കേരളത്തിൽ ലോങ്ങൻ കൃഷിക്ക് പ്രിയമേറുന്നു

നാടൻ പഴവർഗ്ഗങ്ങളെ പോലെ തന്നെ വിദേശ ഫലവർഗങ്ങളും കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസൃതമായി നന്നായി വളരുന്നുണ്ട്. റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, ബറാബ തുടങ്ങിയ വിദേശ മരങ്ങൾ മലയാളികളുടെ വീട്ടുവളപ്പിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അത്തരത്തിൽ കേരളത്തിൽ നിരവധിപേർ നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷമാണ് ലോങ്ങൻ. തണുപ്പുള്ള രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

എന്നാൽ ഈയടുത്തകാലത്ത് പ്രത്യേകിച്ച് മലബാർ പ്രദേശത്ത് ലോങ്ങൻ നന്നായി കൃഷി ചെയ്തു ആദായം ഉണ്ടാക്കുന്ന വാർത്തകൾ നമ്മൾ കേട്ടിരുന്നു. മനോഹരമായി താഴേക്ക് വിഴുന്നു കിടക്കുന്ന പോലെയുള്ള ഇലച്ചാർത്ത് ഉദ്യാനങ്ങൾക്ക് മനോഹാരിത ഏകുവാനും മികച്ചതാണ്.

എങ്ങനെ കൃഷി ഒരുക്കാം

ഈ പഴത്തിലെ മാംസളമായ ഉൾഭാഗത്ത് കാണപ്പെടുന്ന കറുപ്പുനിറമുള്ള ചെറു വിത്തുകളാണ് പ്രധാനമായും നടീലിനു ഒരുക്കുന്നത്. ആദ്യം ജൈവവളങ്ങളും മേൽമണ്ണും ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി വിത്തുകൾ പാകാവുന്നതാണ്. വലിയ ഡ്രമിൽ വിത്തുപാകി തൈകൾ മുളപ്പിച്ച് എടുക്കാം. ഒരു വർഷം വരെ ഇതിൽ പരിചരിച്ചതിനുശേഷം ഇത് തോട്ടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്. തൈകൾ പറിച്ചു നടുമ്പോൾ നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തെരഞ്ഞെടുക്കണം. പടർന്നു പന്തലിച്ച് വളരുന്ന ഇനമായതിനാൽ മറ്റു മരങ്ങളുടെ ഇടയിൽനിന്ന് ഇവയെ മാറ്റി നടണം. മലയോര പ്രദേശങ്ങളിൽ ഇവ കൃഷി ചെയ്യുമ്പോൾ കൂടുതൽ വിളവ് ലഭിക്കുന്നുവെന്ന് കർഷകർ പറയുന്നു. കൃഷി ചെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം തെരഞ്ഞെടുക്കണം. ഏകദേശം നട്ട് അഞ്ചുവർഷത്തിനുള്ളിൽ ആണ് കായ്ഫലം ലഭ്യമാകുന്നത്. ക്രമമായ ജൈവവളപ്രയോഗം രീതികൾ അവലംബിച്ചാൽ നല്ല രീതിയിൽ വിളവ് തരുന്ന വിദേശ ഫലവർഗമാണ് ഇത്. വരൾച്ചയെ അതിജീവിക്കാനുള്ള കരുത്ത് ഉള്ളതിനാൽ വേനലിൽ അധികം നന ആവശ്യമില്ല. 40 അടിയോളം ഉയരത്തിൽ ഇവ വളരുന്നു. പാതയോരങ്ങളിൽ തണൽ ഏകുവാൻ ഈ ഫലവൃക്ഷം മികച്ചതാണ്. ധാരാളം ശാഖോപശാഖകളായി വളർന്നു നിൽക്കുന്ന വൃക്ഷം കാണാൻ മനോഹരമാണ്. തളിരിലകൾക്ക് ചുവപ്പു കലർന്ന നിറമാണ്. ഇത് മരത്തെ കൂടുതൽ ഭംഗി ആകുന്നു. ഇതിൻറെ പൂക്കൾക്ക് റമ്പൂട്ടാൻ ചെടിയുടെ പൂക്കളുമായി സാമ്യമുണ്ട്.

ഇത് കുലകളായി വളരുന്നു. കായ്കൾ ആദ്യം ഉണ്ടാകുമ്പോൾ മുന്തിരി പോലെ കുലകളായി കാണപ്പെടുന്നു. മൂപ്പ് എത്തുമ്പോൾ കുലകൾക്ക് ഇളംമഞ്ഞനിറം കൈവരുന്നു. ഈ പഴങ്ങൾക്കുള്ളിലെ വെളുത്ത മധുരമായ പൾപ്പ് അതിസ്വാദിഷ്ടമാണ്. ഇതിൻറെ തൈകൾ ഇന്ന് കേരളത്തിൽ എല്ലാവിധ നഴ്സറികളിലും ലഭ്യമാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *