ഒരു വീട്ടമ്മയ്ക്ക് 1500 രൂപ എളുപ്പത്തിൽ ഉണ്ടാക്കാം : കുരുമുളകിലെ ഈ പതിവെയ്ക്കൽ രീതി ചെയ്യുകയാണെങ്കിൽ

സ്വന്തം വീട്ടിലെ കുരുമുളക് ചെടിയിൽ നിന്ന് നല്ല വരുമാനം ഇന്ന് ഉണ്ടാക്കാം. ഇതിന് കാരണമാകുന്നത് കുരുമുളകിലെ നാഗപതിവയ്ക്കൽ രീതിയാണ്.

വീട്ടിൽ കൊച്ചു നഴ്‌സറി തുടങ്ങുന്ന ഒരു വീട്ടമ്മയ്ക്ക് 30 രൂപയ്ക്ക് 50 കുരുമുളക് തൈകൾ വിറ്റാൽ തന്നെ 1500 രൂപ ഒറ്റ കുരുമുളക് (Black pepper) ചെടിയിൽ നിന്ന് ലഭിക്കും. കൂടുതൽ കുരുമുളക് തൈകൾ ഉണ്ടാക്കിയാൽ കൂടുതൽ വരുമാനം. കുറഞ്ഞ മുതൽമുടക്കും നൈപുണ്യവും കൊണ്ട് ചെലവ് കുറച്ചു ആർക്കും ചെയ്യാവുന്ന എളുപ്പമുള്ള രീതിയാണിത്.

നാഗപ്പതിവയ്ക്കൽ രീതി (Nagapathi method)

നാഗപ്പതിവയ്ക്കൽ രീതിയിലൂടെ ഓരോ മാതൃ സസ്യത്തിൽനിന്നും ഓരോ വർഷവും 50 മുതൽ 60 വരെ മികച്ച തൈകൾ വേരുപിടിപ്പിച്ചെടുക്കാം. കുരുമുളക് വള്ളിയിൽനിന്നും തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗമാണിത്. കുറഞ്ഞ മുതൽമുടക്കും നൈപുണ്യവും മാത്രമേ ഇതിന് ആവശ്യമുള്ളൂ. മറ്റ് രീതികളിൽ വളരെ കുറഞ്ഞ അളവിൽ മാത്രം മാതൃസസ്യങ്ങളും വള്ളികളും ലഭ്യമാകുമ്പോൾ ഒരു ചെടിയിൽനിന്ന് 50 മുതൽ 60 വരെ തൈകൾ എന്നത് കർഷകരെ സംബന്ധിച്ചും നഴ്സറിക്കാരെ സംബന്ധിച്ചും വളരെ ആകർഷകമാണ്. വാണിജ്യരീതിയിൽ കുരുമുളക് നഴ്സറികൾ (Nursery) നടത്തുന്നവർക്കും വലിയ തോതിൽ തൈകൾ ഉൽപാദിപ്പിക്കുന്ന വർക്കും ഈ രീതി ശിപാർശ ചെയ്യുന്നു.

നാഗപ്പതിവയ്ക്കൽ രീതിയിൽ വളർത്തിയെടുത്ത തൈകളിൽ വേരുകൾ നന്നായി വളർന്ന് പടരുന്നതിനാൽ കർഷകർക്കും താൽപ്പര്യമാണ്. മറ്റു രീതികളിൽ എന്നതുപോലെ ഉയർന്നതോതിൽ തൈകൾ പിടിച്ചുകിട്ടുന്നതിനും ആരോഗ്യത്തോടെ വളർന്നുവരുന്നതിനും ഈ രീതി നല്ലതാണ്. സ്ഥിരസ്ഥായിയായ കുരുമുളകിൽനിന്നും കർഷകർക്ക് ഉയർന്ന വിളവ് ലഭിക്കുന്നതിനും മികച്ച ആദായം ലഭിക്കുന്നതിനും ഇതുവഴി സാധിക്കും.

നാഗപ്പതി ചെയ്യുന്ന രീതി (Process of doing)

നാഗപ്പതിയില്‍ ചെടിയുടെ നീളമുള്ള ഒരു ശാഖ മണ്ണിലേക്ക് വളച്ചുവെച്ച് അതിന്റെ പല ഭാഗങ്ങള്‍ ഇടവിട്ട് മണ്ണിട്ട് മൂടുന്നു. കമ്പിന്റെ മണ്ണുമായി സ്പര്‍ശിക്കുന്ന ഭാഗങ്ങളിലെല്ലാം വേര് ഉണ്ടാകുന്നു. കുരുമുളകുപോലെ വള്ളിയായി വളരുന്ന സസ്യങ്ങളിലാണ് ഇത് ഏറ്റവും ഉത്തമം. ഇടക്കിടക്ക് മണ്ണിട്ട് മൂടുന്നതിന് പകരം പോട്ടിംഗ് മിശ്രിതം നിറച്ച കൂടുകള്‍ ഇത്തരം ചെടികളുടെ വളരുന്ന ഓരോ മൂട്ടിലും വെച്ച് മുട്ടുകള്‍ മണ്ണിലേക്ക് ഒരു ഈള് കൊണ്ടോ മറ്റോ ഉറപ്പിച്ച് നിര്‍ത്തുക. വളരുന്നതിന് അനുസരിച്ച് അഗ്രഭാഗത്ത് പുതിയ കവറുകള്‍ വെച്ച് പ്രക്രിയ ആവര്‍ത്തിക്കുക. വേരുവന്നതിനു ശേഷം ഓരോ മുട്ടിലും മുറിച്ചുമാറ്റി തണലില്‍ വെക്കുക. ഈ രീതിയില്‍ ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാം.

വർഷത്തിൽ എല്ലായ്പ്പോഴും തൈകൾ ഉൽപാദിപ്പിക്കാം എന്നതാണ് നാഗപ്പതിവയ്ക്കൽ രീതിയുടെ മെച്ചം. നാഗപ്പതിവയ്ക്കൽ രീതി സ്വീകരിക്കുന്ന നഴ്സറികളുടെ മേൽക്കൂര ഷീറ്റ് ഉപയോഗിച്ച് മറച്ചതായിരിക്കണം. അംഗീകാരമുള്ള നഴ്സറികളിൽ നിന്നുള്ള മാതൃസസ്യങ്ങളാണ് പതിവയ്കലിനായി ഉപയോഗിക്കേണ്ടത്. ഒരടി വലിപ്പത്തിൽ മാതൃസസ്യങ്ങൾ വളർന്നു കഴിയുമ്പോൾ അവയെ തറനിരപ്പിന് സമാന്തരമായി പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിലേക്ക് പടർത്തിവിടണം. ഓരോ മുട്ടിനും താഴെയായി വേണം കൂടുകൾ വയ്ക്കാൻ. ഓരോ കൂടുകളിലും നിർവാർച്ച ഉറപ്പാക്കാൻ സുഷിരങ്ങൾ ഇടണം. തണ്ടുകൾ കിഴക്കുവശത്തേക്ക് വളരുന്ന രീതിയിൽ വച്ചാൽ രാവിലത്തെ സൂര്യപ്രകാശമേറ്റ് അവ പെട്ടെന്നു വളരും.

പുതിയ കിളിർപ്പുകൾ വരുമ്പോൾ അവ സമാന്തരമായി പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിലേയ്ക്ക് പടർത്തിക്കൊടുക്കണം. മണ്ണും മണലും കാലിവളവും 2:1:1 എന്ന തോതിലാണ് പോളിത്തീൻ കൂടുകളിൽ നിറയ്ക്കേണ്ടത്. 20 x 20 സെന്റീമീറ്റർ വലിപ്പത്തിലുള്ള കൂടുകളാണ് നല്ലത്. തണ്ടുകളുടെ മുട്ടുള്ള ഭാഗം കൂടുകളിലേയ്ക്ക് താഴ്ത്തിവച്ച് മണ്ണുമായി സമ്പർക്കത്തിലാവുന്നതിനും വേരുകൾ പിടിക്കുന്നതിനും “വി’ ആകൃ തിയിലുള്ള അലൂമിനിയം കമ്പിയോ ഈർക്കിൾ കഷ്ണമോ മണ്ണിലേക്ക് കുത്തിവയ്ക്കാം. തണ്ടു കളിൽനിന്ന് വേരുകൾ വളരുന്നതിനൊപ്പം തണ്ടുകളും വളർന്നു കൊണ്ടേയിരിക്കും. ഇതിനനുസരിച്ച് പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകൾ ഓരോ മുട്ടിലും വച്ചുകൊടുക്കണം.

നഴ്‌സറി പരിപാലനം (Nursery management)

മൂന്നു മാസത്തിനുള്ളിൽ പത്തുമുതൽ പന്ത്രണ്ട് വരെ മുട്ടുകളിൽ നന്നായി വേരുപിടിച്ചിരിക്കും. പോളിത്തീൻ കൂടുകളിൽ വേരിറങ്ങിയ ഭാഗത്തെ തണ്ടുകൾ മുട്ടിന് ഇരുവശവുമായി മുറിച്ചെടുക്കണം. മുറിച്ചെടുത്ത തണ്ടിന്റെ ഭാഗവും വേരുപിടിക്കാനായി മണ്ണിലേക്ക് ആഴ്ത്തിവയ്ക്കാം. വേരുപിടിച്ച തണ്ടുകളിൽനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ കിളിർപ്പുകൾ മുളച്ചുവരും. രണ്ടുമൂന്നു മാസത്തിനുള്ളിൽ മാറ്റി നടാൻ തയ്യാറാവും.

പൂവാലി ഉപയോഗിച്ചോ മൈക്രോ സിംഗ്ളർ ഉപയോഗിച്ചോ ദിവസവും നനച്ചുകൊടുക്കണം. നഴ്സറിയിലെ രോഗങ്ങൾ തടയാൻ പോളിബാ ഗുകളിൽ ജൈവനിയന്ത്രണ മാർഗങ്ങളായ ട്രൈക്കോഡെർമ്മ ഹാർസിയാനം, ട്രൈക്കോഡെർമ്മ (Tricoderma) വിരിഡെ എന്നിവ ഒരു കിലോ നഴ്സറി മിശ്രിതത്തിന് ഒരു ഗ്രാം എന്ന തോതിൽ ചേർത്തു കൊടുക്കാം. അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ സ്യൂഡോമൊണാസ് ഫ്ളൂറസെൻസ് ചേർത്ത് തളിച്ചുകൊടുക്കാം. വെസിക്കുലാർ ആർബിസ്കുലാർ മൈക്കോറൈസ ആർബിസ്കുലാർ മൈക്കോറൈസർ (വിഎംഎംഎഎംഎഫ്) ഒരു കിലോ നഴ്സറി മിശ്രിതത്തിന് 100 സിസി എന്ന തോതിലോ പേച്ചോണിയ ക്ലാമിഡിസ്പോറിയ കിലോയ്ക്ക് ഒന്ന് മുതൽ രണ്ട് ഗ്രാം വരെ എന്ന തോതിലോ നൽകാവുന്നതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *