സസ്യങ്ങളുടെ വളപ്രയോഗ സിദ്ധാന്തങ്ങള്‍

സസ്യങ്ങളുടെ വളപ്രയോഗസിദ്ധാന്തത്തെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങള്‍ ഇന്ന് നിലവിലുണ്ട് .പക്ഷെ, ശരിയേതെന്ന് നിര്‍ണ്ണയിയ്ക്കാനായി സ്വന്തം അനുഭവത്തെമാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് കര്‍ഷകനുള്ളത് . കാര്‍ഷികരംഗത്ത് വിജയം വരിയ്ക്കുക എന്നുവെച്ചാല്‍ വര്‍ദ്ധിച്ചതോതിലുള്ള കാര്‍ഷികോല്പാദനം വഴി ധാരാളം പണം സമ്പാദിയ്ക്കുക എന്നാണല്ലോ സമകാലിക സമൂഹം അര്‍ത്ഥമാക്കുന്നത് .ഈ വന്‍‌തോതിലുള്ള ഉല്പാദനത്തിനുപിന്നിലെ മുഖ്യഘടകം വളപ്രയോഗമാണ് . ഈ ബന്ധം കര്‍ഷകര്‍ക്ക്മനസ്സിലാക്കിക്കൊടുക്കാന്‍ വളനിര്‍മ്മാണക്കമ്പനികള്‍ മത്സരിച്ച് രംഗത്തുവന്നിട്ടുമുണ്ട്. വളവും കീടനാശിനിയും ഉപയോഗിച്ചില്ലെങ്കില്‍ സസ്യത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവും എന്ന ഒരു ‘തത്ത്വശാസ്ത്രം‘ മാസ് മീഡിയ പരസ്യങ്ങളിലൂടെ ജനങ്ങള്‍ മനഃപ്പാഠമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു. ഈ തത്ത്വശാസ്ത്രം അന്ധമായി വിശ്വസിച്ച് കാര്‍ഷികരംഗത്ത് പരാജയപ്പെട്ടവര്‍ ഒട്ടേറെയാണ് . അമിത വളപ്രയോഗംവഴി വര്‍ദ്ധിച്ച ഉല്പാദനം നേടാമെന്ന മോഹമാണ് അവരെ പരാജയത്തിലെത്തിച്ചത് .

വളപ്രയോഗം എന്തിന്

ഒരു സ്ഥലത്തെ മണ്ണില്‍ വളരുന്ന സസ്യത്തിന് ആവശ്യമായ മൂലകങ്ങള്‍ ആ മണ്ണില്‍ ത്തന്നെയുണ്ട് .ഈ അവസരത്തില്‍ ഒരു ചോദ്യം പ്രസക്തമാണ് .എന്തിനുവേണ്ടിയാണ് സസ്യങ്ങള്‍ക്ക് വളപ്രയോഗം നടത്തുന്നത് ?ഇതിലേക്കുള്ള ഉത്തരം കണ്ടുപിടിയ്ക്കുന്നതിനായി സസ്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പ്രത്യുല്പാദനത്തിനും ആവശ്യമായ ഘടകങ്ങളെക്കുറിച്ച്ചിന്തിക്കേണ്ടതുണ്ട് മണ്ണ് ,ജലം,വായു ,സൂര്യപ്രകാശം എന്നിവയാണ് ഒരു സസ്യത്തിന്റെ നിലനില്പിനാവശ്യമായ ഘടകങ്ങള്‍. പ്രത്യുല്പാദനം വളര്‍ച്ചയുടെ ഒരു ഭാഗമായതിനാല്‍ ഈ രണ്ടു പ്രക്രിയകളിലും പങ്കുവഹിയ്ക്കുന്ന ഘടകങ്ങള്‍ ഒന്നുതന്നെയാണെന്നുകാണാം. സസ്യത്തിന്റെ വളര്‍ച്ച ,പ്രത്യുല്പാദനം എന്നീഘട്ടങ്ങളിലാണ് മനുഷ്യരുടെ ചൂഷണരംഗം കേന്ദ്രീകരിച്ചിരിയ്ക്കുന്നത് .അമിതമായ വളര്‍ച്ചവഴി അമിതമായ പ്രത്യുല്പാദനം നടക്കുമെന്ന് മനുഷ്യന്‍ വ്യാമോഹിയ്ക്കുന്നു. അങ്ങനെ അമിതമായ വളര്‍ച്ചയ്ക്കും പ്രത്യുല്പാദനത്തിനും (വിളവിനും) വേണ്ടി മനുഷ്യന്‍ വളങ്ങള്‍ ചേര്‍ക്കുന്നു.

സസ്യവും ക്ലിപ്തതയും

സസ്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ക്ലിപ്തതയുണ്ട് . (ഇനി ,അഥവാ പ്രസ്തുത ക്ലിപ്തതയ്ക്ക് വ്യതിയാനം സംഭവിച്ചാല്‍തന്നെ പ്രസ്തുത വ്യതിയാനത്തിനും ഒരുപരിധി അഥവാ ക്ലിപ്തത ഉണ്ടായിരിയ്ക്കും.) ഒരു സസ്യത്തിന് ഒരു ദിവസം വേണ്ട മൂലകങ്ങള്‍,ജലം,സൂര്യപ്രകാശം എന്നിവയും നിശ്ചിതമാണ്.ഈ ക്ലിപ്തത സസ്യത്തിന്റെ വംശം,പ്രായം,എന്നിവയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അന്തരീക്ഷോഷ്മാവും മണ്ണിലെ ഈര്‍പ്പവും സസ്യത്തിന്റെ ജലാവശ്യകതയുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്.ഈ നിശ്ചിതങ്ങളെ കര്‍ഷകന്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിയ്ക്കുകയും ചെയ്തേ മതിയാകൂ. സസ്യത്തിനുവേണ്ട മൂലകങ്ങളും വളവും വേരുകള്‍ വഴി സസ്യം സ്വയം സ്വീകരിയ്ക്കുന്നു. ഇത് കേശികത്വം, ഓസ്‌മോസിസ് എന്നീപ്രതിഭാസങ്ങള്‍ മൂലമാണ് സാദ്ധ്യമാകുന്നത്.സൂര്യപ്രകാശത്തിന്റെ സാനിദ്ധ്യത്തില്‍ കാര്‍ബണ്‍ ഡയോക് സൈഡ് ,ജലം എന്നിവയില്‍നിന്ന് സസ്യങ്ങള്‍ ധാന്യകം നിര്‍മ്മിയ്ക്കുന്നു.ഇനി,ഈ പ്രവര്‍ത്തനങ്ങളെ ക്ലിപ്തതാസിദ്ധാന്തവുമായി ബന്ധപ്പെടുത്തേണ്ടതുണ്ട് . ഇതിലേയ്ക്കായി വീണ്ടും ഒരു ചോദ്യം ഉന്നയിക്കുന്നു. ധാരാളം വെള്ളവും വായുവും വളവും സൂര്യപ്രകാശവും ലഭിച്ചാല്‍ അവയൊക്കെ സസ്യങ്ങള്‍ ഉപയോഗപ്പെടുത്തുമോ ? ഇല്ല,എന്നുതന്നെയാണ് ഉത്തരം. ഇവയുടെയൊക്കെ സ്വീകരണത്തിന് ഒരു പരിധി ഉണ്ട് .പരിധിവിട്ട് ഒരു സസ്യത്തിനും മുന്‍പറഞ്ഞ ഘടകങ്ങളെ ആഗിരണം ചെയ്യാന്‍ സാദ്ധ്യമല്ല. ഇക്കാര്യം ഒന്നുകൂടി മനസ്സിലാക്കാനായി നമുക്ക് ഒരു ഉദാഹരണമെടുക്കാം.ഒരു ജീവിയ്ക്ക് ധാരാളം ഭക്ഷണം കൊടുത്തുവെന്നിരിയ്ക്കട്ടെ .അതുമുഴുവന്‍ ആ ജീവി ഭക്ഷിയ്ക്കുമോ? ഇല്ല,തീര്‍ച്ചയായും ഇല്ല.ഭക്ഷണത്തിന്റെ ലഭ്യത അധികമുള്ളതിനാല്‍ ആ ജീവി സാധാരണയില്‍ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിച്ചെന്നിരിയ്ക്കും . അതില്‍ക്കൂടുതല്‍ ആ ജീവി ഭക്ഷിയ്ക്കുകയില്ല.കാരണം ആ ജീവിയുടെ ആമാശയത്തിന്റെ ഉള്‍വ്യാപ്തിയും നിശ്ചിതമാണല്ലോ.ഈ യുക്തി സസ്യത്തിന്റെ കാര്യത്തിലും ഉപയോഗിയ്ക്കാവുന്നതേയുള്ളൂ.

വളം അധികമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍

“അധികമായാല്‍ അമൃതും വിഷമാണ് “–ഈ പഴംചൊല്ലിലെ ദര്‍ശനത്തിലൂടെ കാര്‍ഷികരംഗം നാം വീക്ഷിയ്ക്കാത്തതെന്തുകൊണ്ടാണ് ? സസ്യങ്ങള്‍ക്ക് അധികം സൂര്യപ്രകാശം ലഭിച്ചാല്‍ എന്തുസംഭവിയ്ക്കും ? സൌരോര്‍ജ്ജത്തിന്റെ പ്രധാനഘടകങ്ങള്‍ താപവും പ്രകാശവും ആണല്ലോ. അധികം താപം സസ്യത്തിനുലഭിച്ചാല്‍ അത് വാടിപ്പോകും.പക്ഷെ,ഇത് എല്ലാ ചെടികള്‍ക്കും സംഭവിയ്ക്കണമെന്നില്ല. കാണ്ഡത്തിനും ഇലകള്‍ക്കും കാഠിന്യക്കുറവുള്ള സസ്യങ്ങള്‍ക്കുമാത്രമേ ഇത് സംഭവിയ്ക്കൂ. . . ഒരു സസ്യവും അമിതമായി ജലം അതിനുള്ളിലേയ്ക്ക് കയറ്റുകയില്ല എന്നുപറയുവാന്‍ കാരണമുണ്ട്. ഭൂമിയുടെ ആഘര്‍ഷണബലത്തിനെതിരായി സൂക്ഷ്മസുഷിരങ്ങളിലൂടെ ജലം മുകളിലേയ്ക്ക് കയറുന്ന രീതിയാണല്ലോ കേശികത്ത്വം. ഇതിന്‍പ്രകാരം ജലം മുകളിലേയ്ക്കുയരണമെങ്കില്‍ മുകളിലെ അറ്റത്തിലെ ജലത്തിന് സ്ഥാനമാറ്റം സംഭവിയ്ക്കാതെ സാദ്ധ്യമല്ല . . സൂര്യപ്രകാശം ,വായു എന്നിവ ഒരു സസ്യത്തെ സംബന്ധിച്ച് സ്വാഭാവികമായി ധാരാളം ലഭിയ്ക്കുന്നതാണല്ലോ.പക്ഷെ,വളം അങ്ങനെയല്ല. അമിതമായി വളപ്രയോഗം നടത്തുമ്പോള്‍ സസ്യം സ്ഥിതിചെയ്യുന്ന മണ്ണിലെ സന്തുലനാവസ്ഥയ്ക്ക് ഭംഗം സംഭവിയ്ക്കുന്നു. മുഖ്യമായും രാസവളപ്രയോഗം മൂലമാണ് മണ്ണിലെ സന്തുലനാവസ്ഥയ്ക്ക് ഭംഗം സംഭവിയ്ക്കുക.അതിനാല്‍ സസ്യത്തിന്,സ്വാഭാവികമായി ആവശ്യമില്ലെങ്കില്‍പ്പോലും ,രാസവളത്തിലുള്ള മൂലകങ്ങള്‍ കവിഞ്ഞ അളവില്‍ സസ്യത്തിലേയ്ക്ക് എത്തപ്പെടുന്നു.(ക്ലിപ്തതാസിദ്ധാന്തത്തിലെ വ്യതിയാനം ഓര്‍ക്കുക.) അങ്ങനെ സസ്യത്തിന്റെ സന്തുലിത പ്രവര്‍ത്തനം തകരാറിലാവുന്നു.ഇത് സസ്യത്തെ പലതരതിലുള്ള കേടുകള്‍ (കീടബാധ) ഉണ്ടാക്കുന്നതിലേയ്ക്ക് നയിച്ചെന്നിരിയ്ക്കാം.ഈ കീടബാധ തീര്‍ക്കാന്‍ നാം കീടനാശിനി ഉപയോഗിയ്ക്കുന്നു. ഈ അവസ്ഥയില്‍ സസ്യോല്പന്നങ്ങള്‍ അവയുടെ സ്വാഭാവിക ഗുണങ്ങള്‍ ഇല്ലാത്ത ’വികൃതജഡങ്ങള്‍’ ആയിരിയ്ക്കുമെന്ന് പറയേണ്ടതില്ലല്ലോ.