സംയോജിത സസ്യസംരക്ഷണവും ജൈവ കൃഷിയും പ്രാവർത്തികമാക്കുമ്പോൾ ജൈവവള പ്രയോഗങ്ങളുടെ പ്രാധാന്യം ഏറെ വിലപ്പെട്ടതാണ്. കേരളത്തിൽ കർഷകർ ധാരാളമായി ഉപയോഗിക്കുന്ന ജീവാണുവളം ആണ് അസോസ്പൈറില്ലം.
അസോസ്പൈറില്ലം കര പ്രദേശങ്ങൾക്കും താഴ്ന്ന പാടങ്ങൾക്കും യോജിച്ച ഒന്നാണ്. ഇത് മറ്റു മാധ്യമങ്ങളുമായി ചേർത്താണ് കമ്പോളത്തിൽ ലഭ്യമാക്കുന്നത്. അസോസ്പൈറില്ലത്തിന് ഹെക്ടറൊന്നിന് 25 കിലോഗ്രാം നൈട്രജൻ മണ്ണിൽ ചേർക്കാനുള്ള ശേഷി ഉള്ളതിനാൽ രാസവളം ആയി ചേർക്കുന്ന നൈട്രജൻ 25 ശതമാനം കുറവ് വരുത്തണം. അതുകൊണ്ട് ഈ ജൈവവളം തോട്ട വിളകളുടെ തൈകൾ വേരുപിടിപ്പിക്കുന്നതിനും പച്ചക്കറി വിളകൾക്കും ശുപാർശ ചെയ്യുന്നു. കുട്ടനാട്ടിലെ മണ്ണിൽനിന്ന് എടുത്തിട്ടുള്ള AZR-15, AZR-37 എന്നി നെല്ലിനും, പച്ചക്കറികൾക്കും, നഴ്സറി ചെടികൾക്കും വളരെ ഫലപ്രദമായി ഇതിന്റെ ഉപയോഗം കണ്ടിട്ടുണ്ട്.
ഇത് എങ്ങനെ ഉപയോഗിക്കാം?
വിത്തിൽ ചേർക്കുന്ന വിധം: 60 ലിറ്റർ വെള്ളത്തിൽ രണ്ട് കിലോഗ്രാം കൾച്ചർ യോജിപ്പിച്ചത് ഒരു ഹെക്ടർ സ്ഥലത്തേക്കുള്ള നെൽവിത്ത് കുതിർക്കുന്നതിന് മതിയാകും. വിതയ്ക്കുന്നതിന് 24 മണിക്കൂർ മുൻപ് വിത്ത് ഈ ലായനിയിൽ ഇട്ടുവയ്ക്കുക. പറിച്ചു നടുകയാണെങ്കിൽ 40 ലിറ്റർ വെള്ളത്തിൽ രണ്ട് കിലോഗ്രാം കൾച്ചർ യോജിപ്പിച്ച് കുഴമ്പിൽ തൈകളുടെ വേര് 20 മിനിറ്റ് മുക്കിയതിനുശേഷം വേണം നടുവാൻ. ഈ കുഴമ്പ് ഒരു ഹെക്ടർ സ്ഥലത്തിലേക്ക് വേണ്ട ഞാർ മൂക്കുന്നതിനു മതിയാകും. 2 കിലോഗ്രാം കൾച്ചർ കാലിവളത്തോടൊപ്പം പാടത്തു ചേർക്കുകയും വേണം.
വേരു മുക്കൽ: പറിച്ചു നടന്ന വിളകൾക്ക് ഇത് ഉപയോഗിക്കുവാൻ തൈകളുടെ വേരു ഭാഗം 500ഗ്രാം കൾച്ചറും 50 ലിറ്റർ വെള്ളവും ചേർത്തുണ്ടാക്കിയ കുഴമ്പിൽ 20 മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാൽ മതി.
മണ്ണിൽ ചേർക്കുന്ന വിധം: കൾച്ചർ ചാണകപ്പൊടിയുമായോ അല്ലെങ്കിൽ കമ്പോസ്റ്റും ആയോ 1: 25 എന്ന അനുപാതത്തിൽ കലർത്തി മണ്ണിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്.
വിത്തിയിൽ ചേർത്തു ഉപയോഗിക്കുമ്പോൾ: 5 മുതൽ 10 കിലോഗ്രാം വിത്തിന് 500 ഗ്രാം കൾച്ചർ വേണ്ടി വരുന്നതാണ്. വെള്ളമോ കഞ്ഞിവെള്ളമോ തളിച്ച് വിത്ത് നനയ്ക്കുക. പ്ലാസ്റ്റിക് ട്രെയിലോ ബേസിനിലോ 500ഗ്രാം അസോസ്പൈറില്ലം എടുത്ത് നനച്ച് വിത്ത് അതിലിട്ട് നല്ലപോലെ യോജിപ്പിക്കുക. 30 മിനിറ്റ് നേരം തണലിൽ ഉണക്കണം ഇങ്ങനെ ഉണക്കിയ വിത്ത് ഉടനെ വിതയ്ക്കുകയും വേണം.