അടുത്ത ഹരിതവിപ്ലവം ഹരിതഗൃഹകൃഷിയിലൂടെ

ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒരു കാർഷികരാജ്യമായതുകൊണ്ട് നമുക്ക് മറ്റു രാഷ്ട്രങ്ങളുടെയിടയിൽ സാമ്പത്തികമായി ഉയർന്നുവരണമെങ്കിൽ നമ്മുടെ കാർഷിക വിഭവങ്ങൾക്ക് വികസിതരാജ്യങ്ങളുടെ ഉത്പന്നങ്ങളോട് കിടപിടിക്കാൻ കഴിയണം. അതിനാൽ നമ്മുടെ കാർഷികമേഖലയ്ക്ക് ഉയർന്ന ഉത്പാദനക്ഷമതയും സുസ്ഥിരമായ സമ്പദ്ഘടനയും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യകൾ അനിവാര്യമാണ്. ഓരോ വിളയ്ക്കും ഏറ്റവും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കണമെങ്കിൽ അതിനുചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലേയും മണ്ണിലേയും താപനില, വേരുമണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ അളവിലായിരിക്കണം. എന്നാൽ നാം കാലാകാലങ്ങളായി അനുവർത്തിക്കുന്ന കൃഷിമുറകൾകൊണ്ട് ചെടികളുടെ വേരുമണ്ഡലത്തിലുള്ള മണ്ണിലെ വായുസഞ്ചാരം, ഫലപുഷ്ടി എന്നിവ ക്രമീകരിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ശരിയായ നന, പുതയിടൽ തുടങ്ങിയ മാർഗങ്ങളിലൂടെ മണ്ണിലെ താപനില ഒരളവുവരെ ക്രമീകരിക്കാൻ കഴിയുന്നതാണ്. തുറസായ കൃഷിഭൂമിയിൽ നാം പരമ്പരാഗതമായി അനുവർത്തിക്കുന്ന മാർഗങ്ങളിലൂടെ അന്തരീക്ഷത്തിലെ താപനില, പ്രകാശത്തിന്റെ തീവ്രതയും ദൈർഘ്യവും, വായുവിൽ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങളുടെ അളവ് എന്നിവ ക്രമീകരിക്കാൻ സാധിക്കില്ല. സംരക്ഷിത കൃഷിരീതിയിൽ ഈ ഘടകങ്ങൾ പൂർണമായോ ഭാഗികമായോ ക്രമീകരിക്കാൻ കഴിയും. ഓരോ ഹരിതഗൃഹത്തിനും (greenhouse) അതിന്റെ അന്തരീക്ഷത്തെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് അതിന്റെ രൂപകല്പനയേയും അതിൽ അന്തരീക്ഷം ക്രമീകരിക്കാനുപയോഗിച്ചിട്ടുള്ള സംവിധാനത്തേയും ആശ്രയിച്ചാണിരിക്കുന്നത്.

ഏതുതരം സസ്യമാണ് ഹരിതഗൃഹത്തിൽ വളർത്താനുദ്ദേശിക്കുന്നത്, അതിന്റെ ഉത്പന്നങ്ങൾക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും, കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഹരിതഗ്യഹത്തിന്റെ രൂപകല്പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുക്കേണ്ടത്.

സംരക്ഷിത കൃഷിരീതി അഥവാ ഹരിതകൃഷി

സംരക്ഷിത കൃഷിരീതിയിൽ ചെടികൾ വളർത്താനായി ആവശ്യത്തിനു വലുപ്പമുള്ള ഹരിതഗ്യഹങ്ങൾ നിർമ്മിക്കുന്നു. ഇവ ഹരിതഗ്യഹത്തിൽ വളരുന്ന ചെടികൾക്കു ചുറ്റുമുള്ള അന്തരീക്ഷത്തെ പുറത്തുള്ള അന്തരീക്ഷത്തിൽനിന്നും വേർതിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിന്റേയും രൂപകല്പനക്കനുസരിച്ച് ചെടികൾക്ക് ചുറ്റുമുള്ള അന്തരീക്ഷനിലയും വ്യത്യാസപ്പെട്ടിരിക്കുന്നു.

