അടുക്കളത്തോട്ടമായാൽ ഒരു തക്കാളിച്ചെടിയും അതിൽ നിർബന്ധമാണ്. കാരണം, നമ്മുടെ പല വിഭവങ്ങളിലും തക്കാളി ഉപയോഗിക്കാറുണ്ട് എന്നത് തന്നെയാണ്. എന്നാൽ അടുക്കളത്തോട്ടത്തിൽ ഏറ്റവും കൂടുതൽ കീടാക്രമണത്തിനും ബാധിക്കപ്പെടുന്നത് തക്കാളി തന്നെയായിരിക്കും.
എങ്കിലും വിഷമയമില്ലാതെ തക്കാളി കൃഷി ചെയ്ത് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ വിളയിച്ചെടുക്കാവുന്ന ഒരു പ്രത്യേക തക്കാളിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ, കറുത്ത നിറമുള്ളതാണ് ബ്ലാക്ക് ടൊമാറ്റോ (Black tomato). ഇവയുടെ പല വലിപ്പത്തിലായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, കാൻസർ എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കറുത്ത തക്കാളി വളരെ പ്രയോജനകരമാണ്.
രോഗമുക്തിക്കുള്ള ശേഷി ഇവയിൽ അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ കറുത്ത തക്കാളിയുടെ കൃഷിയ്ക്കും ഇപ്പോൾ പ്രചാരം വർധിക്കുകയാണ്. കറുത്ത തക്കാളി ഇടത്തരം വലിപ്പമുള്ളതും, പരന്ന ആകൃതിയിലുമുള്ള ഒരിനം തക്കാളിയാണ്. ഇവയുടെ പുറംതൊലി ഇരുണ്ട മെറൂൺ നിറത്തിലാണ് ഉള്ളത്. ഇവ കുറച്ച് കൂടി പാകമാകുമ്പോൾ കടും തവിട്ട് നിറവും പിന്നീട് കറുപ്പ് നിറവുമാകും.
രുചിയിലും തക്കാളിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കറുത്ത തക്കാളിയുടെ തൂക്കം ശരാശരി എട്ട് മുതൽ പന്ത്രണ്ട് ഔൺസ് വരെയാണ്. ഏത് കാലാവസ്ഥയിലും പ്രതികൂല സാഹചര്യത്തിലും വളരാൻ ശേഷിയുള്ള കറുത്ത തക്കാളിയെ കമ്പുകൾ വച്ച് താങ്ങ് കൊടുത്ത് വളർത്തിയെടുക്കുന്നതാണ് നല്ലത്.
ആരോഗ്യമുള്ള തക്കാളി വള്ളികൾക്ക് ആറടിയോ അതിൽ കൂടുതലോ ഉയരത്തിൽ എത്താൻ കഴിയും.
തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ടവ (Note these in tomato farming)
ഏത് തരം തക്കാളിയായാലും നല്ല നീർവാഴ്ച്ഛയും വളക്കൂറുമുള്ള മണ്ണാണ് തെരഞ്ഞെടുക്കേണ്ടത്. നല്ല രീതിയിൽ വെയിൽ ലഭ്യമാകുന്ന പ്രദേശമാണ് തക്കാളി കൃഷിക്ക് അനുയോജ്യം. തക്കാളി നടുന്നതിന് മുന്നേ മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുക. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഒരു പിടി കുമ്മായം ഒരു ഗ്രോ ബാഗിന് എന്ന കണക്കിൽ മിക്സ് ചെയ്ത് എടുത്ത് നടുക. എന്നാൽ കുമ്മായം ചേർത്ത ഈ മണ്ണ് പോളിത്തീൻ ഷീറ്റിൽ നിരത്തിയിട്ട ശേഷം നാല് ദിവസം വരെ നന്നായി വെയിൽകൊള്ളിക്കുക.
കുമിൾവാട്ട രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം തക്കാളി ചെടിക്ക് ആവശ്യമായ കാൽസ്യം ലഭിക്കുന്നതിനും ഇത് ഗുണകരമാണ്. മാത്രമല്ല, മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.