പത്രപോഷണ വളപ്രയോഗ രീതി

ഇലകളിലൂടെ വളം നല്‍കുന്ന രീതിയെയാണ് പത്രപോഷണം എന്നുപറയുന്നത്. പര്‍ണപോഷണമെന്നും ഇതറിയപ്പെടുന്നു.ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്. പത്രപോഷണത്തിന് മണ്ണില്‍ വളം കൊടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് കൊടുക്കുന്ന വളം ഏറ്റവും വേഗത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നത്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയിലെ പല നിര്‍ണായക ഘട്ടങ്ങളിലും പോഷകന്യൂനത അനുഭവപ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാന്‍ പത്രപോഷണത്തിലൂടെ സാധിക്കുന്നു. അതുപോലെ വിവിധ വളര്‍ച്ചാദിശകളില്‍ സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ നല്‍കുന്നതിനും ഈ രീതി വളരെ ഫലപ്രദമാണ്.കൊടുക്കുന്ന വളം ഒട്ടും നഷ്ടമാകുന്നില്ലെന്നതാണ് പത്രപോഷണത്തിന്റെ മറ്റൊരു ഗുണം. നല്‍കുന്ന വളത്തിന്റെ ഏതാണ്ട് 90 മുതല്‍ 95 ശതമാനം വരെ സസ്യങ്ങള്‍ക്ക് ലഭ്യമാകും. ചെറിയ അളവില്‍ വളം കൊടുത്താല്‍ മതിയാകും. അതുകൊണ്ട് തന്നെ പരിസ്ഥിതിക്കും ഈ വളപ്രയോഗരീതി ഏറെ അനുകൂലമാണ്.വെള്ളത്തില്‍ നല്ലതുപോലെ അലിയുന്ന വളങ്ങളോ വളക്കൂട്ടുകളോ ആണ് പത്രപോഷണത്തിന് ആവശ്യം. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങളും 19:19:19 പോലുള്ള വളക്കൂട്ടുകളും പത്രപോഷണത്തിന് യോജിച്ചതാണ്. ചെടിയുടെ വളര്‍ച്ചയനുസരിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മുതല്‍ 10 ഗ്രാം വരെ വളമോ വളക്കൂട്ടോ ചേര്‍ത്ത് യോജിപ്പിച്ചാണ് പത്രപോഷണം നടത്തേണ്ടത്. കൂടിയ അളവില്‍ ഇലകളിലൂടെ വളം നല്‍കരുത്. ഇത് ഇലകള്‍ ഉണങ്ങിക്കരിയുന്നതിനും അതിലൂടെ വിളനഷ്ടത്തിനും ഇടയാക്കും.രാവിലെയും വൈകുന്നേരങ്ങളിലും വെയില്‍ ഒഴിഞ്ഞുനില്‍ക്കുന്ന സമയങ്ങളാണ് പത്രപോഷണത്തിന് നല്ലത്. ഉച്ചസമയത്തെ വെയിലില്‍ ബാഷ്പീകരണത്തിനുള്ള ജലനഷ്ടം ഒഴിവാക്കാനായി സസ്യങ്ങള്‍ സ്റ്റൊമേറ്റകള്‍ അടയ്ക്കും. കൂടാതെ മഴയും കാറ്റുമുള്ളപ്പോള്‍ പത്രപോഷണം ഒഴിവാക്കുക. കാരണം മഴമൂലം കൊടുക്കുന്ന വളം ഒലിച്ചുനഷ്ടപ്പെടാം. അതുപോലെ കാറ്റ് മൂലം വളപ്രയോഗ ദിശയുടെ ഗതി തന്നെ മാറിപ്പോകാം. വളലായനിക്കൊപ്പം ചില വെറ്റിംഗ് ഏജന്റുകള്‍ കൂടി ചേര്‍ത്ത് നല്‍കുന്നത് വളപ്രയോഗത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. പലതരം വെറ്റിംഗ് ഏജന്റുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാണ്. നല്‍കുന്ന വളം കൃത്യമായി ഇലകളില്‍ ഒഴുകിപരന്ന് എല്ലാ സ്റ്റൊമേറ്റുകളില്‍ എത്താനും ഇലകളോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാനും ഈ വെറ്റിംഗ് ഏജന്റുകള്‍ സഹായിക്കും. 1 ലിറ്റര്‍ വളലായനിക്ക് 1 എംഎല്‍ വെറ്റിംഗ് ഏജന്റ് എന്നതാണ് കണക്ക്.ചെടിക്ക് ആവശ്യമായ മുഴുവന്‍ വളങ്ങളും ഇലകളിലൂടെ നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ട് തന്നെ മണ്ണിലും ഇലകളിലും വളം നല്‍കുന്ന തരത്തില്‍ വളപ്രയോഗം ക്രമീകരിക്കണം. ഇലകളിലൂടെ വളം നല്‍കുക എന്നത് ഒരിക്കലും മണ്ണിലൂടെ നല്‍കുന്നതിന് ഒരു പകരമാകുകയല്ല, മറിച്ച് അതിനെ പിന്താങ്ങുന്ന ഒരു പരിപാലന മുറയാണ് എന്നതാണ്. സംയോജിത മട്ടുപ്പാവ് തോട്ടങ്ങളില്‍ പത്രപോഷണ വളപ്രയോഗ രീതി ഫലപ്രദമാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *