മിറക്കിൾ ഫ്രൂട്ട് എന്ന പഴവർഗത്തെ ഇന്ന് ലോകം ശ്രദ്ധിക്കുകയാണ്. ഈ പഴം കഴിച്ചാൽ പിന്നീട് കഴിക്കുന്ന പുളിയുള്ള ഭക്ഷണസാധനത്തെ മിനിറ്റുകൾക്കകം മധുരമുള്ളതാക്കി മാറ്റാനുള്ള പ്രത്യേക കഴിവ് ഈ പഴത്തിനുണ്ട് എന്നതാണ്. ശാസ്ത്രീയനാമം സിൻസേപാലം ഡൾസിഫിക്കം എന്നാണ്.
പഴം
പഴത്തിലടങ്ങിയ ഗ്ലൈക്കോപ്രോട്ടീനാണ് ഈ അസാധാരണ മാറ്റത്തിനു കാരണം. രുചിമുകുളങ്ങളിലെ റിസപ്റ്ററുകളുമായി ഇവ ബന്ധംവയ്‌ക്കുന്നതിനാൽ പുളിയുള്ള ഭക്ഷണങ്ങൾക്ക് മധുരമായ രുചിഭേദം സംഭവിക്കുന്നു. ജപ്പാനിലെ കെൽസോകുരിഹാര എന്ന ശാസ്ത്രജ്ഞനാണ് ഇതിന്റെ ശാസ്ത്രവശം കണ്ടെത്തിയത്. ഈ അവസ്ഥ 30 മിനിറ്റുമുതൽ രണ്ടു മണിക്കൂർവരെ നീണ്ടുനിൽക്കും. ക്രമേണ മധുരം തീവ്രത കുറഞ്ഞുവരും. ഇങ്ങനെ അസിഡിറ്റിയുള്ള ഭക്ഷണത്തെ മധുരമാക്കി മാറ്റുന്ന അപൂർവമായ പ്രകൃതിയുടെ സൃഷ്ടിയെന്ന നിലയിൽക്കൂടിയാണ് ഇത് ശ്രദ്ധിക്കുന്നത്.
കൃഷി
ജന്മദേശം പശ്ചിമാഫ്രിക്കയാണ്. എന്നാൽ, ഇന്ന് ലോകത്തിലെ എല്ലാ ഭാഗത്തും ഇത് വ്യാപിച്ചുവരുന്നുണ്ട്. ഇല പൊഴിയാത്തതും അഞ്ചര മീറ്റർവരെ ഉയരത്തിൽ വളരുന്നതുമായ ചെറുമരമാണ് ഇത്. അണ്ഡാകാരത്തിലുള്ള ഇലകളുടെ അടിവശത്ത് മെഴുകു പോലെയുണ്ടാകും. ഇലയുടെ അരികുകൾ മിനുസമുള്ളതാണ്. ശാഖകളുടെ അറ്റത്തുനിന്നാണ് ഇലകളുണ്ടാകുക. രണ്ടുമൂന്ന് സെന്റി മീറ്റർ വലുപ്പമുള്ള പൂക്കളുടെ നിറം വെളുപ്പാണ്. ശാഖയുടെ അറ്റത്ത് ചുരുളായി പൂക്കൾ ഉണ്ടാകും. പഴത്തിന്റെ നിറം ചുവപ്പാണ്, 0.8 മുതൽ 1.2 വരെ ഇഞ്ച് വലുപ്പമുണ്ടാകും. അകത്ത് കാപ്പിക്കുരുവിന് സമാനമായ വിത്തുണ്ടാകും. ആദ്യം പുളിയുണ്ടാകും. പിന്നീട് മധുരമുള്ളതായിത്തീരും. അതുകൊണ്ട് സ്വീറ്റ് ബെറിയെന്നും ഇതിന് പേരുണ്ട്. എങ്കിലും മിറക്കിൾ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നത്. പഴത്തിന്റെ പൾപ്പാണ് കഴിക്കുക. ധാരാളം പോഷകങ്ങളുണ്ട്.
മിറക്കിൾ ഫ്രൂട്ടിന് പറ്റിയതാണ് നമ്മുടെ മണ്ണ്. അമ്ലരസ പ്രധാനമുള്ള മണ്ണാണ് വേണ്ടത്. വിത്തുപാകി തൈകളുണ്ടാക്കി നടാം. ജൈവവളം ചേർത്ത് പരിചരിക്കാം. മൂന്നാലുവർഷംകൊണ്ട് കായ്ക്കും. മഴ അവസാനിക്കുമ്പോഴാണ് സാധാരണ കായ്ക്കുക. കൊല്ലത്തിൽ രണ്ടു തവണ വിളവുണ്ടാകും. ഈ പുതുമയാണ് ആളുകൾ മിറക്കിൾ ഫ്രൂട്ടിനെ ഇഷ്ടപ്പെടുന്നത്.