ഗാർഹിക ജൈവ മാലിന്യ സംസ്ക്കരണത്തിന് കുഴി കംബോസ്റ്റ് ഉത്തമ രീതി

ഇന്ന് ലോകമെമ്പാടും തന്നെ, കൂടുതലായും അവലംബിച്ചു വരുന്ന ഒരു സാങ്കേതിക വിദ്യയാണ് കംബോസ്റ്റിങ്ങ്. ഏറ്റവും പ്രാചീനമായ മാലിന്യ സംസ്ക്കരണ രീതിയാണിത്. ഈ പ്രവർത്തനത്തെ കൂടുതൽ ശാസ്ത്രീയമായി ചെയ്യാനും കംബോസ്റ്റ് പ്രക്രിയയുടെ വേഗത കൂട്ടാനും ഉതകുന്ന രീതികൾ ഇന്ന് നിരവധി സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. കുഴികമ്പോസ്റ്റിങ്ങ് (Pit composting) ,മോസ്പിറ്റ് കമ്പോസ്റ്റിങ്ങ് (Moz pit Composting), മൺകല കമ്പോസ്റ്റിങ്ങ് (Pot composting), ജൈവ സംസ്ക്കരണ ഭരണി (Bio Pot system ), പൈപ്പ് കമ്പോസ്റ്റിങ്ങ് (Pipe composting),റിംഗ് കമ്പോസ്റ്റിങ്ങ് (Ring composting),മണ്ണിര കമ്പോസ്റ്റിങ്ങ് (veemi composting). പോർട്ടബിൾ ഗാർഹിക ബയോ ബിൻ കമ്പോസ്റ്റിങ്ങ് (Portable Domestic Bio bin composting),
മിനി ബയോ പെഡസ്റ്റൽ കമ്പോസ്റ്റിങ്ങ് ( Mini Bio Podestal composting),പോർട്ടബിൾ ബിൻ / ബക്കറ്റ് കമ്പോസ്റ്റിങ്ങ് (Portable Bin/ Bucket composting), ഗാർഹിക ബയോഗ്യാസ് പ്ലാന്റ് പോർട്ടബിൾ

(Domestic Biogas Plant – Portable) എന്നിവയാണ് ഇവയിൽ പ്രധാനം. എന്നാൽ വീട്ടുവളപ്പിൽ അൽപ്പം സ്ഥലസൗകര്യമുളള ആർക്കും അനായസേന പ്രായോഗികമാക്കാവുന്ന ഗാർഹിക ജൈവ മാലിന്യ സംസ്ക്കരണ മാർഗ്ഗമാണ് കുഴി കംബോസ്റ്റ് . സംസ്ഥാനത്തെ മിക്ക ഗ്രാമ പഞ്ചായത്തുകളും ഈ രീതി പ്രചരിപ്പിക്കുന്നതിന് നല്ല രീതിയിൽ പ്രോത്സാഹനം നൽകി വരുന്നുമുണ്ട്.ജനസാന്ദ്രമായ പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്.

വെള്ളം കെട്ടി നില്ക്കാൻ സാദ്ധ്യതയില്ലാത്ത സ്ഥലം ഇതിനായി തെരഞ്ഞെടുക്കണം’ഒരു മീറ്റർ നീളത്തിൽ 60 സെ.മീറ്റർ വീതിയിൽ ഒരു മീറ്റർ ആഴത്തിൽ രണ്ടു കുഴികൾ എടുക്കണം.പാഴ് വസ്തുക്കളുടെ ലഭ്യതയനുസരിച്ച് കുഴിയുടെ വലുപ്പത്തിൽ മാറ്റം വരുത്താമെങ്കിലും ആഴം ഒരു കാരണവശാലും ഒരു മീറ്ററിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കണം. കുഴിയുടെ നാല് ഭാഗത്തും 10 സെ.മീ ഉയരത്തിൽ ഇഷ്ടിക കൊണ്ടോ, മൺ വരമ്പിട്ടോ വെളളം പുറത്ത് നിന്ന് കുഴിയിലേക്ക് ഒഴുകുന്നത് തടയണം . കുഴി നിറക്കുന്നതിന് മുമ്പ് അടിഭാഗത്തായി ചാണകം ഒന്നു രണ്ട് ഇഞ്ച് കനത്തിൽ ഇടുന്നത് കംബോസ്റ്റിങ്ങ് പ്രക്രിയ ത്വരിതപ്പെടുത്തും. മാലിന്യം ഇട്ടശേഷം മുകളിൽ ഇടക്ക് ചാണകപ്പൊടി വിതറുന്നത് നല്ലതാണ്. ചെറിയ കനത്തിൽ മണ്ണിടുകയും ചെയ്യാം. ദുർഗന്ധം ഇല്ലാതാക്കാനും വളം എളുപ്പം പാകമാകാനും വേണ്ടിയാണിത്. ഇപ്രകാരം കുഴിയുടെ മുകളിൽ നിന്നും അര മീറ്റർ ഉയരം വരെ നിറക്കാവുന്നതാണ്. പിന്നീട് ജൈവ വസ്തുക്കൾ പുറത്ത് കാണാത്ത വിധം അവയെ മണ്ണിട്ട് പൂർണ്ണമായും പൊതിയണം. നാല് മുതൽ ആറ് മാസത്തിനുളളിൽ വളം നല്ലപോലെ പാകമായിരിക്കും. ഇതിലൂടെ ലഭിക്കുന്ന കമ്പോസ്റ്റ് വളം പച്ചക്കറി വിളകളിൽ ഉൾപ്പടെ എല്ലാ കാർഷിക വിളകളിലും ഉപയോഗിക്കാവുന്നതാണ്.
കുഴി കമ്പോസ്റ്റ് നിർമ്മാണ രീതിയിൽ അനറോബിക് പ്രവർത്തനമാണ് നടക്കുന്നത്. ഉപയോഗിക്കുന്ന ജൈവ വസ്തുക്കളുടെ തരമനുസരിച്ച് കമ്പോസ്റ്റ് നിർമ്മാണ സമയം കുറഞ്ഞും കൂടിയുമിരിക്കും. ജെവ വസ്തുക്കളുടെ ഏതാണ്ട് അറപതു ശതമാനം കമ്പോസ്റ്റ് വളം ലഭിക്കും. ഇതിൽ 0.4 മുതൽ 0.8 ശതമാനം വരെ നൈട്രജനും, 0.3 മുതൽ 0.6 ശതമാനം വരെ ഫോസ്ഫറസും, 0.5 മുതൽ ഒരു ശതമാനം വരെ പൊട്ടാഷും കൂടാതെ സസ്യവളർച്ചക്കാവശ്യമായ നിരവധി സൂക്ഷ്മ മൂലകങ്ങളും അടങ്ങിയിരിക്കുന്നു

കുഴി നിറഞ്ഞു കഴിഞ്ഞാൽ അതിനു മുകളിൽ ആറ് ഇഞ്ച് കനത്തിൽ മണ്ണിട്ട് മൂടണം.ഇതിന് ശേഷം രണ്ടാമത്തെ കുഴിയിൽ ജൈവ മാലിന്യം നിക്ഷേപിച്ചു തുടങ്ങാം.ആദ്യത്തെ കുഴിയിലെ മാലിന്യങ്ങൾ ആറ് മാസത്തിന്നകം ഒന്നാന്തരം ജൈവ വളമായി മാറിയിട്ടുണ്ടാകും.

Share Now

Leave a Reply

Your email address will not be published. Required fields are marked *