ഓരോ തരം കീടത്തിനും യോജിച്ച കീടനാശിനി മാത്രം ഉപയോഗിക്കുക.കീടനാശിനി ശരിയായ അളവിലും വീര്യത്തിലും മാത്രം പ്രയോഗിക്കുക.ലേബലിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക. വ്യക്തമായ ലേബൽ ഇല്ലാത്ത കീടനാശിനികൾ ഉപയോഗിക്കാതിരിക്കുക. കീടനാശിനി പ്രയോഗിക്കുമ്പോൾ ശരീരത്തിന് വേണ്ടത്ര സംരക്ഷണം നൽകുക.കയ്യുറ ധരിക്കുക മൂക്കും വായും തുണികൊണ്ട് മൂടിക്കെട്ടുക.കീടനാശിനി തളിക്കുമ്പോൾ അബദ്ധത്തിൽ ശരീരത്തിൽ വീണാൽ ഉടൻ തന്നെ ശുദ്ധജലമുപയോഗിച്ച് കഴുകി വൃത്തിയാക്കുക. കീടനാശിനി പ്രയോഗിക്കുന്ന സമയത്ത് ആഹാരം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യാതിരിക്കുക.കീടനാശിനി ഉപയോഗിച്ചു കഴിഞ്ഞാലുടൻ കൈകാലുകളും മുഖവും സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകി വൃത്തിയാ ക്കുക.ചോർച്ചയുള്ള ഉപകരണങ്ങൾ കീടനാശിനി തളിക്കാൻ ഉപയോഗിക്കാതിരിക്കുക.
കീടനാശിനി ഉപയോഗിക്കുന്നതിന് മുൻപും പിൻപും ഉപകരണങ്ങൾ വൃത്തിയായി കഴുകുക.കീടനാശിനി തളിച്ചു കൊണ്ടിരിക്കുമ്പോൾ പയറിന്റെ നോസിൽ അടഞ്ഞുപോയാൽ വായ് കൊണ്ട് ഊതി ശരിയാക്കുവാൻ ശ്രമിക്കാതിരിക്കുക.കാറ്റിനെതിരെ കീടനാശിനി തളിക്കുകയോ തൂവുകയോ ചെയ്യാതിരിക്കുക.കീടനാശിനി തളിക്കുന്നതിന് നിർദേശിച്ചിട്ടുള്ള സമയ പരിധി പാലിക്കുക. കീടനാശിനികൾ കൈകാര്യം ചെയ്യുവാൻ പ്രായപൂർത്തിയാകാവരെയോ വൃദ്ധൻമാരെയോ മന്ദബുദ്ധികളെയോ ഗർഭിണികളെയോ നിയോഗിക്കാതിരിക്കുക.ഉപയോഗിച്ചശേഷം മിച്ചം വരുന്ന കീടനാശിനിയും അവ എടുത്ത പാത്രങ്ങൾ കഴുകുന്ന വെള്ളവും കിണറുകൾക്കും ചാലുകൾക്കും സമീപം ഒഴിക്കാതിരിക്കുക.
കീടനാശിനികളുടെ ഒഴിഞ്ഞ കവറുകൾ ലേബലിൽ നിർദേശിച്ചിരിക്കുന്ന പ്രകാരം നശിപ്പിക്കുക. കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പികളും ടിന്നുകളും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക.
യാതൊരു കാരണവശാലും കീടനാശിനികൾ ആഹാരസാധനങ്ങൾ, ഔഷധങ്ങൾ എന്നിവയുടെ സമീപം വയ്ക്കാതിരിക്കുക. കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം ഉയരമുള്ള സ്ഥലങ്ങളിൽ കീടനാശിനി സൂക്ഷിച്ചുവയ്ക്കുക.ഉപയോഗിച്ച ശേഷം മിച്ചം വരുന്ന കീടനാശിനി കാറ്റു കയറാത്ത വിധം അടച്ചു വയ്ക്കുക. ബാക്കി വരുന്ന കീടനാശിനി വ്യക്തമായി ലേബൽ എഴുതി വയ്ക്കണം.