ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കൂവ. നീല വെള്ള മഞ്ഞ തുടങ്ങിയ ഇനങ്ങളാണ് കൂവയിൽ ഉള്ളത്. ഇതിൽ വെള്ളക്കൂവയ്ക്ക് വിപണിയിൽ എന്നും ഡിമാൻഡ് ഉണ്ട്. നിരവധി രോഗങ്ങൾക്ക് കൂവ ഒരു ശാശ്വത പരിഹാരമാണ്. മൂത്ര ചൂട് മൂത്രക്കല്ല് എന്നിവ തടയുവാനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും, ചർമ്മരോഗങ്ങളെ പ്രതിരോധിക്കുവാനും കൂവ മികച്ചതാണ്.
മറ്റു കൂവ ഇനങ്ങളെക്കാൾ ഔഷധമൂല്യം കൂടുതലാണ് വെള്ള കൂവയ്ക്ക്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കുവാൻ ഇത് ഉപയോഗപ്പെടുത്തുന്നു. ജൂൺ ജൂലൈ മാസത്തിൽ കൃഷിയിറക്കി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുക്കുന്ന കൂവ കിഴങ്ങാ യും പൊടിയായും വിൽപന നടത്താവുന്നതാണ്.
കൂവ കൃഷി ചെയ്യുമ്പോൾ അടിവളമായി ജൈവവളം ഉപയോഗിക്കുന്നതാണ് നല്ലത് നട്ട് ഏകദേശം ഒന്നര മാസം കഴിയുമ്പോൾ ചാരം ഇട്ടു കൊടുക്കുന്നത് നല്ലതാണ്. നട്ട് ഏകദേശം എട്ടു മാസം പ്രായം എത്തി ഇലകൾ മഞ്ഞളിച്ച് വിളവെടുത്താൽ ധാരാളം കൂവപ്പൊടി ലഭ്യമാകും .
കൂവപ്പൊടി വീട്ടിൽ തന്നെ നിർമ്മിക്കാം
കൂവപ്പൊടിക്ക് വിപണിയിൽ എന്നും ആവശ്യക്കാരാണ്. നന്നായി കഴുകിയെടുത്ത കൂവക്കിഴങ്ങ് പോളകൾ നീക്കം ചെയ്തു മിക്സിയിൽ അടിച്ചെടുക്കുക. കുഴമ്പു പോലെ ഇരിക്കുന്ന ഇത് നല്ല വൃത്തിയുള്ള വെളുത്ത തുണിയിൽ കിഴി ആക്കുക. അതിനുശേഷം ഒരു സ്റ്റീൽ പാത്രത്തിൽ മുക്കാൽഭാഗം ക്ലോറിൻ കലരാത്ത ശുദ്ധജലം എടുക്കുക. അതിനുശേഷം ഈ കിഴി പകുതി വെള്ളത്തിൽ മുങ്ങി നിൽക്കും വിധം താഴ്ത്തി വെക്കുക. ഏകദേശം അഞ്ചു മണിക്കൂർ കഴിഞ്ഞ് കീഴിൽ നിന്ന് കൂവപ്പൊടി പാത്രത്തിലെ വെള്ളത്തിലേക്ക് ഊർന്നിറങ്ങും. പാത്രത്തിന് താഴെ കൂവ അടിക്കുന്നത് കാണാൻ സാധിക്കും. വൈകുന്നേര സമയങ്ങളിൽ ഇങ്ങനെ ചെയ്താൽ രാവിലെ ആകുമ്പോഴേക്കും കൂവപ്പൊടി നല്ല രീതിയിൽ ലഭ്യമാകും.
അതിനുശേഷം വെള്ളം കളഞ്ഞു കൂവപ്പൊടി വേർതിരിക്കണം. ഇതിന് വൃത്തിയുള്ള ഷീറ്റ് എടുത്തു മൂന്നുദിവസം അതിലിട്ട് മൂന്നുദിവസം വെയിലിൽ ഉണക്കണം. നന്നായി ഉണങ്ങിയ കൂവപ്പൊടി വിപണിയിലേക്ക് എത്തിക്കാം ഏകദേശം നാലു വർഷം വരെ ഇത് കേടുകൂടാതെ ഇരിക്കും.