കാര്‍ഷിക മേഖലയിലെ കീടശല്യം പരിഹരിക്കാന്‍ മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചിരുന്ന ചില പ്രസക്തമായ പൊടിക്കൈകള്‍.
ആശയും ആശങ്കയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഊഞ്ഞാലുപോലെയാണ് സമകാലീന കൃഷി. വിളവിറക്കല്‍, വിളവെടുപ്പ്, വിലയിടിവ്, മഹാമാരിക്കാലത്തേതു പോലെയുള്ള വിപണി അടച്ചുപൂട്ടല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ കര്‍ഷകന്റെ വിയര്‍പ്പിന്റെ വില കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇതു കൂടാതെയാണ് കളശല്യം, പാരിസ്ഥിതിക ദുരന്തങ്ങള്‍, കീടാക്രമണം തുടങ്ങിയ പ്രശ്‌നങ്ങള്‍. കാര്‍ഷിക മേഖലയിലെ കീടശല്യം പരിഹരിക്കാന്‍ നമ്മുടെ മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചിരുന്ന ആശയങ്ങള്‍ ഇന്നും അപ്രസക്തമല്ല. പാരമ്പര്യത്തെ പുല്‍കുന്നതോടൊപ്പം ആധുനികതയുടെ അഭിലഷണീയ ഘടകങ്ങളും യുക്തിയും നാം ആര്‍ജ്ജിക്കേണ്ടതുണ്ട്.
- ഏകവിളകളില്‍ കീടങ്ങള്‍ക്ക് സ്ഥിരാഹാരം ലഭിക്കുമെന്നതിനാല്‍ പ്രതിരോധത്തിന് സമ്മിശ്രകൃഷി അഭികാമ്യം.
- തെങ്ങിന്റെ മണ്ടയില്‍ മഴക്കാലത്ത് വേപ്പിന്‍പിണ്ണാക്ക് ഇടുന്നതു വഴി ചെല്ലി, ചുണ്ടന്‍ എന്നിവയുടെ ആക്രമണത്തില്‍ നിന്ന് തെങ്ങിനെ രക്ഷിക്കാനാകും. മഴയില്‍ അലിഞ്ഞ് ഒലിച്ചിറങ്ങി അത് വളമാകുകയും ചെയ്യും.
- ആവണക്കിന്‍ പിണ്ണാക്ക് വെള്ളത്തില്‍ കലക്കിവച്ചാല്‍ കൊമ്പന്‍ ചെല്ലി ആകര്‍ഷിക്കപ്പെട്ട് അതില്‍ വീഴും.
- തെങ്ങിന്റെ ചെന്നീരൊലിപ്പുള്ള ഭാഗങ്ങളില്‍ രോഗനിയന്ത്രണത്തിനായി ടാര്‍ പുരട്ടാം.
- ചിതല്‍ ശല്യത്തില്‍ നിന്നുള്ള വിമുക്തിക്കായി തെങ്ങിന്‍ തടത്തില്‍ കരിങ്ങോട്ട ഇലയും കാഞ്ഞിര ഇലയും പച്ചിലവളമായി ചേര്‍ക്കാവുന്നതാണ്.
- തെങ്ങിന്‍ തൈ നടുമ്പോള്‍ നൂറുഗ്രാം ഉലുവ കല്ലക്കുഴിയില്‍ ചതച്ചിട്ടും കാട്ടുകൂവ നട്ടും ചിതല്‍ ശല്യം ഒഴിവാക്കാം.
- വാട്ടരോഗം കുറയ്ക്കാന്‍ തെങ്ങിന്‍ തോപ്പില്‍ വാഴ നടുന്നത് നന്ന്.
- പച്ചക്കറിത്തോട്ടത്തിന്റെ ചുറ്റും ചോളകൃഷി, ഉള്ളില്‍ സൗരഭ്യം പരത്തുന്ന തുളസി, പുതിന തുടങ്ങിയവയും ദുസഹ മണമുള്ള ചെടികളും നടുന്നത് കീടങ്ങളെ അകറ്റും.
