കൃഷിയിലെ കീടങ്ങളെ തുരത്താൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് സസ്യ അധിഷ്ഠിത കീടനാശിനികൾ

പച്ചക്കറി കൃഷിയിൽ മികച്ച രീതിയിൽ വിളവ് ലഭിക്കുവാൻ സമയാസമയങ്ങളിൽ കീടനിയന്ത്രണ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, ചെലവുകുറഞ്ഞതുമായ കീട നിയന്ത്രണ രീതികൾ താഴെ നൽകുന്നു.

വേപ്പില

നിമാവിരകൾക്കെതിരെയായി വേപ്പില മണ്ണിൽ ചേർക്കുകയോ മണ്ണിൽ പുതയായി ഉപയോഗിക്കുകയോ ചെയ്യാം. വഴുതന, വെണ്ട എന്നിവയെ ബാധിക്കുന്ന നിമാവിരകളെ അകറ്റുവാൻ ചെടി ഒന്നിന് 250 ഗ്രാം വേപ്പില എന്ന അളവിൽ ഉപയോഗിക്കുന്നത് നല്ലതാണ്.

വേപ്പില ചെടി

തെങ്ങിൻ തോട്ടത്തിൽ വേപ്പിൻ ചെടികൾ മഴക്കാലത്ത് നട്ടുവളർത്തിയാൽ വേരുകളെ തിന്നു നശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്നു.

വേപ്പില ചാർ

രണ്ടു മുതൽ അഞ്ചു ശതമാനം വീര്യത്തിൽ ഉണ്ടാക്കിയ വേപ്പില ചാർ ചീരയെ ബാധിക്കുന്ന ഇലതീനി പുഴുക്കളെയും പച്ചക്കറിയിലെ മറ്റു കീടങ്ങളെയും നിയന്ത്രിക്കാൻ അത്യുത്തമമാണ്. ആവശ്യത്തിനുള്ള വേപ്പില മിക്സിയിൽ അടിച്ചെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ 24 മുതൽ 48 മണിക്കൂർ സമയം വരെ മുക്കിവെച്ച ശേഷം അരിച്ചെടുത്ത് കീടനാശിനിയായി ഉപയോഗിക്കാം.

വേപ്പെണ്ണ

2 മുതൽ 10% വരെ വീര്യമുള്ള വേപ്പെണ്ണ പയർവർഗ്ഗ ചെടിയിൽ കാണപ്പെടുന്ന ചെറുകീടങ്ങൾ, ചെറു വണ്ടുകൾ പച്ചക്കറി ചെടികളിലെ സാധാരണ കണ്ടുവരുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ തുടങ്ങിയവ തിരുത്തുവാൻ ഫലപ്രദമായി ഉപയോഗിക്കാം.

വേപ്പിൻ കായ സത്ത്

3 മുതൽ 5 ശതമാനം വീര്യമുള്ള ഈ സത്ത് കീടനാശിനിയായി ഉപയോഗിക്കാൻ നല്ലതാണ്. ഇത് ഉണ്ടാക്കാനായി വേപ്പിൻ കായ ആവശ്യത്തിന് പൊടിച്ചെടുത്ത് ശേഷം 50 ഗ്രാം പൊടി വീതം തുണി സഞ്ചികളിൽ നിറച്ച് അര ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ മുക്കി വയ്ക്കണം. അതിനുശേഷം തുണിസഞ്ചി പലതവണകളായി പിഴിഞ്ഞ് എടുക്കാം. ഒലിച്ചിറങ്ങുന്ന ദ്രാവകം ഇളം തവിട്ടു നിറമാകുന്നതു വരെ ഇത് ആവർത്തിക്കുക. 

ലിറ്റർ ഒന്നിന് 10 ഗ്രാം എന്ന കണക്കിൽ ഉണ്ടാക്കിയെടുത്ത സോപ്പുലായനി ചേർത്ത് ഇളക്കിയ ശേഷം ആവശ്യത്തിനു വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം ഇത് തളിക്കാൻ ഉപയോഗിക്കാം. വഴുതനയിൽ സാധാരണ കണ്ടു വരുന്ന ചെറു കീടങ്ങൾ, പയറിൽ കായയെ ബാധിക്കുന്ന ഈച്ച വർഗ്ഗത്തിൽപ്പെട്ട കീടങ്ങൾ, എല്ലാത്തരത്തിലുള്ള പച്ചക്കറികളെ നശിപ്പിക്കുന്ന ഇല തുരപ്പൻ പുഴുക്കളുടെ ആക്രമണം തുടങ്ങിയ നിയന്ത്രിക്കാൻ 5% വരെ വീര്യമുള്ള ഈ കീടനാശിനി ഉപയോഗപ്പെടുത്താം.

Share Now

Leave a Reply

Your email address will not be published. Required fields are marked *