പഴമകൃഷി രീതി

തട്ടുകളായി വെട്ടിയൊരുക്കിയ കുന്നിന്‍ ചരിവുകളിലെ വിളകള്‍ക്ക് പടിഞ്ഞാറന്‍ പോക്കുവെയില്‍ ഏല്‍ക്കണമെന്നത് വിളപ്പൊലിമയുടെ കൃഷി പഴമയാണ്.  പടിഞ്ഞാറ് അഭിമുഖം കാപ്പി, തേയില തോട്ടങ്ങള്‍ ഉത്തമമെന്ന് ശാസ്ത്രയോഗവും വിധി എഴുതുന്നുണ്ട്. ഗ്രാമ്പൂ ചെടി ആദ്യം പൂക്കുന്നതും പടിഞ്ഞാറന്‍ അസ്തമയ കിരണങ്ങള്‍ ഏല്‍ക്കുന്ന ഭാഗത്താണെന്ന് ഗ്രാമ്പൂ കര്‍ഷകരും അനുഭവം പങ്കുവയ്ക്കുന്നു. പോക്കുവെയില്‍ ഏറ്റാല്‍ പൊന്നാകും എന്ന പഴമൊഴിയില്‍ നിന്നും വിളപ്പൊലിമയുടെ പുതുമൊഴിയിലേക്കുള്ള പഴമക്കാരുടെ തീര്‍ത്ഥയാത്രയ്ക്കിടയില്‍ അത്യുത്പാദന നാടന്‍ വിത്തുകളും പിറവി എടുത്തു. പടിഞ്ഞാറ് അഭിമുഖ മണ്‍ഭിത്തിയില്‍ ചാണകം തേച്ചുപിടിപ്പിച്ച് അതില്‍ വെണ്ട, കക്കിരി, പടവലം, കുമ്പളം, മത്തന്‍,  തുടങ്ങിയ വിത്തുകള്‍ പതിച്ചുവെച്ച് പോക്കുവെയില്‍ ഏല്‍പിച്ചതിന്റെ അനന്തരഫലമായിരുന്നു ഇത്.

വടക്കുദിശയില്‍ വൃക്ഷവിളകള്

സൂര്യനെ നോക്കിയുള്ള കൃഷിയില്‍ മികവുണ്ടെന്നത് പഴമക്കാര്‍ക്കിടയിലെ നേരനുഭവം. ഈ അനുഭവമായിരുന്നു വൃക്ഷവിളകള്‍ വടക്കുദിശയില്‍ നട്ടു വളര്‍ത്താന്‍ പഴമക്കാരെ പ്രേരിപ്പിച്ചത്. വടക്കുദിശയില്‍ നിന്നും സൂര്യകിരണങ്ങള്‍ ഭൂമിയിലെത്തുന്നില്ല. അതിനാല്‍ ഈ ദിശയില്‍ ഉയര്‍ന്ന വൃക്ഷങ്ങള്‍ക്ക് സ്ഥാനം നല്‍കിയാല്‍ അതിന്റെ തണല്‍ മറ്റു വിളകളുടെ അന്നജ നിര്‍മ്മാണം തടസ്സപ്പെടുത്തുന്നില്ല. മാത്രമല്ല സൂര്യകിരണങ്ങള്‍ തേടി അലഞ്ഞ് സസ്യത്തിന് ഊര്‍ജ്ജനഷ്ടവും സംഭവിക്കുന്നില്ല. ഇത് സമീപ പറമ്പിലെ കൃഷിയേയും സഹായിക്കും എന്നതാണ് മറ്റൊരു മേന്മ. ഒരു പറമ്പിലെ വടക്കുഭാഗം സമീപത്തെ പറമ്പിന് തെക്കാണ്. തെക്കന്‍വെയിലിന് ചൂട് കൂടുതലാണ്. എന്നാല്‍ തെക്കു നിന്നുള്ള അമിതചൂടിനെ നിയന്ത്രിക്കാന്‍ സമീപപറമ്പിലെ വടക്കുദിശയിലെ ഉയര്‍ന്ന വൃക്ഷവിളകള്‍ സഹായകമാണ്.

