മനുഷ്യപരിണാമത്തിനുശേഷം ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ ഒരു മുന്നേറ്റമാണ് കാർഷികവൃത്തിയിലേക്കുള്ള കാൽവെപ്പ്. കാട്ടു സസ്യങ്ങളെയും കാട്ടുമൃഗങ്ങളെയും മുഖ്യ ആഹാരമാക്കി വനാന്തരങ്ങളിൽ യഥേഷ്ടം സഞ്ചരിച്ചിരുന്ന മനുഷ്യസമൂഹത്തെ കാർഷികവൃത്തിയിലേക്ക് നയിച്ച സംഭവങ്ങൾ പലതായിരിക്കാം. കാട്ടുസസ്യങ്ങളുടെ ലഭ്യതക്കുറവും അവ തേടിയുള്ള അലച്ചിലും പ്രകൃതിക്ഷോഭങ്ങളും ഒരു സ്ഥിരമായ താവളം കണ്ടെത്തുന്നതിന് മനുഷ്യരെ പ്രേരിപ്പിച്ചു. വിത്തുകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നു എന്ന നിരീക്ഷണം തന്റെ ആവാസ സ്ഥലത്തു തന്നെ കാട്ടുസസ്യങ്ങൾ നട്ടുവളർത്തു ന്നതിനുള്ള പ്രേരണ നല്കി. ഇതോടെ ഒരു പുതിയ കാർഷിക സംസ്കാരത്തിന്റെ ആരംഭമായി.
കൃഷിയുടെ തുടക്കം
മാനവചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ച കാർഷിക സംസ്കാരത്തിന്റെ ആരംഭം 12,000 വർഷങ്ങൾക്കു മുമ്പായിരുന്നു എന്ന് പുരാവസ്തു ശേഖരങ്ങൾ വെളിപ്പെടുത്തുന്നു. കാടുകൾ വെട്ടിത്തെളിച്ച്, വിത്ത് നട്ട്, ചെടികളുണ്ടാക്കി, അതിൽ നിന്ന് വിത്തു ശേഖരിക്കുന്ന മാറ്റത്തെ പുരാവസ്തു ഗവേഷകനായ ഗോർഡൻ ചൈൽഡ് നവ ശിലായുഗ വിപ്ലവ’ (neolithic revolution) മെന്ന് വിശേഷിപ്പിക്കുകയുണ്ടായി.
വേട്ടയാടലിൽ നിന്ന് കൃഷിയിലേക്കുള്ള ചുവടുമാറ്റം ആദ്യം ഉണ്ടായത് സമീപ പൗരസ്ത്യദേശങ്ങളിലാണെന്നു കരുതപ്പെടുന്നു. 10,000 വർഷത്തിനുമേൽ പഴക്കമുള്ള എമ്മർ (Emmer), എൻകോൺ (Einkorn) എന്നീ ഗോതമ്പുകൾ, meme (Aswad), സിറിയ (Syria), അലികൊഷ് (Alikosh), ഇറാൻ (Iran) എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വന്യ ഇനത്തിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ബാർളി ഗിൽഗൽ (Gilgal), നറ്റിവ് (Nativ), ഹദ് (Hagdud) എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വന്യഇനങ്ങൾ കാണുന്ന ഈ പ്രദേശങ്ങളിൽത്തന്നെയായിരിക്കാം ബാർളി കൃഷിയും ആരംഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു.
ഏഴായിരം വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽ ബാർളി, എമ്മർ ഗോതമ്പ്, ലെന്റിൽ, ചുണ്ടൻ കടല എന്നിവ കൃഷിചെയ്തിരുന്നു. സഹാറയുടെ തെക്കുഭാഗത്ത് പേൾ മില്ലറ്റ്, മക്കച്ചോളം, ആഫ്രിക്കൻ നെല്ലിന്റെ മുൻഗാമിയായ ഒറൈസ് ബാർത്തി (Oryza barthii) എന്നിവ കൃഷി ചെയ്തിരുന്നു.
കാർഷികവിളകളെയും അവയുടെ ഉത്പത്തിയെയും കുറിച്ച് ആദ്യമായി ആധികാരികമായ പഠനം നടത്തിയത് അൽഫോൻസ് ദ കാൻഡോൾ (Alphonse de Candolle) എന്ന ശാസ്ത്രജ്ഞനാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ കാണപ്പെട്ട സസ്യങ്ങളുടെ വിശദമായ പഠനങ്ങളിൽ നിന്ന് വിളകളുടെ ഉദ്ഭവസ്ഥാനം ഏതാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. കാർഷികവിളകളുടെ ഉദ്ഭവസ്ഥാനം നിർണയിക്കുന്നതിനുള്ള ഉപാധികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മിക്ക കാർഷികവിളകളും പുരാതനകാലം മുതൽ കൃഷിചെയ്തു വരുന്നതിനാൽ അവയുടെ ഉദ്ഭവത്തെക്കുറിച്ച് പരിമിതമായ അറിവേയുള്ളു. കൃഷിചെയ്യുന്ന ഒരു സ്പീഷീസിന്റെ ഭൂമിശാസ്ത്രപരമായ ഉദ്ഭവം / ഉത്പത്തി (geographical origin of a species) കണ്ടുപിടിക്കുന്നതിന് അവ സ്വതവേ (indigeneously) എവിടെയാണ് വളരുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. സസ്യഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള പരിജ്ഞാനവും പരിചയസമ്പന്നരായ സസ്യശേഖർത്താക്കളുടെ (plant collectors) സംഭാവനകളും കാർഷിക വിളകളുടെ ഉത്പത്തി കണ്ടെത്തുന്നതിന് സഹായകമായിട്ടുണ്ട്. കാറ്റിലൂടെയും പക്ഷികളിലൂടെയും വിത്തുകൾ വിദൂരസ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒരു സ്ഥലത്ത് ഒരു സ്പീഷീസ് വ്യാപകമായി കാണുന്നതുകൊണ്ടു മാത്രം അത് അവിടെയാണു ഉദ്ഭവിച്ചതെന്ന നിഗമനത്തിലെത്താൻ കഴിയുകയില്ല. ഉദാഹരണമായി മെഡിറ്ററേനിയൻ കടൽത്തീരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന അഗേവ് അമേരിക്കാന (Agave americana) സസ്യം അമേരിക്കയിൽ നിന്ന് എത്തിച്ചേർന്നതാണ്.
ഒരു ഭൂപ്രദേശത്ത് കാണപ്പെടുന്ന ഒരു സ്പീഷീസ് അവിടത്തെ വന്യ സ്പീഷീസുകളിൽ നിന്നുദ്ഭവിച്ച സ്വദേശിയാണോ അതോ വിദേശിയാണോ എന്ന് സൂക്ഷ്മ നിരീക്ഷണത്തിലൂടെ, അനുബന്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് മാത്രമേ അനുമാനിക്കാൻ സാധിക്കുകയുള്ളു. ചില വിദേശ സസ്യങ്ങൾ പുതിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നാൽ അവിടത്തെ ആവാസവ്യവസ്ഥയിൽ പൊരുത്തപ്പെടാൻ കഴിയാതെ ക്രമേണ അപ്രത്യക്ഷമാകും. എന്നാൽ മറ്റു ചില സ്പീഷീസുകൾ പുതിയ ആവാസവ്യവസ്ഥയിൽ സ്വദേശീയമെന്ന് തോന്നത്തക്കവിധം അനുകൂലനപ്പെട്ട് വളരാറുണ്ട്. അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ ഏതു കാലഘട്ടം മുതലാണ് ആ സ്പീഷീസ് കണ്ടു തുടങ്ങിയത് എന്ന് കണ്ടുപിടിക്കേണ്ടി വരും. അതിന് ചരിത്രരേഖകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്.
പ്രമുഖ കാർഷിക വിളകൾ പരസ്പര സമ്പർക്കമില്ലാത്ത മൂന്നു വ്യത്യസ്ത ഭൂഭാഗങ്ങളിൽ (ചൈന, തെക്കു പടിഞ്ഞാറൻ ഏഷ്യ, അയനാനന്തര രേഖകൾക്കിടയിലുള്ള അമേരിക്കൻ പ്രദേശങ്ങൾ) ഉദ്ഭവിച്ചതായാണ് അനുമാനിക്കപ്പെടുന്നത്. 1492-ൽ യൂറോപ്യർ അമേരിക്കയിലെത്തിയതോടെ കാർഷികവിളകൾ എല്ലാരാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലെ സ്പീഷീസുകളായ ഉരുളക്കിഴങ്ങ്, ചോളം, കള്ളിച്ചെടി (prickly pear), പുകയിലച്ചെടി ഇവയെല്ലാം യൂറോപ്പിലും ഏഷ്യയിലും എത്തി. സസ്യസ്പീഷീസുകളുടെ നാടൻ പേരുകൾ പലപ്പോഴും തെറ്റായ ദിശകളിൽ കൊണ്ടത്തിക്കും എന്ന് കാൻഡോൾ അഭിപ്രായപ്പെടുന്നു. കാരണം ഒരേ സസ്യം തന്നെ പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു.
