ഒരു തുളസിത്തറയും അതിലൊരു കൃഷ്ണനും കല്‍വിളക്കും എല്ലാം സ്വപ്‌നം കണ്ട ഇന്ദുടീച്ചര്‍ക്ക് ഇന്ന് ആ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ്. ഒരു കാട് സ്വന്തമായി ഉണ്ടാക്കി അതിലെ മരങ്ങളെയും ചെടികളെയും സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്നവരാണ് അധ്യാപക ദമ്പതികളായ സുനില്‍കുമാര്‍ ആര്‍ എസും, ഇന്ദുവും. മൂന്ന് വര്‍ഷം കൊണ്ടാണ് ഇവര്‍ ഈ കാട് രൂപപ്പെടുത്തിയെടുത്തത്.
ഇവര്‍ ഇരുവരും ചേര്‍ന്ന് കണ്ട സ്വപ്നമാണ് നിധിവന്‍. എട്ട് സെന്റിലാണ് നിധിവന്‍ എന്ന ഇവരുടെ സ്വര്‍ഗം സ്ഥിതി ചെയ്യുന്നത്. നെയിം ബോര്‍ഡില്‍ ഞങ്ങളുടെ ട്രഷര്‍ ലാന്റിലേക്ക് സ്വാഗതം എന്ന് എഴുതിവെച്ചിരിക്കുന്നു. എഴുതിവെച്ചിരിക്കുന്നത് പോലെ ഇവര്‍ പടുതുയര്‍ത്തിയ നിധിയാണ് ഇത്. പുറത്ത് നിന്ന് ഈ വനത്തിലേക്ക് കയറുമ്പോള്‍ കിട്ടുന്ന ആശ്വാസം ചെറുതല്ല. ഇത്രയും മരങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്ന ഈ കൊച്ചുകാട് ഒരു കുഞ്ഞു സ്വര്‍ഗം തന്നെ എന്ന് പറയാം.
കാടിനുള്ളില്‍ ഒരു ചെറിയ വെള്ളച്ചാട്ടവും നീര്‍ച്ചാലും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഒരു പുഴ ഒഴുകുന്നതാണ് നാട്ടില്‍ പുറത്തിന്റെ ഭംഗി, അതുപോലെ കാട് ഉണ്ടാക്കണമെന്ന് മനസില്‍ കരുതിയപ്പോള്‍ തന്നെ വെള്ളച്ചാട്ടവും നീര്‍ച്ചാലും വേണമെന്ന് ഇവര്‍ തീരുമാനിച്ചിരുന്നു. വെള്ളച്ചാട്ടത്തിന്റെയും നീര്‍ച്ചാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദവും നല്‍കുന്ന മനസുഖം ഒന്ന് വേറെ തന്നെയാണ്.
ഇന്തോനേഷ്യയിലെ ബാലി ഗാര്‍ഡനിലേത് പോലെ ശില്‍പങ്ങള്‍ വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് നിധിവനിൽ ബുദ്ധന്റെയും കൃഷ്ണന്റെയും ശില്‍പങ്ങള്‍ സ്ഥാപിച്ചത്.
ധാരാളം പഴച്ചെടികളും രുദ്രാഷം, കമണ്ഡലു തുടങ്ങിയ മരങ്ങളും പലതരത്തിലുള്ള ആല്‍മരങ്ങള്‍ എന്നിവയും ഈ കാട്ടിലുണ്ട്. ധാരാളം മുളകളും ഇവിടെ ഉണ്ട്. ഈറകൊണ്ട് ഉണ്ടാക്കിയ കുടിലും ഈ കാട്ടിലെ പ്രത്യേകതയാണ്. കാട്ടിലൂടെ നടക്കാന്‍ പ്രത്യേകം ഇടവഴിയും തീര്‍ത്തിട്ടുണ്ട്.
ഒരു ചെറിയ കുളവും ഇവിടുണ്ട്. ഈ കുളത്തില്‍ കാലിട്ടിരിക്കുമ്പോള്‍ മീനുകളെല്ലാം ഓടി വന്ന് കാലില്‍ തൊട്ടിട്ട് പോകും. അതൊക്കെ ഒരു സന്തോഷമാണെന്ന് ഇന്ദു ടീച്ചര്‍ പറയുന്നു.
പക്ഷികളെ കൂട്ടിലടയ്ക്കുന്നതിനോട് ഇവര്‍ക്ക് താത്പര്യമില്ല. ഇങ്ങനെ ഒരു വനം സൃഷ്ടിച്ചെടുത്തപ്പോള്‍ അവര്‍ കൂടുകൂട്ടി ഇങ്ങോട്ട് വരികയാണ്. അതൊരു വലിയ സന്തോഷമാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. വേനല്‍ക്കാലത്ത് പക്ഷികള്‍ ഇവിടെ കുളിക്കാനും എത്താറുണ്ട്.
ഉച്ചയ്ക്ക് ഒരുമണിസമയത്തും പുറത്ത് 36 ഡിഗ്രി ചൂട് ഉള്ളപ്പോഴും ഈ വനത്തിനുള്ളില്‍ ചൂട് അനുഭവപ്പെടാറേ ഇല്ല. വളരെ തണുത്ത അന്തരീക്ഷമാണ് ഇവിടെ ലഭിക്കുന്നത്. ഇത് തന്നെയാണ് ഈ വനത്തിന്റെ നേട്ടവും.
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ തോപ്പുമുക്കില്‍ വിവേകാനന്ദലൈന്‍ നഗറിലാണ് ഈ കൊച്ച് കാട് സ്ഥിതി ചെയ്യുന്നത്. ഏഴരസെന്റിലാണ് ഇവരുടെ വീട്. അവിടെ മരം കൊണ്ട് നിറഞ്ഞപ്പോഴാണ് ഈ പ്ലോട്ട് ലഭിക്കുന്നതും പിന്നീട് ഇത് കാടാക്കി മാറ്റിയതും.
പലരുടെയും നെഗറ്റീവ് കമന്റിനിടയിലും രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമായതിനാലാണ് നിധിവന്‍ യാഥാര്‍തഥ്യമായത്. ഒരു ലാഭവും മുന്നില്‍ കണ്ടല്ല ഇവര്‍ ഈ വനം നിര്‍മ്മിച്ചത്. വീട് വെയ്ക്കാന്‍ പെര്‍മിഷനുള്ള പ്ലോട്ടില്‍ തന്നെയാണ് ഈ വനം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാത്തിനും പിന്തുണയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളും കൂടെ ഉണ്ട്.
ചെടികളേക്കാളും ഒരുപാട് ഇഷ്ടമാണ് ഇവര്‍ക്ക് മരങ്ങള്‍. വേരുകള്‍ മതില്‍ ഇടിക്കുമെന്നും പ്രയോജനമില്ലാത്ത മരങ്ങളാണ് പലതും എന്ന് പലരും പറഞ്ഞെങ്കിലും അതിനേക്കാളുപരി അത് തരുന്ന തണലും ഓക്‌സിജനുമാണ് നിധിവന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ആര്‍ക്കെങ്കിലും ഇത് ഒരു പ്രചോദനമാകുന്നുവെങ്കില്‍ അത് ഒരു വലിയ കാര്യമാണെന്ന് ഇന്ദുടീച്ചര്‍ പറയുന്നു.