ഓർക്കിഡ് കൃഷി

നിരവധി സവിശേഷതകളാൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന പൂക്കളാണ് ഓർക്കിഡ്. വളർത്താൻ വളരെ കുറച്ച് സ്ഥലം മതി. ഓർക്കിഡ് പൂക്കൾ ഇറുത്തെടുത്താലും ദീർഘനാൾ വാടാതെ നിൽക്കും. കേരളത്തിലെ കാലാവസ്ഥ ഓർക്കിഡിന് യോഗ്യമാണ്.
ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്(Orchid). മരവാഴ എന്ന് മലയാളത്തിൽ പേരുള്ള ഓർക്കിഡ് ഒരു പരാദ സസ്യമാണ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബം ഓർക്കിഡിന്റേതായി കരുതപ്പെടുന്നു.സുഗന്ധ വിളയായ വാനില(Vanilla) ഈ കുടുംബത്തിലെ ഒരംഗമാണ്. പല നിറങ്ങളിലും ആകൃതിയിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരവും, താരതമ്യേന കൂടുതൽ ദിവസം കൊഴിയാതെ നിൽക്കുന്നതുമാണ്. ഇക്കാരണങ്ങളാൽ ലോകമെമ്പാടുമുള്ള പുഷ്പ പ്രേമികളുടെയിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ചെടികളിലെ പ്രമുഖ സ്ഥാനം തന്നെ ഓർക്കിഡിനുണ്ട്.

ഓർക്കിഡ് ഇനങ്ങളെ പരിചയപ്പെടാം

വാൻഡ

ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഓർക്കിഡ് ഇനമാണ് വാൻഡ. ഇവർ രണ്ടു തരത്തിലുണ്ട്. കട്ടിയും വീതിയുമുള്ള ഇലകളുള്ള വാൻഡയാണ് സ്ട്രാപ്പ് ലീഫ്ഡ് വാൻഡ. മരത്തിൽ വച്ചു കെട്ടിയോ തൂക്ക് ചട്ടികളിലോ ഇവയെ വളർത്താം. പെൻസിൽ രൂപത്തിലുള്ള ഇലകളുള്ള ഇനമാണ് ടെറേറ്റ് വാൻഡ ഇവയ്ക്ക് വലിയ പൂക്കളാണ്. തറയിൽ വരികളായോ കൂട്ടമായോ ഇവയെ വളർത്താം. തൊണ്ട്, ഇഷ്ടിക കഷണം, മരക്കഷ്ണം എന്നിവ തുല്യ അളവിൽ ചേർത്ത് നിറച്ച പൂച്ചട്ടിയിലും ടെറേറ്റ് വാൻഡ വളർത്താം.

ആരാക്ടിസ്

ചിലന്തി, തേൾ എന്നിവയോട് സാദൃശ്യമുള്ളവയാണ് അരാക്നിസ് ഓർക്കിഡുകൾ. ഒരു പൂങ്കുലയ്ക്ക് ഒരു മീറ്ററോളം നീളം വരും. പൂവിതളുകളിൽ മഞ്ഞ വരയുള്ളവയെ യെല്ലോ റിബണെന്നും ചുവന്ന വരെയുള്ളവയെ റെഡ് റിബൺ എന്നും വിളിക്കുന്നു. ചെടികളുടെ മുകളിലേക്ക് വളരുന്ന ഭാഗം 2 -3 വേരുകളോടെ മുറിച്ചു നട്ട് വളർത്താം. സൂര്യപ്രകാശം ഇഷ്ടമുള്ള ഇനമാണ് അരാക്ക്നിസ് ഓർക്കിഡുകൾ 

ഫോക്സ്ടെയിൽ‌ ഓർക്കിഡ്

റിൻകോസൈലി‍സ് എന്ന് ശാസ്ത്രനാമമുള്ള ഈ ഓർക്കിഡിന്റെ അലങ്കാരയിനങ്ങളും കേരളത്തിൽ ഉദ്യാനത്തിന്റെ ഭാഗമായി മാറുന്നു. ഒതുങ്ങിയ പ്രകൃതമുള്ള പൂക്കൾ പൂന്തണ്ടിൽ കുത്തിനിറച്ച് നരിവാലുപോലെ ഞാന്നുവളരുന്ന പൂങ്കുലകളുള്ള പ്രാകൃത ഇനങ്ങൾ നമ്മുടെ നാട്ടിൽ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്നു. ഫോക്സ്ടെയിൽ ഓർ‌ക്കി‍ഡ് അസം സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്. ഈ ഓർക്കിഡിന് വാൻഡ ഓർക്കിഡിനോട് പല വിധത്തില്‍ സാമ്യമുണ്ട്. നല്ല നീളത്തിൽ നാടപോലുള്ള ഇലകൾ അത്ര ഉയരത്തിൽ വളരാത്ത തണ്ടിന്റെ ഇരുവശങ്ങളിലേക്കും അടുക്കായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

