പ്രകൃതിയിലുളള 118 മൂലകങ്ങളില്‍ ഏതാണ്ട് 60-ല്‍പ്പരം മൂലകങ്ങള്‍ സസ്യശരീരത്തില്‍ കാണപ്പെടുന്നുണ്ട്.എന്നാല്‍ ഇവയെല്ലാം സസ്യവളര്‍ച്ചയ്ക്ക് ആവശ്യമുളളവയല്ല. ഒരു മൂലകം ചെടിയ്ക്ക് ആവശ്യമെന്നു പറയണമെങ്കില്‍ അത് സസ്യകോശ പ്രവര്ത്തനങ്ങളില്‍ നേരിട്ടു പങ്കുവഹിക്കുന്നതായിരിക്കണം . ആ മൂലകത്തിന്റെ അഭാവത്തില്‍ ചെടിക്കു വളര്‍ച്ചയുടെ വിവധഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും വേണം . മാത്രമല്ല മറ്റൊരു മൂലകത്തിന് ഇവയുടെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ സാധിക്കാതെയുമിരിക്കണം .ഇപ്രകാരം നോക്കുമ്പോള്‍ കേവലം 17 മൂലകങ്ങള്‍ മാത്രമാണ് എല്ലാ സസ്യങ്ങള്‍ക്കും ആവശ്യമെന്ന് ഇതിനകം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുളളത്. അവ താഴെപ്പറയുന്നവയാണ് .
1. കാര്‍ബണ്‍
2. ഹൈഡ്രജന്‍ ,
3. ഓക്സിജന്‍
4. നൈട്രജന്‍
5. ഫോസ്ഫറസ്
6. പൊട്ടാസ്യം
7. കാത്സ്യം
8. മഗ്നീഷ്യം
9. സള്‍ഫര്‍
10. ഇരുമ്പ്
11.. മാംഗനീസ്
12,. ചെമ്പ്
13. നാകം
14. ബോറോണ്
15. മോളിബ്ഡിനം
16. ക്ലോറിന്‍
17. നിക്കല്‍
കോബാള്‍ട്ട് , സോഡിയം, വനേഡിയം , സിലിക്കണ്‍ എന്നീ മൂലകങ്ങളും ചില ചെടികള്‍ക്ക് ആവശ്യമാണെന്നും കണ്ടിട്ടുണ്ട്.
സസ്യപോഷണ മൂലകങ്ങള്‍ മണ്ണില്‍ കാണപ്പെടുന്നതു വിവിധരൂപങ്ങളിലാണ് . ഒരു മൂലകം തന്നെ പല രൂപത്തില്‍ മണ്ണില്‍ ഉണ്ടാകാം. എന്നാല്‍ ഓരോ മൂലകവും ഓരോ പ്രത്യേക രൂപത്തില്‍ മാത്രമെ ചെടികള്‍ക്കു വലിച്ചടുക്കാന്‍ സാധിക്കൂ. അതുകൊണ്ട് മൂലകങ്ങള്‍ ധാരാളമായി മണ്ണിലുണ്ടായാല്‍ മാത്രം പോരാ അവ വലിച്ചടുക്കാന്‍ പാകത്തില്‍ ജലത്തില്‍ ലയിക്കുന്നവയും വലിച്ചെടുക്കാന്‍ പാകത്തിലുളള രാസരൂപത്തിലുമായിരിക്കണം.
നൈട്രജന്‍ , നൈട്രേറ്റ് (NO3 )എന്ന രാസരൂപത്തിലാണ് എല്ലാ ചെടികളും വലിച്ചെടുക്കുന്നത്. എന്നാല് നെല്ലിനു നൈട്രജനെ അമോണിയ (NH4+) രൂപത്തിലും വലിച്ചെടുക്കാന്‍ കഴിയും . പൊട്ടാസ്യം , കാത്സ്യം ,മഗ്നീഷ്യം, നാകം , കോബാള്‍ട്ട് , നിക്കല്‍ ( K+, Ca++, Mg++, Zn++,Co++, Ni+) ഇവ അവയുടെ അയോണിക് രൂപങ്ങളിലും സള്‍ഫര്‍ , മോളിബ്ഡിനം എന്നിവ സള്‍ഫേറ്റ് (SO4) മോളിബ്ഡേറ്റ് (MoO4) എന്നീ രൂപങ്ങളിലുമാണ് വലിച്ചെടുക്കപ്പെടുന്നത്. ഫോസ്ഫറസ് ആകട്ടെ പല രൂപങ്ങളിലും ആഗീകരണം ചെയ്യപ്പെടുമെങ്കിലും ഡൈ ഹൈഡ്രജന് ഫോസ്ഫേറ്റ് (H2PO4) എന്ന രൂപത്തില്‍ വലിച്ചെടുക്കാനാണ് ചെടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് . ബോറോണ് ബോറിക് ആസിഡ് (H3BO3) ആയും ക്ലോറിന്‍ അയോണ് രൂപത്തിലും (CI) വലിച്ചെടുക്കുന്നു. ഇരുമ്പ് , ചെമ്പ് , മാംഗനീസ് ഇവയ്ക്ക് അയോണിക് രൂപങ്ങള്‍ ഓക്സീകരണ അവസ്ഥയിലും നിരോക്സീകരണ അവസ്ഥയിലും വ്യത്യസ്തമായിരിക്കും . നിരോക്സീകരണ അവസ്ഥയില്‍ കാണപ്പെടുന്ന രൂപങ്ങളായ യഥാക്രമം Fe++, Cu++, MN++ എന്നിവയാണ് ചെടികള്‍ ആഗിരണം ചെയ്യാനിഷ്ടപ്പെടുന്നത്.