സംരക്ഷിതകൃഷിയിൽ നൂതനസാങ്കേതികവിദ്യകളായ സൂക്ഷ്മജലസേചനം, മണ്ണിതര മാധ്യമ കൃഷി, ഫെർട്ടിഗേഷൻ, സൂക്ഷ്മ (പജനനം, ഉയർന്ന ഉത്പാദനക്ഷമതയുള്ള ഹൈബ്രിഡ് വിത്തുകൾ, പ്ലാസ്റ്റിക്ക് പുത, സൂര്യപ്രകാശത്തിന്റെ തീക്ഷണതയുടെ നിയന്ത്രണം, രാത്രി-പകൽ ദൈർഘ്യത്തിന്റെ നിയന്ത്രണം, കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു. പല ആകൃതിയിലും വലുപ്പത്തിലും വിവിധ തരം നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഹരിതഗൃഹങ്ങളുമുണ്ട്. ചെലവ് കുറഞ്ഞതും ലളിതവുമായ ഹരിത ഗൃഹങ്ങൾ മുതൽ വളരെ ചെലവേറിയതും ഉയർന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുമുള്ള ഹരിതഗൃഹങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മൈൽഡ് സ്റ്റീൽ പൈപ്പ് (എം.എസ്. പൈപ്പ്), ഗാൽവനൈസ്ഡ് അയൺ പൈപ്പ് (ജി.ഐ. പൈപ്പ്) കോൺക്രീറ്റ് അഥവാ ഇഷ്ടിക ഉപയോഗിച്ചുള്ള തൂൺ, ജി. ഐ. പൈപ്പോ/എം.എസ്. പെപ്പ് ഉപയോഗിച്ചുള്ള മേൽക്കൂരയുടെ ചട്ടക്കൂട് എന്നിവയാണ് ഹരിതഗൃഹങ്ങളുടെ അടിസ്ഥാനഘടകങ്ങൾ, ചെലവ് കുറഞ്ഞ ഹരിതഗൃഹങ്ങൾ ഉണ്ടാകുന്നതിന് മുള, കവുങ്ങ്, ചൂളമരത്തിന്റെ തടി എന്നിവ ഉപയോഗിക്കാം, ഹരിതഗ്യഹങ്ങളുടെ മേൽക്കൂരയും വശങ്ങളും മറയ്ക്കുന്നതിന് സാധാരണയായി യു.വി. സ്റ്റെബിലൈഡ് പോളി എത്തിലീൻ ഷീറ്റുകൾ ആണ് ഉപയോഗിക്കുന്നത്. ഈ ഷീറ്റുകൾ ഹരിതഗൃഹത്തിനുള്ളിലേക്ക് അൾട്രാവയലറ്റ് രശ്മികളെ കടത്തിവിടില്ല. അൾട്രാ വയലറ്റ് രശ്മികളെ ഇത്തരം ഷീറ്റുകൾ തടയുന്നതുകൊണ്ട് ചെടികൾ കൂടുതൽ ആരോഗ്യത്തോടെ വളരുന്നു. ഹരിതഗൃഹങ്ങളിൽ, യു.വി. രശ്മികളില്ലാത്തതിനാൽ ചിലയിനം പ്രാണികളുടെയും ബാക്ടീരിയകളുടേയും കുമിളുകളുടേയും പ്രവർത്തന ശേഷി വളരെ കുറവായിരിക്കും. അതിനാൽ ഹരിതഗൃഹങ്ങളിൽ വളരുന്ന ചെടികൾക്ക് ഇവയുടെ ആക്രമണവും വളരെ കുറവായിരിക്കും. ഹരിതഗൃഹത്തിനുളളിൽ വളർത്താൻ ചെടികൾ തെരഞ്ഞടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാധ്യതയും മുൻനിർത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനങ്ങളിൽനിന്നും താഴെപ്പറയുന്ന ചെടികൾ ഹരിതഗ്യഹത്തിൽ വളർത്താൻ യോജിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പച്ചക്കറികൾ: തക്കാളി, സലാഡ്, കുക്കുമ്പർ, പയറിനങ്ങൾ, വിവിധയിനം മുളകുകൾ, കാപ്സിക്കം, ചെറിത്തക്കാളി, വെണ്ട, ബ്രോക്കോളി, കാബേജ്, കോളിഫ്ളവർ, ഉള്ളി, പച്ചിലവർഗച്ചെടികൾ (ചീര, പാലക്ക്), വഴുതന, ബീൻസ് മുതലായവ

പഴവർഗങ്ങൾ: സ്ട്രോബറി,മുന്തിരി, വാഴ, തണ്ണിമത്തൻ, മസ്ക്മെലൻ

പൂച്ചെടികൾ: റോസ്, ജെർബറ, കാർണേഷൻ, ഓർക്കിഡ്, ആന്തൂറിയം, ക്രിസാന്തിമം, ലില്ലികൾ

മറ്റുള്ളവ: പുകയില, നഴ്സറികൾ

ഹരിതഗൃഹത്തിൽ ചെടികളുടെ ഉയർന്ന ഗുണനിലവാരമുള്ള തൈകൾ ഉണ്ടാക്കി വിപണനം നടത്തുന്നത് വളരെ ആദായകരമായി കണ്ടിട്ടുണ്ട്.

ഹരിതഗൃഹം അഥവാ ഗ്രീൻഹൗസ്

ഹരിതഗൃഹം എന്നു പറയുമ്പോൾ പച്ചനിറമുള്ള നെറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ് പലരുടേയും ധാരണ. എന്നാൽ നാം സാധാരണയായി കാണുന്നത് പച്ചനിറമുള്ള ഷെയ്ഡ്നെറ്റ് കൊണ്ടുണ്ടാക്കിയവ ഷേയ്ഡ്ഹൗസുകളാണ്. സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുക മാത്രമാണ് ഇത്തരം ഷേയ്ഡ് നെറ്റുകൾ ചെയ്യുന്നത്. ഹരിതഗൃഹം അഥവാ ഗ്രീൻഹൗസ്, ഗ്രീൻഹൗസ് ഇഫക്ട് എന്ന പദവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് രശ്മികളും നമുക്ക് കാണാൻ കഴിയുന്ന രശ്മികളും ഇൻഫ്രാറെഡ് രശ്മികളും ആണുള്ളത്. ചെടികൾ നമുക്ക് കാണാൻ കഴിയുന്ന രശ്മികൾ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം ചെയ്യുന്നു. ഇൻഫ്രാറെഡ് രശ്മികൾ ഇലകളെയും മറ്റും ചൂടാക്കുകയാണ് ചെയ്യുന്നത്. അൾട്രാവയലറ്റ് രശ്മികൾ UV-A, UV-B, UV-C എന്നിങ്ങനെ മൂന്നുതരത്തിലാണുള്ളത്. ഇതിൽ UV-B യും UV-C യും ചെടികൾക്ക് ദോഷകരമാണ്. UV-A, ചെടികളുടെ ഫലങ്ങളുടെ നിറം, സ്വാദ്, മണം എന്നിവയെ സ്വാധീനിക്കുന്നു. അതിനാൽ ചില സ്റ്റെബിലൈസറുകൾ UV-B, UV-C, UV-A ലോങ്ങ് ഇൻഫ്രാറെഡ് രശ്മികൾ എന്നിവ കടത്തിവിടാത്ത വിധത്തിലാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ 381 നാനോമീറ്റർ വരെ തരംഗദൈർഘ്യമുള്ള UV-A രശ്മികളും തടയപ്പെടുന്നു. യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീൻ ഷീറ്റ് ഉപയോഗിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന രശ്മികളും ഷോർട്ട് ഇൻഫ്രാറെഡ് രശ്മികളും 381 മുതൽ 400 നാനോമീറ്റർ തരംഗദൈർഘ്യമുള്ള UV-A രശ്മികളും ഹരിതഗൃഹത്തിനുള്ളിലേക്ക് കടത്തി വിടുന്നുണ്ട്. ഷോർട്ട് ഇൻഫ്രാറെഡ് രശ്മികൾ, ഷീറ്റുകൾ, ചെടികളുടെ ഇലകൾ, മണ്ണ് എന്നിവയിൽ തട്ടി പ്രതിഫലിക്കുമ്പോൾ ലോങ് ഇൻഫ്രാറെഡ് രശ്മികളായി മാറുന്നു. അതിനാൽ രശ്മികൾക്ക് ഹരിതഗൃഹത്തിൽനിന്ന് തിരിച്ചു പോകാൻ കഴിയാതാകുന്നു. ലോങ്ങ് ഇൻഫ്രാറെഡ് രശ്മികളെ ഷീറ്റ് കടത്തിവിടാത്തതിനാൽ ഹരിതഗൃഹത്തിലെ ചൂട് മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ (വെന്റിലേഷൻ സംവിധാനങ്ങൾ ഒന്നും ഇല്ലെങ്കിൽ) കൂടാൻ കാരണമാകുന്നു. ഇത് അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ (green house gases) മൂലമുണ്ടാക്കുന്ന ഗ്രീൻഹൗസ് ഇഫക്ടിന് തുല്യമായ പ്രതിഭാസമായതിനാലാണ് ഹരിതഗൃഹത്തിന് ഗ്രീൻഹൗസ് എന്ന പേര് ലഭിച്ചത്. പാശ്ചാത്യ നാടുകളിൽ തണുത്ത കാലാവസ്ഥയായതിനാൽ ചൂടുകൂടുന്നത് വലിയ ഗുണം ചെയ്യും. എന്നാൽ നമ്മുടെ നാട്ടിൽ ഹരിതഗൃഹങ്ങളിൽ ചൂടു കുറയ്ക്കുകയാണ് വേണ്ടത്.

ഹരിതഗൃഹത്തിലെ കൃഷിയുടെ ഗുണമേന്മകൾ

ഹരിതഗൃഹകൃഷി അനുവർത്തിക്കുന്നതുമൂലം ഒരു യൂണിറ്റ് കൃഷിഭൂമിയിൽ ഒരു യൂണിറ്റ് ജലം കൊണ്ട് ഉണ്ടാക്കാവുന്ന കാർഷിക വിഭവങ്ങളുടെ അളവ് പതിന്മടങ്ങ് വർദ്ധിപ്പിക്കാനാകും.

തുറസായ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ഓരോ വിളകളും കാലോചിതമായേ കൃഷി ചെയ്യാനാകൂ. എന്നാൽ ഹരിതഗൃഹത്തിനുള്ളിലെ ഈർപ്പവും താപനിലയും നിയന്ത്രിക്കാൻ കഴിയുന്നതിനാൽ ഏതുവിളകളും (സ്വയം പരാഗണശേഷിയുള്ള വിളകൾ) ഏതു സമയത്തും ഏതു സ്ഥലത്തും ഹരിതഗൃഹത്തിനുളളിൽ കൃഷി ചെയ്യാൻ സാധിക്കും. അതിനാൽ ചെടികളുടെ ഫലങ്ങൾ അവയുടെ ലഭ്യത വളരെ പരിമിതമായിരിക്കുന്ന സമയത്ത് വിപണിയിൽ എത്തിക്കുവാനും കർഷകന് മുന്തിയ വില നേടുവാനും കഴിയും. ഇതിനായി വിളവിറക്കുന്ന സമയം വേണ്ടവിധം ക്രമീകരിച്ചാൽ മാത്രം മതിയാകും. ഹരിതഗൃഹത്തിലെ ഒരു യൂണിറ്റ് സ്ഥലത്തിന്റെ ഉത്പാദനക്ഷമത തുറസായ സ്ഥലത്തെ അപേക്ഷിച്ച് 300 മുതൽ 1000 ശതമാനം വരെ കൂടുതലായിരിക്കും. ഹരിതഗൃഹത്തിലെ ചെടികൾ ലംബമായി നടാൻ കഴിയുന്നതിനാൽ പുറത്ത് 8000 ചതുരശ്രമീറ്റർ നടാൻ കഴിയുന്നത്രയും ചെടികൾ 1000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഹരിതഗൃഹത്തിൽ നടാൻ കഴിയും. ഇതിനുപുറമെ, ഹരിതഗൃഹങ്ങളിൽ വളരുന്ന ചെടികൾ തുറസായ സ്ഥലത്ത് വളരുന്നവയെ അപേക്ഷിച്ച് വളരെ ഗുണമേന്മയുളള പൂക്കളും ഫലങ്ങളും ഉത്പാദിപ്പിക്കും.

ചെടികളിൽ നിന്നും മണ്ണിൽനിന്നും വെള്ളം നഷ്ടമാവുന്നത് ഹരിതഗൃഹങ്ങളിൽ താരതമ്യേന വളരെ കുറവായതിനാൽ പാരമ്പര്യകൃഷിരീതികളെ അപേക്ഷിച്ച് 30 മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാനാകും. പാരമ്പര്യ ജലസേചനരീതികൾക്ക് 30 മുതൽ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോൾ സൂക്ഷ്മ ജലസേചനരീതിയിൽ 75 മുതൽ 95 ശതമാനം വരെ കാര്യക്ഷമമായി ജലം ചെടികൾക്ക് നൽകുന്നു.

സൂക്ഷ്മ കൃഷിയിൽ ഓരോ സ്ഥലത്തേയും മണ്ണിലെ മൂലകങ്ങളുടെ അളവ് കൃത്യമായി കണ്ടു പിടിച്ച് ചെടിക്ക് ആവശ്യമായ അളവിൽ അതിന്റെ വേരുമണ്ഡലത്തിൽത്തന്നെ വെള്ളവും വളവും നൽകുകയാണ് ചെയ്യുന്നത്. വെള്ളത്തോടൊപ്പം വളവും ചെടികൾക്ക് ലഭ്യമായ രൂപത്തിൽ, കൃത്യമായ അളവിൽ, പല തവണകളായി നൽകുന്നതിനാൽ ചെടികളുടെ വളർച്ചയും ഉത്പാദനക്ഷമതയും ഗണ്യമായി വർദ്ധിക്കുന്നു. വളം വേരു മണ്ഡലത്തിന് താഴേക്ക് ഊർന്നിറങ്ങി ഭൂഗർഭജലം മലിനീകരിക്കപ്പെടുന്നത് അവസ്ഥയും ഉണ്ടാകുന്നില്ല. അതിനാൽ വളം 30 മുതൽ 50 ശതമാനം ലാഭിക്കാൻ കഴിയും.

ഹരിതഗൃഹങ്ങളിൽ രോഗകീടബാധകൾ വളരെ കുറവായിരിക്കും. മുഴുവനായി അടച്ചുകെട്ടിയതും പൂർണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളിൽ രോഗകീടബാധ ദുർലഭമായേ ഉണ്ടാകാറുള്ളൂ. സാധാരണ ജൈവകീടാനാശിനികൾ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. ഹരിതഗൃഹങ്ങളിൽ വിത്തുകൾ മുളയ്ക്കുന്നതിനും ഗ്രാഫ്റ്റ് ചെയ്ത കമ്പുകൾ പിടിച്ചു കിട്ടുന്നതിനുമുള്ള സാധ്യത തുറസായ സ്ഥലത്തെ അപേക്ഷിച്ച് 97-99 ശതമാനം വരെ കൂടുതലാണ്.

ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ, തുറസായ കൃഷിയിടത്തിൽ നേരിട്ട്വ യ്ക്കുന്നതിനു മുമ്പ് കുറച്ചു ദിവസം ഹരിതഗൃഹങ്ങളിൽ വച്ചാൽ കൂടുതൽ ചെടികൾ കേടുകൂടാതെ സംരക്ഷിച്ചെടുക്കാനാകും. ഹരിതഗ്യഹങ്ങളിൽ ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ വയ്ക്കുമ്പോൾ രാത്രിയും പകലും അവയ്ക്കനുയോജ്യമായ ഈർപ്പവും താപനിലയും ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടിഷ്യൂകള്‍ച്ചര്‍ ചെയ്ത ചെടികള്‍ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹരിതഗൃഹങ്ങളിൽ വയ്ക്കേണ്ടത്. രോഗകീടബാധ കുറയ്ക്കുന്നതിനായി ഹരിതഗ്യഹത്തിന്റെ നിലം കോൺക്രീറ്റ് ചെയ്ത്, അതിനു മുകളിൽ പ്ലാസ്റ്റിക് കവറുകളിൽ നട്ട ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ നിരത്തുന്നതാണ് നല്ലത്. ഹരിതഗൃഹങ്ങളിൽ 30 മുതൽ 45 ദിവസം വരെ ടിഷ്യൂകൾച്ചർ ചെയ്ത ചെടികൾ വച്ചശേഷം തുറസായ സ്ഥലത്ത് നടുകയാണെങ്കിൽ 98 മുതൽ 100 ശതമാനം വരെ ചെടികൾ പിടിച്ചുകിട്ടുന്നതായി കണ്ടിട്ടുണ്ട്.

ഹരിതഗൃഹങ്ങളിൽ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന കൃഷിരീതികൾ ഇന്ന് പ്രചാരത്തിലുണ്ട്. രാസലായനി, ചകിരിച്ചോറ്, കമ്പോസ്റ്റ്, നെല്ലിന്റെ ഉമി, വെർമിക്കുലേറ്റ്, പെർലൈറ്റ്, പീറ്റ്മോസ് എന്നീ മാധ്യമങ്ങളിൽ ചെടികൾ നട്ട് ഹരിതഗൃഹങ്ങളിൽ വളർത്തുന്ന രീതിക്ക് വളരെ പ്രചാരം ലഭിച്ചു വരുന്നു. ചകിരിച്ചോറാണ് മണ്ണിതര മാധ്യമമായി കൂടുതലായി ഉപയോഗിച്ചുവരുന്നത്.

ഹരിതഗൃഹകൃഷി രീതിയിൽ ജലസേചനം, ഫെർട്ടിഗേഷൻ, കാലാവസ്ഥാനിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ യന്ത്രവത്ക്കരണം വഴി നിയന്ത്രിക്കാനാകും. ഈ കൃഷിരീതിയിൽ വെള്ളവും വളവും ജലസേചനസംവിധാനത്തിലൂടെ കൊടുക്കുന്നതിനാലും, മേൽമണ്ണ് നനയാത്തതിനാലും, കളകളുടെ വളർച്ച വളരെ കുറവായിരിക്കും എന്നതിനാലും കൂലിച്ചെലവ് ഏകദേശം 66 മുതൽ 77 ശതമാനം വരെ ലാഭിക്കാനാകും. ഹരിതഗൃഹത്തിൽ ചെടികൾക്ക് അനുയോജ്യമായ കാലാവസ്ഥ സംജാതമാക്കാൻ കഴിയുന്നതുകൊണ്ട് ചെടികൾക്ക് വളരാൻ തീരെ അനുയോജ്യമല്ലാത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിൽപോലും കൃഷി സാദ്ധ്യമാക്കാനും നല്ല ഉത്പാദനക്ഷമത കൈവരിക്കാനുമാകും.

കേരളത്തിൽ കൃഷിയ്ക്കായി ഉപയോഗിക്കുന്ന വെള്ളം തുറസായ കിണറിലേയോ കുഴൽകിണറിലേയോ വെള്ളമായതുകൊണ്ട് മാലിന്യം താരതമ്യേന കുറവായിരിക്കും. അതിനാൽ ജലസേചന സംവിധാനം അടഞ്ഞുപോകാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഓരോ ജില്ലയിലും ആവശ്യത്തിന് ഹരിതഗൃഹങ്ങളുണ്ടെങ്കിൽ അവിടേയ്ക്ക് ആവശ്യമായ പച്ചക്കറികൾ 365 ദിവസവും ഉത്പാദിപ്പിക്കാൻ കഴിയും. ഉയർന്ന ഗുണമേന്മയുള്ള പച്ചക്കറികളും പൂക്കളും ഉത്പാദിപ്പിക്കാൻ കഴിയുന്നതുകൊണ്ട്, അവ അന്യരാജ്യങ്ങളിലേയ്ക്ക് കയറ്റിയയച്ച് കൂടുതൽ വിദേശനാണ്യം നേടാനാകും.  നല്ല ആരോഗ്യമുള്ളതും ഒരേ വലുപ്പമുള്ളതും വൈറസ് രോഗവിമുക്തവുമായ നടീൽ വസ്തുക്കൾ ഹരിതഗൃഹത്തിൽ ഉണ്ടാക്കാനാകും. ഇവ ഉപയോഗിക്കുന്നതുവഴി ഹരിതഗൃഹകർഷകർക്ക് ഒന്ന് മുതൽ ഒന്നര മാസം വരെ ലാഭിക്കാനും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനും സാധിക്കും. ഹൈടെക് നഴ്സറി ഹരിതഗൃഹത്തിൽ വളരെ വിജയകരമായി നടത്തിക്കൊണ്ടുപോകാം. ഉയർന്ന ഗുണമേന്മയുള്ള പുതിയതരം വിത്തുകൾ ഉത്പാദിപ്പിക്കു ന്നതിന് ഹരിതഗൃഹം വളരെ പ്രയോജനപ്രദമാണ്. ഹരിതഗൃഹത്തിൽ ചെടികൾക്ക് അനുയോജ്യമായ കാലാവസ്ഥയും മറ്റ് അവശ്യവിഭവങ്ങളും പ്രദാനം ചെയ്യുന്നതിനാലും ചെടികളെ മറ്റു ചെടികളിൽ നിന്നും വേർതിരിച്ച് സംരക്ഷിക്കുന്നതിനാലും പുതിയ തരം വിത്തുകൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഉത്പാദിപ്പിക്കാനാകും. ചെടികൾ മുകളിലോട്ട് ലംബമായി വളർത്തുന്നതിനാൽ ഹരിതഗൃഹത്തിലെ മുഴുവൻ വ്യാപ്തവും ഉപയോഗപ്പെടുത്താനാകും. അതുകൊണ്ടാണ് ഹരിതഗൃഹകൃഷിയിൽ 100 ശതമാനത്തിലധികം വിസ്തീർണം ഉപയോഗിക്കാൻ കഴിയും എന്നു പറയുന്നത്. അതിനാൽ രണ്ട്-രണ്ടര ഏക്കർ സ്ഥലത്ത് നടാൻ കഴിയുന്ന അത്രയും ചെടികൾ 1000 ചതുരശ്രമീറ്റർ ഹരിതഗൃഹത്തിൽ നടാനാകും.

Share Now

Leave a Reply

Your email address will not be published. Required fields are marked *