കാർഷികം രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന പിഎം പ്രണാം പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് യോഗം അംഗീകാരം നൽകി. കാബിനറ്റും കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്‌സും തമ്മിലുള്ള യോഗത്തിന് ശേഷമായിരിക്കും പദ്ധതിക്ക് അംഗീകാരം ലഭിക്കുക.
പിഎം പ്രമോഷൻ ഓഫ് അൾട്ടർനേറ്റ് ന്യൂട്രിഷ്യൻസ് ഫോർ അഗ്രികൾചർ മാനേജ്മെന്റ് യോജന (പിഎം പ്രണാം) പ്രകാരം ജൈവ വളങ്ങളുടെ സമീകൃത ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി രാസവളങ്ങളുടെ സബ്സിഡി കുറയ്ക്കുന്നതിനും സാധിക്കും.
പിഎം പ്രണാം പദ്ധതിയുടെ സവിശേഷതകൾ
* പിഎം പ്രണാം പദ്ധതിക്ക് പ്രത്യേക ബജറ്റില്ല. രാസവള വകുപ്പ് നടത്തുന്ന പദ്ധതികളുടെ നിലവിലുള്ള വളം സബ്‌സിഡിയുടെ ലാഭത്തില്‍ നിന്ന് ധനസഹായം ലഭിക്കുന്ന തരത്തിലാണ് പിഎം പ്രണാം ക്രമീകരിച്ചിരിക്കുന്നത്.
* സബ്സിജിയിൽ നിന്ന് ലാഭിക്കുന്ന പണത്തിന്റെ 50 ശതമാനം സംസ്ഥാനത്തിന് ഗ്രാന്റായി നൽകും.
* പദ്ധതി പ്രകാരം നൽകുന്ന ഗ്രാന്റിന്റെ 70 ശതമാനം സംസ്ഥാനങ്ങൾക്ക് വളം ഉൽപ്പാദന യൂണിറ്റുകൾ, സാങ്കേതിക വിദ്യകൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഇവ ബ്ലോക്ക്, വില്ലേജ്, ജില്ലാ തലങ്ങളിൽ ആരംഭിക്കണം.
* ഗ്രാന്റ് തുകയുടെ ബാക്കിയുള്ള 30 ശതമാനം സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകൾ, കർഷക സംഘടനകൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ബോധവൽക്കരിക്കുന്നതിനും വളപ്രയോഗം കുറയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കാം.
* ഒരു പ്രത്യേക വർഷത്തിൽ സംസ്ഥാനത്തിന്റെ യൂറിയയുടെ ഉപയോഗം കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ യൂറിയയുടെ ശരാശരി ഉപഭോഗവുമായി സർക്കാർ താരതമ്യം ചെയ്യും.
സബ്സിഡിയിൽ വലിയ നേട്ടം 2022 സെപ്തംബർ 7 ന് റാബി പ്രചാരണത്തിനായുള്ള ദേശീയ കാർഷിക സമ്മേളനത്തിലാണ് പിഎം പ്രണാം പദ്ധതി സർക്കാർ നിർദ്ദേശിച്ചത്. രാസവളങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.2022-2023 സാമ്പത്തിക വർഷത്തിൽ 2.25 ലക്ഷം കോടി രൂപയായാണ് കേന്ദ്രം രാസവളങ്ങളുടെ സബ്സിഡി ഭാരം പ്രതീക്ഷിക്കുന്നത്. ഇത് മുൻവർഷത്തെ 1.62 ലക്ഷം കോടി രൂപയേക്കാൾ 39 ശതമാനം കൂടുതലാണ്. ഈ ചെലവ് കുറയ്ക്കാൻ പിഎം പ്രണാം പദ്ധതിയിലൂടെ സാധിക്കും
സർക്കാരിന്റെ കണക്കുകൾ പ്രകാരം രാസവളങ്ങളുടെ ആവശ്യകത അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, അമോണിയം ഫോസ്ഫേറ്റ്, എനൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നി രാസവളങ്ങൾക്ക് 2017-18 സാമ്പത്തിക വർഷത്തിലുണ്ടായ ആവശ്യത്തേക്കാൾ 21 ശതമാനം വർധനവാണ് 2021-22 സാമ്പത്തിക വർഷത്തിലുണ്ടായത്. 528.86 ലക്ഷം മെട്രിക് ടൺ ആവശ്യമായിരുന്നിടത്ത് 640.27 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. ഈ വർധനവ് കാരണം 5 വർഷത്തിനിടെ സബ്സിഡി തുകയും സർക്കാർ വർധിപ്പിച്ചു. 2023 സാമ്പത്തിക വർഷത്തിലേക്ക് 1.05 ലക്ഷം കോടിയാണ് സർക്കാർ നീക്കിവെച്ച സബ്സിഡി. എന്നാൽ ഇത് 2.25 ലക്ഷം കോടി കടന്നു. രാസവളത്തിന്റെ ഉപയോഗം കുറയ്ക്കാനും അതുവഴി ഖജനാവിലെ ഭാരം കുറയ്ക്കാനുമാണ് പിഎം പ്രണാം പദ്ധതി ശ്രമിക്കുന്നത്.
പദ്ധതിയുടെ മറ്റു നേട്ടങ്ങൾ
* രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ സ്വാഭാവിക പോഷകങ്ങൾ ഉൾപ്പെടെയുള്ള ജെെവവളങ്ങളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും.
* രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഇത് കൃഷിയുടെ വിളവും ഉത്പാദനക്ഷമതയും വർധിപ്പിക്കും
* രാസവളങ്ങളുടെ അമിതമായ സമ്പർക്കം കാരണമുണ്ടാകുന്ന രോഗങ്ങളെ തടയാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കാനും സാധിക്കും.
* രാസവളങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയും.