സെസാമം ഇൻഡിക്ക’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എള്ള് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നു. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ട് എള്ള് അനശ്വരതയുടെ വിത്ത് എന്നും അറിയപ്പെടുന്നു.
മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവയും എള്ളിൽ ധാരാളമായുണ്ട്. മറ്റുള്ള ഭക്ഷ്യ എണ്ണകളെക്കാൾ എള്ളെണ്ണ ഗുണത്തിലും സ്ഥിരതയിതയിലും മുന്തിയതാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നതും ഇന്ത്യയിലാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ എള്ളു കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ആലപ്പുഴ കൊല്ലം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണൽനിലങ്ങളാണ്.
ഇനങ്ങൾ
കരപ്പാടം കൃഷിയ്ക്ക് 100-110 ദിവസം മൂപ്പുള്ള ഇനങ്ങളും താഴ്ന്ന നിലങ്ങളില്‍ 80-90 ദിവസം മൂപ്പുള്ളവയും ഉപയോഗിക്കാം.
കായംകുളം-1
– ഓണാട്ടുകരയിലെ താഴ്ന്ന നിലങ്ങള്‍ക്ക് യോജിച്ചത്
കായംകുളം-2
(തിലോത്തമ)
– ഓണാട്ടുകര നെല്‍പ്പാടങ്ങള്‍ക്ക് യോജിച്ചത്.
ഇലപ്പുള്ളിരോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.
ACV-1
– ശുദ്ധ നിര്‍ദ്ധാരിത ഇനം. ഓണാട്ടുകര വേനല്‍കൃഷിക്ക് യോജിച്ചത്.
ACV-2(സൂര്യ)
– ശുദ്ധ നിര്‍ദ്ധാരിത ഇനം. കരപ്പാടത്തിന് യോജിച്ചത്.
ACV-3(തിലക്)
– ശുദ്ധ നിര്‍ദ്ധാരിത ഇനം. ഓണാട്ടുകര വേനല്‍കൃഷിക്ക് യോജിച്ചത്.
തിലതാര(CST785*B14)
– ഓണാട്ടുകര നെല്‍പ്പാടങ്ങളില്‍ വേനല്‍കൃഷിക്ക്. 78 ദിവസം മൂപ്പ്. എണ്ണ 51.5%
OMT1165
– ഓണാട്ടുകര ഉയര്‍ന്ന നിലങ്ങള്‍ക്ക് യോജിച്ചത് (രണ്ടാംവിള) എണ്ണ 50.5%
തിലറാണി
– ഓണാട്ടുകര നെല്‍പ്പാടങ്ങളില്‍ വേനല്‍കൃഷിക്ക്.
ഓണാട്ടുകര ഭാഗത്തെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് യോജിച്ച കായംകുളം1, ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കുന്ന തിലോത്തമ എന്ന് അറിയപ്പെടുന്ന കായംകുളം 2, സോമ എന്നറിയപ്പെടുന്ന എ സി വി 1, ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ സൂര്യ എന്നറിയപ്പെടുന്ന എ സി വി2, വേനല്‍ക്കാലകൃഷിക്ക് അനുയോജയമായ തിലക് എന്ന എ സി വി 3 എന്നിവയാണ് പ്രധാന വിത്തിനങ്ങള്‍.
നടീൽ കാലം
താഴ്ന്ന നിലങ്ങള്‍:- ഡിസംബര്‍-ഏപ്രില്‍ (മൂന്നാംവിള)
കരപ്പാടം :- ആഗസ്റ്റ്-സെപ്റ്റംബര്‍.
കരപ്പാടങ്ങളിൽ മൂപ്പു കൂടിയ ഇനങ്ങളും നെൽപ്പാടങ്ങളിൽ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷിക്ക് യോജിച്ചത്.