സസ്യപോഷണ മൂലകങ്ങള്‍
ചെടികള്‍ക്കാവശ്യമുളള മൂലകങ്ങളില്‍ കാര്‍ബണ്, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിവ വായുവില്‍ നിന്നും വെളളത്തില്‍ നിന്നും ലഭിക്കുന്നു. അതു കൊണ്ട് ഇവയ്ക്ക് ക്ഷാമമുണ്ടാകാറില്ല ബാക്കി മൂലകങ്ങള്‍ മണ്ണില്‍ നിന്നും കിട്ടേണ്ടവയാണ്
മണ്ണില്‍ നിന്നു കിട്ടേണ്ട മൂലകങ്ങളെ മൂന്നു വിഭാഗങ്ങളാക്കിത്തിരിച്ചിട്ടുണ്ട്.
1.. പ്രധാനമൂലകങ്ങള്‍
2. ഉപ പ്രധാനമൂലകങ്ങള്‍
3. സൂക്ഷ്മ മൂലകങ്ങള്‍
പ്രധാനമൂലകങ്ങള്‍
നൈട്രജന്‍ , ഫോസ്പറസ്, പൊട്ടാസ്യം എന്നിവയാണ് പ്രധാനമൂലകങ്ങള്‍ . കൂടിയ അളവില്‍ വേണ്ടിവരുന്നതു കൊണ്ടാണ് ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ മണ്ണില്‍ രാസവളങ്ങള്‍ ചേര്‍ക്കുന്നത് . അതു കൊണ്ട് ഇവയെ രാസവള മൂലകങ്ങളള്‍ എന്നും പറയുന്നു.
ഉപപ്രധാനമൂലകങ്ങള്‍
കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ പ്രധാനമൂലകങ്ങളുടെ അത്ര അളവ് ആവശ്യമില്ല. രാസവളമായി ഇവയെ സാധാരണയായി മണ്ണില്‍ ചേര്‍ക്കാറുമില്ല. അതു കൊണ്ട് ഇവയെ ഉപപ്രധാനമൂലകങ്ങള്‍ എന്നു പറയുന്നു
സൂക്ഷ്മ മൂലകങ്ങള്‍.
വളരെ കുറഞ്ഞ അളവില്‍ വിളകള്‍ക്കാവശ്യമുളള മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങള്‍. ഒരു ഹെക്ടറിലുളള വിള ഇത്തരം മൂലകങ്ങള്‍ ഏതാനും ഗ്രാം മാത്രമാണ് വലിച്ചെടുക്കുന്നത്. എന്നിരുന്നാലും ഇവയുടെ ലഭ്യത ചെടികള്‍ക്കു വളരെ പ്രധാനമാണ്. ഇരുമ്പ് , മാംഗനീസ്, ചെമ്പ് , നാകം, ബോറോണ്, മോളിബ്ഡിനം,ക്ലോറിന്‍ ,നിക്കല്‍ എന്നിവയാണ് ചെടികള്‍ക്കാവശ്യമുളള സൂക്ഷ്മമൂലകങ്ങള്‍
മൂലകങ്ങളുടെ പ്രധാന ധര്‍മ്മങ്ങള്‍
നൈട്രജന്‍
ചെടികളിലെ പ്രോട്ടീന്‍ നിര്‍മ്മാണത്തിലെ പ്രധാനഘടകമാണു നൈട്രജന്‍. പ്രോട്ടീനാണു ചെടികളുടെ വളര്‍ച്ചയുടെ പ്രധാനഘടകം. ഇലകള്‍ക്കു പച്ചനിറം കൊടുക്കുന്ന ക്ളോറോഫില്‍ കണികകളുടെ പ്രധാനഘടകം കൂടിയാണ് നൈട്രജന്‍. നൈട്രജന്റെ അഭാവത്തില്‍ വളര്ച്ചയെത്തിയ ഇലകളുടെ നിറം മഞ്ഞയാകുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ച മുരടിക്കുന്നതും കാണാം.
ഫോസ്ഫറസ്
വേരുകള്‍ വേഗം വളരുന്നതിനും അങ്ങനെ ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന മൂലകമാണിത് . അതു കൊണ്ടാണ് നാം ഫോസ്ഫറസ് വളങ്ങള്‍ അടിവളമായി എപ്പോഴും ഉപയോഗിക്കുന്നതി പെട്ടെന്ന് പുഷ്പിക്കുന്നതിനും കായ്കളുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും ഫോസ്ഫറസ് ആവശ്യമാണ്. ഈ മൂലകത്തിന്റെ അഭാവത്തില്‍ ഇലകള്‍ക്ക് നീലകലര്‍ന്ന പച്ചനിറം കൈവരുന്നതായി കാണാം. വേരുകളുടെ വളര്‍ച്ച മുരടിക്കുന്നതു കൂടാതെ കായ്കളുടെ വളര്‍ച്ചയും മോശമാകുന്നു.
പൊട്ടാഷ്
ചെടികള്‍ക്ക് കരുത്ത് , തണ്ടിന് കൂടുതല്‍ ബലം, രോഗങ്ങളെ ചെറുക്കാനുളള ശക്തി , വിളര്‍ച്ചയെ ചെറുക്കാനുളള ശക്തി എന്നിവ നല്കുന്നത് ഈ മൂലകമാണ്. ഇതിന്റെ അഭാവത്തില്‍ ചെടികളുടെ വളര്‍ച്ചയെത്തിയ ഇലകളുടെ അഗ്രഭാഗം കരിയുകയും തവിട്ടുനിറത്തിലാവുകയും ചെയ്യുന്നു. കായ്കളിലും വിത്തുകളിലും ചുളിവുകള്‍ ഉണ്ടാകുന്നതിനും ഇതിന്റെ അഭാവം വഴിതെളിക്കും.
കാത്സ്യം
സസ്യകോശഭിത്തിയുടെ പ്രധാനഘടകമാണിത്. കൂടാതെ വേരുകളുടെ വളര്‍ച്ചയ്ക്കും കാത്സ്യം അത്യാവശ്യമാണ്. കൂമ്പുകളില്‍ അഗ്രഭാഗങ്ങളുടെ വിളര്‍ച്ച മുരടിച്ച് ഒട്ടിപ്പിക്കുന്നത് ഈ മൂലകത്തിന്റെ അഭാവം കാണിക്കുന്നു. മുകുളങ്ങളും പൂക്കളും അസാധാരണമായി കൊഴിഞ്ഞു വീഴുന്നതും കാത്സ്യത്തിന്റെ അഭാവമാണ് കാണിക്കുന്നത്.
മഗ്നീഷ്യം
ഇലകളുടെ പച്ചനിറത്തിനു ഹേതുവായ ക്ലോറോഫില്‍ കണികകളുടെ മദ്ധ്യഭാഗത്തുളള മൂലകമാണ് മഗ്നീഷ്യം . മൂപ്പെത്തിയ ഇലകളുടെ അറികിലും ഞരമ്പുകള്‍ക്കിടയിലും പച്ചനിറെം മങ്ങുന്നതാണ് ഈ മൂലകത്തിന്റെ അഭാവത്തിന്റെ പ്രധാന ലക്ഷണം. ഇലകള്‍ ചെറുതാവുക, അവയുടെ മാര്‍ദ്ദവം നശിക്കുക, തണ്ടുകളുടെ ശക്തി ക്ഷയിച്ച് ഇലകള്‍ കൊഴിയുക എന്നിവയും മഗ്നീഷ്യത്തിന്റെ അഭാവം കാണിക്കുന്നു.
സള്‍ഫര്‍
ക്ലോറോഫില്‍ കണികകളുടെ നിര്‍മ്മാണത്തെ സഹായിക്കുന്ന മൂലകമാണിത്. എണ്ണക്കുരുക്കളില്‍ എണ്ണയുല്പാദനത്തെയും പയറുവര്ഗ്ഗങ്ങളുടെ പേരില്‍ നൈട്രജന്‍ സംഭരിക്കുന്ന മുഴകള്‍ ഉണ്ടാകുന്നതിനെയും ഇതു കാര്യമായി സഹായിക്കുന്നു. കായിക വളര്‍ച്ചമുരടിച്ചു കൂമ്പിലകള്‍ മഞ്ഞളിക്കുന്നത് ഈ മൂലകത്തിന്റെ അഭാവം കൊണ്ടാണ്.