വേരുകൾ തടിച്ച്, നല്ല നീളത്തിൽ താഴേക്കും വശങ്ങളിലേക്കും വളരുന്ന സ്വഭാവമാണ്. റിൻകോസ്റ്റൈലിസിന്റെ സെലസ്റ്റസ് ഇനത്തിൽ പൂങ്കുല കുത്തനെ നിവർന്നു നിൽക്കുന്നു. എന്നാൽ മറ്റിനങ്ങളായ ജൈജാൻഷിയ, റെട്ട്യൂസ എന്നിവയിൽ പൂങ്കുല ഞാന്നാണ് കിടക്കുന്നത്. മിക്ക ഇനങ്ങളുടെയും പൂക്കൾക്ക് വശ്യമായ സുഗന്ധമുണ്ട്. പീച്ച്, മജന്ത, പിങ്ക്, വെള്ള, പുള്ളികളോടുകൂടിയ പിങ്ക്, വെള്ള പൂക്കൾ ഉള്ള ഹൈബ്രിഡുകൾ വിപണിയിൽ ലഭ്യമാണ്. പൂങ്കുലകൾ ഇലകളുടെ മുട്ടുകളിൽനിന്നാണ് ഉണ്ടായി വരിക. ആരോഗ്യത്തോടെ വളരുന്ന ചെടി ഒരേ സമയത്ത് മൂന്നു നാലു പൂങ്കുലകൾ ഉൽപാദിപ്പിക്കും. റെട്ട്യൂസ, സെലസ്റ്റ‍സ് ഇനങ്ങൾ നമ്മുടെ നാട്ടിൽ മഴക്കാലത്താണ് പൂവിടുന്നതെങ്കിൽ ജൈജാൻഷിയ ഇനം മഞ്ഞുകാലത്താണ് പുഷ്പിക്കുക. പൂക്കൾ രണ്ടു മൂന്ന് ആഴ്ചയോളം ചെടിയിൽ കൊഴിയാതെ നിൽക്കും. വാൻഡപോലെ ഈ ഓർക്കിഡും പാതിതണലുള്ളിടത്ത് മിശ്രിതമൊന്നുമില്ലാതെ നെറ്റ് ബാസ്കറ്റുകളിൽ നന്നായി വളരും. വേരുകൾക്ക് നല്ല ഈർപ്പാവസ്ഥ എല്ലാ സമയത്തും നല്ലതാണ്. പൂർണ വളർച്ചയെത്തിയ മാതൃസസ്യം ചുവട്ടിൽനിന്നു തൈകൾ സ്വാഭാവികമായി ഉൽപാദിപ്പിക്കാറുണ്ട്.