സസ്യങ്ങളുടെ ഉദ്ഭവകേന്ദ്രങ്ങൾ (Centres of origin)
കാർഷിക വിളകളുടെ വിതരണം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ രീതിയിലാണ് കാണപ്പെടുന്നത്. ചില സ്ഥലങ്ങളിൽ മറ്റുസ്ഥലങ്ങളെയപേക്ഷിച്ച് വൈവിധ്യം കൂടുതലാണ്. കൃഷിചെയ്യുന്ന സ്പീഷീസ് മാത്രമല്ല അതിന്റെ അനുബന്ധ സ്പീഷീസുകളും വന്യ സ്പീഷീസുകളും ധാരാളമായി ഈ പ്രദേശങ്ങളിൽ കാണപ്പെടുന്നു. വൈവിധ്യം കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ വന്യസ്പീഷീസുകളിൽ നിന്നാണ് കൃഷിയുക്തമായ സ്പീഷീസുകൾ പരിണാമ പ്രക്രിയയിലൂടെ ഉദ്ഭവിച്ചത് എന്നാണ് വാവിലോവിന്റെ നിരീക്ഷണം (N.I Vavilov, 1926). ഇത്തരം വൈവിധ്യകേന്ദ്രങ്ങളെ ആ സ്പീഷീസിന്റെ പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങൾ (Primary Centres of Origin) എന്ന് വാവിലോവ് നാമകരണം ചെയ്തു.
ഇന്ന് കൃഷി ചെയ്തുവരുന്ന എല്ലാ കാർഷിക വിളകൾക്കും ഇതുപോലുള്ള പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങൾ ഉള്ളതായി കണ്ടെത്താൻ സാധിക്കും. പ്രാഥമിക ഉദ്ഭവ കേന്ദ്രങ്ങളിൽനിന്നും വിവിധ മാർഗങ്ങളിലൂടെ കാർഷികവിളകൾ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങളിൽ നിന്ന് മറ്റൊരിടത്ത് എത്തിപ്പെടുമ്പോൾ അവിടെ ആ സ്പീഷീസിന്റെ വൈവിധ്യം പൊതുവേ കുറവായിരിക്കും. എന്നാൽ ഇതിനപവാദമായി ചില സ്ഥലങ്ങളിൽ പ്രാഥമിക കേന്ദ്രങ്ങളിൽ നിന്ന് എത്തിപ്പെട്ട ചില സ്പീഷീസുകളുടെ വൈവിധ്യമാർന്ന വന്യരൂപങ്ങൾ കാണാറുണ്ട്. ഇത്തരം കേന്ദ്രങ്ങളെ രണ്ടാം ഉദ്ഭവകേന്ദ്രം (secondary centre of origin) എന്നു പറയുന്നു.
ഉദാഹരണമായി ഗോതമ്പിന്റെ ദ്വിപ്ലോയിഡുകളും ബഹുപ്ലോയിഡുകളുമുണ്ട്. ഇവ രണ്ടും ഒരു പോലെ വ്യത്യസ്തങ്ങളായ (Identical contrasting) സ്വഭാവങ്ങൾ കാണിക്കാറുണ്ട്. അതിനാൽ ഒരു സ്പീഷീസിന്റെ ഉദ്ഭവകേന്ദ്രത്തിൽ നിന്നു ശേഖരിക്കുന്ന സസ്യങ്ങളുടെ എല്ലാ സ്വഭാവങ്ങളും ഒരു സ്പീഷീസിലില്ലെങ്കിലും അതിന്റെ അനുബന്ധ സ്പീഷീസുകളിൽ ഉണ്ടായിരിക്കും.
ചൈന, ഹിന്ദുസ്ഥാൻ, മധ്യേഷ്യ, ഏഷ്യാ മൈനർ, മെഡിറ്ററേനിയൻ, അബിസീനിയ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നീ എട്ട് ഉദ്ഭവകേന്ദ്രങ്ങളിലാണ് കാർഷികവിളകൾ ജന്മംകൊണ്ടത് എന്നാണ് വാവിലോവിന്റെ നിഗമനം. തുടർന്ന് 1935-ൽ ഹിന്ദുസ്ഥാൻ എന്ന ഉദ്ഭവകേന്ദ്രത്തെ ഇൻഡോ ബർമ കേന്ദ്രമെന്നും സയാം മലയാ ജാവാ കേന്ദ്രമെന്നും രണ്ടായിത്തിരിച്ചു. അതു പോലെ തെക്കേ അമേരിക്കൻ കേന്ദ്രത്തെ പെറു, ചിലി, ബ്രസീൽ – പരാഗ്വേ എന്നീ മൂന്നു കേന്ദ്രങ്ങളാക്കി. അങ്ങനെ 11 ഉദ്ഭവകേന്ദ്രങ്ങളിലായി കാർഷികവിളകൾ ഉദ്ഭവിച്ചു എന്ന തത്ത്വം വാവിലോവ് അവതരിപ്പിച്ചു. അതിനുശേഷം യു.എസ്സിനെയും ഉദ്ഭവകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. സൂര്യകാന്തി (Helianthus annuus), ജെറുസലേം ആർട്ടിയോക്ക് (Helianthus tuberosus) എന്നീ സസ്യങ്ങൾ ഈ കേന്ദ്രത്തിൽ ഉദ്ഭവിച്ചതായി കരുതപ്പെടുന്നു.
ഒരു സ്പീഷീസിന്റെ വൈവിധ്യവും അതിന്റെ വന്യ സ്പീഷീസുകളുടെയും അനുബന്ധ സ്പീഷീസുകളുടെയും വൈവിധ്യവും കണക്കിലെടുത്താണ് ആ സ്പീഷീസിന്റെ ഉദ്ഭവകേന്ദ്രം തിട്ടപ്പെടുത്തുന്നത്. അപ്രകാരം ഓരോ ഉദ്ഭവകേന്ദ്രത്തിലും ഉദ്ഭവിച്ചു എന്നു കരുതപ്പെടുന്ന സസ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. ചില സ്പീഷീസുകളുടെ പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങൾ മറ്റുചില സ്പീഷീസുകളുടെ രണ്ടാം ഉദ്ഭവകേന്ദ്രങ്ങളാണ്.
സൊയാബീൻ, റാഡിഷ്, ചേമ്പ്, ചെറുധാന്യങ്ങൾ, കടുകിന്റെ സ്പീഷീസുകൾ, ഉള്ളി, വഴുതന, പീച്ച്, പ്ലം, ചൈനീസ് തേയില തുടങ്ങിയ കാർഷിക വിളകളുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം ചൈനയാണ്. എന്നാൽ നെല്ല്, തുവരപ്പരിപ്പ്, ചുണ്ടൻ കടല, വൻപയർ, ചെറുപ യർ, വഴുതിന, കരിമ്പ് തുടങ്ങിയവയുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം ഹിന്ദുസ്ഥാനാണ്. ഏഷ്യയിൽ ഉദ്ഭവിച്ചു എന്നു കരുതപ്പെടുന്ന വിളകളാണ് ഗോതമ്പ്, പയർ, എള്ള്, സാഫ്ളവർ, ചണം, ഉള്ളി, വെളുത്തുള്ളി, ആപ്പിൾ തുടങ്ങിയവ. ഏഷ്യാമൈനറിൽ പിറന്നവയെന്നു കരുതപ്പെടുന്ന ചില വിളകളാണ് ക്യാരറ്റ്, കാബേജ്, ഓട്സ്, അത്തി, മാതളം, ആപ്പിൾ, മുന്തിരി, ലെറ്റ്യൂസ് തുടങ്ങിയവ. ഡ്യൂറം ഗോതമ്പ്, എമ്മർ ഗോതമ്പ്, ബാർളി, ലെന്റിൽ, ക്ലോവർ പുല്ല്, കടുകിന്റെ സ്പീഷീസുകൾ തുടങ്ങിയവയുടെ ഉദ്ഭവം മെഡിറ്ററേനിയ ആണ്.
