ചേര്‍ത്തല: (www.kvartha.com 11.05.2017) ജൈവപച്ചക്കറി കൃഷിയിലൂടെ വേറിട്ട മാതൃകയൊരുക്കിയ വാരനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷികരംഗത്ത് പുത്തന്‍ കാല്‍വെയ്പ്പ്. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 98 സെന്റ് പുരയിടത്തില്‍ പപ്പായ കൃഷിയാണ് നടപ്പാക്കുന്നത്. പപ്പായക്കൊപ്പം ഇടവിളയായി വെണ്ട, വഴുതന, മുളക്, കുറ്റിപ്പയര്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും നിര്‍ദേശാനുസരണമാണ് കൃഷിയിടം ഒരുക്കിയത്.
ജലസേചനത്തിനായി ട്രിപ്പ് ഇറിഗേഷന്‍ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ബാങ്ക് പരിധിയിലെ മുഴുവന്‍ ഭവനങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അവാര്‍ഡ് ബാങ്കിന് ലഭിച്ചിരുന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് പലിശ രഹിത വായ്പയും നല്‍കുന്നുണ്ട്. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ ജെ സെബാസ്റ്റ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എന്‍ കെ ഹരിഹരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. അലപ്പുഴ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി ജി ചന്ദ്രമതി പദ്ധതി വിശദീകരിച്ചു.
കൃഷി ഓഫീസര്‍ സമീറ, ബാങ്ക് സെക്രട്ടറി സി പി രാജന്‍, ശ്രീകുമാര്‍, ടി എസ് രാഘവന്‍, ഷേര്‍ളി ഭാര്‍ഗവന്‍, എ എസ് മിനിമോള്‍, പി പി ശ്യാമള, ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.