എന്റൊപ്പം എന്റെ, അയൽക്കൂട്ടാവും കൃഷിയിലേക്ക് !!! ഒരു അജാനൂർ മാതൃക

കുടുംബശ്രീ മിഷന്റെ ‘ഞാനും എന്റെ അയൽക്കൂട്ടവും കൃഷിയിലേക്ക്’ പദ്ധതി കൂടുതൽ ജനകീയമാകുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതിയാണ് ‘ഞാനും എന്റെ അയൽക്കൂട്ടവും കൃഷിയിലേക്ക്’ എന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ തീരപ്രദേശ ഗ്രാമമായ അജാനൂരിൽ വലിയ വിജയമാക്കിയിരിക്കുകയാണ് ഈ പദ്ധതി. അജാനൂർ സിഡിഎസ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 125 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചു കഴിഞ്ഞു. 55 ഏക്കർ തരിശ് നിലമാണ് കൃഷിയോഗ്യമാക്കിയിരിക്കുന്നത്. പൂർണ്ണമായും ജൈവ രീതി അവലംബിച്ചു കൊണ്ടാണ് ഇവിടെ കൃഷി. നെല്ല്, മഴക്കാല പച്ചക്കറികൾ, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 500 ഓളം കുടുംബശ്രീ അംഗങ്ങളെയാണ് സിഡിഎസ് നേതൃത്വത്തിൽ പുതിയതായി കൃഷിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. കൂടാതെ ബാലസഭ അംഗങ്ങളായ കുട്ടികളെ കൂടി കൃഷിയിലേക്ക് കൊണ്ടുവന്നു. ഓരോ കുടുംബശ്രീയുടെ കീഴിലും ഒരു ജെഎൽജി വീതം രൂപീകരിച്ചു. ഓരോ അംഗത്തിന്റെ വീട്ടിലും ചേന, ചേമ്പ്, മുരിങ്ങ, വാഴ, എന്നിവ കൃഷി ചെയ്യുന്നുണ്ട്. അതോടൊപ്പം വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഓരോ വീടുകളിലും അടുക്കള തോട്ടം ഉണ്ടാക്കി കൃഷി ചെയ്ത് വരികയാണ്.

കാർഷിക ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള സംവിധാനവും സിഡിഎസ് ഒരുക്കിയിട്ടുണ്ട്. ജെഎൽജി- ഗ്രൂപ്പുകളുടെ നെല്ല് ശേഖരിച്ച് ‘അന്നം അമൃതം’ എന്ന നാടൻ കുത്തരി ബ്രാന്റ് സിഡിഎസ് പുറത്തിറക്കുന്നുണ്ട്. വിപണനം നടത്തുന്നതിനു വേണ്ടി ചന്തകൾ നടത്താറുണ്ട്. ഇതിനാായി നാനോ മാർക്കറ്റ് സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ച് മാസം ജില്ലയിൽ ആദ്യമായി ആരംഭിച്ച നാനോ മാർക്കറ്റായിരുന്നു, അജാനൂർ സിഡിഎസിന്റേത്. സിഡിഎസ് ഓഫീസ് കേന്ദ്രീകരിച്ച് വിവിധ കുടുംബശ്രീകൾ ഉത്പാദിപ്പിക്കുന്ന വിവിധങ്ങളായ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനായാണ് സംസ്ഥാന മിഷന്റെ നിർദ്ദേശത്തെ തുടർന്ന് നാനോ മാർക്കറ്റ് ആരംഭിച്ചത്. തരിശുഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, വരും തലമുറയെ കൃഷിയിലേക്ക് ഇറക്കുക എന്ന ലക്ഷ്യത്തിലേക്കെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അജാനൂർ സിഡിഎസ് ജില്ലാ മിഷന്റെയും, സിഡിഎസിന്റെയും, പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ഭാഗത്തുനിന്ന് നല്ലൊരു സഹകരണവും, പിന്തുണയും, സഹായവും കുടുംബശ്രീകൾക്കും ജെഎൽജിക്കും ലഭിക്കുന്നുണ്ടെന്ന് അജാനൂർ സിഡിഎസ് ചെയർ പേഴ്സൺ ടി ശോഭ പറഞ്ഞു.

Share Now

Leave a Reply

Your email address will not be published. Required fields are marked *