ഓർക്കിഡിലെ താരങ്ങൾ

ഒാർക്കിഡുകൾ എന്നും ആരാമങ്ങൾക്ക് അലങ്കാരങ്ങളാണ്. വയനാടൻ കാടുകളിലും പശ്ചിമഘട്ടമല നിരകളിലും തദ്ദേശീയമായ ഒട്ടേറെ ഓർക്കിഡുകളെ മലയാളിക്ക് പരിചയമുണ്ടായിരുന്നെങ്കിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് അവ താമസം മാറ്റാൻ തുടങ്ങിയിട്ട് പത്തുമുപ്പത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പലനിറങ്ങളിലും രൂപങ്ങളിലും പെട്ടെന്ന് വാടിക്കൊഴിയാതെ പൂന്തോട്ടങ്ങളെ വർണാഭമാക്കുന്ന ഓർക്കിഡുകളുടെ നിരതന്നെ പിന്നീട് പൂന്തോട്ട ലോകത്തേക്ക് വന്നെത്തി. അവയിൽപ്പലതും വിദേശരാജ്യങ്ങളിൽ നിന്ന് നമ്മുടെ വിപണിയിൽ എത്തിയവയായിരുന്നു. അവയിൽ സങ്കരണം വഴി ഉത്പാദിപ്പിച്ചവയും ഉണ്ടായിരുന്നു. അതിൽ ചിലത് വിദേശ രാജ്യങ്ങളിലെ സമതുലിതമാക്കപ്പെട്ട അന്തരീക്ഷത്തിൽ വളരത്തിയെടുത്തവയായതുകൊണ്ട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ ശരിക്കും വളരുകയോ നല്ല പൂക്കൾ നൽകുകയോ ചെയ്തില്ല. ഇതിനുകാരണം ഓരോവിധംചെടിക്കും നൽകേണ്ട വളം അവ നടേണ്ട മിശ്രിതം, വളർത്തേണ്ട പരിസ്ഥിതി, നൽകേണ്ട സൂര്യപ്രകാശത്തിന്റെ അളവ് എന്നിവകൃത്യമായി മനസ്സിലാക്കാത്തായിരുന്നു. എന്നാൽ ഇവയെല്ലാം കിറുകൃത്യമായി ചെയ്തവരുടെ തോട്ടങ്ങളിൽ അവ വെറും ഇലച്ചെടികളായി മാറാതെ പൂക്കൾവിരിച്ച് വർണം വാരിവിതറി. എന്തായാലും തോട്ടങ്ങളിൽ ഇപ്പോൾ പുത്തൻ ഓർക്കിഡുകളുടെ വേലിയേറ്റമാണ്.

ഓർക്കിയേസി കുടുംബത്തിലെ അംഗമാണ് ഓർക്കിഡുകൾ. മണ്ണിൽ വളരുന്നവ, മരത്തിൽ പറ്റിപ്പിടിച്ച് വളരുന്നവ, അഴുകിയ ജൈവവസ്തുക്കളിൽ വളരുന്നവ, തണുപ്പുള്ള പാറമേൽ വളരുന്നവ എന്നിങ്ങനെ പല തരത്തിലാണ് ഓർക്കിഡുകൾ. കായിക ഘടനയുടെ അടിസഥാനത്തിൽ ഇവയെ മോണോപോഡിയൻസ് എന്നും സിംപോഡിയൻസ് എന്നും തിരിച്ചിരിക്കുന്നു.

ആദ്യകാലം മുതൽത്തന്നെ കേരളത്തിലെ തോട്ടങ്ങളിൽ തോട്ടങ്ങളിൽ സഥാനംപിടിച്ച ഓർക്കിഡാണ് ഡെൻഡ്രോബിയം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമായ വളർച്ചാരീതിയാണിതിന്. സിംപോഡിയൻസ് എന്ന വിഭാഗത്തിൽപ്പെടുന്ന ഇതിന് ഹിക്കിബി, ഡോൺമാരി എന്നിങ്ങനെയുള്ള സങ്കരയിനങ്ങൾ കണ്ടുവരുന്നു.

ഹിക്കിബി

ഡെൻഡ്രോബിയം ഇനത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ ചെറിയ ഇനമാണ് ഹിക്കിബി. 6-7 ഇഞ്ച് നീളം മാത്രം വെക്കുന്ന ചെടിയുടെ പൂക്കൾക്ക് കടും പിങ്ക് നിറമാണുണ്ടാവുക. തണ്ടുകൾ ഇലകളോടു കൂടിയവ ആയിരിക്കും. ഇലകൾ മുഴുവനും പൊഴിഞ്ഞുപോകുന്ന അവസരത്തിലാണ് പൂവിടുക. ഒരു പൂങ്കുലയിൽ നാലു പൂക്കൾവരെയുണ്ടാകും. ഒരു തണ്ടിൽത്തന്നെ ഒരു വർഷത്തിൽ പല തവണ പൂക്കളുണ്ടാകും. പൂക്കൾക്ക് വലിപ്പം കൂടുതലായിരിക്കും. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നന്നായി വളരുന്നു.

