ഇത്തവണ വയനാട്ടിലെ മിക്ക നെൽക്കർഷകർക്കും കണ്ണീരാണ് തങ്ങളുടെ നെൽക്കൃഷി സമ്മാനിച്ചിരിക്കുന്നത്. നോക്കിനിൽക്കെ തങ്ങളുടെ നെൽപ്പാടങ്ങൾ താനെ കരിഞ്ഞുണങ്ങിപ്പോകുന്നത് വേദനയോടെയും അമ്പരപ്പോടെയുമാണ് അവർ അറിയുന്നത്. ബാണാസുരമലയുടെ താഴ്‌വാരത്തിൽ നാരോക്കാവിനടുത്തുള്ള ചങ്ങോത്ത് വയലിൽ കർഷകക്കൂട്ടായ്മയുടെ ആറേക്കർ നെൽക്കൃഷിയാണ് ബ്ലാസ്റ്റ് എന്ന തീവിഴുങ്ങൽ രോഗം കൊണ്ട് നാമാവശേഷമായത്. വയനാട്ടിൽ അവിടെ മാത്രമല്ല ഒട്ടേറെ സ്ഥലങ്ങളിലും അതിമാരകമായ രീതിയിൽ നെൽക്കൃഷിയെ ബാധിച്ചുകൊണ്ടിരിക്കുന്നൂ ബ്ലാസ്റ്റ്.
എന്താണ് ബ്ലാസ്റ്റ്
പിടിപെട്ടുകഴിഞ്ഞാൽ അതിവേഗം പടർന്ന് പുൽവർഗ ചെടികളെ നാമാവശേഷമാക്കാൽ കെല്പുള്ള ഒരു ഫംഗസ് രോഗമാണ് ബ്ലാസ്റ്റ്. കാർഷികവിളകളിൽ ഇത് കൂടുതലും ബാധിക്കുന്നത് നെൽക്കൃഷിയെ ആണ്. നെൽച്ചെടിയുടെ എല്ലാ ദശകളിലും ഇത് ബാധിച്ചേക്കാം. പാടം മുഴുവനും തീ വിതറിയതുപോലെ ചെടികൾ മൊത്തം ഇലയും തണ്ടും കതിരും കരിഞ്ഞ് നശിച്ചു പോകുന്നു. കതിർക്കുലകൾ വന്ന സമയമാണെങ്കിൽ കതിർക്കുലകളടക്കം കരിഞ്ഞ് വിഴുന്നു.
ലക്ഷണം
ഇത്തരം ഫംഗസ് ചെടികളിൽ വന്നുപെട്ടാൽപ്പിന്നെ ആദ്യതന്നെ ഇലകളിൽ ചെറിയ തീപ്പൊള്ളലേറ്റ കുത്തുകൾപോലെയാണ് കാണപ്പെടുക. ചുവന്നപാടുകളും കാണും ഈ പാടുകൾ പെട്ടെന്നുതന്നെ വളരുകയും അത്‌തൊട്ടടുത്ത ചെടികളിൽപ്പടർന്ന് വളരെ വേഗം ബാധിക്കുകയുംചെയ്യും പടർന്നുകഴിഞ്ഞാൽ പിന്നെ കീടനാശിനിപ്രയോഗംകൊണ്ട് കാര്യമായ ശമനമുണ്ടാവില്ല. വിളയുടെ നാശമാണ് ഇതിന്റെ അനന്തര ഫലം.
ഫംഗസ്
ഈ ഫംഗസ് രോഗം ലോകമാകമാനം നെൽകൃഷിയെ ബാധിച്ചുകൊണ്ടിരിക്കുന്നതാണ്. മാഗ്‌നാപോർത്തെ ഗ്രിസ്യ (MAGNAPORTHE GRISEA) എന്നാണിതിന്റെ പേര് ഇതിന് ഫലപ്രദമായ പലതരം കീടനാശിനികളും വിപണിയിൽ ലഭിക്കുമെങ്കിലും ആരംഭദശയിൽ പ്രയോഗിക്കുന്നതുകൊണ്ടുമാത്രമേ ഫലം ലഭിക്കൂ.
