ഇന്‍ഡോര്‍ പ്ലാന്‍റ് വാടിപ്പോകാതിരിക്കാൻ ചില ടിപ്പുകൾ

ഇൻഡോർ പ്ലാന്റുകൾ വീട്ടിൽ വളർത്തുന്നത് പലരുടേയും ഹോബിയാണ്.  കാണാൻ കൊള്ളാവുന്ന പാത്രങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വീട്ടിനകത്ത് വളർത്തുന്നത് വീട്ടിന് അലങ്കാരം തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ ചെടികൾ ഉണങ്ങി പോകാറുണ്ട്.  ചെടികള്‍ ഒരേ സ്ഥലത്ത് അനക്കാതെ വെക്കുന്നതും  ശരിയായ വളര്‍ച്ചയെ ബാധിക്കുന്നു.  ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തുടക്കം മുതല്‍ തന്നെയുള്ള ശ്രദ്ധ ആവശ്യമാണ്.

വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇലകള്‍ വാടിവരുന്നതും ഇതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം നല്‍കിയാല്‍ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിയുകയും മണ്ണിന്റെ ഉപരിതലത്തില്‍ ഫംഗസ് ബാധയുണ്ടാകുകയും ചെയ്യും.

– വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാലും ഇലകള്‍ കൊഴിയും. മണ്ണ് വരണ്ടതായി കാണപ്പെടുമ്പോള്‍ വെള്ളം വാര്‍ന്നുപോകുന്ന സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കണം. സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍ക്ക് മണ്ണ് വരണ്ടതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. ബാക്കിയെല്ലാ ചെടികള്‍ക്കും മിതമായ രീതിയില്‍ ഈര്‍പ്പം നിലനിര്‍ത്തണം.

ചെടിച്ചട്ടിക്ക് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അതുപോലെ വാര്‍ന്നുപോയ വെള്ളം താഴെ ശേഖരിച്ച് കെട്ടിനില്‍ക്കാന്‍ ഇടവരരുത്. ചെടിച്ചട്ടി വെച്ചിരിക്കുന്ന ട്രേയില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയണം.

– ഒരോ പാത്രത്തില്‍ തന്നെ ദീര്‍ഘകാലം ചെടി വളര്‍ത്തരുത്. ഓരോ വര്‍ഷവും പാത്രത്തിലെ മണ്ണ് മാറ്റി നിറയ്ക്കണം. വലുപ്പമുള്ള പുതിയ പാത്രത്തിലേക്ക് ചെടി മാറ്റുന്നതാണ് നല്ലത്.

കൃത്യമായ വളപ്രയോഗവും ഇന്‍ഡോര്‍ പ്ലാന്‍റിന് ആവശ്യമാണ്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നല്‍കാതിരിക്കണം.

– ചെടികള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങളുടെ ചെടി ആരോഗ്യമില്ലതാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്.

– മീലിമൂട്ടയും മറ്റ് കീടങ്ങളും ഇന്‍ഡോര്‍ പ്ലാന്റിനെയും ആക്രമിക്കും. കീടങ്ങളെ കണ്ടാല്‍ ചെടികള്‍ മുഴുവന്‍ ഇളംചൂടുവെള്ളത്തില്‍ കഴുകണം. കീടങ്ങള്‍ ആക്രമിച്ച സ്ഥലം മുഴുവന്‍ ചെടികള്‍ക്ക് യോജിക്കുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.

Share Now

Leave a Reply

Your email address will not be published. Required fields are marked *