- മില്‍ഡ്യു രോഗങ്ങള്‍, മഞ്ഞളിപ്പ്, മൊസൈക്ക്, കുരുടിപ്പ്, റസ്റ്റ്, ചീയല്‍, മുഴകള്‍ തുടങ്ങിയ രോഗങ്ങളാണ് പച്ചക്കറികളില്‍ മുഖ്യമായി കണ്ടുവരുന്നത്. ചിത്രകീടങ്ങള്‍, ശല്ക്ക കീടങ്ങള്‍, മീലിമൂട്ടകള്‍, വെള്ളീച്ച, പേനുകള്‍, ഇലപ്പേനുകള്‍, മണ്ഡരികള്‍, നിമാ വിരകള്‍ തുടങ്ങിയവയാണ് പുറത്തും പോളിഹൗസിലും വരാന്‍ സാധ്യതയുള്ളത്. കഞ്ഞിവെള്ളത്തില്‍ ചാരം ചേര്‍ത്ത് തളിക്കുന്നത് കുമിള്‍ രോഗങ്ങളും പുഴുക്കളുടെ ആക്രമണങ്ങളും തടയും.
- പച്ചമുളകിലെ കീടങ്ങളെ കുറയ്ക്കാന്‍ പച്ചവെള്ളത്തില്‍ ചാരം കലക്കി ഒഴിച്ചാല്‍ മതി. കറുകപുല്ലു ചാറ് വൈറസ് രോഗവും തഴുതാമ സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കുമിള്‍ രോഗവും ഭേദമാക്കും.
- പയറിലെ മൂഞ്ഞയെ നിയന്ത്രിക്കാന്‍ ചെറുചൂടോടെ ചാരം വിതറുകയും മണ്ഡരി ശല്യം കുറയ്ക്കാന്‍ പഴകിയ വെളുത്തുള്ളി സത്തും ചാരവും ഉപയോഗിക്കുകയും ചെയ്യാം.
- പയറിലെയും പച്ചമുളകിലെയും കുമിള്‍ രോഗത്തിനും പുഴുക്കളുടെ ആക്രമണത്തിനും പ്രതിവിധിയായി ചാരം കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. 20 ഗ്രാം കായം 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ച് പയറിന്റെ പൂവിലുണ്ടാകുന്ന പുഴുക്കളെ തുരത്താം.
കാര്‍ഷിക മേഖലയിലെ കീടശല്യം പരിഹരിക്കാന്‍ നമ്മുടെ മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചിരുന്ന ആശയങ്ങള്‍ ഇന്നും അപ്രസക്തമല്ല. പാരമ്പര്യത്തെ പുല്‍കുന്നതോടൊപ്പം ആധുനികതയുടെ അഭിലഷണീയ ഘടകങ്ങളും യുക്തിയും നാം ആര്‍ജ്ജിക്കേതുണ്ട്.
സ്വീകരിക്കാം സല്‍കൃഷിരീതികള്‍ (Good Agricultural Practices – GAP)
മണ്ണു സമ്പുഷ്ടീകരണം, പ്രതിരോധശേഷിയുള്ള നാടന്‍, തദ്ദേശീയ വിത്തുകള്‍, വിള പരിക്രമം (crop rotation), കള നിയന്ത്രണം, ജല നിയന്ത്രണം, നിലം ഒരുക്കല്‍, പറിച്ചു നടല്‍, വളപ്രയോഗം തുടങ്ങി ചെയ്യാനുള്ളത് ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചാണ്.
- വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് മണ്ണില്‍ ചേര്‍ക്കുന്നത് ചിതല്‍ ശല്യം ലഘൂകരിക്കാനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്. കുരുമുളകിന്റെ വാട്ട രോഗവും കുറയും. ചിതലിനെ അകറ്റുന്നത് വേപ്പിലയിലെ നിംബിന്‍, നിംബസിഡിന്‍, അസാഡിറാക്ടിന്‍ തുടങ്ങിയ ആല്‍ക്കലോയിഡുകളാണ്.