ടൈറസിക്ലാസോൾ, എഡിപെനോപ്‌സ്, ഇമ്പോറപെനോപ്‌സ്, എൈസോപ്രോത്തിലിൻ, സുഗാമൈസിൻ, കാർബെൻഡൈസിം എന്നിവയാണ് ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തളിച്ചുകൊടുക്കേണ്ട കീടനാശിനികൾ.
പൈറോക്വിലിൻ, ട്രൈെേസെക്ലോസോൾ, കാർബെൻഡൈസിം എന്നിവ വിത്തു പരിചരണത്തിലും ഉപയോഗിക്കാം. വിത്തുകൾ വിതയ്ക്കുന്നതിന് മുമ്പ് കിലോഗ്രാമിന് ഒരു ഗ്രാം വീതം കൂട്ടിക്കലർത്തി വിതയ്ക്കാം.
ശീമക്കൊന്ന
മുമ്പുകാലത്ത് നമ്മൾജൈവവേലിയായി നമ്മൾ അതിരുകളിൽ നട്ടുവളർത്തിയിരുന്ന ശീമക്കൊന്ന നല്ലൊരു ഫംഗസ് പ്രതിരോധമരുന്നാണ്. നിലം ഉഴുന്നതിന് മുമ്പ് കൃഷിയിടത്തിൽ നിറച്ചും ശീമക്കൊന്നയിലകൾകൊണ്ടിട്ട് ഉഴവ നടത്തുന്നത് ബ്ലാസ്റ്റ് ഫംഗസിനെ നന്നായി പ്രതിരോധിക്കും. കരിങ്കൊട്ടയുടെ ഇലചേർത്ത് ഉഴുന്നതും ഗുണംചെയ്യും.
മിത്രകുമിൾ മൈക്കോറൈസ.
മിത്രകുമിളായ മൈക്കോറൈസ ഉപയോഗിച്ചും ബ്ലാസ്റ്റ് ഉണ്ടാക്കുന്ന ഫംഗസുകളെ പ്രതിരോധിക്കാം. കേരളത്തിൽ കൃഷിയിടങ്ങളിൽ വെസിക്യുലാർ ആർബ്്‌സ്‌ക്യൂലാർ മൈക്കോറൈസ(VAM) ആണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. സാധാരണ ചെടികളുടെ വേരുകൾക്കുള്ളിൽ താമസിക്കുന്ന ഒരു തരം മിത്ര കുമിളാണിത് സംയുക്തങ്ങളിൽനിന്ന് ചെടികൾക്ക് ആവശ്യമായ ഫോസ്ഫറസ് ആഗിരണം ചെയ്തുകൊടുക്കാൻ മൈക്കോറൈസ സഹായിക്കുന്നു. ബ്ലാസ്റ്റ് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാൽ മൈക്കോറൈസയെന്ന മിത്രകുമിൾ ഒരു ലിറ്റർ വെള്ളത്തിൽ പത്തുഗ്രാം എന്നതോതിൽ കലക്കി രോഗംബാധിക്കാത്ത ചെടികളിൽ തളിച്ചുകൊടുത്താൽ രോഗം പടരുന്നത് ഒഴിവാക്കാം.
വേപ്പിൻപിണ്ണാക്ക്
ജൈവകൃഷിയുടെ ആധാരമാണ് വേപ്പിൻ പിണ്ണാക്ക് നിലം ഉഴുന്ന സമയത്ത് സെന്റിന് 3-5 കിലോയെന്നതോതിൽ വേപ്പിൻപിണ്ണാക്ക് അടിവളമായി പ്രയോഗിച്ചാൽ ബ്ലാസ്റ്റ് രോഗത്തെ ചെറുക്കാം.
ബ്ലാസ്റ്റ് രോഗത്തെ പ്രതിരോധിക്കുന്ന വിത്തിനങ്ങൾ നാടനായും ഹൈബ്രീഡ് ആയും ഒട്ടേറെയുണ്ട്. തങ്ങളുടെ വയലുകളിൽ വിതയ്ക്കാൻ അത്തരം വിത്തുകൾ തിരഞ്ഞെടുത്തും നമുക്ക് വിളകളെ നാശത്തിൽ നിന്ന് രക്ഷിക്കാം.