ഡോൺമാരി

പരമ്പരാഗതമായി നാം പരിചയിച്ച ഡെൻഡ്രോബിയത്തിന്റെ വളർച്ചാരീതിയും പ്രത്യേകതകളും ഉൾക്കൊള്ളുന്ന സങ്കരയിനമാണ് ഡോൺമാരി. വെള്ളനിറത്തിലായിരിക്കും ഇതിന്റെ ബാഹ്യഇതളുകൾ. എന്നാൽ, അതിനുള്ളിൽ കാണപ്പെടുന്ന മഞ്ഞ, ഓറഞ്ച്, പീതം എന്നിങ്ങനെ വർണത്തിലുള്ള ആന്തരിക ഇതളുകളാണ് ഇതിന് വർണഭംഗി നൽകുന്നത്. ഒരു തണ്ടിൽ പരമാവധി അഞ്ചു പൂക്കൾവരെ കാണപ്പെടുന്നു. രണ്ടാഴ്ചയോളം കാലം വാടാതെ ഇത് ചെടിയുടെ മുകളിൽ നിൽക്കുന്നു.

ആസ്‌കോസെൻട്രം

ഓർക്കിഡുകളിലെ കൊട്ടയിൽ വളർത്തുന്ന ബാസ്‌കറ്റ്്് വാൻഡ ഇനങ്ങൾപ്പോലെയുള്ള ഇനമാണിത്. ചെറിയ വാൻഡയുടെ രൂപമാണിതിന്. വെള്ള , മഞ്ഞ, പർപ്പിൾ, പിങ്ക് നിറങ്ങളിലാണിത് കാണപ്പെടുന്നത്. വേരുകളാണിതിന്റെ പ്രധാനം. ചെടിയുടെ ഇലകൾക്ക് അടിയിൽനിന്നുവരെ ചിലപ്പോൾ വേരുകൾ പൊട്ടാം. വേരുകൾക്ക് എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. നന്നായി മൂത്ത ചെടികൾക്ക് ചുവട്ടിൽ നിന്ന് പുതിയ തൈകൾ ഉണ്ടായിവരും. പൂക്കൾക്ക് നേർത്ത സുഗന്ധവുമുണ്ടാകും. ഒരു മാസത്തോളം നിലനിൽക്കുന്നതാണ് പൂക്കൾ. ചെറിയ തൂക്കുകൊട്ടകളിൽ മാധ്യമം ഒന്നുമില്ലാതെ വളർത്താം.

അരാക്കനിസ്

തേളിന്റെയോ ചിലന്തിയുടെയോ ഒക്കെ ആകൃതിയിൽ പൂക്കളുണ്ടാകുന്ന ഓർക്കിഡ് ഇനമാണ് അരാക്കിനസ്, ഗ്രീക്ക് ഭാഷയിൽ അരാക്കൻ എന്നാൽ ചിലന്തിയെന്നാണ് അർഥം. പല വിദേശരാജ്യങ്ങളിലും വെട്ടുപൂക്കൾക്കായി വളർത്തിവരുന്ന ഇനമാണിത്. മാഗിഓയ്(ചുവപ്പുനാട, മഞ്ഞനാട), ആപ്പിൾ ബേ്‌ളാസം എന്നും പറയപ്പെടുന്നവ ഇതിന്റെ സങ്കരയിനങ്ങളാണ്.

വാൻഡ

വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഏറെ പ്രചാരമുള്ളയിനമാണ് വാൻഡ. ഇതിന്റെ ഇലകളുടെയും തണ്ടിന്റെ ആകൃതിയെ അടിസ്ഥാനമാക്കി വാച്ച്‌ലീഫ്‌സ്‌വാൻഡ, ടെറേറ്റ് വാൻഡ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇവരണ്ടുംകൂടിയുള്ള സങ്കരയിനത്തിന് സെമിടെറേ്് വാൻഡയെന്നാണ് പേര്. നല്ലവലിപ്പമുള്ള പൂക്കളാണ്. പിങ്ക്, വയലറ്റ്, ഓറഞ്ച് നിറങ്ങിൽ കാണപ്പെടുന്നു ഒരു മാസത്തോളം പൂക്കൾ വാടാതെ നിൽക്കും.

ബ്രാസവോള

രാത്രിയിൽ വിരിയുന്ന നാരങ്ങാസുഗന്ധമുള്ളപൂക്കളാണ് ബ്രാസവോളയെ താരമാക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്നിടത്തും ചോലയിലും ഒരുപോലെ വളരുന്നു.

ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗചിഹ്നത്തിന്റെ രൂപത്തിലുമാണ്, ലേഡിഓഫ്‌നൈറ്റ് എന്നാണ് ഇതിന്റെ അപരനാമം. സൂര്യപ്ര്കാശംകിട്ടുന്നിടത്ത് നന്നായി ബുഷ്‌പോലെ വളരുന്നു. ചെടിനടാൻ മരക്കരി ഓട്ടിൻ കഷ്ണങ്ങൾ എന്നിവചേർത്ത് മിശ്രിതം തയ്യാറാക്കാം. ദ്വാരങ്ങളുള്ള മൺചട്ടിയാണ്് വളർത്താൻ ഉത്തമം.

അരാണ്ട. മെക്കാറ, ഫലപ്‌നോസിസ്, റെനാന്ത്ര, ആനിബ്‌ളാക് എന്നിങ്ങനെ ഇനിയും ഒട്ടേറെ പുത്തൻതാരങ്ങളെ ഓർക്കിഡ് ഇനത്തിൽ പരിചയപ്പെടുത്താനുണ്ട്. അവയെയും ഓർക്കിഡ് കൃഷി വ്യാവസായികമായി നടത്തുന്നതിനെയുംകുറിച്ച് പിന്നീട് പറയാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *