നമ്മുടെ സ്വന്തം കേരളാഗ്രോ: സംസ്ഥാനത്തെ ചെറുകിട കർഷകരുടെ ഉൽപന്നങ്ങളുടെ ബ്രാൻഡ്

സംസ്ഥാനത്തെ ചെറുകിട കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ‘കേരളാഗ്രോ’ ബ്രാന്‍ഡില്‍ വിപണിയില്‍. അവ വാങ്ങി ഉപയോഗിച്ച് നമ്മുടെ സ്വന്തം കര്‍ഷകര്‍ക്കു വിപണി ഉറപ്പാക്കാം.സംസ്ഥാനത്തെ ചെറുകിട കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ‘കേരളാഗ്രോ’ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. പദ്ധതിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് കൃഷിവകുപ്പ് ഡയറക്ടർ കെ.എസ്.അഞ്ജു.

കോവിഡ് കാലത്തു കാർഷികമേഖലയിലുണ്ടായ മുന്നേറ്റത്തിനു നാമെല്ലാം സാക്ഷികളാണ്. മട്ടുപ്പാവിലും തരിശുഭൂമിയില്‍പോലും കൃഷി ചെയ്തു വിഷമയമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാന്‍ ഒട്ടേറെപ്പേര്‍ മുന്നിട്ടിറങ്ങി. ഈ വികാരം എല്ലാവരിലും എത്തിക്കുകയാണ് സംസ്ഥാനകൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ദൗത്യത്തിന്റെ ലക്ഷ്യം.  കോവിഡ് കാലത്തുണ്ടായ മറ്റൊരു പ്രധാന മാറ്റം ജൈവോൽപന്നങ്ങൾക്കു ഡിമാൻഡ് ഏറിയതാണ്.ജൈവവളവും ജൈവകീടനാശിനിയുംപോലുള്ള ജൈവകൃഷിയുപാധികൾക്കും അക്കാലത്ത് ആവശ്യക്കാരേറുകയുണ്ടായി.ജൈവോല്‍പന്നങ്ങള്‍ക്കൊപ്പം അവയുൽപാദിപ്പിക്കുന്നതിനാവശ്യമായ ഉപാധികളും ആളുകള്‍ ഓൺലൈനിൽ തിരഞ്ഞുതുടങ്ങി.ലോകമെമ്പാടുമുണ്ടായ ഈ മാറ്റത്തെ കാർഷികമേഖലയിലെമുഖ്യപ്രശ്നമായവിപണനപ്രതിസന്ധിക്കുപരിഹാരമാര്‍ഗമാക്കാമോയെന്ന കൃഷിവകുപ്പിന്റെ ചിന്തയിൽനിന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയുള്ള കാർഷികോൽപന്നവിപണനമെന്ന ആശയമുദിച്ചത്. ഈ ആശയം നടപ്പാക്കുന്നതിന്റെ തുടക്കമായി കൃഷിവകുപ്പുഫാമുകളിലെ ഉൽപന്നങ്ങൾ…കേരളാഗ്രോ’ എന്ന ബ്രാൻഡിൽ ഓൺലൈൻ വിപണിയിൽ ലഭ്യമാക്കിക്കഴിഞ്ഞു. ഈ ബ്രാന്‍ഡിലുള്ള വിവിധ തരം പച്ചക്കറിവിത്തുകൾ, പഴവർഗങ്ങളുടെ ലെയർ, ഗ്രാഫ്റ്റ് തൈകൾ, ഔഷധസസ്യങ്ങൾ,ജൈവവളങ്ങൾ, മൂല്യവർധിത കാർഷികോൽപന്നങ്ങളായ ശർക്കര, വെളിച്ചെണ്ണ, അവൽ, അരിപ്പൊടി, തവിടുള്ള അരി, ജാം, ജെല്ലി, സ്ക്വാഷ്, അച്ചാർ എന്നിവയൊക്കെ ഇപ്പോള്‍ ഓൺലൈൻ വിപണിയിലൂടെ വാങ്ങാനാകും.

സർക്കാർ ഫാമുകളിലെ ഉൽപന്നങ്ങൾക്കു പുറമേ, കേരള കാർഷിക സർവകലാശാല, ഹോർട്ടികോർപ്, സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിനു കീഴിലുള്ള കർഷക ഉൽപാദകസംഘങ്ങൾ,കൃഷിഭവനുകളുടെ കീഴിലുള്ള കർഷകസംഘങ്ങൾ എന്നിവയുടെ ഉൽപന്നങ്ങൾകൂടി കേരളാഗ്രോ ബ്രാൻഡിൽ വിപണനം നടത്താൻ…നടപടിയായിട്ടുണ്ട്. ആമസോൺ, ഫ്ലിപ് കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് വില്‍പന. കൂടാതെ, ഒഎൻഡിസി (ഓപ്പൺ നെറ്റ്‌വക്സ് ഫോർ ഡിജിറ്റൽ കൊമേഴ്സ്) പ്ലാറ്റ്ഫോമിലൂടെയും നമ്മുടെ കാർഷികോൽപന്നങ്ങൾ ഇന്ത്യയിലെവിടെയും വിൽപന നടത്തും.  സംസ്ഥാനത്തെ കർഷകരെയും കർഷകസംഘങ്ങളെയും ഈ സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് അവരുടെ ഉൽപന്നങ്ങൾക്ക് പരമാവധി വില  ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ തനതുൽപന്നങ്ങൾക്ക് ആഗോളശ്രദ്ധ നേടിയെടുക്കുന്നതിനും ഇതുവഴി സാധിക്കും.

ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ  ഏതു രംഗത്തും കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. അതിനോടു മല്ലിടാൻ നമ്മുടെ സാധാരണ കർഷകർക്കാവില്ല.വിശാലമായ നമ്മുടെ വിപണിയെ യഥാർഥത്തിൽ ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. ഈ പ്രവണത മാറണം. നമ്മുടെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന ഒരു സംസ്കാരം ഇവിടെ വളരണം. വിപണനമെന്ന കടമ്പ കടക്കാന്‍ സംസ്ഥാനത്തെ  ചെറുകിട, നാമമാത്ര കർഷകർക്കു കൈത്താങ്ങു നല്‍കുകയാണ് കേരളാഗ്രോ ബ്രാന്‍ഡിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ സ്വന്തം കര്‍ഷകരെ സഹായിക്കാനുള്ള ഈ ശ്രമത്തിനു  നാടും നാട്ടാരും ഒറ്റക്കെട്ടായി പിന്തുണ നല്‍കണം. കേരളാഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുകയും അതിനായി മറ്റുള്ളവരെ  പ്രേരിപ്പിക്കുകയും വേണം.

Share Now

Leave a Reply

Your email address will not be published. Required fields are marked *