ഇതില്‍നിന്നും അമിത രാസവളപ്രയോഗവും (വളപ്രയോഗത്തിലെ ഏറ്റവും ദോഷകരമായ വിഭാഗം ) കീടനാശിനി പ്രയോഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.ആടും കാടയുംമാറിയതറഞ്ഞില്ലേ! ഇതിലേയ്ക്കായി ചില ഉദാഹരണങ്ങള്‍കൂടി പറയാം.പേരുകേട്ട ഒരു ആയുര്‍വ്വേദ ഔഷധനിര്‍മ്മാണശാലയ്ക്ക് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആവശ്യമായ ഔഷധ സസ്യങ്ങള്‍ ലഭിയ്ക്കാതെ വന്നു.ആദിവാസികളെക്കൊണ്ട് കാട്ടില്‍നിന്നാണ് അവര്‍ ഈ ഔഷധ സസ്യങ്ങള്‍ കരസ്ഥമാക്കിയിരുന്നത് .പക്ഷെ,പ്രസ്തുത സന്ദര്‍ഭത്തില്‍ ഈ ആദിവാസികള്‍ക്ക് ഔഷധസസ്യങ്ങള്‍ വേണ്ടത്ര അളവില്‍ നല്‍കാന്‍ കഴിഞ്ഞില്ല.കമ്പനി ഇതിനും ഒരു വഴി കണ്ടുപിടിച്ചു.കമ്പനിയുടെ ചെലവില്‍ ഒരു പ്രത്യേകതരം ഔഷധത്തോട്ടം നിര്‍മ്മിച്ചു.രാസവളപ്രയോഗം നടത്തി.ഉല്പാദനം ധാരാളമായി.ഏറെ നാള്‍ കഴിഞ്ഞപ്പോള്‍ രോഗികള്‍ ഡോക്ടര്‍മാരോട് പരാതിപറഞ്ഞു.ഡോക്ടര്‍മാര്‍ ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട്നിലനില്പിനുതന്നെ ഭീഷണിയാകുമെന്നുവന്നപ്പോള്‍ കമ്പനിയുടെ ഗവേഷകരെ കാര്യം അറിയിച്ചു അങ്ങനെ ഗവേഷകര്‍ സത്യം അന്വേഷിച്ചു . അവസാനം അവര്‍ സത്യം കണ്ടെത്തി.കാട്ടില്‍നിന്നുകൊണ്ടുവന്ന ഔഷധസസ്യവും കമ്പനിയുടെ തോട്ടത്തിലെ ഔഷധസസ്യവും തമ്മില്‍ ‘ഗുണപരമായ’ വ്യത്യാസമുണ്ടെന്ന കാര്യം ! . . ഇതുതന്നെയാണ` ‘ആടി‘ന്റേയും ‘കാട‘യുടേയുമൊക്കെ സ്ഥിതി ! കൃത്രിമസാ‍ഹചര്യം നിലനിര്‍ത്തിക്കൊണ്ട് വീട്ടില്‍ വളര്‍ത്തുന്ന ഈ ജീവികളുടെ മാംസത്തിന്റെ ഔഷധഗുണം മെച്ചപ്പെട്ടതായിരിയ്ക്കുകയില്ല. യഥാര്‍ത്ഥ ഔഷധഗുണം ലഭിയ്ക്കണമെങ്കില്‍ ‘കാട്ടിലെ കാട’ തന്നെ വേണം .അതുപോലെത്തന്നെയാണ് ആടിന്റെ കാര്യവും .വിവിധയിനം ഇലകള്‍ ഭക്ഷിയ്ക്കുന്ന ആടുകളുടെ പാലിന്റേയും മാംസത്തിന്റേയും ഗുണം ഒന്നുവേറെത്തന്നെയാണ്.

വളവും കീടനാശിനിയും തമ്മില്‍ ബന്ധമുണ്ടോ

കാട്ടില്‍ വളരുന്ന വൃക്ഷലതാദികളെ രോഗങ്ങള്‍ ബാധിയ്ക്കുന്നില്ല. അവയ്ക്ക് വളപ്രയോഗം നടത്തുന്നില്ല . എന്നാല്‍ നാട്ടിലെ സ്ഥിതിയോ ? തുലോംവ്യത്യസ്ഥം തന്നെ ! നാട്ടില്‍ വളം പ്രയോഗിയ്ക്കുന്നു.ഈ വളപ്രയോഗം തന്നെരണ്ടുതരത്തിലുണ്ട് .(1) രാസവളപ്രയോഗം (2).ജൈവവളപ്രയോഗം . ഇതില്‍ രാസവളപ്രയോഗം ലഭ്യമാകുന്ന സസ്യങ്ങള്‍ക്കാണ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് .ജൈവ വളപ്രയോഗത്തിലെ സസ്യങ്ങള്‍ക്ക് കേടുകള്‍ തുലോം തുച്ഛമാണ് . അതിനാല്‍ സസ്യങ്ങള്‍ക്കുണ്ടാവുന്ന കീടബാധകള്‍ക്ക് ആധാരം രാസവളത്തില്‍ അടങ്ങിയിട്ടുള്ള മൂലകത്തിന്റെ ആധിക്യമാണ് എന്നത് ഇതില്‍നിന്നും വ്യക്തമായല്ലോ.രാസവളപ്രയോഗം; സസ്യങ്ങളില്‍ അഞ്ചോ ആറോ തവണ അമിത ഉല്പാദനവര്‍ദ്ധനവ് നല്‍കുമെങ്കിലും ,പിന്നിടുള്ള കാലം ആ മണ്ണിലെ സസ്യങ്ങള്‍ക്ക് രോഗങ്ങള്‍ വന്ന് വിളവ് അശേഷമില്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നു.ഇത് പല കര്‍ഷകരുടേയും അനുഭവമാണ് . സസ്യങ്ങളില്‍ രോഗങ്ങള്‍ വരുമ്പോള്‍ പലരും കേടുണ്ടാക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.ഏതുതരത്തിലുള്ള പുഴുക്കേടാണ് സസ്യത്തിനുള്ളത് എന്നുകണ്ടെത്തുകയും അത്തരം പുഴുക്കളെ നശിപ്പിയ്ക്കുന്നതിനുതകുന്ന വിഷപ്രയോഗം നടത്തുകയും ചെയ്യുന്നു. പക്ഷെ,ഇവിടെ പുഴുവംശം നശിയ്ക്കുമെങ്കിലും രോഗമുണ്ടാവാനിടയാക്കിയ സാഹചര്യം നിലനില്‍ക്കുന്നു.. . വളപ്രയോഗം കീടനാശിനികളെ ക്ഷണിച്ചുവരുത്തുന്നു എന്ന് സ്ഥാപിയ്ക്കാനാണ് ഇവിടെ ശ്രമിച്ചതെങ്കിലും അതിലെ ശാസ്ത്രീയത ഒന്നുകൂടി വ്യക്തമാക്കാം. ഇതിനുവേണ്ടി മനുഷ്യരുടെ കാര്യം തന്നെയെടുക്കാം.വായു,ജലം,ഭക്ഷണം എന്നിവ മനുഷ്യജീവന്‍ നിലനില്‍ക്കാനാവശ്യമായ മൂന്ന്‍ ഘടകങ്ങളാണല്ലോ .ഭക്ഷണത്തില്‍ മനുഷ്യശരീരത്തിനാവശ്യമായ മൂലകങ്ങളും ജീവകങ്ങളും അടങ്ങിയിരിയ്ക്കുന്നു. എന്നുവെച്ചാല്‍ ഇവയൊക്കെ യഥാര്‍ത്ഥ അനുപാതത്തില്‍ അടങ്ങിയിട്ടുള്ളതാണ് യഥാര്‍ത്ഥ ഭക്ഷണം എന്നര്‍ഥം.ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ജീവകങ്ങളും മൂലകങ്ങളും അടങ്ങിയ ഗുളികകളും ടോണിക്കുകളും മനുഷ്യര്‍ക്ക് അമിതമായി നല്‍കിയാല്‍ എന്തായിരിയ്ക്കും അനന്തരഫലം ? ആ വ്യക്തിയുടെ ശരീരത്തിന് ആഗിരണം ചെയ്യാവുന്ന മാത്രയില്‍ ആഗിരണം ചെയ്യുകയും ബാക്കി വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. അങ്ങനെ ആഗിരണത്തിലെ അമിതമായ തോത് കുഴപ്പങ്ങള്‍ വരുത്തിവെയ്ക്കുന്നു.ഉദാഹരണത്തിന് അധികരിച്ച അളവില്‍ ‘ജീവകം -എ‘ യോ ,അലൂമിനിയമോ ആഗിരണം ചെയ്തുവെന്നിരിയ്ക്കട്ടെ. തല്‍ഫലമായി പ്രസ്തുതഘടകങ്ങള്‍ ആഗിരണം ചെയ്തതുവഴിയുണ്ടാകുന്ന വൈഷമ്യങ്ങള്‍ (രോഗങ്ങള്‍) ഉണ്ടാവുന്നു. തുടര്‍ന്ന് ഈ വൈഷമ്യങ്ങള്‍ തരണം ചെയ്യുന്നതിനാവശ്യമായ രീതി (ഭക്ഷണരീതി,ഔഷധപ്രയോഗം,ഉപവാസം തുടങ്ങിയവ ) വ്യക്തിനടപ്പിലാക്കേണ്ടിവരുന്നു. പക്ഷെ,ജീവിയുടെ കാര്യത്തില്‍ ജീവകം -എ യുടെ കാര്യത്തില്‍ കുറവുണ്ടായാലും അസുഖം വരില്ലേ.തീര്‍ച്ചയായും ഉണ്ട്.അപ്പോള്‍ എന്തുചെയ്യും ? ഒന്നാമതായി ഭക്ഷണമായി ജീവകം-എ അധികരിച്ച ഭക്ഷണം കഴിയ്ക്കുക എന്നതാണ്.രണ്ടാമത്തെ രീതി ജീവകം-എഅടങ്ങിയ ഔഷധം നിശ്ചിതസമയങ്ങളില്‍ നിശ്ചിത മാത്രയില്‍ കഴിയ്ക്കുക എന്നതാണ്. പക്ഷെ ഇതില്‍ ലളിതവും വൈഷമ്യങ്ങള്‍ ഇല്ലാത്തതുമായ രീതി ഏതെന്ന് അവനവന് തന്നെ കണ്ടുപിടിയ്ക്കാവുന്നതാണ്.