ബാർളി, മക്കച്ചോളം, ബജ്റ, ആവണക്ക്, കാപ്പി, വെണ്ട എന്നിവയുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം അബിസീനിയയാണ്. മധ്യ അമേരിക്കൻ ഉദ്ഭവകേന്ദ്രത്തെ മെക്സിക്കൻ കേന്ദ്രമെന്നും പറയാറുണ്ട്. ഇവിടെ ജന്മമെടുത്ത സസ്യങ്ങളാണ് ചോളം, ലിമാബീൻ, മഞ്ഞൾ, വെള്ളരി വർഗങ്ങൾ, മധുരക്കിഴങ്ങ്, കൂവക്കിഴങ്ങ്, പരുത്തി, പപ്പായ, പേര, അവക്കാഡോ തുടങ്ങിയവ. ഉരുളക്കിഴങ്ങിന്റെ ചില സ്പീഷീസുകൾ, ചോളം, ലിമാ ബീൻ, നിലക്കടല, പൈനാപ്പിൾ, മത്തൻ, ഈജിപ്ഷ്യൻ പരുത്തി, തക്കാളി, പേര, പുകയില, മരച്ചീനി, റബ്ബർ തുടങ്ങിയവയുടെ ഉദ്ഭവം തെക്കേ അമേരിക്കയിലാണ്.
വൈവിധ്യകേന്ദ്രങ്ങൾ (Centers of Diversity)
ഒരു സ്പീഷീസിന്റെ ഉദ്ഭവകേന്ദ്രത്തിലാണ് ഏറ്റവുമധികം വൈവിധ്യം കാണപ്പെടുന്നത് എന്ന ആശയം വളരെയധികം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ആവാസ വ്യവസ്ഥയിലും ചുറ്റുപാടുകളിലും വളരുന്ന സസ്യങ്ങളിൽ വൈവിധ്യം സ്വാഭാവികമായും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ കാലാവസ്ഥയിൽ വളരുന്ന സസ്യങ്ങളിൽ കൂടുതൽ വൈ വിധ്യം പ്രകടമായിരിക്കും. അതിനർഥം അത് അവിടെ ഉദ്ഭവിച്ചു എന്നല്ല. മലനിരകൾ, മടക്കുകൾ, താഴ്വരകൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂപ്രദേശത്തെ സസ്യങ്ങൾ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമായ അനുകൂലനങ്ങൾ സ്വാഭാവികമായും സ്വായത്തമാക്കും. പ്രാഥമിക ഉദ്ഭവകേന്ദ്രവും രണ്ടാം ഉദ്ഭവകേന്ദ്രവും തമ്മിലുള്ള വേർതിരിവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ഒരേ സ്പീഷീസിൽ ഒന്നിലധികം പ്രാഥമിക ഉദ്ഭവകേ നങ്ങൾ ഉള്ളതും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
പ്രാഥമിക ഉദ്ഭവകേന്ദ്രത്തിൽ സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾ അവിടത്തെ വൈവിധ്യം കുറയ്ക്കുന്നതിനുള്ള സാധ്യതയും വിസ്മരിക്കാവുന്നതല്ല. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാം ഉദ്ഭവകേന്ദ്രത്തിൽ കൂടുതൽ വൈവിധ്യം നിലനിൽക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ നിലവിലുള്ള വൈവിധ്യം കണക്കിലെടുത്ത് സസ്യങ്ങളുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം നിശ്ചയിക്കുന്നരീതി കുറ്റമറ്റതല്ല. ഷുക്കോവ്സ്കി (Zhukovsky) യുടെ അഭിപ്രായ പ്രകാരം പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങളെന്നു പറയുന്നതിനെക്കാൾ വൈവിധ്യകേന്ദ്രങ്ങൾ (Centers of Diversity) എന്ന പദപ്രയോഗമാണ് കൂടുതൽ അഭികാമ്യം. വൈവിധ്യകേന്ദ്രങ്ങൾ കാർഷിക വിളകളുടെ ഉദ്ഭവകേന്ദ്രങ്ങൾ ആയിരിക്കാനുള്ള സാധ്യതകൾ ഉണ്ടെങ്കിൽത്തന്നെയും എപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. കാർഷികവിളകളുടെ വൈവിധ്യം കാണപ്പെടുന്ന പന്ത്രണ്ട് മെഗാജീൻ കേന്ദ്രങ്ങൾ (Mega gene centres of diversity) അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. കൂടാതെ കാർഷികവിളകളുടെ വന്യസ്പീഷീസുകൾ കൂടുതലായി കാണുന്ന മൈക്രോ സെന്ററുകളും അദ്ദേഹം വേർതിരിച്ചു കാണിച്ചു. കൃഷി ചെയ്യുന്ന രൂപങ്ങൾ ആദ്യം ഈ മൈക്രോസെന്ററുകളിൽ ഉദ്ഭവിച്ചിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം നിർദേശിച്ച മൈക്രോസെന്ററുകൾ താഴെ പറയുന്നവ യാണ്.