ഡോറൈറ്റി‍സ്

ഒറ്റനോട്ടത്തിൽ കുഞ്ഞൻ ഫെലനോപ്സി‍സ് ഓർ‌ക്കിഡിന്റെ പ്രകൃതമുള്ള ഈ അലങ്കാര ഓർക്കി‍‍‍ഡ് ഒറ്റത്തണ്ടു മാത്രമായി വളരുന്ന സ്വഭാവമുള്ള മോണോപോഡിയൻ വർഗത്തിൽപ്പെടുന്നു. ഒന്നര – രണ്ട് ഇഞ്ച് വലുപ്പമുള്ള പൂക്കൾക്ക് ചെറിയ ഫെലനോപ്സിസ് പൂക്കളുടെ ആകൃതിയാണ്. ഇളം പിങ്ക്, മഞ്ഞ, തൂവെള്ള, വയലറ്റ്, കടും പിങ്ക് തുടങ്ങി മുപ്പതിലേറെ നിറങ്ങളിൽ പൂക്കളുള്ള സങ്കരയിനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഫെലനോപ്‍സിസിൽനിന്നു വിഭിന്നമായി കുത്തനെ നിവർന്നു നിൽക്കുന്ന സ്വഭാവമാണ് ഈ ഓർക്കിഡിന്റെ പൂങ്കുലയ്ക്ക്. 10 –30 പൂക്കൾവരെ ഒരു പൂങ്കുലയിൽ കാണാം. ഇലകൾ തടിച്ച്, പരന്ന് രണ്ടു വശങ്ങളിലേക്ക് കുറുകിയ തണ്ടിൽ അടുക്കായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇളം വെള്ള നിറത്തിലുള്ള വേരുകൾ ചെടിയുടെ ചുവട്ടിൽനിന്നും ഇലകളുടെ മുട്ടിൽനിന്നും നല്ല നീളത്തിൽ വളർ‌ന്നുവരും. ഇന്ത്യയുൾപ്പെടെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെല്ലാം ഡോറൈറ്റിന്റെ പ്രാകൃതയിനങ്ങൾ കാണപ്പെടുന്നു.ഉച്ചവരെ വെയിൽ കിട്ടുന്ന വീടിന്റെ ഭാഗങ്ങളിൽ ഈ അലങ്കാര ഓർക്കി‍ഡ് ഇനം നന്നായി വളരുകയും പൂവിടുകയും ചെയ്യും. ഫെലനോപ്സി‍സ് നട്ടുവളർ‌ത്താൻ ഉപയോഗിക്കുന്ന, ഓടിന്റെയും കരിയുടെയും കഷണങ്ങൾ കലർ‌ത്തിയ മിശ്രിതം മതി ഈ ഓർക്കിഡിനും. ഡോറൈറ്റി‍‍സ് വളർ‌ന്നു വരുമ്പോൾ ചെടി സ്വാഭാവികമായി ചുവട്ടിൽ തൈകൾ ഉൽപാദിപ്പിക്കും. ഒരു വർഷത്തിനുമേൽ വളർച്ചയെത്തിയ ചെടി വർഷത്തിൽ രണ്ടു മൂന്നു തവണ പൂവിടും. പൂക്കൾ‌ ചെടിയിൽ ഒരു മാസത്തിനുമേൽ കൊഴിയാതെ നിൽക്കും.

ഡെൻ‍ഡ്രോബിയം സെക്കുന്റം

ടൂത്ത് ബ്രഷ് ഓർക്കിഡ് എന്നും അറിയപ്പെടുന്ന ഈ ഇനത്തിന്റെ സവിശേഷത പൂങ്കുലയാണ്. ഇലകൾ മുഴുവനായി കൊഴിഞ്ഞ തണ്ടിൽ നിറയെ കുത്തിനിറച്ച ചെറിയ പൂക്കൾ ഉള്ള പൂങ്കുല ടൂത്ത് ബ്രഷിനു സമാനം. തായ്‌ലൻഡ്, മ്യാൻമാർ‌, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ ഓർക്കിഡ് സ്വാഭാവികമായി വളരുന്നു. ഡെൻഡ്രോബിയത്തിന്റെ മറ്റ് ഇനങ്ങൾപോലെ ഒരു ചുവട്ടിൽ 0–12 തണ്ടുകൾ വരെയുണ്ടാകും. ഒരു തണ്ടിന് ആറ് – പത്ത് ഇഞ്ച് വരെ നീളവും 20–30 ഇലകളും ഉണ്ടാകും. തണ്ടുകൾ കുത്തനെ നിവർ‌ന്നുനിൽക്കാതെ അൽപം ചരിഞ്ഞാണ് വളരുക. മറ്റ് ഡെൻഡ്രോബിയം ഇനങ്ങളിൽനിന്നു വിഭിന്നമായി ഇലകൾക്കു കട്ടികുറവാണ്. തൈ നട്ട് ഒന്ന് – ഒന്നര വർഷത്തെ വളർച്ചയായാൽ ചെടി പൂവിടാൻ തുടങ്ങും. നാല് – ആറ് ഇഞ്ച് നീളമുള്ള പൂങ്കുലകൾ നന്നായി വളർച്ചയെത്തിയ തണ്ടിൽ ഇലകൾ കൊഴിഞ്ഞശേഷമാണ് ഉണ്ടായി വരിക. ചെടിയിലെ ജലാംശം കുറയുന്ന വേനൽക്കാലത്താണ് നമ്മുടെ നാട്ടിൽ ഈ ഓർക്കിഡ് അധികമായി പുഷ്പിക്കുന്നത്. ഒരു തണ്ടിൽ‌ ഒരേ സമയത്ത് അഞ്ച് – ആറ് പൂങ്കുലകൾവരെ ഉണ്ടായിവരും. ഒരു പൂങ്കുലയിൽ 50 പൂക്കൾവരെയുണ്ടാകാം. തൂവെള്ള പൂക്കളുള്ള ആൽബ ഇനം കൂടാതെ പിങ്ക് പൂക്കൾ ഉള്ള ഇനവും ലഭ്യമാണ്. പൂവിന്റെ ഒരിതളിന് അഴകാർ‌ന്ന മഞ്ഞ നിറമാണ്. വേഗത്തിൽ വളരുന്ന സ്വഭാവമുള്ള സെക്കുന്റം ഇനം നമ്മുടെ കാലാവസ്ഥയിൽ നേരിട്ട് മഴയും വെയിലും കിട്ടുന്നിടങ്ങളിൽ പരിപാലിക്കാൻ നന്ന്.
ചട്ടിയിൽ അല്ലെങ്കിൽ മരത്തിന്റെ തായ്ത്തടിയിൽ പൊതിമടലിൽ വേരുഭാഗം പൊതിഞ്ഞും ഈയിനം നട്ടുവളർ‌ത്താം.

