ശീതകാല പച്ചക്കറികൾക്ക് തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം

കാലാവസ്ഥാനുസൃതമാകണം കൃഷി എന്നാണല്ലോ? പക്ഷെ കാലാവസ്ഥ പിടി തരാതെ നിൽക്കുകയാണെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അപ്പോഴാണ് പലരും ദൈവത്തെ വിളിക്കുക.

നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക. ശുഭാപ്തിവിശ്വാസി ആയിരിക്കുക.

വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളാണ് മലയാളിയുടെ മഞ്ഞുകാലം. രാത്രിയിൽ തണുപ്പും പകൽ ഭേദപ്പെട്ട ചൂടും. ഈ കാലാവസ്ഥ സമതലപ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾക്ക് അരങ്ങൊരുക്കുന്നു.

 പ്രധാനമായും കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, നോൾ കോൾ, ചൈനീസ് കാബേജ്, ബോക് ചോയ് മുതലായവ.

ഇവയെല്ലാം തന്നെ തൈകൾ ഉണ്ടാക്കി പറിച്ച് നടേണ്ടവയാണ്.

നമുക്ക് നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ തന്നെ ഇവയുടെ തൈകൾ പറിച്ച് നടാൻ കഴിയണം. ഇപ്പോൾ തന്നെ തൈകൾ ഉണ്ടാക്കാൻ തുടങ്ങണം.

 ഒക്ടോബർ പതിനഞ്ചോടെ നിലം ഒരുക്കാനും.

തൈകൾ പ്രോ -ട്രേ (pro -tray ) കളിൽ തന്നെ ഉണ്ടാക്കാൻ പഠിക്കണം. അത് എങ്ങനെ വേണം എന്ന് നോക്കാം.

ആദ്യം സമതലങ്ങൾക്ക് പറ്റിയ ഇനങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

കാബേജ് : Namdhari Seed കമ്പനിയുടെ ഇനങ്ങളായ NS -43,160,183 എന്നിവ

കോളി ഫ്‌ളവർ -NS -60, ബസന്ത്, പൂസ മേഘന

98 കുഴികൾ ഉള്ള പ്രോ ട്രേകൾ അഭികാമ്യം. ഉപയോഗിച്ചു കഴിഞ്ഞ (used ) ഡിസ്പോസബിൾ ഗ്ലാസുകളും ഉപയോഗിക്കാം.

മിശ്രിതം ഉണ്ടാക്കുന്ന വിധം :

3:1 എന്ന അനുപാതത്തിൽ കഴുകി കറ കളഞ്ഞ് പുട്ടുപൊടിയുടെ ഈർപ്പത്തിൽ ഉള്ള ചകിരിചോറ്, അരിച്ചെടുത്ത ചാണകപ്പൊടി /വേർമികമ്പോസ്റ്റ്. (മൂന്ന് ചട്ടി ചകിരിച്ചോറിന് ഒരു ചട്ടി അരിച്ചെടുത്ത ചാണകപ്പൊടി)

ഇത് നന്നായി കൂട്ടിക്കലർത്തി എടുക്കുക.

മറ്റൊരു രീതി :3:1:1:1 (മൂന്ന് ഭാഗം ചകിരിച്ചോറ്, ഓരോ ഭാഗം വീതം അരിച്ചെടുത്ത ചാണകപ്പൊടി, Perlite, Vermicullite എന്നിവ)

ഈ മിശ്രിതം പ്രോ ട്രെകളിൽ നിറയ്ക്കുക. മറ്റൊരു പ്രൊ ട്രേ മുകളിൽ വച്ചു നന്നായി അമർത്തുക. വീണ്ടും മിശ്രിതം നിറയ്ക്കുക. വിരൽ കൊണ്ട് ചെറിയ ഒരു കുഴി ഉണ്ടാക്കി ഓരോ വിത്ത് വീതം ഓരോ കുഴികളിലും ഇട്ടു വിത്തോളം കനത്തിൽ മിശ്രിതം ഇട്ട് മൂടുക. ഒന്നിലധികം ട്രേകൾ ഉണ്ടെങ്കിൽ അവ ഒന്നിന് മുകളിൽ ഒന്നായി വച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് 48 മണിക്കൂർ മൂടി വയ്ക്കുക.

മഴ കൊള്ളാത്ത, നല്ല സൂര്യ പ്രകാശം കിട്ടുന്ന മഴ മറകളോ പോളി ഹൌസ് കളോ ആണ് ഗുണമേന്മയുള്ള പച്ചക്കറിതൈകൾ ഉണ്ടാക്കാൻ അനുയോജ്യം.

തണൽ കൂടിയാൽ തൈകൾ ബലം കുറഞ്ഞു നീണ്ടു വളരും. വണ്ടിയിൽ കടത്തുമ്പോൾ അല്ലെങ്കിൽ മാറ്റി നടുമ്പോൾ ഒടിഞ്ഞു പോകും. പെട്ടെന്ന് രോഗകീടങ്ങൾ ബാധിക്കും.

48 മണിക്കൂർ കഴിഞ്ഞ് ട്രേകൾ നിരത്തി വയ്ക്കുക. വിത്തിന്റെ തരം അനുസരിച്ച് അവ മുളച്ച് തുടങ്ങും. ആദ്യം അവയുടെ പരിപ്പ് ഇലകൾ (Cotyledons )ആയിരിക്കും മുളച്ച് വരിക. അവ യഥാർത്ഥ ഇലകൾ അല്ല.

 മൂന്നാമത്തെയും നാലാമത്തെയും ഇലകൾ വിരിഞ്ഞ് കഴിഞ്ഞാൽ 19:19:19 എന്ന വളം 1ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നൈസായി സ്പ്രേ ചെയ്യണം. അത്‌ കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോൾ ഇതേ വളം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു ഇതേ വളം 3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.

 ഇതിനിടയിൽ ഒന്നോ രണ്ടോ തവണ സ്യൂഡോമോണാസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം, ഇലപ്പുള്ളി, അഴുകൽ രോഗങ്ങൾ വരാതിരിക്കാൻ. കീടശല്യം ഉണ്ടെങ്കിൽ Tata mida /Magik /Confidor ഇവയിൽ ഏതെങ്കിലും ഒന്ന് 0.3ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാം.

ഇത്തരത്തിൽ നാലാഴ്ച പ്രായമുള്ള, കരുത്തുള്ള,5-6 ഇലകൾ ഉള്ള തൈകൾ വേണം, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് ശാസ്ത്രീയമായി നിലം ഒരുക്കി നടാൻ.

‘വിത്തിനൊത്ത വിള’ എന്നും ‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല ‘എന്ന കാര്യവും ഉത്തമൻ മറക്കാതിരിക്കുക.

Share Now

Leave a Reply

Your email address will not be published. Required fields are marked *