മണ്ണുപരിശോധന നടത്തേണ്ടതുണ്ടോ?

വളപ്രയോഗം നടത്തേണ്ടത് മണ്ണുപരിശോധനാഫലത്തെ ആസ്പദമാക്കിവേണം എന്നൊരു സിദ്ധാന്തം നിലവിലുണ്ട് .സസ്യത്തിനുവേണ്ട ഏതൊക്കെ മൂലകങ്ങളാണ് മണ്ണില്‍ കുറവും കൂടുതലും എന്നുമനസ്സിലാക്കി അതനുസരിച്ച് വളപ്രയോഗം നടത്തുക എന്നതത്രെ ഇതിലെ യുക്തി . ഇതിന്‍ പ്രകാരം ,കുറവുള്ള മൂലകങ്ങളെ മണ്ണിലേയ്ക്കുചേര്‍ക്കുകയും കൂടുതലുള്ള മൂലകങ്ങളെ നിഷ്‌കാസനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ആരംഭിയ്ക്കുകയും ചെയ്യുന്നു. ചില അവസരത്തില്‍ കൂടുതലുള്ള മൂലകങ്ങളെ ന്യൂട്രലൈസ് ചെയ്യുന്നതിനുള്ള സംയുക്തങ്ങള്‍ മണ്ണിലേയ്ക്കു ചേര്‍ക്കുന്നു . പക്ഷെ, ഈ യുക്തിയുടെ പ്രായോഗികത സംശയാസ്പദമാണ് .ഇതിനുള്ള കാരണങ്ങള്‍ പലതാണ് .ഒന്നാമതായി,മണ്ണുപരിശോധനയ്ക്ക് സാമ്പിളുകളായി എടുക്കുന്ന മണ്ണ് നിര്‍ദ്ദിഷ്ട കൃഷി ഭൂമിയിലെ ശരിയായ അനുപാതം കാത്തുസൂക്ഷിയ്ക്കുന്നവയായിരിയ്ക്കണമെന്നില്ല. അതായത് പ്രസ്തുത കൃഷിഭൂമിയിലെ മൂലകങ്ങളുടെ അനുപാതം ഒരേ ക്രമത്തില്‍ ആയിരിയ്ക്കണമെന്നില്ലെന്നര്‍ത്ഥം . ഇനി അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ ,കുറവുള്ള മൂലകങ്ങള്‍ കണ്ടെത്തി അവ പരിഹരിയ്ക്കുന്നതിനുതകുന്ന രാസവളങ്ങള്‍ നാം ഉദ്ദേശിയ്ക്കുന്ന അനുപാതത്തില്‍ത്തന്നെ വിതരണം നടത്താമെന്ന് എന്താണ് ഉറപ്പ് ? മേല്‍ മണ്ണിലും അടിമണ്ണിലും ശരിയായ വിതരണക്രമം സാദ്ധ്യമാണോ ? ഇനി അഥവാ ക്രമമായി വിതരണം നടത്തുന്നതില്‍ വിജയിച്ചാല്‍ത്തന്നെ ഈ അനുപാതം നിശ്ചിത സമയം നിലനില്‍ക്കുമെന്ന് എന്താണ് ഉറപ്പ് ? മഴ ,ജലസേചനം ..തുടങ്ങിയവ ഈ അനുപാതത്തെ മാറ്റിമറിയ്ക്കില്ലേ . അതിനാല്‍ മണ്ണ് പരിശോധിച്ച് അതിനനുസരിച്ച് വളം ചെയ്യുക എന്ന പ്രസ്താവന സൈദ്ധാന്തികതലത്തില്‍ വിജയിയ്ക്കുമെങ്കിലും പ്രായോഗികതലത്തിലെ വിജയസാദ്ധ്യത വിരളമാണ് .അതുകൊണ്ട് സാധാരണക്കരനായ കര്‍ഷകന് ഇതൊക്കെ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുതന്നെയാണ്

അമിതവളപ്രയോഗത്തിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങള്‍

അമിതമായ രാസവളപ്രയോഗത്തിനിറങ്ങുന്ന കര്‍ഷകന് നാലഞ്ചുവര്‍ഷമെങ്കിലും നല്ല വിളവ് ലഭിയ്ക്കുമെന്ന് മുന്‍പ് പറഞ്ഞുകഴിഞ്ഞതാണല്ലോ .അമിത രാസവളപ്രയോഗം തുടര്‍ന്നുകൊണ്ടിരുന്നാല്‍ പ്രസ്തുത കൃഷിഭൂമിയിലെ സസ്യങ്ങള്‍ കീടബാധയ്ക്ക് അടിമപ്പെടുന്നു.കീടനാശിനിപ്രയോഗം മൂലം കുറച്ചുവര്‍ഷം പിടിച്ചുനില്‍ക്കാന്‍ പറ്റുമെങ്കിലും പിന്നിട് കീടബാധയെ നിയന്ത്രിയ്ക്കാന്‍ കീടനാശിനിയ്ക്ക് കഴിയാതെ വരുന്നു. ഈ അവസരത്തില്‍ കര്‍ഷകന്‍ തന്റെ വിധിയേയും കൃഷിഭൂമിയേയും പഴിച്ച് കാര്‍ഷികരംഗത്തുനിന്നും അപ്രത്യക്ഷമാകുന്നു. എന്നാല്‍ അങ്ങനെ മതിയോ ? ഇത്തരത്തിലുള്ള കൃഷിഭൂമിയെ വീണ്ടും നമുക്ക് കൃഷിയ്ക്ക് യോജിച്ചതാക്കിക്കൂടേ ? ഈ ആവശ്യത്തിലേയ്ക്കായി കൃഷിഭൂമിയെ നിശ്ചിതകാലം തരിശിടുകയും അനുയോജ്യമായ ജലസേചനം നടത്തുകയും ചെയ്യേണ്ടതാണ് . പ്രസ്തുത കൃഷിഭൂമിയെ ഇടയ്ക്കിടെ ഉഴുകയോ കിളച്ചുമറിയ്ക്കുകയോ ചെയ്യുന്നതും നല്ലതാണ് .മഴയും ജലസേചനവും മൂലം പ്രസ്തുത കൃഷിഭൂമിയിലെ അധികരിച്ച മൂലകങ്ങള്‍ ജലത്തില്‍ ലയിച്ച് തോടുകളിലൂടെ പുറത്തേയ്ക്കൊഴുകിപ്പോകുന്നു . അടുത്തതായി ചിന്തിയ്ക്കേണ്ടത് ഈ പ്രക്രിയ എത്രനാള്‍ തുടരണമെന്നതിനെക്കുറിച്ചാണ് .മണ്ണിന് സന്തുലനാവസ്ഥ ലഭിച്ചോ എന്നറിയാന്‍ മണ്ണൂ പരിശോധന നടത്തണമോ? ആവശ്യമില്ല എന്നാണ് ഉത്തരം .മണ്ണിലെ മൂലകങ്ങളുടെ സന്തുലനാവസ്ഥ ശരിയായിട്ടുണ്ടെങ്കില്‍ പുതുമഴയ്ക്കുശേഷം വിവിധ ഇനത്തിലുള്ള സസ്യങ്ങള്‍ പ്രസ്തുത കൃഷിഭൂമിയില്‍നിന്ന് മുളച്ചുയരും .ഈ സസ്യവൈവിധ്യം സന്തുലനാവസ്ഥയുടെ പ്രതീകമാണ് .

