നല്ല മണ്ണില്‍ നിന്നേ നല്ല വിളവ് ലഭിക്കൂ. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മനസിലാക്കാന്‍ മണ്ണു പരിശോധന അത്യാവശ്യമാണ്. ഇലകളുടെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കുന്നതു വഴി വിളകളുടെ പോഷക കുറവുകള്‍ അറിയാം
നല്ല മണ്ണില്‍ നിന്നേ നല്ല വിളവ് ലഭിക്കൂ. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മനസിലാക്കാന്‍ മണ്ണു പരിശോധന അത്യാവശ്യമാണ്. ഇലകളുടെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കുന്നതു വഴി വിളകളുടെ പോഷക കുറവുകള്‍ അറിയാം. ഇങ്ങനെയുള്ള പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗവും വിള പരിപാലനമുറകളും വഴി തോട്ടവിളകളില്‍ നിന്ന് അധികലാഭം നേടാനാകും.
പരിശോധന ഫലത്തിന്‍റെ കൃത്യത സാമ്പിളുകള്‍ ശേഖരിക്കുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. മണ്ണില്‍ സ്വാഭാവികമായി നില നില്‍ക്കുന്ന വ്യതിയാനങ്ങള്‍ കൊണ്ടും തോട്ടങ്ങളില്‍ വിവിധതരം കൃഷിയും വിളകളും, കൃഷി രീതികളും പിന്തുടരുന്നതും ഒരേ തരത്തിലുള്ള സാമ്പിള്‍ ശേഖരണത്തിനു തടസമാണ്. എന്നിരുന്നാലും പൊതുവായി തോട്ടവിളകളില്‍ നിന്നു മണ്ണ് ശേഖരിക്കുമ്പോള്‍ അവയുടെ കൃത്യത എങ്ങനെ കൂട്ടാനാകുമെന്നു നോക്കാം.
മണ്ണില്‍ ആവശ്യമായ ഈര്‍പ്പം ഉണ്ടായിരിക്കുമ്പോഴാണ് സാമ്പിള്‍ ശേഖരിക്കേണ്ടത്. ഏപ്രില്‍-മെയ് മാസങ്ങളാണ് ഉത്തമം. വള പ്രയോഗം നടത്തുന്നതിനു മുമ്പു പരിശോധനയ്ക്കുള്ള മണ്ണ് ശേഖരിക്കണം. വരണ്ടുണങ്ങിയതും ശക്തമായ മഴയ്ക്ക് ശേഷവുമുള്ള മണ്ണും എടുക്കരുത്.
ആവശ്യമുള്ള ഉപകരണങ്ങള്‍
സോയില്‍ ഓഗര്‍ അല്ലെങ്കില്‍ കോര്‍ സാംപ്ലര്‍, മണ്‍വെട്ടി അഥവാ തൂമ്പ, പോളിത്തീന്‍ ഷീറ്റുകള്‍, പൊളിത്തീന്‍ കവറുകള്‍, പേപ്പര്‍ കവറുകള്‍, അടയാളപ്പെടുത്താനായി മാര്‍ക്കര്‍ പേന, ലേബലുകള്‍.
മണ്ണ് ശേഖരിക്കേണ്ട രീതി
തോട്ടത്തിന്റെ പലയിടങ്ങളില്‍ നിന്നു മണ്ണ് ശേഖരിക്കണം. കമുകിന്‍ തോട്ടങ്ങളിലും, കോക്കോ തോട്ടങ്ങളിലും പരിശോധനയ്ക്കായുള്ള മണ്ണ് ശേഖരിക്കുമ്പോള്‍ മരത്തിന്റെ ചുവട്ടില്‍ നിന്നു 2 അടി മാറി ഒരടി താഴ്ചയില്‍ നിന്നും രണ്ടടി താഴ്ചയില്‍ നിന്നും സോയില്‍ ഓഗര്‍ അല്ലെങ്കില്‍ കോര്‍ സാംപ്ലര്‍ ഉപയോഗിച്ചു മണ്ണെടുക്കണം. ഇതില്ലെങ്കില്‍ മണ്‍വെട്ടി അല്ലെങ്കില്‍ തൂമ്പ ഉപയോഗിക്കാം. തെങ്ങിന്‍ തോട്ടത്തിലാണെങ്കില്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ മാറി വേണം സാമ്പിള്‍ ശേഖരിക്കാന്‍.
സാമ്പിള്‍ ശേഖരിക്കുന്നതിന് മുമ്പു കളകളും മറ്റു ചപ്പുചവറുകളും ജീര്‍ണിച്ചു തുടങ്ങിയിട്ടുള്ള മാലിന്യങ്ങളും നീക്കം ചെയ്യണം. വി ആകൃതിയില്‍ 1 മുതല്‍ 1.5 അടി ആഴത്തില്‍ നിന്നു മണ്ണ് വെട്ടി മാറ്റുക. പിന്നീട് രണ്ടുവശങ്ങളില്‍ നിന്നും മണ്ണ് ചെത്തിയെടുത്തു ഒരു സാമ്പിള്‍ തയാറാക്കാം. മരത്തിന്റെ എതിര്‍ വശങ്ങളില്‍ നിന്നും ഇപ്രകാരം ശേഖരിക്കണം. എന്നിട്ടു കൂട്ടി യോജിപ്പിച്ചു മറ്റൊരു സാമ്പിള്‍ തയാറാക്കാം.
ഒരേക്കറില്‍ നിന്നു ഒരു പോലെയുള്ള നിറവും ഘടനയും ഈര്‍പ്പവുമുള്ള സാമ്പിളുകള്‍ കൂട്ടിയോജിപ്പിച്ചു ഒരു സംയുക്ത സാമ്പിളുണ്ടാക്കാം. ഇങ്ങനെ ഒരേക്കറില്‍ നിന്നു 5 മുതല്‍ 10 സംയുക്ത സാമ്പിളുകള്‍ നിര്‍മ്മിക്കാം.
പുതിയ തോട്ടമാണെങ്കില്‍ പലയിടങ്ങളില്‍ നിന്നു ശേഖരിച്ച മണ്ണ് കൂട്ടിയോജിപ്പിച്ചു അതില്‍ നിന്നും 500 ഗ്രാം വരുന്ന സംയുക്ത സാമ്പിള്‍ പരിശോധനയ്ക്കു നല്‍കാം. മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ ഒരേ ഭൂപ്രകൃതിയിലുള്ളതും ഒരേ തരത്തിലുള്ള കൃഷിയോ, വിളയോ, കൃഷി രീതിയോ ഉള്ള പ്രദേശങ്ങളില്‍ നിന്നെടുത്ത മണ്ണ് മാത്രമേ കൂട്ടി യോജിപ്പിച്ചു സംയുക്ത സാമ്പിള്‍ തയാറാക്കാവൂ.
സംയുക്ത സാമ്പിള്‍ തയാറാക്കേണ്ട വിധം
കൃഷിയിടത്തിലെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച മണ്ണ് ഒരു പോളിത്തീന്‍ ഷീറ്റില്‍ നിക്ഷേപിക്കുക. കല്ലുകളും മറ്റു ചപ്പു ചവറുകളും മാറ്റിയശേഷം ഷീറ്റില്‍ നിരത്തി നാലായി വിഭജിക്കുക. അതിനുശേഷം എതിര്‍ വശങ്ങളില്‍ നിന്നുമുള്ള മണ്ണ് നീക്കം ചെയ്യുക. മറ്റു രണ്ടുഭാഗം വീണ്ടും കൂട്ടിയോജിപ്പിക്കുക. കൂട്ടിയോജിപ്പിച്ച മണ്ണ് വീണ്ടും നിരത്തി നാലായി വിഭജിച്ചു എതിര്‍ വശങ്ങളില്‍ വരുന്ന മണ്ണ് മാറ്റുക. ഈ പ്രക്രിയ 500 ഗ്രാം ആകുന്നതുവരെ തുടരണം.
ഇങ്ങനെ ലഭിച്ച സംയുക്ത മണ്ണ് സാമ്പിള്‍ വൃത്തിയുള്ള പേപ്പര്‍ ഷീറ്റിലോ പ്ലാസ്റ്റിക് ട്രെയിലോ ആക്കി തണലത്തുണക്കി പോളിത്തീന്‍ കവറുകളിലാക്കി സൂക്ഷിക്കണം. ഓരോ സംയുക്ത മണ്ണു സാമ്പിളുകളും പ്രത്യേകം പ്രത്യേകം കവറുകളിലാക്കി അടയാളപ്പെടുത്തി പരിശോധനയ്ക്കു കൊടക്കണം.