നിയോഫിനീഷിയ

സമുറായി ഓർക്കിഡ് എന്നും വിളിപ്പേരുള്ള നിയോഫിനീഷിയ ജപ്പാൻകാരുടെ പ്രിയപ്പെട്ട ഇനമാണ്. ചൈന, കൊറിയ എന്നിവിടങ്ങളിലും ഈയിനം സ്വാഭാവികമായി കാണപ്പെടുന്നു. സവിശേഷപ്രകൃതവും ആകർഷകമായ വെള്ളപ്പൂക്കളുമാണ് ഇതിനെ നമ്മുടെ നാട്ടിലും പ്രിയങ്കരമാക്കുന്നത്. വശ്യമായ സുഗന്ധത്തോടു കൂടിയ പൂക്കൾ രാത്രിയിലാണ് വിരിയുക. ഫെലനോപ്സിസ്, വാൻഡ ഓർക്കിഡുകൾപോലെ ഇലകളോടുകൂടിയ ഒറ്റത്തണ്ടുമാത്രമുള്ള സസ്യസ്വഭാവമാണ് ഈ ഓർക്കിഡിനും. ചെടി പരമാവധി ഒരടിയേ ഉയരം വയ്ക്കുകയുള്ളൂ. അഞ്ചു മുതൽ 20 വരെ ഇലകൾ ഒരു ചെടിയിൽ ഉണ്ടാകും. ഇലകൾ നീണ്ട് നാട പോലെയാണ്. വർഷത്തിൽ പല തവണ പൂവിടുന്ന ഈ ഓർക്കിഡ് നമ്മുടെ കാലാവസ്ഥയിൽ കടുത്ത വേനലിനു മുൻപാണ് അധികമായി പൂക്കൾ ഉൽപാദിപ്പിക്കുന്നത്. പൂക്കൾ ചെടിയിൽ ഒരു മാസത്തോളം നിലനിൽക്കും. ഒരു പൂങ്കുലയിൽ മൂന്നു മുതല്‍ പത്തുവരെ പൂക്കൾ ഉണ്ടാകും. നേർത്ത ഇതളുകളോടുകൂടിയ പൂവിന്റെ ഒരിതൾ (സ്പർ) നീണ്ട് ചൈനക്കാരുടെ താടി പോലെയാണ്. ചെടിയുടെ വേരുകൾക്ക് തടിച്ച പ്രകൃതം. ഇവ താഴേക്കു വളരാതെ വശങ്ങളിലേക്കാണ് വളർന്നുവരുന്നത്. ഒതുങ്ങിയ സസ്യസ്വഭാവമുള്ളസമുറായി ഓർക്കിഡിനെ നെറ്റ് ബാസ്കറ്റിൽ മിശ്രിതമൊന്നുമില്ലാതെ ബാസ്കറ്റ് വാൻഡ പരിപാലിക്കുന്നതുപോലെ വളർത്താം. പാതി തണലുള്ളതും നേരിട്ട് മഴ കൊള്ളാത്തതുമായ ഇടങ്ങളാണ് ഇവയ്ക്കു യോജ്യം.

