വെള്ളരി വര്‍ഗത്തില്‍പ്പെട്ട പാവല്‍ അഥവാ കൈപ്പ പോഷകമൂല്യത്തിനു പുറമെ ഔഷധമൂല്യത്തിലും മുന്നിലാണ്. പ്രമേഹത്തെ ചെറുക്കാന്‍ പാവയ്ക്ക നീര് ഏറെ സഹായിക്കും. അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രക്തക്കുറവ് പരിഹരിക്കുന്നതിനും പാവയ്ക്ക ഉത്തമമാണ്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള പാവയ്ക്ക ഇനങ്ങള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാലും പച്ച, വെളുപ്പ് നിറങ്ങളിലുള്ള ഇനങ്ങളാണ് കേരളത്തിലധികവും കൃഷി ചെയ്യുന്നത്. പ്രീതി, പ്രിയങ്ക, മായ, പ്രിയ എന്നിവയാണ് കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഇനങ്ങള്‍. സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസങ്ങളാണ് പാവല്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. വേനല്‍ക്കാലത്ത് രോഗ കീടബാധ കൂടുതലാണ്.
കൃഷിരീതി
രണ്ട് മീറ്റര്‍ അകലത്തില്‍ ഒന്നരയടി സമചതുരത്തിലും താഴ്ചയിലുമുള്ള കുഴികളെടുത്ത് കുഴി ഒന്നിന് പത്തു കിലോ ചാണക പൊടിയൊ കമ്പോസ്റ്റോ, 50ഗ്രാം വീതം ചാരം, എല്ലുപൊടി എന്നിവയുമായി മണ്ണ് ചേര്‍ത്ത് കുഴി നിറക്കുക. വിത്തുകള്‍ 3- 4 സെമീ താഴ്ച്ചയില്‍ വിത്ത് പാകാം. പാകുന്നതിനു മുന്‍പായി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം.
കുതിര്‍ത്ത വിത്തുകള്‍ ഒരു നനഞ്ഞ തുണിയില്‍ കിഴി കെട്ടിവെയ്ക്കുക. ഇടയ്ക്കിടക്ക് നനച്ച് കൊടുക്കണം. മുള പൊട്ടുന്ന അവസരത്തില്‍ പാകാം. ചെടികള്‍ വള്ളി വീശുന്നതിനു മുമ്പായി കനം കുറഞ്ഞ കമ്പുകള്‍ നാട്ടി കൊടുക്കണം. അതിനുശേഷം 5-6 അടി ഉയരത്തില്‍ പന്തലിട്ടോ, കമ്പുകള്‍ കുത്തിയോ കൊടുക്കാവുന്നതാണ്. ചെടികള്‍ വളളി വീശാനാരംഭിച്ചാല്‍ ജൈവവളങ്ങളായ കോഴിക്കാഷ്ഠം, കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം ഇവയിലേതെങ്കിലും ഇട്ട് കൊടുക്കണം. കായ്ക്കുള്ളിലെ വിത്തു കട്ടിയാകുന്നതിനു മുമ്പുതന്നെ വീട്ടാവശ്യത്തിനു വേണ്ടവ പറിക്കേണ്ടതാണ്.
രോഗ-കീടനിയന്ത്രണം
കായ് മഞ്ഞളിപ്പും, പുഴുക്കുത്തുമാണ് പാവലിന് ബാധിക്കുന്ന പ്രധാന രോഗം. കായീച്ചയുടെ അക്രമണം മൂലമാണിത്. ഇത് തടയാന്‍ കായിടുമ്പോള്‍ തന്നെ പേപ്പര്‍ കൊണ്ടോ, പ്ലാസ്റ്റിക് കൊണ്ടോ പൊതിഞ്ഞിടുക. കേടുവന്ന കായ്കള്‍ പറിച്ചു മാറ്റണം. തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, മീന്‍ കെണി ഇവയിലേതെങ്കിലും ഉപയോഗിക്കാം. വളരെ സൂഷ്മതയോടെ പരിപാലിച്ചാല്‍ പാവല്‍ നല്ല ഫലം നല്‍കും. വിറ്റാമിനുകള്‍, അയണന്‍ എന്നിവയുടെ കലവറയായ പാവല്‍ നമ്മുടെ പച്ചക്കറിത്തോട്ടത്തില്‍ അത്യാവശ്യമാണ്.