പൊവേസീ കുടുംബത്തില്‍ പെട്ട മണിച്ചോളം അഥവാ ജോവര്‍(Sorghum bicolor) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യവിളയാണ്.നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങള്‍ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകള്‍ മുറിച്ച് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്കുന്നു.ചൂടുള്ള കാലവസ്ഥയ്ക്ക് യോജിച്ച വിളയാണ് മണിച്ചോളം. തമിഴ്നാട്ടില്‍ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന ഈ വിള കേരളത്തിനും അനുയോജ്യമാണ്. 30 ഡിഗ്രി സെല്‍ഷ്യസാണ് മികച്ച താപം. 250-400 മി.മീ മഴ മതിയാകും. മണ്ണിലെ ഉപ്പുരസത്തെയും ക്ഷാരാവസ്ഥയെയും ഒരു പരിധിവരെ ചെറുത്തുനില്‍ക്കും. മഴയെ ആശ്രയിച്ചുള്ള കൃഷി മെയ് മുതല്‍ ആഗസ്റ്റ് വരെയും ജലസേചിത കൃഷി ജനുവരി മുതല്‍ ഏപ്രില്‍ വരെയും ചെയ്യാം.
ഇനങ്ങള്‍
Co-1,Co-10,Co-12,Co-17,K-1,K2 എന്നിവ പൊതുവായി ഉപയോഗിക്കുന്ന വിത്തുകളാണ്. CSH-1, CSH-2,CSH-3,CSH-4,Co-11 എന്നിവ
വിത
മണ്ണ് ഉഴുത് കട്ടയുടച്ച് അടിവളവും ചേര്‍ത്താണ് വിത്ത് വിതയ്ക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് വിതയ്ക്കാന്‍ 12 മുതല്‍ 15 കി.ഗ്രാം വിത്ത് വേണ്ടിവരും. രണ്ട് വിത്തുവീതം 45X15 സെ.മീ. അകലത്തില്‍ ഇടാം.
വളപ്രയോഗം
മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് രാസവളങ്ങള്‍ കുറച്ച് മതിയാകും. ജലസേചിത കൃഷിക്ക് പാക്യജനകം,ഭാവഹം,ക്ഷാരം എന്നിവ ഹെക്ടറിന് 90:45:45 കി.ഗ്രാം എന്ന തോതിലും മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് യഥാക്രമം 45:25:25 കി.ഗ്രാം എന്ന തോതിലും നല്‍കാം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളവും ഭാവഹവും ക്ഷാരവും മൊത്തമായും പാക്യജനകത്തിന്റെ പകുതിയും അടിവളമായി കൊടുക്കാം. ബാക്കി പാക്യജനകം നട്ട് 30 ദിവസമാകുമ്പോള്‍ നല്‍കാം. ഇതിന് ഒരാഴ്ച മുന്‍പ് അധികമുളള തൈകള്‍ നീക്കം ചെയ്യല്‍,ഇടയിളക്കല്‍,കള നിയന്ത്രണം എന്നിവ ചെയ്യണം. നടുന്ന ദിവസവും 10 ദിവസം കഴിഞ്ഞും തുടര്‍ന്നും ജലസേചനം നടത്താം. 4-5 മാസം കൊണ്ട് മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തില്‍നിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
വിളവെടുപ്പ്
വിളവെടുക്കുമ്പോള്‍ ആദ്യം കതിര്‍ക്കുലകള്‍ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികള്‍ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലിപ്പവും നിറവുമുള്ള മെച്ചമായ കതിര്‍ക്കുലകള്‍ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.കാലികളെക്കൊണ്ട് നടത്തിച്ചാണ് കതിര്‍ക്കുലകള്‍ മെതിക്കുന്നത്. യന്ത്രമുപയോഗിച്ചും മെതിക്കാറുണ്ട്. ധാന്യം പാറ്റി വെയിലിലുണക്കി സൂക്ഷിക്കുന്നു. വയ്‌ക്കോലിന്റെ വിളവ് മറ്റുധാന്യവിളകളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. നെല്ലിന്റെ വയ്‌ക്കോലിനെ അപേക്ഷിച്ച് സ്വാദും പോഷകാംശവും മണിച്ചോളത്തില്‍നിന്നു ലഭിക്കുന്ന വയ്‌ക്കോലിന് കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷിചെയ്തുവരുന്നു.കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോള്‍ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്‌തെടുക്കുന്നു. തീരെ ഇളം പ്രായത്തില്‍ കൊയ്‌തെടുത്താല്‍ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതില്‍ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.ധാന്യം നന്നായി വെയിലിലുണക്കി, പ്രാണിശല്യം ഒഴിവാക്കാനായി മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കുന്നു. ധാന്യനിരപ്പിനു മുകളില്‍ രണ്ടിഞ്ച് കനത്തില്‍ മണലിട്ട് പാത്രം മണ്ണും ചാണകവും കൂടി കൂട്ടി ചേര്‍ത്തടയ്ക്കണം.വിത്തിന് ആവശ്യത്തിനുള്ളവ മരപ്പെട്ടികളിലോ ലോഹപ്പെട്ടികളിലോ സൂക്ഷിക്കാറാണ് പതിവ്. പ്രാണിശല്യം ഒഴിവാക്കാന്‍ നാഫ്തലീന്‍ ചേര്‍ക്കുന്നു.