ചെടികൾക്കാവശ്യമുള്ള മൂലകങ്ങൾ , ജൈവ വളങ്ങൾ ചില കൃഷി അറിവുകൾ ഇവയെല്ലാം കൃഷിയിലെ തുടക്കക്കാർക്ക് അറിയണമെന്നില്ല. അവർക്കായി ചില കൃഷി അറിവുകൾ.
ഇലപ്പുള്ളി രോഗത്തിന് സ്യൂഡോമോണാസ് മിത്ര കുമിള്‍
സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും എന്‍സൈമുകളും ഉല്പാദിപ്പിക്കുന്നതിനു പുറമേ രോഗ ഹേതുക്കളായ ബാക്ടീരിയയെയും കുമിളിനേയും പോലും തുരത്താന്‍ കഴിവുള്ള പ്രത്യേക സവിശേഷതകളുള്ള ഒരു ബാക്ടീരിയമാണ് സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്. സ്യൂഡോമോണാസ്, ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍, ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.തണുപ്പുകാലത്ത് ചീരയിലും മറ്റും കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് സ്യൂഡോമോണാസ് മിത്ര കുമിള്‍ പത്തുദിവസം ഇടവിട്ട് തളിച്ചു കൊടുക്കണം. പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതും നല്ലതാണ്.
മഗ്നീഷ്യം കുറഞ്ഞാല്‍ വിളയും കുറയും
ചെടിയിലെ മൂത്ത ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞളിപ്പ് കാണുന്നതോടൊപ്പം വിളവും മോശമാകുന്നത് മഗ്നീഷ്യം മൂലകത്തിന്റെ കുറവുകൊണ്ടാണ്. തടമൊന്നിന് 30 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് മണ്ണില്‍ചേര്‍ത്തു കൊടുക്കുന്നതാണ് ഇതിന് പ്രതിവിധി.ചുണ്ണാമ്പുകള്, ഡോളോമൈറ്റ്,ലൈം സ്റ്റോൺ അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുക ചാണകം, കമ്പോസ്റ്റു എന്നിവ ഉപയോഗിച്ച് മണ്ണിലെ പോഷാകാംശം സന്തുലിതമായി നിലനിർത്തുക,തുടങ്ങിയവയാണ് പരിഹാരങ്ങൾ.
വെള്ളീച്ചകളെ പ്രതിരോധിക്കാന്‍ മഞ്ഞക്കെണി.
ഇലകളുടെ ഞരമ്പുകള്‍ മഞ്ഞളിക്കുകയും ഇലകള്‍ കുറുകിവരികയുമാണെങ്കില്‍ അതിനുകാരണം വെള്ളീച്ചകളാണ്. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകളുടെ ഇരുവശത്തും ഗ്രീസ് പുരട്ടി പച്ചക്കറി വിളകളുടെ മുകളിലായി കെട്ടിത്തൂക്കിയിട്ടാല്‍ വെള്ളീച്ചകളേയും നീരൂറ്റിക്കുടിക്കുന്ന മറ്റു ചെറുപ്രാണികളെയും നശിപ്പിക്കാം.
ബോറോണ്‍ കുറഞ്ഞാല്‍ ഫലങ്ങള്‍ വികൃതമാകും
മുകുളങ്ങള്‍ ആകൃതിയില്‍ വൈരൂപ്യം കാട്ടുകയും ചെയ്താല്‍ കാരണം ബോറോണ്‍ മൂലകത്തിന്റെ കുറവാണ്. ഇല ചുരുളുന്നു. ആകൃതി നഷ്ടപ്പെടുന്നു. മോളിബ്ഡിനത്തില്‍ വിത്ത് കുതിര്‍ക്കുക ഇലയില്‍ തളിക്കുക.
ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടുഗ്രാം ബോറാക്‌സ് കലക്കി തളിക്കുന്നതും ഇതിന് പരിഹാരമാണ്.
