വീട്ടുമുറ്റത്തിന് അഴകേകാൻ സാൻപേപ്പർ വൈൻ

വീട്ടുമുറ്റത്ത് ഭം​ഗിയുള്ള പൂന്തോട്ടം തയ്യാറാക്കാൻ ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സ്ഥലപരിമിയാണ് പലരേയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് വലിയ പൂന്തോട്ടം ഒരുക്കാൻ സാധിക്കാത്തവർക്ക് അനായാസം വളർത്തിയെടുക്കാവുന്ന വള്ളിച്ചെടിയാണ് സാൻപേപ്പർ വൈൻ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി നന്നായി വളരുകയും പൂക്കളുണ്ടാവുകയും ചെയ്യുന്ന ചെടിയാണിത്. പൂന്തോട്ടത്തിന് അഴകും മുറ്റത്തിന് തണലും നൽകാൻ നട്ടുപിടിപ്പിക്കാം. പെട്രിയവൈൻ, സാൻപേപ്പർ വൈൻ എന്നീ പേരുകളിലൊക്കെ ഈ ചെടി അറിയപ്പെടുന്നു.

പൂക്കൾ വിരിഞ്ഞു തുടങ്ങുമ്പോൾ ആദ്യം നല്ല വയറ്റ് നിറമായിരിക്കും. പതിനഞ്ചോ ഇരുപതോ ദിവസം ഇതേ നിറത്തിൽ തന്നെ പൂക്കളുണ്ടാകും. പൂക്കൾ വിരിയുന്ന സമയത്ത് തേൻ നുകരാനായി പൂമ്പാറ്റകളും തേനീച്ചകളുമൊക്കെ ധാരാളം പാറിപ്പറക്കുന്നുണ്ടാകും. കുറച്ചു ദിവസങ്ങൾക്കു ശേഷം വയലറ്റ് നിറം മാറി വെളുത്ത നിറമാകും. വെള്ളം നിറം മാറി പതിയെ പച്ചനിറമാകും. പിന്നീട് പച്ചനിറം മാറി ​സ്വർണ നിറത്തിലാകും. ഈ നിറമുള്ള പൂക്കൾ ഡ്രൈ ഫ്ലവറായിട്ട് ഉപയോ​ഗിക്കാം.

അധികം പരിചരണമൊന്നും ആവശ്യമില്ലാത്ത സാൻപേപ്പർ വൈൻ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് നടുന്നതാണ് അനുയോജ്യം. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് നിറയെ പൂക്കളുണ്ടാകുന്നത്. അല്ലാത്ത സമയങ്ങളിലും പൂക്കളുണ്ടാകും. എന്നാൽ നിറയെ പൂക്കളുണ്ടാകുന്നത് ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്. പൂക്കൾ നിറഞ്ഞ സാൻപേപ്പർവൈൻ ചെടി കാണാൻ അതിമനോ​ഹരമാണ്. കാരണം അത്രയ്ക്കും ഭം​ഗിയുള്ള പൂക്കളാണ് ചെടികൾ നിറയെ പൂക്കുന്നത്. വള്ളികളായി പടർന്നു കയറുന്ന ഈ ചെടി വീടിന്റെ പ്രവേശനകവാടത്തിൽ നമുക്കിഷ്ടമുള്ള ആകൃതിയിൽ നട്ടുവളർത്തിയെടുക്കാം. വെള്ളം അധികമൊന്നും ആവശ്യമില്ല. വള്ളിച്ചെടിയാണെങ്കിലും ഇവയ്ക്ക് സ്വയം താങ്ങി നിൽക്കാനുള്ള കഴിവും ഉണ്ട്. ചെറുതായിരിക്കുമ്പോൾ മാത്രമേ താങ്ങായി എന്തെങ്കിലും നൽകേണ്ടതുള്ളൂ. മലിതിലിനോട് ചേർത്ത് നട്ടാൽ മതിലിലേക്ക് പടർത്തി വിടാം.

അഞ്ച് അല്ലികളുള്ള ഇളം വയലറ്റ് നിറമുള്ള പൂവിന് നടുവിൽ കടും നിറത്തിൽ ചെറിയൊരു പൂവ് വിടരുന്നു. ചെറിയ പൂക്കൾ ആദ്യം തന്നെ കൊഴിഞ്ഞ് പോകുന്നു. ചെറിയ പൂക്കളിലാണ് പരാ​ഗണം നടക്കുന്നത്. ചെടിയുടെ ചുവട്ടിൽ വീണുകിടക്കുന്ന പൂക്കൾ കാണാൻ തന്നെ ഒരു പ്രത്യേക ഭം​ഗിയാണ്. ഉണങ്ങിയ പൂക്കളിൽ നിന്നാണ് വിത്തുകൾ ലഭിക്കുന്നത്. എല്ലാ പൂക്കളിലെയും വിത്തുകൾ മുളയ്ക്കാറില്ല. ഉരുണ്ട് വൃത്താകൃതിയിലുള്ള വിത്തുകളാണ് മുളയ്ക്കുന്നത്.

ജന്മദേശം ലാറ്റിൻ അമേരിക്കയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാൻപേപ്പർ വൈൻ ഇപ്പോൾ ധാരാളമായിട്ടുണ്ട്. വിത്തു മുളപ്പിച്ചോ എയർലെയറിം​ഗ് ചെയ്തോ പുതിയ തൈകളുണ്ടാക്കാം. എല്ലാ പൂക്കളിലും വിത്തുകൾ കാണാറില്ല. ആയിരം പൂക്കളിൽ നിന്ന് കൂടിയാൽ പത്ത് വിത്തുകളെ കിട്ടൂ. ലെയറിം​ഗിലൂടെ തൈകളുണ്ടാക്കിയാൽ പെട്ടെന്ന് തന്നെ പൂക്കളുണ്ടാകും. പക്ഷേ ആയുസ് തീരെ കുറവാണ്. വിത്തുമുളച്ചുണ്ടാകുന്ന തൈകൾക്ക് അമ്പത് വർഷത്തോളമൊക്കെ ആയുസുണ്ട്.

ഇലകൾ സാൻപേപ്പർ പോലെ പരുക്കനാണ്. അതിനാലാണ് ഇവയ്ക്ക് ഇങ്ങനെയൊരു പേരു കൂടി വന്നത്. വിത്ത് മുളപ്പിച്ച തൈകൾ പൂക്കാൻ എട്ടുമാസത്തോളം സമയം വേണ്ടിവരും. ലെയർ ചെയ്തു മുളപ്പിച്ച തൈകൾ ഒരു മാസം കൊണ്ട് പൂവിടും. വയലറ്റ് നിറത്തിൽ മാത്രമല്ല വെള്ള നിറത്തിലും സാൻപേപ്പർ വൈൻ ചെടികളുണ്ട്. ഒന്നരമാസത്തോളം വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കൊഴിഞ്ഞു പോയി വീണ്ടും പത്തുദിവസത്തിനുള്ളിൽ മൊട്ടുകൾ വന്ന് പൂക്കളുണ്ടാകാൻ തുടങ്ങും. എല്ലാ ശിഖരങ്ങളിലും എപ്പോഴും നിറയെ പൂക്കൾ ഉണ്ടാകണമെന്നില്ല.സാൻപേപ്പർ വൈൻ ചെടിക്ക് വളമായി ചാണകപ്പൊടി മാത്രം മതി. വിത്ത് മുളച്ച് ഒരാഴ്ചയ്ക്ക് ശേഷം രണ്ട് ഇലകൾ വരും. സാവധാനമേ ചെടികൾ വളരുകയുള്ളൂ. വിത്ത് പാകി പതിനഞ്ചോ ഇരുപതോ ദിവസം കഴിഞ്ഞാലെ വിത്തുകൾ മുളയ്ക്കുകയുള്ളൂ. ശിഖരങ്ങളിൽ ലെയറിം​ഗ് ചെയ്തും തൈകളുണ്ടാക്കാം. എന്തിലും പുതുമ തേടുന്ന മലയാളികൾക്ക് പൂന്തോട്ടത്തിൽ വ്യത്യസ്ത പരീക്ഷണമായി സാൻപേപ്പർ വൈൻ നട്ടുവളർത്താം.

Share Now

Leave a Reply

Your email address will not be published. Required fields are marked *