നടീൽ രീതി

മോണോപോഡിയൽ ഓർക്കിഡുകൾ അഗ്രഭാഗം മുറിച്ചു നടുന്നു. നീണ്ട ഞാറ്റടികൾ തയ്യാറാക്കി തൊണ്ടിൻ കഷ്ണങ്ങൾ അടുക്കണം. ഓരോ ബെഡ്ഡിലും 2-3 വരികളുണ്ടാകും. വരികൾ തമ്മിൽ 45 സെ.യും ചെടികളും തമ്മിൽ 30 സെ. അവരും അകലം വേണം. രണ്ടുമാസമാകുമ്പോൾ പൊടിപ്പു വരും.
മോണോപോഡിയൽ ഓർക്കിഡുകൾ മൺനിരപ്പിനു മുകളിലായി 15-20 സെ. മീ. ഉയരമെ ബാസ്‌കറ്റുകളിൽ ചെറുതാക്കിയ ഉണങ്ങിയ ഓട്ടിൻ കഷ്ണങ്ങളും തൊണ്ടു കഷ്ണങ്ങളും കരിക്കട്ടയും ചെടിയുടെ വളർച്ചയ്ക്ക് യോജിച്ചവയാണ്. മാധ്യമത്തിനു മുകളിൽ ചെടി നട്ട് താങ്ങ് കൊടുക്കണം.
മൺചട്ടികളിലോ പ്ലാസ്റ്റിക് ചട്ടികളിലോ നടുന്നതെങ്കിൽ അതിൽ നിറയെ ദ്വാരങ്ങളുളളവ തെരെഞ്ഞെടുക്കണം. ഇതിൽ ഓട്ടിൻ കഷ്ണങ്ങൾ, തൊണ്ടു കഷ്ണങ്ങൾ, കരിക്കട്ട ഇവയിലേതെങ്കിലും നിറച്ച് നടണം. നട്ടശേഷം പച്ചചാണകത്തിൽ മുക്കി നടുന്നതും ഫലപ്രദമാണ്.

വളം, വളപ്രയോഗം

തറയില്‍ വളര്‍ത്തുന്ന മോണോപോഡിയല്‍ ഓര്‍ക്കിഡുകള്‍ക്ക് പച്ചചാണകം മാസത്തിലൊരിക്കല്‍ തളിക്കണം. ഒരു ചതുരശ്രമീറ്ററിന് ഒരു കിലോ ചാണകം 5 ലിറ്റര്‍ വെളളത്തില്‍ കലക്കിയതു മതിയാകും. കായികവളര്‍ച്ചയ്ക്കായി നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ ഇലകളില്‍ തളിയ്ക്കണം. പൂവിടുന്ന സമയം 1:2:2 എന്ന അനുപാതത്തിലാണ് തളിക്കേണ്ടത്. ഈ മിശ്രിതം 2-3 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു തവണ തളിക്കണം. പിണ്ണാക്ക് (10 ഇരട്ടി വെളളം ചേര്‍ത്തത്), ചാണകം (25 ഇരട്ടി വെളളം ചേര്‍ത്തത്), ഗോമൂത്രം (25 ഇരട്ടി വെളളം ചേര്‍ത്തത്), എന്നിവ ആഴ്ചയില്‍ 2-3 തവണ തളിയ്ക്കുന്നത് നല്ലതാണ്.

രോഗങ്ങൾ

അഴുകൽ/ ബ്ലാക്ക് റോട്ട്

കൂടുതൽ ഈർപ്പമുള്ള അവസ്ഥയിലാണ് ഈ രോഗം കാണുന്നത്. ഇലഖലിൽ കറുപ്പു കലർന്ന പച്ച നിറത്തിൽ വെളളം നനഞ്ഞതുപോലെയുളള പാടുകളുണ്ടാകും. പിന്നീട് മഞ്ഞളിച്ച് കൊഴിഞ്ഞു പോകും. മാങ്കോസെബ് അല്ലെങ്കിൽ കാപ്റ്റാൻ രണ്ടര ഗ്രാം വെളളത്തിൽ കലക്കി ചെടി തളിക്കണം.

ആന്ത്രാക്‌നോസ് (കരിൽ)

ഇല, തണ്ട്, പൂങ്കുല തുടങ്ങിയ ഭാഗങ്ങളിൽ തവിട്ട് നിറത്തിലുളള പൊട്ട് പ്രത്യക്ഷമാകുന്നു. ഇലകൾ കോഴിയും. പൂക്കൾ കരിയും. രോഗം ബാധിച്ച ഭാഗങ്ങൾ നശിപ്പിക്കണം. കാർബൺഡാസിം ഒരു ഗ്രാൻഡ് വെളളത്തിൽ കലക്കി ചെടികളിൽ തളിക്കണം.

വേരു ചീയൽ

വെളളം കെട്ടി നിൽക്കുന്നതു തടയണം. പായൽ പിടിക്കാതെ നോക്കണം. ഇത് ബ്ലീച്ചിംഗ് പൗഡറുപയോഗിച്ച് പരിസരം വൃത്തിയാക്കണം. രോഗബാധയുളള ചെടികൾ പിഴുതു മാറ്റി മാങ്കോസെബ് 2.5 ഗ്രാം അല്ലെങ്കിൽ കാപ്റ്റാൻ 2 ഗ്രാം ഒരു ജൈവ വെളളത്തിൽ കലക്കി ചെടികളിലും വേരുകളിലും വീഴുംവിധം തളിക്കണം.

ഇലപ്പുളളി രോഗം

കറുപ്പും തവിട്ടു നിറത്തിലുമുളള പുളളിക്കുത്തുകൾ ഇലകളിൽ കാണുന്നു. പുളളിക്കുത്തിനു ചുറ്റും മഞ്ഞവലയവും കാണാം. ഇല കരിയും. നനവ് അധികമാകാതെ ശ്രദ്ധിക്കണം. കാർബൻഡാസിം ഒരു ഗ്രാന്റ് വെളളത്തിൽ കലക്കി തളിക്കണം.

ബാക്ടീരിയൽ അഴുകൾ

ഇലകളിൽ ചാരനിറം കലർന്ന പച്ചനിറമുളള പാടുകളുണ്ടായി ഇവ വലുതായി ദുർഗന്ധമുണ്ടാകുകയും, തവിട്ടുനിറമാവുകയും ചെയ്യും. കാപ്റ്റാൻ 2 ഗ്രാം വെളളത്തിൽ എന്ന തോതിൽ കലക്കി എല്ലാ ചെടികളിലും തളിക്കണം.

വിളവെടുപ്പ്

പൂങ്കുലകളിലെ എല്ലാ പൂവുകളും വിരിയുന്നതിനു മുമ്പ് വിളവെടുക്കണം. കേരളത്തിൽ ഓർക്കിഡ് കൃഷിയ്ക്ക് വളരെയധികം സാധ്യതകളാണുളളത്. കാലാവസ്ഥയിലെ വൈവിദ്ധ്യം കാരണം കൂടുതൽ ചൂട് ആവശ്യമായ ഡെൻഡ്രോബിയം മുതൽ തണുത്ത കാലാവസ്ഥയിഷ്ടപ്പെടുന്ന സിംബീഡിയം, ഫലനോപ്സിസ് തുടങ്ങിയ ഇനങ്ങൾ വരെ കൃഷി ചെയ്യാം.

(നല്ല തോതിലുള്ള വായുസഞ്ചാരം ഓർക്കിഡ് ചെടികൾക്ക് ആരോഗ്യം നൽകും.
ചിലയിനം ഓർക്കിഡുകൾക്ക് പൂർണതോതിൽ സൂര്യപ്രകാശം ആവശ്യമാണ്, എന്നാൽ ചില ഇനങ്ങൾ ചൂടു കൂടിയാൽ കരിഞ്ഞുപോകും. രാവിലെയുള്ള സൂര്യപ്രകാശമാണ് കൂടുതൽ നല്ലത്. സൂര്യന് അഭിമുഖമായി കിഴക്കോട്ടു ചെടികൾ വയ്ക്കുക.)

Share Now

Leave a Reply

Your email address will not be published. Required fields are marked *