കരിമ്പ് കൃഷി പല രീതികളില്‍; വര്‍ഷത്തില്‍ മൂന്ന് തവണ കൃഷി ചെയ്യാം.

ധാരാളമായി വളം ആവശ്യമുള്ള വിളയാണ് കരിമ്പ്. പൂര്‍ണവളര്‍ച്ചയെത്തി കൃത്യസമയത്തു തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കില്‍ അളവിലും ഗുണത്തിലും നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. 

ഏകദേശം ഒരു മില്യണ്‍ ആളുകള്‍ക്ക് നേരിട്ടോ അല്ലാതെയോ തൊഴില്‍ സാധ്യത നല്‍കുന്ന കാര്‍ഷിക വിളയാണ് കരിമ്പ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ ഗിനിയയിലാണ് കരിമ്പ് കൃഷിയുടെ ഉത്ഭവം. പഞ്ചസാര ഭൂരിഭാഗം ആളുകളുടെയും ഭക്ഷണത്തിലെ പ്രധാന ഘടകം തന്നെയാണെന്ന് അറിയാമല്ലോ. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയായ കരിമ്പ് മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കൃഷി ചെയ്ത് വിളവെടുക്കാം. 

നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് സാധാരണയായി കരിമ്പ് കൃഷി ചെയ്യാറുള്ളത്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായാണ് കൃഷി നടക്കുന്നത്. ഒക്ടോബര്‍, ഫെബ്രുവരി-മാര്‍ച്ച്, ജൂലൈ മാസങ്ങളിലാണ് വ്യാപകമായി കൃഷി നടത്താറുള്ളത്. മഹാരാഷ്ട്രയില്‍ ജൂലൈ മാസങ്ങളിലാണ് കൃഷി ചെയ്യുന്നത്. എന്നാല്‍, വടക്കേ ഇന്ത്യയില്‍ സാധാരണയായി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് വ്യാപകമായ കൃഷി നടക്കുന്നത്. നല്ല ആരോഗ്യത്തോടെ മുള പൊട്ടിവരാന്‍ വേണ്ടത് 25 മുതല്‍ 32 ഡിഗ്രി വരെയുള്ള അന്തരീക്ഷ താപനിലയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ കൃഷി ആരംഭിക്കുന്നത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്.

കരിമ്പ് നടുന്നതിന് നാല് രീതികളാണുള്ളത്. റിഡ്ജ് ആന്റ് ഫറോ രീതി (Ridge and furrow method) മഹാരാഷ്ട്രയിലെ കരിമ്പ് കര്‍ഷകരുടെയിടയില്‍ വ്യാപകമാണ്. ഉയര്‍ന്ന രീതിയിലുള്ള കുന്നുകളും ചാലുകളുമൊരുക്കി കൃഷി ചെയ്യുന്ന രീതിയാണിത്. ജലസേചനത്തിനുള്ള സംവിധാനങ്ങള്‍ യഥാസ്ഥലത്ത് ആവശ്യമായ അകലത്തില്‍ ഏര്‍പ്പെടുത്തും. ഇടത്തരം മണ്ണില്‍ അവലംബിക്കുന്ന രീതിയാണ് വെറ്റ് ( Wet method). കൃഷി ചെയ്യുന്നതിന് മുമ്പായി ജലസേചനം നടത്തണം. മറ്റൊരു രീതിയായ ഡ്രൈ (Dry method) കട്ടി കൂടിയ മണ്ണിലാണ് ഉപയോഗിക്കുന്നത്.  ഈ രീതിയില്‍ കരിമ്പ് നട്ടതിനു ശേഷമാണ് നനയ്ക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട കൃഷിരീതിയാണ് ഫ്‌ളാറ്റ് ബെഡ് ( Flat bed method). ഉത്തര്‍പ്രദേശിലും ബീഹാറിലും ഈ രീതിയാണ് അവലംബിക്കുന്നത്. നിലം ഉഴുതുമറിച്ച് നിരപ്പായ രീതിയില്‍ ബെഡ്ഡുകളുണ്ടാക്കുന്നു. ഈ ബെഡ്ഡുകളില്‍ കരിമ്പിന്റെ നടീല്‍ വസ്തുക്കള്‍ വെക്കും. രണ്ടു നിരകളും തമ്മില്‍ 60 മുതല്‍ 90 സെ.മീ വരെ അകലമുണ്ടായിരിക്കും. നടീല്‍ വസ്തുക്കള്‍ കൈകള്‍ ഉപയോഗിച്ചോ കാലുകള്‍ ഉപയോഗിച്ചോ അമര്‍ത്തി മണ്ണുകൊണ്ട് മൂടുകയാണ് ചെയ്യുന്നത്. മുകുളങ്ങള്‍ വശങ്ങളിലായി വരത്തക്കവിധമാണ് ഇത് ചെയ്യുന്നത്.റായുങ്കാന്‍ (Rayungan) എന്ന മറ്റൊരു രീതി കോലാപ്പൂര്‍ ജില്ലയിലെ നദീതടങ്ങളിലെ കരിമ്പ് കൃഷിക്കാണ് ഉപയോഗപ്പെടുത്തുന്നത്. മഴക്കാലത്ത് കരിമ്പിന്‍ തോട്ടങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയാല്‍ മുള പൊട്ടുന്നതിനെ ബാധിക്കും. അത്തരം പ്രദേശങ്ങളില്‍ നേരിട്ട് പ്രധാന കൃഷിസ്ഥലത്തേക്ക് നടാന്‍ കഴിയില്ല. നഴ്‌സറികളില്‍ കുത്തനെ നടുന്ന നടീല്‍ വസ്തുക്കളില്‍ മുകുളങ്ങള്‍ വിരിഞ്ഞ ശേഷം വെള്ളപ്പൊക്കമില്ലാത്ത സീസണില്‍ പ്രധാന കൃഷിഭൂമിയിലേക്ക് പറിച്ചുനടും. ട്രഞ്ച് അല്ലെങ്കില്‍ ജാവ എന്ന രീതി മൗറീഷ്യസിലും ജാവയിലുമാണ് പ്രചാരത്തിലുള്ളത്. 90 മുതല്‍ 120 സെ.മീ അകലത്തിലും 22 മുതല്‍ 30 സെ.മീ ആഴത്തിലും തയ്യാറാക്കിയ കിടങ്ങുകളാണ് ആവശ്യം. കിടങ്ങിന്റെ അടിവശത്തുള്ള മണ്ണില്‍ വളപ്രയോഗം നടത്തും. നടീല്‍ വസ്തുക്കള്‍ കിടങ്ങിന്റെ മധ്യഭാഗത്ത് കൃഷി ചെയ്ത് മണ്ണ് ഉപയോഗിച്ച് മൂടും. കരിമ്പ് നട്ട ശേഷം ജലസേചനം നടത്തും. ഈ രീതിയില്‍ കൃഷി  ചെയ്യുമ്പോള്‍ വന്യമൃഗങ്ങള്‍ കാരണമുള്ള കൃഷിനാശവും കുറവാണ്.

ധാരാളമായി വളം ആവശ്യമുള്ള വിളയാണ് കരിമ്പ്. പൂര്‍ണവളര്‍ച്ചയെത്തി കൃത്യസമയത്തു തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കില്‍ അളവിലും ഗുണത്തിലും നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. വിളവെടുപ്പിന് ഏതാണ്ട് 10 മുതല്‍ 15 വരെ ദിവസങ്ങള്‍ക്ക് മുമ്പായി ജലസേചനം നിര്‍ത്തണം. കരിമ്പിന്‍ തണ്ടുകള്‍ ഭൂനിരപ്പില്‍ വെച്ച് ചരിച്ച് വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഉണങ്ങിയ ഇലകളും വേരുകളും ഒഴിവാക്കും. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ശരാശരി വിളവ് 100 ടണ്‍ ആണ്. കരിമ്പ് കൃഷിയിലേക്കിറങ്ങുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടി മനസിൽ വച്ചാൽ നഷ്ടമില്ലാത്ത രീതിയിൽ കൃഷി ചെയ്യാം. 

Share Now

Leave a Reply

Your email address will not be published. Required fields are marked *