സസ്യത്തിനും സ്വാഭാവികതയില്ലേ

സസ്യത്തിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വായു ,സൂര്യപ്രകാശം , മണ്ണ് എന്നിവ അത്യാവശ്യമാണ്. ഇതില്‍ സസ്യത്തെ സംബന്ധിച്ചിടത്തോളം ജലമൊഴികെയുള്ള ഘടകങ്ങള്‍ യഥേഷ്ടം ലഭ്യമാണുതാനും .ജലത്തിന്റെ ലഭ്യത വേനല്‍ക്കാലത്ത് കുറയുന്നു. അപ്പോള്‍; ചില കര്‍ഷകരാകട്ടെ അമിത ജലസേചനത്തിലേര്‍പ്പെട്ട് പണവും സമയവും നഷ്ടപ്പെടുത്തുന്നു. എല്ലാത്തരം സസ്യങ്ങള്‍ക്കും വേനല്‍ക്കാലത്ത് ജലസേചനം ആവശ്യമില്ല. .വലിയ ഇനത്തില്‍പ്പെട്ട സസ്യങ്ങള്‍ ആഴത്തിലും വിസ്തൃതിയിലുംവേരുകള്‍ പായിച്ച് ജലം വലിച്ചെടുക്കുന്നു. ഏതുഭാഗത്താണ് ഈര്‍പ്പമുള്ളതെങ്കില്‍ ആ ഭാഗത്തേയ്ക്ക് അത്തരം സസ്യങ്ങളുടെ വേരുകള്‍ വളര്‍ന്നുപോകുന്നു.വന്‍‌വൃക്ഷങ്ങളുടെ വേരുകളുടെ വളര്‍ച്ചയുംകാണ്ഡത്തിന്റെ വളര്‍ച്ചയും തമ്മില്‍ ഒരു പ്രത്യക അനുപാതമുണ്ടായിരിയ്ക്കും. അതായത് മണ്ണിനുമുകളീലെ സസ്യത്തിന്റെ ഭാഗത്തെ ഉറപ്പിച്ചുനിറുത്തുവാന്‍ പറ്റിയ പാകത്തിലായിരിയ്ക്കും സസ്യത്തിന്റെ വേരുകള്‍ ക്രമീകരിയ്ക്കപ്പെട്ടിട്ടുള്ളത് .ഇത് പ്രകൃതിയുടെ വാസ്തുവിദ്യാ വൈഭവത്തെ സൂചിപ്പിയ്ക്കുന്നവയാണെന്ന് തോന്നിപ്പോകാം! വേനല്‍ക്കാലത്ത് ജലസേചനം ആവശ്യമുള്ള സസ്യങ്ങളുണ്ട് . ഇത്തരം സസ്യങ്ങള്‍ ചെറിയ ഇനത്തില്‍പ്പെട്ടവയായിരിയ്ക്കും .ഇവയുടെ വേരുകള്‍ മണ്ണില്‍ അത്രകണ്ട് ആഴത്തില്‍പ്പോകുകയില്ല. അതിനാല്‍ ഇത്തരം സസ്യങ്ങള്‍ക്ക് ജലസേചനം നടത്തുമ്പോള്‍ സസ്യത്തിന്റെ വേരുകളുടെ അടിയിലേയ്ക്കുള്ള വ്യാപ്തി മനസ്സിലാക്കേണ്ടതാണ് .മാത്രമല്ല ഇത്തരം സസ്യങ്ങള്‍ അധികവും മേല്‍മണ്ണിലായിരിയ്ക്കും സ്ഥിതിചെയ്യുക . വേനല്‍ക്കാലത്ത് നനച്ചുകഴിഞ്ഞ് ഏതാനും മണിക്കൂര്‍ കഴിയുമ്പോള്‍ സൂര്യതാപം നിമിത്തം ചിലയിനം മേല്‍മണ്ണുകള്‍ ഉണങ്ങിപ്പോകാറുണ്ട് . ഇത് തടയുന്നതിനായി മണ്ണിന്റെ ഉപരിതലത്തില്‍ ഉണങ്ങിയ ഇലകള്‍ ഇടുന്നത് നന്നായിരിയ്ക്കും. വേനലും വര്‍ഷവും അനുസരിച്ച് ,സസ്യം വളര്‍ച്ചയില്‍ സ്വന്തമായ ഒരു ക്രമീകരണം നടത്താറുണ്ട് .ഉദാഹരണത്തിന് ,വേനല്‍ക്കാലത്ത് നനയില്ലാത്ത തെങ്ങുകളാണെങ്കില്‍ അവയുടെ പട്ടകളുടെ എണ്ണം കുറവായിരിയ്ക്കും .അമിത വളപ്രയോഗം ലഭിച്ചിട്ടുള്ള തെങ്ങുകള്‍ക്ക് പട്ടകളുടെ എണ്ണം കൂടുതലായിരിയ്ക്കും. അതുപോലെത്തന്നെയാണ് കുലകളുടെ എണ്ണവും, അതിന്മേലുള്ള നാളികേരത്തിന്റെ എണ്ണവും .കറന്റുകട്ടുമൂലമോ മറ്റേതെങ്കിലും കാരണം നിമിത്തമോ ഈ തെങ്ങുകള്‍ക്ക് ഒന്നോ,രണ്ടോ ദിവസ് ജലസേചനം ലഭിച്ചില്ലെങ്കില്‍ പട്ട ഒടിയലും കുല ഒടിയലും മച്ചി ഒടിയലുമൊക്കെ പെട്ടെന്ന് സംഭവിയ്ക്കും. ഇത്,അമിത വളപ്രയോഗം ലഭ്യമായിട്ടുള്ള സസ്യങ്ങള്‍ക്ക് ജലം ഏറെ വേണമെന്നാണ്സൂചിപ്പിയ്ക്കുന്നത് . ഈ സന്ദര്‍ഭത്തില്‍ നമുക്ക് അമിതവളപ്രയോഗം നിമിത്തമുള്ള സാമ്പത്തികലാഭത്തെക്കുറിച്ച് ചിന്തിയ്ക്കാം.തുടക്കത്തില്‍ അമിത വളപ്രയോഗം നിമിത്തം അമിതോല്പാദനം ഉണ്ടാകുകയും തന്മൂലം അമിതമായ സാമ്പത്തിക ലാഭത്തിന് ഇടയാകുകയും ചെയ്തേക്കാം. എന്നാല്‍ ഇത് ശ്വാശ്വതമല്ലെന്ന് നാം മനസ്സിലാ‍ക്കിക്കഴിഞ്ഞല്ലോ .അമിത വളപ്രയോഗത്തിന് അമിത കീടനാശിനിപ്രയോഗവും അമിത ജലസേചനവും അത്യാവശ്യം തന്നെ .ഈ മൂന്ന് അമിതങ്ങലക്ക് വേണ്ടി പണവും അദ്ധ്വാനവും ചെലവഴിയ്ക്കുമ്പോഴുള്ള സാമ്പത്തിക നഷ്ടം നാം കണക്കിലെടുക്കേണ്ടെ! സ്വാഭാവിക കൃഷിരീതികള്‍ അവലംബിയ്ക്കുകയാണെങ്കില്‍ പണവും അദ്ധ്വാനവും മിച്ചം ലഭിയ്ക്കുകയും ഗുണമേന്മ ലഭിച്ച സസ്യോല്പന്നങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നു. മാത്രമല്ല,സ്വാഭാവിക കൃഷിരീതി ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമാണ്. പക്ഷെ,സ്വാഭാവിക രീതി അവലംബിയ്ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ വിഘാതം സൃഷ്ടിച്ചേക്കാം. ചില പ്രദേശത്തെ മണ്ണ് സ്വാഭാവികമായിത്തന്നെ വളക്കൂറില്ലാത്തതാകാം.വെള്ളത്തിന്റെ കഠിനമായ പോരായ്മ ചില സ്ഥലത്ത് അനുഭവപ്പെടാം .ഇവയൊക്കെ യുക്തമായ രീതികള്‍ ഉപയോഗിച്ച് പരിഹരിയ്ക്കാവുന്നതേയുള്ളൂ. മണ്ണിനനുസരിച്ച് അനുയോജ്യമായ കാര്‍ഷിക ഇനങ്ങള്‍ മാറി മാറി കൃഷിചെയ്താല്‍ ആദ്യത്തെ പ്രശ്നം പരിഹരിയ്ക്കാം.അതുപോലെത്തന്നെ ജലദൌര്‍ലഭ്യം കഠിനമായി അനുഭവപ്പെടുന്ന സമയം ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതികള്‍ അവലംബിച്ചാല്‍ രണ്ടാമത്തെ പ്രശ്നവും പരിഹരിയ്ക്കാം.സ്വാഭാവികമായ കൃഷിരീതിയിലൂടെ ലഭ്യമാകുന്ന സസ്യോല്പങ്ങള്‍ മനുഷ്യന് പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്യുകതന്നെ ചെയ്യും . ഇവിടെ ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട് .“കൃഷിയും മൃഗങ്ങളെ വളര്‍ത്തലും പ്രകൃതിയുടെ ചാക്രിക പ്രക്രിയയില്‍ വിഭജിയ്ക്കാനാവാത്ത ഘടകങ്ങളാണ്“ .അതിനാല്‍ ഈ രണ്ടുഘടകങ്ങളില്‍ ഒന്നിനെ മാത്രം വേര്‍തിരിച്ചുള്ള പ്രവര്‍ത്ത്നം നിലനില്പില്ലാത്തതാണെന്ന്മനസ്സിലാക്കുക. അതായത് കൃഷിയും മൃഗപരിപാലനവും ഒന്നിച്ചുപോകണമെന്നര്‍ത്ഥം.

Share Now

Leave a Reply

Your email address will not be published. Required fields are marked *