സിന്ധു ചാക്കോ – കാർഷിക മേഖലയിൽ പിറന്ന സ്ത്രീ രത്നം!

ഉറച്ച ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു വനിത. അതെ ഇടുക്കി ചെറുതോണിക്കാരി സിന്ധു ചാക്കോ എന്ന കർഷക വനിത ഇന്ന് ഒത്തിരി വീട്ടമ്മമാർക്ക് പ്രചോദനമാണ്. 13 വർഷം മുൻപ് നാലു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിൻറെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന സിന്ധു ചാക്കോ ഇന്ന് കാർഷിക കേരളത്തിന്റ അഭിമാനമാണ്.

13 വർഷങ്ങൾക്കു മുൻപ് ഭർത്താവ് വീടു വിട്ടു പോയപ്പോൾ തുടങ്ങിയ പോരാട്ടമാണ് സിന്ധുവിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഭർത്താവ് വീടുവിട്ടിറങ്ങിയപ്പോഴും നാലു മക്കളും തനിച്ചാണെന്ന ചിന്തയിലും സിന്ധു പതറിയില്ല മനക്കരുത്തോടെ മുന്നേറുകയാണ് ഈ വീട്ടമ്മ ചെയ്തത്. കാർഷികമേഖലയിൽ ഇന്ന് സിന്ധു കൈവെക്കാത്ത മേഖലകളില്ല. വെറും 18 സെൻറ് സ്ഥലത്ത് നിരവധി കൃഷി രീതികൾ അവലംബിച്ച് വീട്ടമ്മയാണ് സിന്ധു. രണ്ടു പശുക്കിടാവ് പരിചരണത്തിൽ തുടങ്ങിയ ജീവിതം ഇന്ന് ആയിരം കാടകൾ വളർത്തുന്ന വലിയൊരു ഫാം വരെ എത്തി നിൽക്കുന്നു. ഭർത്താവ് വീട് വിട്ടുപോയപ്പോൾ ബന്ധുവിന്റെ പ്രേരണയാൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ആണ് സിന്ധു പശുവളർത്തലിലേക്ക് തിരിഞ്ഞത്. ഇതിനുശേഷമാണ് പന്നിവളർത്തൽ തിരിഞ്ഞത്. പക്ഷേ പിന്നീട് പന്നി വളർത്തൽ ഉപേക്ഷിക്കുകയും മുട്ട കോഴി വളർത്തലിലേക്ക് തിരിയുകയും ആണ് ഉണ്ടായത്. ഇടുക്കിയിലുള്ള ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പാൽ അളക്കുന്ന ജോലിയും ലഭിച്ചതോടെ സിന്ധുവിന് കുറച്ചു സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിച്ചു. മൂന്നു വർഷത്തിനു മുൻപാണ് കാട വളർത്തലിലേക്ക് പൂർണ്ണമായും സിന്ധു തിരിയുന്നത്. കാട വളർത്തൽ സിന്ധുവിന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായി.

കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം കൈവരിക്കാവുന്ന ഒരു ബിസിനസ് ആണ് കാടവളർത്തൽ എന്ന് സിന്ധു തന്നെ പറയുന്നു. ഇതിൽ നിന്ന് ലഭിച്ച സ്ഥിരവരുമാനം തന്നെയാണ് ജീവിതത്തിൽ സാമ്പത്തികമായി മുന്നേറാൻ കാരണമായതെന്ന് ഈ വനിത പറയുന്നു. 500 കാടകളെ വളർത്തി ആണ് കൃഷി ആരംഭിച്ചതെങ്കിലും ഇന്ന് ആയിരത്തിനു മേലെ കാടകളെ ആണ് സിന്ധു വളർത്തുന്നത്. ഒരു വർഷം കഴിഞ്ഞു മുട്ടയിടൽ അവസാനിക്കുന്നതോടെ കാടകളെ വിൽക്കുകയാണ് ഈ വീട്ടമ്മ ചെയ്യുന്നത്. പ്രാദേശികമായി കാടമുട്ട വിൽക്കുന്നത് സിന്ധു തന്നെയാണ്. ഇതോടൊപ്പം ഇപ്പോഴും മുട്ടക്കോഴികളെയും, താറാവു കുഞ്ഞുങ്ങളെയും സിന്ധു വളർത്തുന്നുണ്ട്.

ഇതുകൂടാതെ സിന്ധു വിജയം കൈവരിച്ച രണ്ട് മേഖലകളാണ് മുയൽ കൃഷിയും മത്സ്യകൃഷിയും. വൈറ്റ് ജെയ്ൻ, ഗ്രേറ്റ് ജെയ്ൻ, സോവിയറ്റ് ചിഞ്ചില തുടങ്ങിയ ഇനങ്ങൾ സിന്ധുവിന്റെ മുയൽ ശേഖരത്തിലുണ്ട്. മത്സ്യകൃഷിക്ക് ആധുനിക രീതിയിലുള്ള ബയോ ഫ്ലോക് ക്ലോക്ക് മാതൃകയാണ് സിന്ധു ഉപയോഗിക്കുന്നത്. ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽ പെട്ട മത്സ്യം ആണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. അഞ്ചോളം വരുന്ന ചെറിയ പടുതാ കുളത്തിൽ മത്സ്യകൃഷി പൊടിപൊടിക്കുകയാണ് സിന്ധു. ആവശ്യക്കാർക്ക് ശുദ്ധജല മത്സ്യ വിൽപനയും ഇവിടെയുണ്ട്. ഇതുകൂടാതെ വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും സിന്ധു വീടിനോട് ചേർന്ന് തന്നെ തന്നെ ഉത്പാദിപ്പിക്കുന്നു. തേനീച്ച കൃഷിയിലും, ആടുവളർത്തലും പശു വളർത്തലും ഇപ്പോഴും സിന്ധു ചെയ്യുന്നുണ്ട്.

ഇടുക്കി പള്ളി വികാരി ഫാദർ ജോർജ് കാരിവേലിക്കലും മരിയാപുരം കൃഷിഓഫീസർ അനിൽകുമാറും എല്ലാ പിന്തുണയുമായി സിന്ധുവിന് ഒപ്പമുണ്ട്. സിന്ധുവിനെ മക്കളായ നിമ്മി, നിജി, ജിതിൻ, ജീന തുടങ്ങിയവരും സിന്ധുവിന്റെ അമ്മയും കൃഷിയിൽ ചെറിയ സഹായങ്ങളുമായി ഇവർക്കൊപ്പം നിൽക്കുന്നു. കാർഷികജീവിതം പകർന്ന നൽകിയ ഊർജ്ജമാണ് സിന്ധുവിന്റെ ജീവിതത്തിൻറെ ആധാരം.സിന്ധുവിനെ പോലെ അപ്രതീക്ഷിതമായ ജീവിത പ്രതിസന്ധികളെ തികഞ്ഞ മനശക്തിയോടെ നേരിട്ട സ്ത്രീരത്നങ്ങൾ ആണ് നമ്മുടെ നാടിൻറെ അഭിമാനം… സിന്ധു എന്ന കർഷക വനിതയുടെ ജീവിതകഥ ഒത്തിരി പേർക്ക് പ്രചോദനമാവട്ടെ..

Share Now

Leave a Reply

Your email address will not be published. Required fields are marked *