പപ്പായ കറയിൽ നിന്ന് പണം, ട്രെൻഡിങ്ങാണ് ഈ കൃഷി രീതി

രുചിയും ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുള്ളതും വളരെ ലളിതമായി കൃഷി ചെയ്യാവുന്നതുമായ വിളയാണ് പപ്പായ. പപ്പായ കൃഷിയേക്കാൾ മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ് പപ്പെയ്ൻ ശേഖരണം.

പപ്പായ എങ്ങനെ മികച്ച രീതിയിൽ കൃഷി ചെയ്യാം?

കടുത്ത വേനലും കടുത്ത ശൈത്യവും അമിതമായ വെള്ളക്കെട്ടും പപ്പായക്കൃഷിക്ക് ഒട്ടും ഉചിതമല്ല. 40 ഡിഗ്രി സെൽഷ്യസ് ചൂട് ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഇവ മികച്ച രീതിയിൽ വളരുന്നു. വിത്ത് കിളിർപ്പിച്ചു ഉൽപാദിപ്പിക്കുന്ന തൈകളാണ് പ്രധാന നടീൽ വസ്തുവായി കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. പഴുത്ത കായ്കളുടെ ഉള്ളിൽ നിന്ന് എടുക്കുന്ന വിത്തുകളുടെ പുറത്തുള്ള ജലാറ്റിൻ പോലുള്ള അംശം നീക്കം ചെയ്തശേഷം ഒരടി പൊക്കമുള്ള തടങ്ങളിൽ പാകുന്നു. വിത്തുകളുടെ സൂക്ഷിപ്പു കാലം കുറവായതിനാൽ വിത്തെടുത്ത് കഴിയുന്നതും വേഗം പാകുവാൻ ശ്രദ്ധിക്കുക. വിത്തുകൾ രണ്ട് സെൻറീമീറ്റർ ആഴത്തിൽ 10 സെൻറീമീറ്റർ അകലത്തിൽ പാകണം.

രുചിയും ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുള്ളതും വളരെ ലളിതമായി കൃഷി ചെയ്യാവുന്നതുമായ വിളയാണ് പപ്പായ. പപ്പായ കൃഷിയേക്കാൾ മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ് പപ്പെയ്ൻ ശേഖരണം.

ലഭ്യത അനുസരിച്ച് രണ്ടുമാസത്തെ ഇടവേളകളിൽ വളപ്രയോഗം ചെയ്യാം. കടുത്ത വേനലിൽ നല്ലരീതിയിൽ നനച്ചുകൊടുക്കണം. ഈ കൃഷിരീതിക്ക് ഡ്രിപ്പ് ഇറിഗേഷൻ രീതി നല്ലതാണ്. ചെടിയുടെ ചുവട്ടിൽ നാലടി വരെ വൃത്താകൃതിയിൽ കള നീക്കം ചെയ്യുന്നതും പുതയിട്ട് നൽകുന്നതും മികച്ച വിളവിന് കാരണമാകും. പ്രധാനമായും പപ്പായ കൃഷിയിൽ കണ്ടുവരുന്ന ഒരു രോഗമാണ് മീലിമുട്ട ആക്രമണം. ഇതിന് ജൈവമാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണ് ഫലപ്രദം. കൂടാതെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. ബോർഡോ പേസ്റ്റ് അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് ഉപയോഗിച്ചും ഫലപ്രദമായി ഈ രോഗസാധ്യത നിയന്ത്രണവിധേയമാക്കാം.

എന്താണ് പപ്പെയ്ൻ ശേഖരണം

പപ്പായ കായയുടെ കറയിൽ അടങ്ങിയിരിക്കുന്ന ഒരു എൻസൈം ആണ് ഇത്. മാംസ സംസ്കരണം, തോൽ വ്യവസായം, ച്യൂയിംഗം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമ്മാണം ഈ എൻസൈം ഉപയോഗപ്പെടുത്തി നിലവിൽ നടത്തിവരുന്നു. ഏകദേശം 70 മുതൽ 100 ദിവസം പ്രായമായ പപ്പായയുടെ കായയുടെ ഉള്ളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. കായയുടെ നീളത്തിൽ ഞെട്ടു മുതൽ അറ്റം വരെ നീളത്തിൽ മൂന്ന് മില്ലി മീറ്റർ ആഴത്തിൽ വരഞ്ഞ് ഇതിലൂടെ ഒഴുകുന്ന വെളുത്ത കറയാണ് ശേഖരിക്കുന്നത്

മുറിവിലൂടെ ഒലിച്ചിറങ്ങുന്ന കറ അലുമിനിയം /ഗ്ലാസ്/ പ്ലാസ്റ്റിക് പാത്രങ്ങളിൽ ശേഖരിച്ച് സൂര്യപ്രകാശത്തിൽ ഡ്രയറുകൾ ഉപയോഗിച്ച് ഉണക്കി വായുകടക്കാത്ത ഗ്ലാസ് അല്ലെങ്കിൽ പാത്രങ്ങളിൽ ആറുമാസംവരെ സൂക്ഷിക്കാവുന്നതാണ്. കറ ശേഖരണം നടത്തുവാൻ അതിരാവിലെയാണ് മികച്ച സമയം. ഒരു കായിൽ നിന്ന് നാല് ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ തവണ കൂടി കറ എടുക്കാം. ഉണങ്ങുന്നതിന് മുൻപായി അല്പം പൊട്ടാസ്യം മെറ്റബൈസൾഫേറ്റ് കൂട്ടിച്ചേർക്കുന്ന കറയുടെ സൂക്ഷിപ്പ് കാലം വർധിപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന ക്രൂഡ് പപ്പെയ്ൻ ബാഗുകളിലാക്കിയാണ് വിപണനം ചെയ്യുന്നത്. ഇതിന് വിപണിയിൽ വൻ ഡിമാൻഡ് ആണ് ലഭ്യമാകുന്നത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *