ശീതകാല പച്ചക്കറികൃഷി ഇപ്പോള്‍ തുടങ്ങാം. 10 വര്‍ഷത്തോളമായി കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കൃഷിചെയ്തുവരുന്നുണ്ട്. കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി എന്നിവ കൃഷിചെയ്യാം. കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി എന്നിവയുടെ വിത്തുകള്‍ കിളിര്‍പ്പിച്ച് തൈകളാണ് നടുന്നത്. പ്രോട്രേയിലെ തൈകളോ, പേപ്പര്‍ കപ്പുകളില്‍ വിത്ത് മുളപ്പിച്ച് 25 ദിവസം പ്രായമായ തൈകളാണ് നടേണ്ടത്.
ഒക്ടോബര്‍ ആദ്യംമുതല്‍ നടാവുന്നതാണ്. മണ്ണൊരുക്കം, തൈപാകല്‍ എന്നിവ ഇപ്പോള്‍ ചെയ്യാം. തൈകളെ ബാധിക്കുന്ന കടചീയല്‍ അസുഖത്തെ നിയന്ത്രിക്കുന്നതിനായി വിത്തില്‍ ബാസില്ലാസ് സബ്ടിലിസ് പൊടി വിത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം നടാവുന്നതാണ്.
കാരറ്റ് കൃഷി
30 സെ.മീ. ഉയരത്തില്‍ 1 മീറ്റര്‍ വീതിയില്‍ വാരമെടുത്ത് നന്നായി കിളച്ച് ഒതുക്കിയശേഷം സെന്‍റിന് 100 കിലോ ജൈവവളം 1.5 കിലോ റോക് ഫോസ്ഫേറ്റ് എന്നിവ വാരത്തില്‍ ചേര്‍ക്കുക. നനച്ച ശേഷംമാത്രമേ വിത്ത് വിതക്കാന്‍ പാടുള്ളൂ. സെന്‍റിന് 25 ഗ്രാം വിത്തെടുക്കുമ്പോള്‍ 10 ഗ്രാം ബാസില്ലാസ് സബ്ടിലീസ് ചേര്‍ത്ത് 15 മിനിറ്റ് വെച്ചതിന് ശേഷം അരിച്ച് മേല്‍മണ്ണിനോടൊപ്പം വിതറുക. 7 ദിവസംകൊണ്ട് വിത്തുകള്‍ കിളിര്‍ത്ത് തുടങ്ങും. മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാം. ഈര്‍പ്പം നിലനിര്‍ത്താന്‍ തവാരണയില്‍ പുതയിടുക.
ബീറ്റ്റൂട്ട്
25 സെ.മീ. ഉയരമുള്ള വാരങ്ങളെടുത്ത് സെന്‍റിന് 100 കി.ഗ്രാം ജൈവവളം, 750 ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ ചേര്‍ത്തിളക്കുക. ബീറ്റ്റൂട്ടിന്‍റെ വിത്തുകള്‍ തയ്യാറാക്കിയ വാരത്തില്‍ 20 സെ.മീ. അകലത്തില്‍ രണ്ട് വരികളിലായി നടാവുന്നതാണ്. നനവുള്ള മണ്ണില്‍ സെന്‍റിന് 2 ഗ്രാം എന്ന തോതില്‍ വിത്തിടാം. വിത്ത് വിതച്ചശേഷം ഈര്‍പ്പം നിലനിറുത്തുന്നതിനായി പുതയിടുന്നത് നല്ലതാണ്.
കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി കൃഷികള്‍ തുടങ്ങാം