സാമ്പിള്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വളക്കുഴിയുടെ അടുത്ത് നിന്നോ വളം സൂക്ഷിക്കുന്ന സ്ഥലത്തിന്റെ അടുത്തു നിന്നോ സാമ്പിളുകള്‍ എടുക്കരുത്.
2. വളം ചെയ്യുന്നതിനു മുമ്പു മണ്ണ് ശേഖരിക്കണം.
3. ശേഖരിക്കുമ്പോള്‍ മണ്ണില്‍ ആവശ്യമുള്ള ഈര്‍പ്പം വേണം.
4. മണ്ണ് എടുക്കുന്ന ഉപകരണങ്ങള്‍ വൃത്തിയുള്ളതും തുരുമ്പില്ലാത്തതും ആയിരിക്കണം.
5. ഓരോ ആഴങ്ങളില്‍ നിന്നു ശേഖരിക്കുന്ന സാമ്പിളുകള്‍ മാത്രമേ സംയുക്ത സാമ്പിളുകള്‍ക്ക് ഉപയോഗിക്കാവൂ.
6. സാമ്പിളുകള്‍ വെയിലത്തു വച്ച് ഉണക്കാന്‍ പാടില്ല.
7. സംയുക്ത സാമ്പിള്‍ എടുക്കുമ്പോള്‍ ഒരു പോലെയുള്ള ഭൂപ്രകൃതിയില്‍ നിന്നും ഒരേ നിറവും ഒരേ തരത്തിലുള്ളതും ഒരു പോലെ ജലാംശവുമുള്ള മണ്ണായിരിക്കണം.
ഇല തെരഞ്ഞെടുക്കാന്‍
മണ്ണ് സാമ്പിള്‍ എടുത്തിട്ടുള്ള കമുകിന്റെ/കൊക്കോ/തെങ്ങിന്റെ ഇല ശേഖരിക്കുന്നതാണ് അഭികാമ്യം. മുകളില്‍ നിന്നു നാലാമത്തെ ഇലയാണു കമുകുകളില്‍ നിന്ന് എടുക്കേണ്ടത്. കൊക്കോയില്‍ അവസാനമായി പാകമായ തണ്ടിന്റെ മുകളില്‍ നിന്നുള്ള നാലാമത്തെ ഇല എടുക്കണം. തെങ്ങിന്റെ മുകളില്‍ നിന്നു പതിനാലാമത്തെ ഓലയാണ് ഉപയോഗിക്കേണ്ടത്.
തെങ്ങിലും കമുകിലും ഓലയുടെ മധ്യഭാഗത്തുനിന്നുള്ള മുന്നോ നാലോ ഓല പൊളികളും പരിശോധനയ്ക്ക് ഉപയോഗിക്കണം. ഇല ശേഖരിക്കുന്ന അന്നുതന്നെ പരിശോധനയ്‌ക്കെത്തിക്കണം.
സസ്യങ്ങള്‍ക്ക് സാധാരണയായി വേണ്ടത് 17 മൂലകങ്ങളാണ്. അവയില്‍ നൈട്രജന്‍, പൊട്ടാസിയം, ഫോസ്ഫറസ്, സല്‍ഫര്‍, കാത്സ്യം, മഗ്നീഷ്യം. എന്നിവ ഉയര്‍ന്ന തോതുകളില്‍ ആവശ്യമാണ്. എന്നാല്‍ ബോറോണ്‍, കോപ്പര്‍, സിങ്ക്, മാംഗനീസിസ്, ഇരുമ്പ്, ക്ലോറിന്‍, എന്നിവ ചെറിയ തോതുകളില്‍ മതി. മണ്ണ് പരിശോധനയ്ക്കുശേഷം പോഷകങ്ങള്‍ ആവശ്യാനുസരണം മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയോ ഇലകളില്‍ തളിച്ചു കൊടുക്കുകയോ വേണം