ഹൈറേഞ്ച് മേഖലക്ക് യോജിച്ച ഒരു വിളയാണ് ബീൻസ്. എന്നിരുന്നാലും സമുദ്രനിരപ്പിൽ നിന്നും 1400 മീറ്ററിലധികം ഉയരമുള്ള ഇടങ്ങളിൽ കൃഷി ചെയ്യുമ്പോൾ ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കഠിനമായ ശൈത്യത്തിൽ നിന്നുംമതിയായ സംരക്ഷണം കൊടുക്കണം. നല്ല നീർവാർച്ചയുള്ള നേരിയ മണൽ കലർന്ന മണ്ണിലും, കളിമണ്ണോട് കൂടിയ മണ്ണിലും കൃഷിചെയ്യാൻ അനുയോജ്യമാണ് ബീൻസ്.
തിരഞ്ഞെടുക്കാം മികച്ച ഇനങ്ങൾ
- പടർന്നുവളരുന്നവ-കെന്റുകി വണ്ടർ
- കുറ്റിച്ചെടിയായി വളരുന്നവ -അർക്കാ കോമൾ, പ്രീമിയർ, കൺടെൻഡർ, ടെന്റർ ഗ്രീൻ
നടീലും വളപ്രയോഗവും
ഒരു ഹെക്ടർ സ്ഥലത്തേക്ക് കുന്നിൻ പ്രദേശങ്ങൾ ആണെങ്കിൽ 80 കിലോഗ്രാം വിത്തും നിരപ്പായ പ്രദേശങ്ങളിൽ 50 കിലോഗ്രാം വേണ്ടിവരുന്നു. പടരാത്ത ഇനങ്ങൾക്ക് ഉയരത്തിലുള്ള വാരങ്ങൾ എടുക്കാം.30*20 സെൻറീമീറ്റർ അകലത്തിലാണ് വിത്തുകൾ ഇടേണ്ടത്. അടിവളമായി ഹെക്ടറൊന്നിന് 20 ടൺ കാലിവളം, 30 കിലോഗ്രാം പാക്യ ജനകം, 40 കിലോഗ്രാം ഭാവഹം, 60 കിലോ ഗ്രാം ക്ഷാരം ഇവ നൽകാം. വിതച്ച 20 ദിവസം കഴിയുമ്പോൾ ഹെക്ടറൊന്നിന് 30 കിലോഗ്രാം എന്ന തോതിൽ പാക്യജനകം മേൽവളമായി ചേർക്കാം.