായികമായി  കുടംപുളി കൃഷി ആരംഭിക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *