ഇന്നു ലോകത്ത് കൃഷി ചെയ്യപ്പെടുന്ന വാഴ ഇനങ്ങളെല്ലാം മ്യൂസ അക്യൂമിനേറ്റ, മ്യൂസ ബൽബീസിയാന എന്നീ ഇനങ്ങളുടെ സന്തതി പരന്പരകളായി കരുതപ്പെടുന്നു. ഈ പാരന്പര്യ
ഇന്നു ലോകത്ത് കൃഷി ചെയ്യപ്പെടുന്ന വാഴ ഇനങ്ങളെല്ലാം മ്യൂസ അക്യൂമിനേറ്റ, മ്യൂസ ബൽബീസിയാന എന്നീ ഇനങ്ങളുടെ സന്തതി പരന്പരകളായി കരുതപ്പെടുന്നു.
ഈ പാരന്പര്യ ഇനങ്ങളുടെ സ്വഭാവ സവിശേഷതകൾക്ക് അഅ എന്നും ആആ എന്നും പേരിട്ട് നൽകിയാണ് വാഴയിനങ്ങളെ വേർതിരിക്കുന്നത്. അതുപോലെ വാഴപ്പഴ ഉപയോഗത്തെ അടിസ്ഥാനമാക്കി വാഴയിനങ്ങളെ മൂന്നായി തരം തിരിക്കാറുണ്ട്.
1. കറിക്കായി ഉപയോഗിക്കുന്ന ഇനങ്ങൾ. ഉദാ: മൊന്തൻ ഇനങ്ങൾ. 2. പഴത്തിനായി ഉപയോഗിക്കുന്ന ഇനങ്ങൾ. ഉദാ: ഡ്വാർഫ് കാവൻഡിഷ്, ഗ്രാന്റ്നെയിൻ. 3. കറിക്കും പഴമായും ഉപയോഗിക്കുന്ന ഇനങ്ങൾ. ഉദാ: നേന്ത്രൻ, പാളയംകോടൻ.
ഇതിൽ നേന്ത്രൻ ഇനങ്ങൾ ഒഴികെയുള്ളവയെ പരിചയപ്പെടാം.
1. പാളയംകോടൻ
പാളയംതോടൻ, ചെറുകായ, മൈസൂർ പൂവൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാളയംകോടൻ കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്ന ഒരിനമാണ്. കറിക്കായും പഴുപ്പിച്ചും ഉപയോഗിക്കാം. നല്ല പരിചരണമുണ്ടെങ്കിൽ 15 പടലയിൽ അധികം ഒരു കുലയിൽ ഉണ്ടാകും.
നേന്ത്രവാഴയെ അപേക്ഷിച്ച് വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. കേരളത്തിലെ വീട്ടുവളപ്പുകളിൽ നിറസാന്നിധ്യമാണ് ഈ വാഴയിനം. ഇതു പഴുക്കുന്പോഴും അല്പം പുളിരസമുണ്ട്.
നേർത്ത തൊലിയോട് കൂടിയ പാളയംകോടൻ പഴുത്താൽ നല്ല മഞ്ഞനിറമാണ്. മലബന്ധം അകറ്റാൻ ഭക്ഷണശേഷം പാളയം കോടൻ പഴം കഴിക്കുന്നത് നല്ലതാണ്.
2. ഞാലിപൂവൻ
രസകദളിയെന്നും വടക്കൻ കദളിയെന്നും അറിയപ്പെടുന്ന ഞാലിപൂവൻ തെക്കൻ കേരളത്തിൽ സമൃദ്ധമായി വളരുന്ന ഇനമാണ്.
ഒട്ടും പുളിപ്പ് ഇല്ലാത്ത മധുരമേറിയ പഴങ്ങളാണ് ഈയിനത്തിന്റെ മേ·. തെങ്ങ്, കമുക് തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ച ഇനമാണ്.
മാർക്കറ്റിൽ ഏറെ ആവശ്യക്കാരുള്ള ഞാലിപൂവനു വരൾച്ചയെ പ്രതിരോധിക്കാനും കഴിവുണ്ട്. പഴുത്താൽ പെട്ടെന്നു പൊഴിഞ്ഞു വീഴില്ല.
ധാരാളം കന്നുകൾ ഉണ്ടാകുമെന്നതിനാൽ വാഴയിലയ്ക്കായും വളർത്താറുണ്ട്.
3. പൂവൻ
രസ്താളി, നാട്ടുപൂവൻ, അരിപൂവൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നല്ല മധുരവും മയവും വഴക്കമുള്ള കഴന്പോടുകൂടിയ പഴങ്ങൾ ജ്യൂസ് ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
പുളിരസം ഒട്ടുമില്ലാത്ത ഇവയ്ക്ക് മധുരവും കൂടുതലാണ്. പനാമ വാട്ടം പോലെയുള്ള രോഗങ്ങൾക്ക് എളുപ്പം കീഴ്പ്പെടുന്ന ഇനമാണ്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലെ കൃഷിക്ക് ഒട്ടും അനുയോജ്യമല്ല.
4. ചെങ്കദളി
ലാൽകേല, രക്തകദളി എന്നറിയപ്പെടുന്ന ഈ ഇനം തിരുവനന്തപുരത്ത് കിഴക്കൻ മേഖലയിലും കന്യാകുമാരി ജില്ലയിലും കപ്പവാഴ എന്ന പേരിൽ കൃഷിചെയ്തുവരുന്നു.
കന്ന് നട്ടു കുല ലഭിക്കുന്നതിന് 14-18 മാസങ്ങൾ വേണ്ടി വരാറുണ്ട്. കുറുനാന്പ് രോഗത്തിനെതിരേ പ്രതിരോധശേഷിയില്ലാത്ത ഇനമായതിനാൽ നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധി ക്കണം.
മൂക്കുന്നതിനു മുന്പു കായ്കൾക്കു നല്ല കട്ടിയുള്ള ചുവപ്പ് നിറമാണ്. പഴുക്കുന്നതോടെ നേരിയ ഓറഞ്ച് നിറം ചേർന്ന ചുവപ്പാകും. ചെങ്കദളി പഴങ്ങൾക്ക് ഹൃദ്യമായ ഗന്ധവുമുണ്ട്.
5. കുന്നൻ
വലിയ കുന്നൻ, അടയ്ക്ക കുന്നൻ, പൂച്ചകുന്നൻ എന്നീ പേരുകളിൽകണ്ടുവരുന്ന കായയിനം. ധാരാളം അന്നജം അടങ്ങിയിട്ടുള്ളതിനാൽ മൂപ്പെത്തുന്നതിനു മുന്പു തൊലി കളഞ്ഞ് ഉണക്കി പൊടിച്ചെടുത്താൽ ചെറിയ കുട്ടികൾക്കുള്ള മികച്ച ആഹാരമായി ഉപയോഗിക്കാം.
വരൾച്ചയേയും രോഗബാധകളേയും ചെറുക്കാൻ കഴിവുണ്ട്. തെങ്ങ്, കമുക് ഇവയ്ക്കിടയിൽ കാര്യമായി പരിചരണമുറകൽ ഒന്നുമില്ലാതെ സാമാന്യം നല്ലവിളവ് നൽകാൻ ശേഷിയുണ്ട്.
6. കർപ്പൂര വള്ളി
കായ്കൾക്കു ചാരനിറമുള്ള ഇനമാണ് കർപ്പൂരവള്ളി. പടലയിൽ കായ്കൾ ഭംഗിയായി അടുക്കിയ രീതിയിലാണ് കാണുന്നത്. കുറുനാന്പ് രോഗത്തെ ചെറുത്തുനില്ക്കാൻ കഴിവുണ്ട്.
7. മൊന്തൻ
ചെട്ടിക്കായ്, പൊന്തൻകായ് എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്വാദിഷ്ടമായ കറിക്കായ എന്ന നിലയ്ക്ക് മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ട്.
വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഈ വാഴകൾക്ക് ഉയരം കൂടുതലുണ്ട്. രോഗബാധയും കുറവാണ്.
8. റോബസ്റ്റ
അധികം ഉയരത്തിൽ വളരാത്ത, പഴുത്താലും കടുത്ത മഞ്ഞനിറം ഇല്ലാത്ത ഇനമാണു റോബസ്റ്റ. സാമാന്യപരിചരണത്തിൽപ്പോലും 20-25 കിലോ തൂക്കം ലഭിക്കും.
നല്ല തൊലിക്കട്ടിയുമുണ്ട്. പഴുത്താലും പച്ചനിറവുമുണ്ടാകും. പത്ത് മാസത്തിനുള്ളിൽ വിളവെടുക്കാമെന്ന മെച്ചവുമുണ്ട്. പഴുത്താൽ പഴങ്ങൾ പെട്ടെന്നു കൊഴിഞ്ഞുവീഴും.
9. ഗ്രാന്റ് നെയിൻ (ഏ9)
രാജ്യാന്തര പ്രസിദ്ധിയുള്ള വാഴയിനമാണ് ഗ്രാന്റ് നെയിൻ. അന്താരാഷ്ട്ര വാഴ വിപണിയുടെ മുക്കാൽ പങ്കും കൈയടക്കിയിരിക്കുന്നത് ഇസ്രായേൽ വാഴയിനമായ ഗ്രാന്റ് നെയിനാണ്. ആറാം മാസം കുലയ്ക്കുകയും 9-ാം മാസം കുലവെട്ടുകയും ചെയ്യാമെന്ന ഗുണമുണ്ട്.
25-30 കിലോ തൂക്കമുള്ള കുലകളിലെ അധികഭാഗം പടലകളിലും ഒരേ പോലെയുള്ള കായ്കളാണ് കാണുന്നത്. അതിനാൽ കയറ്റുമതിക്ക് ഏറ്റവും യോജിച്ച ഇനമാണ്.
10. ഡ്വാർഫ് കാവൻഡിഷ്
മഹാരാഷ്ട്രയിലും ആന്ധ്രയിലും, തമിഴ്നാട്ടിലും വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ് ഡ്വാർഫ് കാവാൻഡിഷ്.
നല്ല തൊലിക്കട്ടി, പഴുത്താലും പച്ചനിറം, ഏകദേശം എല്ലാ പടലകളിലും ഒരേ പോലെയുള്ള കായ്കൾ, കുറിയ വാഴയിനം എന്നീ പ്രത്യേകതകളുണ്ട്. പഴത്തിനായിട്ടാണ് ഈയിനം പ്രധാനമായും ഉപയോഗിക്കുന്നത്.
ഇതുകൂടാതെ അസംഖ്യം വാഴയിനങ്ങൾ കേരളത്തിലും തെക്കേന്ത്യൻ സംസ്ഥാനങ്ങളിലും കൃഷിചെയ്തുവരുന്നു.
ഗുരുവായൂരിലെ നിവേദ്യമായി ഉപയോഗിക്കുന്ന നിവേദ്യകദളി, കുടപ്പൻ ഇല്ലാത്ത കൂന്പില്ലാകണ്ണൻ, തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും കാണുന്ന മട്ടി, പഴനി ക്ഷേത്രത്തിൽ പഞ്ചാമൃത നിർമാണത്തിന് ഉപയോഗിക്കുന്ന വിരൂപാക്ഷി എന്നിവ പ്രാധാന്യമർഹിക്കുന്ന ഇനങ്ങളാണ്.