സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്ന പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങി കുടുംബശ്രീ

സ്മാം പദ്ധതി വിവരം എത്തിക്കുന്നതിമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും


കൃഷി വകുപ്പിന്റെ കീഴിൽ സബ്സിഡി നിരക്കിൽ കർഷകർക്ക് കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയായ സ്മാം (SMAM) പദ്ധതി കൂടുതൽ കർഷകരിലേക്ക് എത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. ഇതിനായി പ്രത്യേക ക്യാമ്പയിൻ പ്രവർത്തങ്ങൾക്ക് കടുംബശ്രീ ജില്ലാ മിഷൻ രൂപം കൊടുത്തു.

കേന്ദ്ര സർക്കാർ കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM). ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്ത് മെതിയന്ത്രം വരെയും വിള സംസ്‌കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ , ട്രാക്ടർ, ടിപ്പർ പൾവനൈസർ, കാട് വെട്ടുന്ന യന്ത്രം, തുടങ്ങിയവയും ഈ പദ്ധതി വഴി ഏതൊരു കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40% മുതൽ 80% വരെയും, വനിതാ കർഷക ഗ്രൂപ്പുകൾക്ക് 95% വരെയും സാമ്പത്തിക സഹായത്തോടുകൂടി സ്വന്തമാക്കാൻ സാധിക്കും.

ഇതിന്റെ ആദ്യ ഘട്ടമായി ജില്ലയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങളിലേക്കും സ്മാം പദ്ധതി വിവരം എത്തിക്കുന്നതിമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. അയൽക്കൂട്ടയോഗത്തിൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും. ഇതിന്റെ തുടർച്ചയായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെ സി ഡി എസ് തല സ്മാം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് അയൽക്കൂട്ട അംഗങ്ങളുടെ സ്മാം പദ്ധതിയിലെ രജിസ്ട്രേഷൻ ഉറപ്പ് വരുത്തും. കൂടാതെ ബ്ലോക്ക് ജില്ലാ തലങ്ങളിൽ കാർഷിക ഉപകരണങ്ങളുടെ പ്രദർശന മേളയും സംഘടിപ്പിക്കും. രജിസ്ട്രേഷൻ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. സഹകരണ ബാങ്കുകൾ മുഖേന ലോൺ, അയൽക്കൂട്ട ലോൺ, പഞ്ചായത്ത് പദ്ധതികൾ എന്നിവ മുഖേന തുക ലഭ്യമാക്കും .അപേക്ഷിച്ച ഉപകരണത്തിന്റെ മുഴുവൻ തുകയും അടച്ച ശേഷം, സബ്സിഡി തുക ലഭ്യമാകുന്നതായിരിക്കും.

അതിനായി നിലവിലിൽ സൊസൈറ്റീസ് ആക്ട് പ്രകാരം ഫാർമേഴ്സ് ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം മുതൽ ഫാർമേഴ്സ് ക്ലബുകൾ ഈ പദ്ധതിയുടെ ഭാഗമാകും. കാർഷിക ക്ലബ്ബുകൾ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ രൂപീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇത്തരം കാർഷിക ക്ലബ്ബുകൾക്ക് തുക വകയിരുത്തി 10 ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങൾ പഞ്ചായത്തിൽ സ്മാം മുഖേന ലഭ്യമാക്കി വാടകക്ക് നൽകുവാനും ഉദ്ദേശിക്കുന്നുണ്ട്. ജില്ലയിൽ 10 കോടി രൂപയുടെ കാർഷിക ഉപകരണങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാകും.

കാർഷിക ഉപകരണങ്ങൾ ആവശ്യമുള്ളവർ പഞ്ചായത്ത് സിഡിഎസുമായി ബന്ധപ്പെടണം. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രാബല്യത്തിൽ വരുത്തുക എന്ന ലക്ഷ്യത്തോടെ ആണ് സ്മാമിനെ അയൽക്കൂട്ടങ്ങളിലേക്കെത്തിക്കാൻ കുടുംബശ്രീ ശ്രമിക്കുന്നത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *