ഔഷധമായും പാചകാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ലെമണ്‍ ബാം വീട്ടില്‍ത്തന്നെ വളര്‍ത്താം

മരുന്നായും, സൗന്ദര്യ വർദ്ധക വസ്തുവായും, പാചകത്തിനും മറ്റും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഹണി പ്ലാൻറ് അല്ലെങ്കിൽ ലെമൺ ബാം. ജാമിലും ജെല്ലിയിലും നാരങ്ങയ്ക്ക് പകരം ലെമണ്‍ ബാം ഉപയോഗിക്കുന്നു. ഇത് തലയിണയ്ക്കടിയില്‍ വെച്ചാല്‍ മനസിന് ശാന്തിയും സുഖനിദ്രയും ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.

ഉൽകണ്ഠ, ഉറക്കമില്ലായ്മ, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം  പരിഹരിക്കാൻ പണ്ടുമുതലേ ലെമണ്‍ ബാം ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റ് ആയ ഗുണവും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഈ ഇലയില്‍ നിന്നുണ്ടാക്കുന്ന എണ്ണയ്ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചായ ഉണ്ടാക്കുമ്പോഴും ഈ ഇലകള്‍ ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

ലെമൺ ബാം വളര്‍ത്താൻ ഉദ്ദേശിക്കുന്നവർ, വിത്ത് നേരിട്ട് വിതച്ച് മുളപ്പിക്കാവുന്നതാണ് നല്ലത്. ഏത് തരത്തിലുള്ള മണ്ണിലും വളരും. സാധാരണ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളച്ച് വരും. വീട്ടിനുള്ളിലും ഗ്രീന്‍ഹൗസിലും വളര്‍ത്താവുന്നതാണ്. പോട്ടിങ്ങ് മിശ്രിതത്തിൻറെ മുകളില്‍ വിത്തുകള്‍ വിതറി മുളപൊട്ടി വരുന്നതുവരെ ഈര്‍പ്പം നല്‍കണം.  തണ്ടുകള്‍ മുറിക്കുകയാണെങ്കില്‍ അടിഭാഗത്തു നിന്നും കുറച്ച് ഇലകള്‍ ഒഴിവാക്കി വേര് പിടിപ്പിക്കുന്ന ഹോര്‍മോണിലോ തേനിലോ മുക്കിയശേഷം മണ്ണും മണലും കലര്‍ന്ന മിശ്രിതത്തിലേക്ക് നടാവുന്നതാണ്. ഏകദേശം നാല് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി വളരും. പക്ഷേ, അമിതമായി സൂര്യപ്രകാശമേറ്റാല്‍ ഇലകളുടെ നിറം നഷ്ടമാകുന്നതായി പറയാറുണ്ട്. അതുപോലെ അല്‍പം തണലത്ത് വളര്‍ന്നാല്‍ ഗുണവും മണവും കൂടുന്നതായും കാണാറുണ്ട്. വളര്‍ന്ന് വ്യാപിക്കാതിരിക്കണമെങ്കില്‍ പൂക്കളുണ്ടാകുന്നതിന് മുമ്പായി വിളവെടുപ്പ് നടത്തിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ വിത്തുകള്‍ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല.

പാത്രങ്ങളിലും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് എട്ട് ഇഞ്ച് ആഴവും 18 ഇഞ്ച് വീതിയുമുള്ള പാത്രം തെരഞ്ഞെടുക്കണം. വിത്തുകളോ തണ്ടുകളോ ഇതില്‍ നട്ടുവളര്‍ത്തുമ്പോള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം.

Share Now

Leave a Reply

Your email address will not be published. Required fields are marked *