സംസ്ഥാന കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നൽകുന്ന സഹായത്താൽ നിലനിൽക്കുന്ന ഏക മില്ലറ്റ് ഗ്രാമമാണ് മറയൂർ ഗ്രാമപഞ്ചായത്തിലെ തായണ്ണൻ കുടി. പട്ടികവർഗ്ഗ വിഭാഗത്തിലെ മുതുവാൻ വിഭാഗക്കാരുടെ ഊര് മൂപ്പനായിരുന്ന തായണ്ണന്റെ ദേശം എന്നറിയപ്പെടുന്ന ഇവിടം പ്രത്യേക ജൈവപാരിസ്ഥിതിക പ്രാധാന്യമുള്ള ഇടമാണ്.ഇടുക്കി ജില്ലയിലെ മറയൂര്‍ ഇനി അറിയപ്പെടുന്നത് ആദിവാസികളായ സംരംഭകരുടെ വിജയഗാഥകള്‍ കൊണ്ടായിരിക്കും.
സംസ്ഥാന കൃഷിവകുപ്പിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ഇവിടെയുണ്ടായിരുന്ന പരമ്പരാഗതമായ പല ഭക്ഷ്യഉത്പന്നങ്ങളേയും സംരക്ഷിക്കുകയും അവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിവരുമാനവര്‍ദ്ധകവുമാക്കി മാറ്റുകയുമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 21ഇനം റാഗി വര്‍ഗങ്ങള്‍ ഇവര്‍ ഇപ്പോള്‍ പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നുണ്ട്. പാലാക്കിനി, പെരിയപൂവന്‍, കരിമുട്ടി, മട്ടി,ചോലക്കമ്പിളി, ഉണ്ടപ്പൂവന്‍, വെള്ള, കുഞ്ചിക്കാരി, ചങ്കിരി, റൊട്ടി,കാടമ്പാറ, പച്ചമുട്ടി, നീലക്കണ്ണി, ഉപ്പ്‌ലസി, കറുപ്പ്, അരഗനാച്ചി, സിരു,തൊങ്കല്‍, മീന്‍കണ്ണി, മട്ടക്കാവ, പുത്തലസി, വിരല്‍കൊളുക്കി തുടങ്ങി അങ്ങനെ പലയിനം വര്‍ഗങ്ങളാണ്
400 വര്‍ഷംമുമ്പ് ജനവാസം ആരംഭിച്ച ഈ ഊരില്‍ ചന്ദ്രനാണ് ഇപ്പോഴത്തെ കാണി (ഊരുമൂപ്പന്‍). ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. പുല്ലുചാമ, പുല്ലുതിന, കുതിരവാലി, വെള്ളച്ചാമ, വെള്ളവരക്, കരുവരക്,വെള്ളത്തിന, മുളിയന്‍തിന, കമ്പന്‍തിന എന്നിങ്ങനെ മൈനര്‍ ചെറുധാന്യങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. കീരവാണി, കുത്തുബട്ടര്‍, അരക്കൊടി, കൊടിബീന്‍സ്,കുത്തുബീന്‍സ്, പാല്‍ബട്ടര്‍, മുരിങ്ങാക്കൊടി ബീന്‍സ്, കൊടിമൂര്‍, പലതരം ബീന്‍സ്, പാല്‍ ബീന്‍സ്, കറുത്ത ബീന്‍സ്, മഞ്ഞ ബീന്‍സ്, കോഴിക്കാല്‍ അവര, ഒഗരുമച്ച, കൊറവന്‍പാര്‍ മച്ച, തായ്ബീന്‍സ്, മെയ്‌വാളന്‍, തുവര തുടങ്ങി 18 ഇനം പയര്‍ വര്‍ഗങ്ങളും, പൊരുക്കിയില, തൊപ്പിച്ചീര (ചുവപ്പ്, പച്ച) കരിഞ്ചീര, തണ്ടന്‍ചീര എന്നിങ്ങനെ ചീരവര്‍ഗങ്ങളും, കോവില്‍ചെട്ടി ചോളം, ചെഞ്ചോളം, മക്കച്ചോളം എന്നീ മൂന്നിനം ചോളവര്‍ഗങ്ങളും, പാറ്റനക്കി,ചിന്നപൂസണി, പെരിയപൂസണി എന്നിങ്ങനെ മൂന്നിനം മത്തനും ഇവര്‍ പരമ്പരാഗതമായി സൂക്ഷിച്ച് വരുന്നു. അന്യംനിന്നുപോയ ധാരാളം ചെറുധാന്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ഇവര്‍ ഇന്നും നിലനിര്‍ത്തിപ്പോരുന്നു. 34 കുടുംബങ്ങളിലായി 103 അംഗങ്ങളാണ് മറയൂര്‍ ഗ്രാമത്തിലെ
മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ഇവരെല്ലാവരും ഇന്ന് കൃഷിയില്‍ നിന്ന് ഒരു സ്ഥിരവരുമാനമുള്ളവരാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ഇവരടക്കം 11 ആദിവാസി കുടികളുണ്ട്. ചിന്നാര്‍, ആലാന്‍പെട്ടി, കരിമുട്ടി എന്നിവിടങ്ങളിലായി ഇവര്‍ നടത്തുന്ന ഇക്കോ ഷോപ്പുകളിലൂടെയാണ് ഉൽപ്പന്നങ്ങളുടെ വിപണനം.
വൈഗ സ്റ്റാളില്‍ തായണ്ണന്‍കുടി കര്‍ഷക സംഘം
ഇടുക്കി ജില്ലയിലെ മറയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള തായണ്ണന്‍കുടി ആദിവാസി കര്‍ഷക സംഘം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ കാര്‍ഷിക പ്രദര്‍ശനം കാണാന്‍ എത്തി.2017ലെ മികച്ച ആദിവാസി ഊരിനുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന തല അവാര്‍ഡ് നേടിയ ഗ്രൂപ്പാണ് തായണ്ണന്‍കുടി ആദിവാസി സംഘം.പരമ്പരാഗതമായി റാഗി,തിന,ചാമ,വരക്,പനിവരക് തുടങ്ങി പത്തോളം ഇനം ചെറു ധന്യങ്ങളും ശീതകാല പച്ചക്കറികളും നാടന്‍ കിഴങ്ങു വര്‍ഗ്ഗങ്ങളും സ്ഥിരമായി ചെയ്ത് ജൈവ വൈവിധ്യം സംരക്ഷിച്ചു പോരുന്ന ആദിവാസി ഊരാണ് തായണ്ണന്‍കുടി.വൈഗ വേദിയില്‍ ഇടുക്കി ജില്ലയിലെ ആത്മ സ്ടാളിനോടൊപ്പം തായണ്ണന്‍കുടി സംഘത്തിന്റെ പ്രത്യേക സ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്.ഊരു നിവാസികളുടെ കൃഷി വിഭവങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്.ഊര് മൂപ്പന്‍ ചന്ദ്രന്‍ കാണിയുടെ നേതൃത്വത്തിലാണ് സംഘം വൈഗ വേദി സന്ദര്‍ശിച്ചത്.കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് സംഘം തൃശ്ശൂരിലെത്തിയത്.അഞ്ചിനം പയറുകളും മധുരകൂവയും അവര്‍ മന്ത്രിക്കു സമ്മാനിച്ചു.40ഏക്കറില്‍ പച്ചക്കറി കൃഷിയും എട്ടര ഹെക്ടറില്‍ ചെറു ധാന്യ കൃഷിയും ഇവര്‍ ചെയ്യുന്നു.വെജിറ്റബിള്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടു ജില്ലാ തല അവാര്‍ഡുകളും,കേന്ദ്ര ഗവര്‍മെന്റ് ന്റെ പ്ലാന്റ് ജെനോമേ സേവിയര്‍ അവാര്‍ഡും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്.