സോനയുടെ തോട്ടത്തിലെ പൂക്കൾ നിസാരക്കാരല്ല, എല്ലാം വിഐപികളാണ്. ഐശ്വര്യറായുടെയും അഭിഷേക് ബച്ചന്റെയും കല്യാണത്തിനും അംബാനിയുടെ മകന്റെ കല്യാണത്തിനും തുടങ്ങി പല വിവിഐപികളുടെയും പരിപാടികളിൽ തലയുയർത്തി പിടിച്ച് നിരന്നു നിന്നത് മലയാളി വീട്ടമ്മയുടെ മുറ്റത്തു വിരിഞ്ഞ പൂക്കളാണ്.പൂക്കളെ ഏറെ സ്നേഹിക്കുന്ന പെരുമ്പാവൂർ സ്വദേശിനിയായ സോന ഷെല്ലിയുടെ മുറ്റത്തും പറമ്പിലും നിറയെ ആരും അധികം കാണാത്ത പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാഴ്ചയുടെ ഭംഗിക്ക് പുറമെ നല്ലയൊരു വരുമാനവും ഈ പൂക്കൾ കൊണ്ടുവരുന്നുണ്ട്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ടോർച്ച് ജിഞ്ചർ, കലാത്തിയ റാറ്റിൽ ഷെയ്ക്ക്, സോംഗ് ഓഫ് ജമൈക്ക, ഹെലിക്കോണിയ, സെക്സി പിങ്ക്, ഓർണമെന്റ് പൈനാപ്പിൾ, ജിഞ്ചർ വൈൻ എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ താരങ്ങൾ.
ഇരുപത് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ കൈയ്യിൽ നിന്നും വാങ്ങിയ തൈകൾ കൊണ്ടാണ് സോന വ്യത്യസ്തമായ പൂക്കൾ വസന്തം തീർത്തിരിക്കുന്നത്. വീട്ടുജോലികൾക്ക് ശേഷം ബാക്കി വരുന്ന സമയത്താണ് ചെടികളുടെ പരിപാലനത്തിനായി സോന സമയം കണ്ടെത്തുന്നത്. പറമ്പിലുള്ള വലിയ മരങ്ങളുടെ ഇടയിൽ ഇടവിളകൃഷിയായിട്ടാണ് ചെടികൾ കൂടുതലും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഈ ചെടികൾ വെയിലത്തും തണലത്തും ഒരുപോലെ വളരുമെന്ന പ്രത്യേകയുമുണ്ട്. പൂന്തോട്ട പരിപാലനത്തിന് പുറമേ പൂക്കൾ കൊണ്ടുള്ള ബൊക്കെയും നിർമ്മിച്ച് നൽകുന്നുണ്ട്.