നമ്മുടെ അടുക്കള തോട്ടത്തിലു൦ തീൻമേശയിലു൦ ഒഴിവാക്കപ്പെടാനാവാത്തവയാണ് ഇലക്കറികൾ. ആരോഗ്യ പാലനത്തിൽ ഇലക്കറികളുടെ സ്ഥാന൦ മുന്നിലാണ് എന്നതു തന്നെയാണ് അതിനുള്ള കാരണ൦. കണ്ണ്, രക്തം, ദഹന വ്യവസ്ഥ എന്നിവയ്ക്കെല്ലാം ധാരാളം ഇലക്കറികള്‍ കഴിക്കുന്നത് ഗുണ൦ ചെയ്യു൦ . ജീവിതശൈലി രോഗങ്ങളുടെ പ്രരിരോധത്തിനു൦ നിയന്ത്രണത്തിനു൦ ഇലക്കറികൾ ഏറെ പ്രാധാന്യമർഹിക്കുന്നു.വിവിധയിന൦ ചീരകൾ, മുരിങ്ങ എന്നിവയാണ് നമ്മുടെ നാട്ടിലെ പ്രധാന ഇലക്കറികള്‍. ഈ വിഭാഗത്തിലേക്ക് എത്തിയിരിക്കുന്ന പുതു താരങ്ങളാണ് എക്സോട്ടിക് ഇലക്കറികൾ. സാലാഡുകൾ കൂടുതൽ ആരോഗ്യദായകവു൦ ആകർഷകവുമാക്കാൻ ഇവ അനുയോജ്യമാണ്. വിദേശികളായ ഇവ നമ്മുടെ നാട്ടിലും നല്ല പോലെ വളരും, കൃഷി രീതികളും എളുപ്പമാണ്. ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയിലെല്ലാം ടെറസിലും മറ്റും ഇവ വളർത്താവുന്നതാണ്.
പെരില്ല (ഷിസോ)
ജപ്പാന്‍, കൊറിയ തുടങ്ങിയ നാട്ടിലുള്ളവരെ കണ്ടാല്‍ എപ്പോഴും ചെറുപ്പമായിരിക്കും. ധാരാളം ഇലക്കറികളും മറ്റും ആവിയില്‍ വേവിച്ചു കഴിക്കുന്നതാണ് അവരുടെ നിത്യ യൌവ്വനത്തിന് കാരണം. അവരുടെ പ്രധാന ഭക്ഷണം തന്നെ ധാന്യങ്ങളും ഇലക്കറികളുമൊക്കെയാണ്. ഇതില്‍ പ്രധാനമാണ് റെഡ് പെരില്ല എന്ന ഷിസോ. സാലഡ് ഉണ്ടാക്കാന്‍ ഏറെ നല്ലതാണ്. ജപ്പാനിലും കൊറിയയിലും ധാരാളം ഉപയോഗിക്കുന്നു. നട്ട് 70 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ചീരയുടെ കുടുംബക്കാരനായ പെരില്ല പച്ചയും ചുവപ്പമുണ്ട്. ചീര കൃഷി ചെയ്യും പോലെ തന്നെ നടാം.
കെയ്ല്‍
കാഴ്ചയിൽ കാബേജിന്റെ ഇലകള്‍ പോലെയുള്ള ഇവ
അടുത്തിടെയാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലായത്. ലീഫ് കാബേജ് എന്നും വിളിപ്പേരുണ്ട്. പോഷക സമ്പുഷ്ടമായ ധാരാളം ഇലകള്‍ ഇവയിലുണ്ടാകും. വിറ്റാമിന്‍ എ,സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ബുദ്ധിവികാസം മുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ വരെ കെയ്ല്‍ ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും സലാഡുകളിലും മറ്റു ഭക്ഷണ സാധനങ്ങളിലും കെയ്ല്‍ സ്ഥിരം സാന്നിധ്യമാണ്. ശീതകാല വിളയാണെങ്കിലും നമ്മുടെ നാട്ടിലും കെയ്ല്‍ നല്ല പോലെ വളരും. ഗ്രോബാഗില്‍ കൃഷി ചെയ്യാന്‍ ഇവ ഏറെ അനുയോജ്യമാണ്.
നാപ കാബേജ്
ശീതകാല പച്ചക്കറികളുടെ വിഭാഗത്തിലുൾപ്പെടുന്ന ഇവ നട്ട്
രണ്ടു മാസത്തിനുള്ളില്‍ ഇല നുള്ളിത്തുടങ്ങാം. നല്ല തണുത്ത കാലാവസ്ഥയിലാണ് മികച്ച വിളവ് നല്‍കുക.
ചൈനക്കാരുടെ പ്രധാന ഭക്ഷണമായതിനാൽ ഈ ഇലക്കറിയ്ക്ക് ചൈനീസ് കാബേജ് എന്ന വിളിപ്പേരുമുണ്ട്. നമ്മുടെ കറിവേപ്പില പോലെ ഫ്രൈ ഐറ്റംസിന് മുകളില്‍ വിതറാനും സലാഡിനു൦ ഉപയോഗിക്കുന്നു.
സെലറി
ചതുപ്പു നിലങ്ങളില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ ഇലക്കറിയീനമാണ് സെലറി. നീണ്ട തണ്ടില്‍ ധാരാളം ഇലകളുണ്ടാകും. ഇവ പറിച്ചെടുത്ത് ഉപയോഗിക്കാം. വലിയ പരിചരണമൊന്നും നല്‍കാതെ വളര്‍ത്തിയെടുക്കാം.ആന്റി ഓക്സൈഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള സെലറി ചൈനീസ് നാട്ടുചികിത്സയില്‍ ഏറെ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വാണിജ്യ ആവശ്യത്തിന് സെലറി കൃഷി ചെയ്യുന്നുണ്ട്.
ലെറ്റിയൂസ്
കാബേജിന്റെ കുടുംബക്കാരനാണ് ലെറ്റിയൂസ്. ചേനപ്പൂവിനെ അനുസ്മരിക്കുന്ന വിധത്തിലാണ് രൂപം. ഇലകള്‍ ഒട്ടിച്ചേര്‍ന്ന് മുകളിലേക്ക് വളര്‍ന്നു വരും. മണ്ണില്‍ നട്ടാലും നല്ല വിളവ് ലഭിക്കും. കീടങ്ങളോ രോഗങ്ങളോ ഒന്നും വലിയ രീതിയില്‍ ആക്രമിക്കുകയില്ല.
പോഷകകാര്യത്തിൽ എക്സലൻ്റായ എക്സോട്ടിക് ഇലക്കറികളുടെ വിത്തുകൾ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലു൦ നിന്നോ നഴ്സറികളിലു൦ ലഭ്യമാണ്.