പൊടിക്കുമിള്‍ രോഗത്തിന് സ്യൂഡോമോണാസ്
ഇലകളുടെ മുകള്‍ ഭാഗത്ത് വെളുത്ത പൊടിയും അടിഭാഗത്ത് മഞ്ഞളിപ്പും ഉണ്ടായി ഇല ഉണങ്ങുന്നതാണ് ലക്ഷണം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കിടെ തളിക്കണം.
കോഴിവളം ഉണ്ടെങ്കിൽ വേണ്ട വേറെ രാസവളം.
ഒരു ടണ്‍ കോഴിവളം 145 ഗ്രാം അമോണിയം സള്‍ഫേറ്റ് 133 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 45 കി.ഗ്രാം പൊട്ടാഷ് വളം ഇവയ്ക്ക് തുല്യമാണ്.ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് കോഴിവളം. കാലിവളത്തിന്റെ നാലിരട്ടി ഗുണംചെയ്യും. സമ്പുഷ്ടീകരിക്കാന്‍ പ്രയോഗിക്കുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചൂട് കൂടുതലുള്ളതിനാല്‍ മണ്ണില്‍ നവുള്ളപ്പോഴേ പ്രയോഗിക്കാവൂ. ഒരു ടണ്ണിന് 90 കി.ഗ്രാം തോതില്‍ കുമ്മായവുമായി ചേര്‍ത്ത് ഉപയോഗിക്കുക. ആട്ടിന്‍കാഷ്ടംനല്ല ജൈവവളമാണ്. എന്നാല്‍ ഘടനയുടെ പ്രത്യേകതകൊണ്ട് പെട്ടെന്ന് ചെടികള്‍ക്ക് കിട്ടില്ല. പൊടിച്ചുചേര്‍ക്കുക. നല്ല വെയിലത്തിട്ടാലും കാറ്റുവഴിയും മൂലകനഷ്ടം ഉണ്ടാകും. പുതിയ വളം ഉപയോഗിക്കുക.
ചുവന്ന മണ്ണ്, മണല്‍, ഉണക്കിപ്പൊടിച്ച ചാണകം ഇവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്തതാണ് പോട്ടിംഗ് മിശ്രിതം. ഇതില്‍ മണലിനു പകരം നെല്ലിന്റെ ഉമി ഉപയോഗിക്കുന്നവരുമുണ്ട്.. ഈ രീതിയില്‍ കൃഷി ചെയ്താല്‍ ചെടിക്ക് വളര്‍ച്ചയും പ്രതിരോധശേഷിയും ഉണ്ടായിരിക്കും. കൂടാതെ ചകിരിച്ചോറും ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും എല്ല് പൊടിയും മിക്സ് ചെയ്ത് എല്ലാം കൂടി കൂട്ടി കലർത്തിയും നിറയ്ക്കാം.
ശരിയായ വിളവിന് ശരിയായ വിളയകലം
തെങ്ങുകള്‍ വളര്‍ന്നു വരുമ്പോള്‍ അവയുടെ ഓലകള്‍ തമ്മില്‍ ഒരു അണ്ണാന് ചാടി കളിക്കാന്‍ പറ്റാത്ത അത്രയും അകലം ഉണ്ടായിരിക്കണം. കമുകുകള്‍ നടുമ്പോള്‍, അവയുടെ ഇലകള്‍ തമ്മില്‍ ഒരു ഉറുമ്പിന് ഒരു ഓലയില്‍ നിന്ന് മറ്റെ ഓലയിലിലേക്ക് കടക്കാവുന്ന വിധത്തില്‍ അടുത്തിരിക്കണം. കവുങ്ങുതൈകള്‍ നടുമ്പോള്‍ അതിനുള്ള അകലമേ പാടൂ. രണ്ടു പ്ലാവുകള്‍ നടുമ്പോള്‍ അവ വളര്‍ന്ന് വലുതാകുമ്പോള്‍, അവയുടെ കൊമ്പുകള്‍ തമ്മില്‍ ഒരു കുരങ്ങന് ചാടിക്കടക്കാവന്നുത്രയും അകലം വേണം.
ചെല്ലിയെ പിടിക്കാന്‍ കഞ്ഞിവെള്ള കെണി
കഞ്ഞിവെള്ളത്തില്‍ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത് തെങ്ങിന്‍ പറമ്പില്‍ കുഴിച്ചുവയ്ക്കുക. രണ്ടു മൂന്നാഴ്ച കഴിയുമ്പോള്‍ ഇത് കൊമ്പന്‍ ചെല്ലിയെ ആകര്‍ഷിക്കും. അവ കഞ്ഞിവെള്ളത്തില്‍ വീണ് ചാകും.
തെങ്ങിന്റെ കൂമ്പുചീയലിന് ബോര്‍ഡോ മിശ്രിതം പ്രതിവിധി
ചില തെങ്ങുകളുടെ കൂമ്പോലയില്‍ മഞ്ഞപ്പ് വന്ന് അത് ചീയും. ഈ രോഗത്തിന് ബോര്‍ഡോ മിശ്രിതം ഫലപ്രദമാണ്. അതോടൊപ്പം ചുവട്ടില്‍ വേപ്പിന്‍ പിണ്ണാക്കും ഇട്ടു കൊടുക്കണം. തെങ്ങ് രോഗത്തെ അതിജീവിക്കും.
ഇഞ്ചിയും മഞ്ഞളും വാകത്തണലില്‍ നടണം.
ഇലപൊഴിയും വൃക്ഷമായ നെന്മേനി വാകയുടെ ചുവട്ടില്‍ ഇഞ്ചിയും മഞ്ഞളും നന്നായി വളരും. ഇവ കൃഷിയിറക്കുന്ന കാലത്താണ് ഈ വൃക്ഷത്തിന്റെ ഇലപൊഴിച്ചില്‍. അതിനാല്‍ പുതയിടേണ്ടി വരുന്നില്ല. പുതയിടൽ നല്ലൊരു നീർവാർച്ച നിലനിർത്തുന്ന വഴി കൂടിയാണല്ലോ.
വെള്ളം ചീറ്റിച്ചാല്‍ കുരുമുളകില്‍ അധിക വിളവ്
കുരുമുളകിന്റെ പരാഗണം വെള്ളത്തിലൂടെയായതുകൊണ്ട് മഴയില്ലെങ്കില്‍ ചെടിയിലേക്ക് വെള്ളം ചീറ്റിച്ചു കൊടുക്കണം. നല്ല വിളവ് ലഭിക്കും.
ചീരക്ക് വളം ഗോമൂത്രംSpinach fertilizers Cow urine
ഗോമൂത്രം നേര്‍പ്പിച്ച് തളിച്ച് കൊടുത്താല്‍ ചീര നല്ലപോലെ വളരും. കീടങ്ങളും അകലും.ഗോമൂത്രം, ചാണകം എന്നിവ പച്ച വെള്ളത്തില്‍ ചേര്‍ത്ത തെളി ചുവട്ടിലൊഴിക്കുന്നതും ചീരയില്‍ തളിക്കുന്നതും നല്ല വിളവു കിട്ടാന്‍ ഗുണം ചെയ്യും . പുളിപ്പിച്ച കടലപ്പിണ്ണാക്ക് , ബയോഗ്യാസ് സ്ലറി, ഗോമൂത്രം ഇവ നേര്‍പ്പിച്ച് മേല്‍വളമായി ചേര്‍ക്കാം. ജീവാമൃതം പത്ത് ദിവസത്തില്‍ ഒരിക്കല്‍ നല്‍കണം .
മീലി ബഗിനെ അകറ്റാന്‍ വേപ്പെണ്ണ -സോപ്പ് മിശ്രിതം
മരച്ചീനിയുടെ തണ്ടിലും ഇലഞെട്ടിലും ഇലയുടെ അടിയിലും മീലി ബഗ് കാണാറുണ്ട് . വേപ്പെണ്ണ-സോപ്പ് മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാം.മിലി ബഗ്, വെള്ളിച്ച എന്നിവക്ക് ടാക്നിക്ക് ‘ എന്ന ജൈവ കീടനാശിനി തളിക്കുക.
മണ്ണിര കമ്പോസ്റ്റ് : മൂലകങ്ങളുടെ കലവറ
വളരെ ലളിതമായി ഉണ്ടാക്കാവുന്ന മണ്ണിര കമ്പോസ്റ്റില്‍ ചെടികള്‍ക്കാവശ്യമായ 16 മൂലകങ്ങളില്‍ ഒന്‍പത് മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതുമൂലം കുറഞ്ഞ ചെലവില്‍ മികച്ച വിളവ് ലഭിക്കുന്നു. പാക്യജനകം, ഭാവഹം, ക്ഷാരം, നൈട്രജനും, ഫോസ്‌ഫേറ്റും അടങ്ങിയിരിക്കുന്നു. സസ്യപോഷക മൂലകങ്ങള്‍ ചെടികള്‍ക്കു വേഗത്തില്‍ വലിച്ചെടുക്കാവുന്ന രൂപത്തിലും കൂടിയ അളവിലും മണ്ണിരകമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്നു.
പിണ്ണാക്കിട്ട മണ്ണിന് വിള പൊലിമ
മണ്ണിന് വിള പൊലിമ പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണ്. ഇവ പെട്ടെന്നു തന്നെ ചെടികള്‍ക്ക് കിട്ടുകയും ചെയ്യുന്നു. അതുകൊണ്ട് ഏഴുദിവസത്തിനകം ഫലം കണ്ടു തുടങ്ങും.
പയര്‍ വര്‍ഗ്ഗ ചെടികള്‍ മണ്ണില്‍ ഉഴുതു ചേര്‍ക്കണം.
പയര്‍ വര്‍ഗ്ഗ ചെടികളുടെ വേരില്‍ കാണുന്ന മുഴകളില്‍ ഉള്ള ബാക്ടീരിയകള്‍ നൈട്രജന്‍ ശേഖരിക്കും. ഇത് ചെടി അഴുകുമ്പോള്‍ വിളകള്‍ക്ക് ലഭിക്കും.
അസോളയുണ്ടെങ്കില്‍ വേണ്ട വേറെ ജൈവവളം
ഉണക്കിയെടുത്ത അസോളയില്‍ നൈട്രജന്‍, ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയടങ്ങിയിട്ടുണ്ട്. അതിനാല്‍ മറ്റു ജൈവവളങ്ങളുടെ ആവശ്യമില്ല.
ശരിയായ ഇടയകലം ശരിയായ വിളവ് തരും
ചെടികള്‍ ശരിയായ അകലത്തില്‍ വളരുകയും എല്ലാ ഭാഗത്തും സൂര്യപ്രകാശം തട്ടുകയും ചെയ്താല്‍ രോഗ-കീടങ്ങള്‍ കുറയും. നല്ല വിളവും ലഭിക്കും.
കൃഷിയുടെ ഉന്നമനത്തിന് സൂക്ഷ്മ ജീവികള്‍
ജി.എം.സാങ്കേതിക വിദ്യയിലൂടെ കൃഷിഭൂമിയുടെ ഉത്പ്പാദനശേഷി കൂട്ടാം. കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാം. മലിനപ്രദേശങ്ങളെ ശുദ്ധീകരിക്കാം. വിത്തുകളുടെ അങ്കുരണശേഷി കൂട്ടാം.
മണ്ണ് താപീകരണം കൃഷിയെ മികച്ചതാക്കും
വേനല്‍ക്കാലത്ത് നിലം ഉഴുതിട്ട് വെയില്‍ ഏല്‍പ്പിച്ചാല്‍ മണ്ണിലെ കളകളും കീടരോഗാണുക്കളുടെ മുട്ടയും നശിക്കും. ഇതുവഴി കൃഷി മികച്ചതാകും.