പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമായ മരമാണ് പൂവരശ്

അനുദിന ജീവിതവുമായി ബന്ധപ്പെട്ട് മരത്തിന്റെ എല്ലാഭാഗവും ഉപയോഗകരമായി തീരുന്ന വൃക്ഷമാണ് പൂവരശ്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റ കൂടിയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും.

വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയായതിനാൽ ബോട്ടുണ്ടാക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. മണ്ണൊലിപ്പു തടയുന്നതിനും, വനവത്കരണത്തിനും ഉതകുന്ന ഉത്തമവൃക്ഷം. ചെറുവഞ്ചി, തുഴ എന്നിവയുടെ നിർമ്മാണത്തിനും ഒറ്റചക്രമുള്ള കൈവണ്ടി, ഗാർഹിക ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം നിർമ്മിക്കാൻ അനുയോജ്യമായ ഒരു മരം. മത്സ്യ ബന്ധലൈനുകൾ, ചരട്, കോഫി ബാഗ് എന്നിവയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

കണ്ടൽ പ്രദേശങ്ങളിൽ കൊഞ്ച് ഉൽപാദനത്തിന്റെ ഭാഗമായി അക്വാസിൽവികൾച്ചർ സിസ്റ്റത്തിൽ വരമ്പുകളും ബണ്ടുകളും ഏകീകരിക്കുന്നതിനായി പൂവരശ് നടാറുണ്ട്. പണ്ടു കാലം മുതൽ പുരയിടങ്ങളുടെ വേലിയായി നട്ടു വളർത്തിയിരുന്ന മരമാണിത്. ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വിളക്ക് കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. ഭക്ഷണം പൊതിയുന്നതിനും ഇതിന്റെ ഇലകൾ നല്ലതാണ്. ഉപ്പുവെള്ളത്തെ അതിജീവിക്കാൻ കഴിവുള്ളതിനാൽ തീരദേശ മണ്ണൊലിപ്പ് തടയുന്നതിനും പൂവരശിനോളം പറ്റുന്ന മറ്റൊരു മരവുമില്ല. വാനില കൃഷിക്ക് താങ്ങുമരമായും ഇത് ഉപയോഗിച്ചിരുന്നു.

വെള്ളത്തടിയോടു ചേർന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു. അകം തൊലി കോർക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വെള്ളത്തിൽ കുതിർത്ത തടിയിൽ നിന്ന് ലഭിക്കുന്ന ലായനി, കമ്പിളി വസ്ത്രങ്ങൾക്ക് കട്ടിയായ തവിട്ടു നിറം കൊടുക്കാൻ ഉപയോഗിക്കുന്നു. പാകമാകാത്ത പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും ലഭിക്കുന്ന മഞ്ഞചായവും, ഇലകളിൽ നിന്ന് ലഭിക്കുന്ന കറുപ്പു ചായവും പല വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു

Share Now

Leave a Reply

Your email address will not be published. Required fields are marked *