നടീൽ വസ്തുക്കൾ
വിത്താണ് നടീല്‍ വസ്തു. ഹെക്ടറൊന്നിന് 4-5 കി.ഗ്രാം വിത്ത് രണ്ടോ മൂന്നോ ഇരട്ടി മണലുമായി കലര്‍ത്തി ഒരേപോലെ വീഴത്തക്കവിധം വിതയ്ക്കണം.
നടീൽ രീതികൾ
വളരെ ചെറിയ വിത്തായതിനാൽ നിലം രണ്ടോ നാലോ തവണ ഉഴുത് നല്ലവണ്ണം ഉഴുതശേഷം കട്ടകൾ ഉടച്ച് കളകളും മറ്റും നീക്കം ചെയ്തു മണ്ണ് പരുവപ്പെടുത്തിയശേഷം വേണം കൃഷിയിറക്കാൻ. നിലം നല്ലവണ്ണം നിരപ്പായിരിക്കണം. അടിവളമായി ചാണകമോ കംപോസ്റ്റോ ഹെക്ടറിന് അഞ്ച് ടൺ എന്ന അളവിൽ ചേർക്കുക. എള്ള് വിതയ്ക്കുമ്പോൾ അധികം ഇൗർപ്പം പാടില്ല. വിത്ത് എല്ലാ സ്ഥലത്തും ഒരു പോലെ വീഴത്തക്കവിധം വിതറണം. പല്ലി വലിച്ച് നിരപ്പലകകൊണ്ടമര്‍ത്തി വിത്ത് ചെറുതായി മണ്ണിട്ട് മൂടുക.
വളപ്രയോഗം
30:15:30 കിലോഗ്രാം നൈട്രോജെന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയാണ് എള്ളിന് ഒരു ഹെക്റ്റ റിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന വളപ്രയോഗം. ഇതിനായി ഒരു സെന്ററിലേക്ക് നല്‍കേണ്ടത് 260 ഗ്രാം യൂറിയ, 333 ഗ്രാം മസൂരിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നീ നേര്‍വളങ്ങളാണ്. മുഴുവന്‍ ഫോസ്ഫറസും, പൊട്ടാഷും, 195 ഗ്രാം യൂറിയയും നടുന്ന സമയത്ത് നല്‍കുക.
വിതച്ച് 20-35 ദിവസത്തിനുശേഷം ബാക്കിയുള്ള യൂറിയ ഇലകളില്‍ തളിച്ച് കൊടുക്കുക. ഇതിന് 3% വീര്യമുള്ള യൂറിയ ലായനി ഉപയോഗിക്കാം. ഇതിനായി ഒരു സെന്റ്റിലേക്ക് 65 ഗ്രാം യൂറിയ വേണ്ടി വരുന്നു. അമ്ലഗുണമുള്ള മണ്ണില്‍ വളങ്ങള്‍ നല്‍കുന്നതിനു രണ്ടാഴ്ചയ്ക്ക് മുന്നേ 1 – 3 കിലോ കുമ്മായമോ/ ഡോളോമൈറ്റോ ചേര്‍ക്കുക. സെന്ററിനു 20 കിലോ എന്ന തോതില്‍ കാലിവളം/കമ്പോസ്റ്റ് അവസാനത്തെ ഉഴവോടെ അടിവളമായും രാസവളങ്ങള്‍ മണ്ണില്‍ ഈര്‍പ്പമുള്ളപ്പോഴും ചേര്‍ക്കണം.
ജലസേചനം
മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് കൂടുതലെങ്കിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ നനച്ചും കൃഷി ചെയ്യാം. കൂടുതലുള്ള ചെടികള്‍ പറിച്ചുമാറ്റിയതിനുശേഷം ആദ്യ നനയാകാം. പിന്നീട്15-20 ദിവസം ഇടവിട്ട് നനയ്ക്കാം. കായ്കള്‍ മൂത്തു തുടങ്ങുമ്പോള്‍ നന നിര്‍ത്തണം.
നാല്-അഞ്ച് ഇല പരുവത്തിലും, ശിഖിരങ്ങള്‍ ഉണ്ടാകുന്ന സമയത്തും, പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും നനയ്ക്കുന്നത് വിളവ് 35% മുതല്‍ 52% വരെ കൂടുന്നതിന് സഹായിക്കും. രണ്ട് തവണ നനയ്ക്കുവാന്‍ കഴിയുമെങ്കില്‍ അത് കായിക വളര്‍ച്ചയുടെ സമയത്തും പൂക്കുമ്പോഴും നല്‍കുന്നതും ഒരു നനയാണെങ്കില്‍ പൂക്കുന്ന സമയത്ത് നല്‍കുന്നതുമാണ് ഉത്തമം.
വിളവെടുപ്പ്
കായ്‌കള്‍ക്ക് മഞ്ഞനിറമാകുമ്പോള്‍ ചെടികള്‍ പിഴുതെടുക്കണം. രാവിലെ വിളവെടുക്കേണ്ടതാണ്. വേരുകള്‍ മുറിച്ചുമാറ്റിയശേഷം കെട്ടുകളായി 3-4 ദിവസം വയ്ക്കുക. ഇലകള്‍ കൊഴിഞ്ഞുകഴിയുമ്പോള്‍ വെയിലത്ത് നിരത്തി വടി കൊണ്ടടിച്ച് കായ്കള്‍ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവര്‍ത്തിക്കണം. ആദ്യത്തെ ദിവസം എടുക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് 7 ദിവസത്തെ ഉണക്ക് വേണ്ടി വരും.
മറ്റ് ഇടക്കാല പ്രവർത്തനങ്ങൾ
വിതച്ച് 15 ദിവസത്തിനുശേഷവും 25 – 35 ദിവസത്തിനുശേഷവും കളയെടുക്കണം. ചെടിയ്ക്ക് 15 സെ. മീ ഉയരമാകുമ്പോള്‍ ചെടികള്‍ തമ്മില്‍ 15 – 25 സെ. മീ അകലം വരത്തക്കവിധം കൂടുതലുള്ള ചെടികള്‍ പറിച്ച് മാറ്റണം.
മൂല്യവർധിത ഉൽപ്പനങ്ങൾ
എള്ളെണ്ണയ്ക്കു മലയാളിയുടെ മനസ്സിൽ ഉയർന്ന സ്ഥാനമാണുള്ളത്. എണ്ണകളിൽ ഏറ്റവും ശ്രേഷ്ഠമായവയിൽ ഒന്ന് എള്ളെണ്ണയാണ് എന്ന തിരിച്ചറിവാണു കാരണം. എള്ളിൽ 50 ശതമാനം എണ്ണയും 25 ശതമാനം മാംസ്യവുമാണ് അടങ്ങിയിരിക്കുന്നത്.
ധാരാളം അപൂരിത കൊഴുപ്പുമുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് കൂടുതൽ ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ധാരാളം അപൂരിത കൊഴുപ്പുമുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് കൂടുതൽ ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇൗ രാസഘടകങ്ങളാണ് എള്ളെണ്ണയുടെ ഔഷധ മൂല്യം വർധിപ്പിക്കുന്നത്.
അനുബന്ധം
വിത്ത് സൂക്ഷിക്കല്‍
പോളിത്തീന്‍ കൂടുകളിലോ തകരപ്പാത്രങ്ങളിലോ, മരപ്പാത്രങ്ങളിലോ, മണല്‍പാത്രങ്ങളിലോ വിത്ത് സൂക്ഷിച്ചാല്‍ ഒരു വര്‍ഷംവരെ അങ്കുരണശേഷി നില നില്ക്കും. ചാരമായി കലര്‍ത്തിയാല്‍ വിത്തിന്റെ അങ്കുരണശേഷി വളരെ കുറയുമെന്നതിനാല്‍ ഒരു കാരണവശാലും അത് പാടില്ല.