കണ്ണറിഞ്ഞുള്ള കൃഷി

കണ്ണറിഞ്ഞുള്ള കൃഷിയായിരുന്നു പഴമക്കാരുടേത്. വിത്തിന്റെ ആദ്യവേരിന് എതിര്‍വശത്താണ് ആദ്യമുകുളത്തിന്റെ ഉത്ഭവം. ഈ ആദ്യ മുകുളത്തെയാണ് പഴമക്കാര്‍ കണ്ണെന്നുപറയുന്നത്. പ്രകാശദിശയിലേക്ക് സഞ്ചരിച്ച് ചെടിക്ക് അന്നജനിര്‍മാണം സാധ്യമാക്കുക എന്നതാണ് ഈ കണ്ണിന്റെ ധര്‍മ്മം. എന്നാല്‍ മതിയായ ഇടയകലം നല്‍കി പ്രകാശദിശയിലേക്കുള്ള സസ്യചലനം നിയന്ത്രിക്കുന്നതാണ് ഉത്തമം. ആധുനിക റബ്ബര്‍ കര്‍ഷകര്‍ ഇതിന് വേണ്ടി ബഡ് ചെയ്ത റബ്ബര്‍തൈകളുടെ കണ്ണ് വടക്കുദിശയിലേക്ക് അഭിമുഖമായാണ് പാകുന്നത്. ഈ ദിശയില്‍ നിന്ന് നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് സസ്യങ്ങള്‍ ആ ദിശയിലേക്ക് ആഭിമുഖ്യം കാണിക്കാറില്ല. ഇത് സസ്യത്തെ ഒരു ദിശയിലേക്ക് ചായാതെ നേരെ വളര്‍ന്നു നില്‍ക്കാനും കൂടുതല്‍ ഫലം ഉത്പാദിപ്പിക്കാനും സഹായിക്കും. മണ്ണില്‍ പൊന്ന് വിളയിക്കുവാന്‍ പര്യാപ്തമായ ഈ കൃഷി അറിവുകള്‍ ജൈവകര്‍ഷകര്‍ക്ക് ഒരു വഴികാട്ടികൂടിയാണ്.

ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളം

‘ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളം” എന്നത് ഏറെ പ്രസക്തിയുള്ള ഒരു പഴമൊഴിയാണ്. ജൈവകര്‍ഷകര്‍ക്കിടയിലെ മറ്റൊരു വിശ്വാസ പ്രമാണം. കേരളത്തിലെ ജൈവകര്‍ഷകര്‍ ഈ രീതി അവലംബിക്കുന്നവര്‍ കൂടിയാണ്. നെല്ലിന്റെ അവശിഷ്ടങ്ങള്‍ മണ്ണില്‍ ചീഞ്ഞടിയുന്നതിനും വയല്‍വരമ്പുകളിലെ എലി മാളങ്ങളില്‍ വെള്ളം കയറി എലിശല്യം ഇല്ലാതാകുന്നതിനും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വെള്ളം കയറ്റി നിര്‍ത്തുന്നു. ഇതിന് ശേഷം നിലം പതിന്നാലു ചാലെങ്കിലും ഉഴുതു മറിച്ചാണ് ഇവര്‍ കന്നികൃഷി നടത്തുക.
ആദ്യത്തെ ചില ചാല്‍ ഉഴുമ്പോള്‍ ഉണ്ടാകുന്ന മണ്ണിനെ വലിയ കട്ടകളെയെല്ലാം ‘മുട്ടി’ എന്നൊരു ഉപകരണം ഉപയോഗിച്ച് ഉടച്ച് മണ്ണാക്കും. അതിനുശേഷം പച്ചിലവളം, കാലിവളം, ചാരം ഇവ ആവശ്യാനുസരണം നിക്ഷേപിക്കുന്നു. ഇവ പിന്നീട് മണ്ണിലെ മണ്ണിരയടക്കമുള്ള സൂക്ഷ്മജീവികള്‍ അഴുകല്‍ പ്രക്രിയയ്ക്കു വിധേയമാക്കും. അതിനുശേഷം ഉഴുതുമറിച്ച മണ്ണ് നാലിലൊന്നായി വെന്തുണങ്ങിയതിന് ശേഷമാണ് വിത്തിടുന്നത്. ഉയര്‍ന്ന ഉത്പാദനശേഷി കൈവരിക്കുവാന്‍ ഈ രീതി കര്‍ഷകരെ സഹായിക്കുന്നുണ്ട്.