ഇരുമ്പ്
ക്ലോറോഫില്‍ കണികകളുടെ നിര്‍മ്മാണത്തെ സഹായിക്കുന്നു. ഇലകളില്‍ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞളിപ്പു ബാധിക്കുന്നത് ഇരുമ്പിന്റെ അഭാവത്തിലാണ്. ഇരുമ്പിന്റെ അഭാവം രൂക്ഷമായാല്‍ ഇല മുഴുവനായും മഞ്ഞളിക്കും.
മാംഗനീസ്
മാംഗനീസിന്റെ പ്രവര്‍ത്തനം ഏതാണ്ട് ഇരുമ്പിന്റേതുപോലെ തന്നെയാണ്. തളിരിലകളില്‍ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞളിപ്പു ഉണ്ടാകുന്നതാണു മാംഗ്നീസിന്റെ അഭാവം കാണിക്കുന്നത്.
ബോറോണ്
മണ്ണിലല്‍ നിന്നും വേരുകള്‍ നൈട്രജന്‍ വലിച്ചെടുക്കുന്നതിനു സഹായിക്കുന്ന മൂലകം ബോറോണാണ്. കോശങ്ങളുടെ ഭിത്തിയുടെ ഒരു ഘടകം കൂടിയാണു ബോറോണ്. ഇതിന്റെ അഭാവത്തിലല്‍ വേരുകളുടെ വളര്‍ച്ച മുരടിക്കുന്നതോടൊപ്പം കൂമ്പുകളുടെ അഗ്രമുകുളങ്ങള്‍ നശിക്കുകയും ചെയ്യുന്നു. ചെടികളില്‍ പുഷ്പിക്കുന്നതിനും താമസമുണ്ടാകുന്നു. ഫലങ്ങളുടെ മാര്‍ദ്ദവം കുറയുന്നു.
നാകം
ഇതിന്റെ അഭാവത്തില്‍ പല ചെടികളിലും പലതരം ലക്ഷണങ്ങള്‍ കാണാം. നെല്ലിന്റെ മൂപ്പെത്തിയ ഇലകളില്‍ തവിട്ടുനിറത്തിലുളള പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് ഒരു ലക്ഷണമാണ്. കൂടാതെ നെല്ലിന്റെ വളര്ച്ചയും മുരടിക്കും. നാരക വര്‍ഗ്ഗങ്ങളില്‍ തളിരിലകള്‍ മുരടിച്ചു വീതി കുറഞ്ഞു വളരുന്നു. ഇതിനെ ലിറ്റില് ലീഫ് എന്ന് വിളിക്കുന്നു.
ചെമ്പ്
ചെമ്പിന്റെ അഭാവത്തില് തണ്ടുകളുടെ ശക്തി ക്ഷയിക്കുകയും അവ തിരിഞ്ഞു വളരുകയും ചെയ്യും. ചെടികളുടെ വളര്ച്ച മുരടിക്കുകയും കൂമ്പിലകളുടെ നിറം മങ്ങുകയും ചെയ്യുന്നത് ഇതിന്റെ അഭാവത്തിലാണ്. കൂടാതെ തണ്ടുകളുടെ മുകുളങ്ങള് നശിക്കുന്നതു മൂലം കൂടുതല് ചിനപ്പുകളും ശിഖരങ്ങളും ഉണ്ടാകുകയും ചെയ്യും.
മോളിബ്ഡിനം
പയറു വര്‍ഗ്ഗങ്ങളുടെ വേരില്‍ നൈട്രജന്‍ ശേഖരിക്കുന്ന പ്രവൃത്തി ഈ മൂലകത്തിന്റെ സഹായത്തിലാണ് നടക്കുന്നത്. ഇതിന്റെ അഭാവത്തില്‍ ഇലകള്‍ പൂര്‍ണ്ണമായി വളരില്ല. ചാട്ടവാറിന്റെ ആകൃതിയില്‍ ഇലകള്‍ പ്രത്യക്ഷപ്പെടുന്നത് ഈ മൂലകത്തിന്റെ അഭാവത്തിലാണ്.
ക്ലോറിന്‍
ചിലയിനം സസ്യങ്ങളില്‍ ഇലകളില്‍ക്കൂടിയുളള ജലനഷ്ടം നിയന്ത്രിക്കാന്‍ കഴിവുളള മൂലകമാണിത് . ഇലകള്‍ വാടുന്നതാണ് ക്ലോറിന്റെ അഭാവം കാണിക്കുന്ന ലക്ഷണം.
കോബാള്‍ട്ട്
പയറു വര്‍ഗ്ഗ ചെടികളുടെ വേരില്‍ നൈട്രജന്‍ സംഭരിക്കുന്ന ബാക്ടീരിയകള്‍ക്ക് ഈ മൂലകം ആവശ്യമാണ്.