രുചിയേറും പത്തില തോരൻ

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു ബലവും ഉന്മേഷവും ആർജിക്കാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം ( നാളെ മുതൽ ). ഔഷധങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിലെ ഒരു പ്രധാന വിഭവമാണ് പത്തില തോരൻ. പത്തുതരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കൊണ്ടുള്ള തോരനാണിത്. ദേശഭേദത്തിനനുസരിച്ചു തെരഞ്ഞെടുക്കുന്ന ചെടികൾക്ക് വ്യത്യാസം വരാം..പൊതുവെ പ്രചാരത്തിലുള്ള പത്തിലകൾ നമുക്ക് പരിചയപ്പെടാം..

താള്

കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമായ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും തോരൻ വെക്കാൻ ഉപയോഗിക്കാം. കഴുകി നുറുക്കി പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടോ മഞ്ഞൾപ്പൊടി തൂകിവെച്ചോ ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ

തകര

ദഹനശേഷി വർധിപ്പിക്കുന്നതിനും ത്വക് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, അലർജി , നേത്രരോഗങ്ങൾ എന്നിവ ആകാട്ടുന്നതിനും പ്രതിവിധിയാണ്

തഴുതാമ

പൊട്ടാസിയം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന തഴുതാമ മൂത്രവർധനവിന് ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ മലബന്ധം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ചുമ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു

ചേന

കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, വിറ്റാമിനുകൾ ,ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നം. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധധഗുണം

പയറില

ശരീരശുദ്ധിക്ക് ഉത്തമമാണ് പയറില. ദഹനശക്തിയും ശരീരബലവും വർധിപ്പിക്കുന്നതിനും നേത്രരോഗങ്ങൾ ,കരൽവീക്കം എന്നിവയ്ക്കും ഫലപ്രദം. വള്ളിപ്പയർ, ചെറുപയർ, കാട്ടുപയർ എന്നിവയുടെ ഇല തോരൻ വെക്കാൻ ഉപയോഗിക്കാം

കുമ്പളത്തില

കുമ്പളത്തിന്റെ ഇല രക്തശുദ്ധിക്കും രക്തസ്രാവം നിയന്ത്രിക്കുന്നതിനും സഹായകം. പതിവായി കഴിക്കുന്നത് ദഹനശക്തി മെച്ചപ്പെടുത്താൻ ഫലപ്രദം

മത്തനില

ധാതുക്കൾ , വിറ്റാമിൻ A , വിറ്റാമിൻ C എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തനില ദഹനസംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കുന്നു

ചീരയില

ഇലയിനങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ള ചീര കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയുടെ കലവറ തന്നെയാണ്. വിളർച്ച തടയാൻ ഫലപ്രദം

കൊടിത്തൂവയില

പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇലകളിലെ രോമങ്ങൾ കളഞ്ഞ് വേണം ഉപയോഗിക്കാൻ ( ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്) കർക്കിടകത്തിലെ ആദ്യ ദിവസങ്ങളിൽ മാത്രമേ ഇതുപയോഗിക്കാവൂ എന്ന് പഴമക്കാർ പറയുന്നു

വെള്ളരിയില

ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു.

ഇലകളിലെ രോമങ്ങൾ കളഞ്ഞതിനുശേഷം ഉപയോഗിക്കുക. നേത്രസംരക്ഷണത്തിന് മികച്ചതാണിത്

പത്തില തോരൻ തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ഇലകളിൽ ഓരോന്നും തുല്യമായ അളവിൽ ഓരോ പിടി വീതം എടുക്കാം. ഈ ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക . കുറച്ചു തേങ്ങയും കാന്താരിമുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചു ചേർക്കാം

വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല. ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി. ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും. ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. പത്തിലത്തോരൻ തയ്യാറായിരിക്കും .

അമിത രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഉപ്പിന് പകരമായി ഇന്തുപ്പ് ഉപയോഗിക്കാം . ശരീരത്തിനു ഏറെ ഗുണം ചെയ്യുന്ന പത്തില തോരൻ കർക്കിടകകഞ്ഞിയുടെ കൂടെ കഴിക്കുന്നതാണ് ഉത്തമം.

Share Now

Leave a Reply

Your email address will not be published. Required fields are marked *