വേരിനു കരുത്തേകി കൃഷി

വേരുപടലം ശക്തിപ്പെടുത്തി സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഒരു ലളിതമാര്‍ഗവും കര്‍ഷകര്‍ക്കിടയിലുണ്ട്. 20 കിലോ ചാണകം 10 ലിറ്റര്‍ ഗോമൂത്രത്തില്‍ ലയിപ്പിക്കുന്നു. ഈ മിശ്രിതത്തില്‍ അരകിലോ ശര്‍ക്കരയും ഒരു പിടി വളക്കൂറുമുള്ള മേല്‍മണ്ണും രണ്ടുകിലോ കടലപിണ്ണാക്കും കൂടി ചേര്‍ക്കും. മിശ്രിതം നന്നായി ഇളക്കി അതില്‍ 200 ലിറ്റര്‍ വെള്ളം ചേര്‍ത്ത് വീണ്ടും ഇളക്കുന്നു. അഞ്ച് ദിവസം കഴിഞ്ഞ് ഈ മിശ്രിതത്തില്‍ 1:10 എന്ന അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിച്ചുകൊടുക്കാം. മണ്ണില്‍ ബാക്ടീരിയ പ്രവര്‍ത്തനം നടക്കുന്നതിനും അത് വഴി വേരുകള്‍ക്ക് കൂടുതല്‍ ആഗിരണശേഷി ഉണ്ടാകുന്നതിനും ഈ നാടന്‍രീതി ഏറെ ഫലപ്രദമാണ്.

പ്രകൃതിനിയമം കൃഷിക്ക്കൂട്ട്

വാഴകൃഷി വിജയിക്കാന്‍ ഭൂഗുരുത്വാനുചലനവും പ്രകാശാനുചലനവും പൊരുത്തപ്പെടണമെന്നത് ഒരു പ്രകൃതി നിയമമാണ്. ഈ പ്രകൃതിനിയമം പ്രയോജനപ്പെടുത്തി വാഴക്കുലയുടെ ദിശ മുന്‍കൂട്ടി മനസ്സിലാക്കുവാനും താങ്ങ് കമ്പുകള്‍ പരമാവധി ചുരുക്കുവാനും സാധിക്കും.

നമ്മുടെ നാട്ടില്‍ പടിഞ്ഞാറ് അറബിക്കടല്‍ കിടക്കുന്നതുകൊണ്ട് കാറ്റിന്റെ പ്രവാഹം പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ്. അതിനാല്‍ കിഴക്കുനിന്നും പടിഞ്ഞാറോട്ട് സ്ഥാപിച്ച താങ്ങുകമ്പിനു മാത്രം കാറ്റിനെ അതിജീവിച്ച് വാഴയെ സഹായിക്കാനാവൂ.

ഭൂഗുരുത്വത്തിനു വിധേയമായി വാഴക്കന്നിന്റെ പിന്‍വശത്തെ ചായ്‌വിനെതിര്‍വശത്തേക്കാണ് വാഴക്കുലയുടെ സ്വാഭാവിക ചായ്‌വ്. എന്നാല്‍, ഈ ദിശയില്‍ നിന്ന് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതിരുന്നാലും മറ്റ് ഏതെങ്കിലും ദിശയില്‍ കൂടുതല്‍ ശക്തമായ സൂര്യപ്രകാശം ലഭിച്ചാലും സസ്യം ഭൂഗുരുത്വചലനപ്രേരകത്തെ അതിജീവിച്ച് പ്രകാശാനുചലനം പ്രകടമാക്കും. ഇതുമൂലം വളര്‍ച്ചയ്ക്കുപകരിക്കേണ്ട ഊര്‍ജ്ജം സസ്യത്തിന് ഭൂഗുരുത്വത്തെ അതിജീവിച്ച് വിനിയോഗിക്കേണ്ടിവരുന്നു. ഇതില്ലാതാക്കാന്‍ തെക്കന്‍ വെയിലിനെ ഓലമടല്‍ കൊണ്ട് നിയന്ത്രിക്കാം. വിളമേന്മയില്‍ അതിജീവനമികവും ഇതുവഴി കര്‍ഷകനു കൈവരിക്കാം.

താങ്ങ് കമ്പിന്റെ സ്ഥാനം പടര്‍ച്ചെടികളിലും പ്രധാനമാണ്. ചെറുകിഴങ്ങിന്റെ വള്ളി വലത്തുനിന്നും ഇടത്തേക്കാണ് പടര്‍ന്നു കയറുന്നത്. പയര്‍ ഉള്‍പ്പെടെയുള്ള മറ്റ് പല ചെടികള്‍ താങ്ങുകമ്പില്‍ പടരുന്നത് ഇടത്തുനിന്നും വലത്തേക്ക്. അതിനാല്‍ പയര്‍ വള്ളിക്ക് പടരാന്‍ താങ്ങ് മാറ്റേണ്ടത് അതിന്റെ വലതുവശത്തേക്കാണ്. ഇത് അനായാസം പടരാന്‍ ചെടിയെ സഹായിക്കുകയും ചെടിയുടെ അനാവശ്യ ഊര്‍ജ്ജനഷ്ടം ഇല്ലാതാക്കുകയും ചെയ്യും.

Share Now

Leave a Reply

Your email address will not be published. Required fields are marked *