- മരോട്ടിപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് എന്നിവ മണ്ണിലെ നിമാവിരകളെ നിയന്ത്രിക്കും. വേപ്പിന്‍കുരു സത്ത്, പുകയില കഷായം, ചാണകപ്പാല്‍, നാറ്റപൂച്ചെടി, കിരിയാത്ത്, വേപ്പെണ്ണ തുടങ്ങിയവയുടെ പ്രത്യേകം എമല്‍ഷനുകള്‍, മഞ്ഞള്‍പൊടി, സോഡാപ്പൊടി – പാല്‍ക്കായ മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയ കൂട്ടുകള്‍ ഏറെ. കരിങ്ങോട്ടയില, കാഞ്ഞിരത്തില, കാട്ടുകൂര്‍ക്കയില, കൊങ്ങിണിപ്പൂ (അരിപ്പൂ) ചെടിയില, കോളാമ്പി ചെടിയില മുതലായ ഇലകള്‍ ചേര്‍ത്ത മിശ്രിതങ്ങളും കീടനിയന്ത്രണത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു.
- സ്വാഭാവിക പ്രവൃത്തികളും ഉപകാരപ്രദം. ഇലചുരുട്ടി പുഴുക്കള്‍, കായ്- തുരപ്പന്‍ പുഴുക്കള്‍ എന്നിവ തിന്നുന്ന ഇലകള്‍ പറിച്ചെടുത്ത് നശിപ്പിക്കുന്നതാണ് നല്ലത്. അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത്, ഗോമൂത്രം, കാന്താരിമുളക് ലായനി ഇവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുകയും ചെയ്യാം.
- തുടര്‍ച്ചയായി കൃഷി ചെയ്യാതെ നിലം തരിശിട്ടാല്‍ പിന്നീടുള്ള വിളവ് വര്‍ധിക്കുകയും ചെടിയുടെ രോഗ പ്രതിരോധശേഷി കൂടുകയും ചെയ്യും. കൊമ്പുമുറം കൊണ്ടടിച്ച് നെല്ലിലെ ഓലചുരുട്ടിപ്പുഴുക്കളെ തുരത്താം. ഇല്ലിമുള്ള്, ഈന്തിന്‍ പട്ട, തുടലിമുള്ള് എന്നിവ നെല്ലോലകള്‍ക്ക് മീതെ വലിച്ചാല്‍ പുഴുക്കള്‍ വെള്ളത്തില്‍ വീണ് ചാകും.
- വയല്‍ വരമ്പില്‍ തെങ്ങിന്‍ പട്ട, മടല്‍ എന്നിവ കുത്തി നിറുത്തുന്നതും, മുള കെട്ടിവെയ്ക്കുന്നതും കിളികളെ ആകര്‍ഷിച്ച് സ്വാഭാവിക കീട, എലി നിയന്ത്രണം സാധ്യമാക്കും.
- വരമ്പുകളില്‍ കീടങ്ങള്‍ പെരുകാനിടയുള്ള കളകള്‍ വളരാതിരിക്കാന്‍ തുവര, പയര്‍ എന്നിവ വളര്‍ത്താറുണ്ട്.
- വെണ്ടയുടെ വളര്‍ച്ച മുരടിക്കുകയും വേരുകളില്‍ മുഴകള്‍ ഉണ്ടാകുകയും ചെയ്യുന്നത് നിമാവിരകള്‍ മൂലമാണ്. ഇത് പരിഹരിക്കാന്‍ വിത്തുതടത്തില്‍ നേരത്തെതന്നെ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ വേപ്പിന്റെയോ ഇല കാല്‍ കിലോഗ്രാം എന്ന തോതില്‍ ചേര്‍ത്താല്‍ മതി. പാവല്‍ കൃഷിയിലും ഇത് സ്വീകരിക്കാവുന്നതാണ്. ചെണ്ടുമല്ലി (ബന്ദി) പാടങ്ങളുടെയും കൃഷിയിടങ്ങളുടെയും വരമ്പുകളില്‍ നടുന്നതും കീടങ്ങളെയകറ്റാന്‍ പ്രയോജനപ്രദം.
- പാവല്‍, പടവലം, ചുരയ്ക്ക, പീച്ചില്‍ എന്നിവയുടെ പൂക്കള്‍ കൊഴിയുന്നതിന് 20 ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ മതി.